Thursday, January 4, 2007

വിലയ്കു വാങ്ങിയ വിധിന്യായം.

സ്വാശ്രയ നിയമത്തിലെ പ്രധാന വകുപ്പുകള്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്വാശ്രയ നിയമത്തിലെ പ്രധാന വകുപ്പുകള്‍ ഹൈക്കോടതി റദ്ദാക്കി. പ്രവേശനമാനദണ്ഡം നിശ്ചയിക്കുന്ന മൂന്നാം വകുപ്പ്‌, ഫീസ്‌ നിര്‍ണ്ണയം സംബന്ധിച്ച ഏഴാം വകുപ്പ്‌, ന്യൂന പക്ഷപദവി സംബന്ധിച്ച എട്ടാം വകുപ്പ്‌,പ്രവേശന ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള പത്താം വകുപ്പ്‌, എന്നിവയാണ്‌ ഹൈക്കോടതി റദ്ദാക്കിയത്‌. ഭരണഘടനാവിരുദ്ധമായ വകുപ്പുകളാണിവയെന്ന്‌ കോടതി അഭിപ്രായപ്പെട്ടു. സ്വാശ്രയനിയമത്തിനെതിരെ സ്വകാര്യ മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജികളിലാണ്‌ വിധി. സ്വാശ്രയ നിയമത്തിലെ വ്യവസ്ഥകള്‍ ന്യൂനപക്ഷ വിരുദ്ധവും സുപ്രീം കോടതി വിധികള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ സ്വാശ്രയ കോളേജ്‌ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചത്‌. ചീഫ്‌ ജസ്റ്റിസ്‌ വി.കെ ബാലി ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ്‌ വിധിപറഞ്ഞത്‌.മാനേജുമെന്റുകള്‍ക്കുവേണ്ടി ടി. ആര്‍ അന്ത്യാര്‍ജുന, എല്‍. നാഗേശ്വരറാവു, രാജീവ്‌ ധവാന്‍ തുടങ്ങിയവരടങ്ങിയ പ്രമുഖരുടെ നിരതന്നെയാണ്‌ ഹൈക്കോടതിയില്‍ ഹാജരായത്‌. സര്‍ക്കാരിനുവേണ്ടി അഡ്വ; സി.എസ്‌ വൈദ്യനാഥനും അഡ്വ: ജനറല്‍ സി.പി സുധാകരനും ഹാജരായി.
സ്വാശ്രയനിയമം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
തിരുവന്തപുരം: സ്വാശ്രയ നിയമം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി എം. എ ബേബി വ്യക്തമാക്കി. സാമൂഹിക നീതിയും മെറിറ്റും ഉറപ്പാക്കി നിയമനിര്‍മ്മാണം നടത്തുമെന്ന വാഗ്ദാനം നടപ്പാക്കാനാണ്‌ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.--മാതൃഭൂമി

പ്രമുഖരും പ്രശസ്തരുമായ വക്കീലന്മാരുടെ ഒരു പടയെ തന്നെ അണിനിരത്തി സ്വകാര്യമാനേജ്‌മെന്റുകള്‍ ഹൈകോടതിയില്‍നിന്നും വിധി ഒരിക്കല്‍കൂടി വിലയ്‌കുവാങ്ങിയിരിക്കുന്നു.സാധാരണക്കരന്‌ അശനിപാതമായും, സമ്പന്നവരേണ്യവര്‍ഗത്തിന്‌ ആഗ്രഹസാഫല്യവുമാണ്‌ ഈ കോടതിവിധി.കേരളത്തിന്റെ സാമൂഹിക വിദ്യാഭ്യാസ ചുറ്റുപാടില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്‌? വിദ്യാഭ്യാസകച്ചവടക്കാര്‍ക്ക്‌ എന്തുസാമൂഹ്യപ്രതിബദ്ധതയാണുണ്ടാവുക?മിനിമം യോഗ്യതയെ പണത്തിന്റെ മാത്രം ബലത്തില്‍ മറികടന്ന്, മാനേജ്മെന്റുകളുടെ വിജയ ശതമാനം കൂട്ടാനുള്ളാ മത്സരത്തിന്റെ തണലില്‍ എന്‍ജിനീയറും ഡോക്റ്ററുമാകുന്നവര്‍ക്ക്‌ കേരള സമൂഹത്തിനുവേണ്ടി എന്തുചെയ്യാന്‍ കഴിയും? തലവരിയും ഫീസും 'വിദ്യാഭ്യാസ നിക്ഷേപക സംരംഭകര്‍' തീരുമാനിക്കുമ്പോള്‍ ഒരുസംവരണത്തിന്റേയും ആനുകൂല്യമില്ലതെ നിര്‍ധന കുടുംബങ്ങളില്‍നിന്നും ഉന്നതപദവികളിലെത്തിയ കെ.ആര്‍ നാരായണനെയോ, ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്ണനെയോ പോലെയുള്ളര്‍ ഇനിയുണ്ടാകുമോ? പോകട്ടെ ജാതിയും മതവും സംവരണവും വിട്‌, ഏതു ജാതിയിലും പെട്ടപണമില്ലത്ത സാധാരണക്കരായ മിടുക്കന്മാരുടെ ഭാവി യെന്താണ്‌? സര്‍ക്കര്‍ കോളേജുകളും അവിടുത്തെ എണ്ണപ്പെട്ട സീറ്റുകളും മറക്കുന്നില്ല പക്ഷേ സര്‍ക്കരിന്റെ പ്രവേശനപ്പരീക്ഷ എന്ന കടമ്പയെ ഒരുവര്‍ഷമോ രണ്ടുവര്‍ഷമോ നീണ്ടുനില്‍ക്കുന്ന 'കുത്തക' കോച്ചിംഗ്‌ സെന്ററുകളുടെ 'എക്സ്‌ക്ലൂസീവ്‌' ട്രെയിനിങ്ങിലൂടെ മറികടക്കാന്‍ കഴിവുള്ള 'ഉപരിമധ്യവര്‍ഗ്ഗങ്ങള്‍ക്കും'ബുദ്ധി സാമര്‍ഥ്യം ഒന്നുകോണ്ടുമാത്രം ഈ കടമ്പ കടക്കാന്‍കഴിയുന്ന ഏതാനും വിരലിലെണ്ണാവുന്ന പാവപ്പെട്ടവര്‍ക്കും, സംവരണക്കാര്‍ക്കുമായി അതു വീതംവെച്ചാല്‍ എത്രയെത്ര അര്‍ഹികുന്നവര്‍ക്ക്‌ അവസരങ്ങള്‍ ലഭിക്കും? ഇവിടെ വിഷ കൂണുപോലെ മുളച്ചുപൊന്തുന്ന,വിത്തിനകത്തൊളിച്ചിരിക്കുന്ന, കോടതിവിധിയാകുന്ന പുതുമഴയില്‍ നാമ്പെടുക്കാന്‍ പോകുന്ന എണ്ണമറ്റ സ്വകാര്യസ്ഥാപനങ്ങള്‍ വര്‍ഷാവര്‍ഷം അടവെച്ച്‌വിരിയിച്ചിറക്കാന്‍ പോകുന്ന( രന്‍ജി പണിക്കരോട്‌ കടപ്പാട്‌)പണത്തിന്റെ ബലത്തില്‍ അഡ്മിഷനും, ഒരോസെമസ്റ്ററിലേയും വിജയവും ഇന്റേര്‍ണല്‍ മാര്‍ക്കുമെല്ലം വരംകിട്ടുന്ന ആധുനിക മലയാളി എന്‍ജിനിയറും, ഡോക്റ്ററും മെല്ലാം ഉണ്ടാക്കാന്‍പോകുന്ന സാമൂഹ്യവിപത്തിന്റെ ആഴമെന്താണ്‌? സ്വകാര്യ 'പണമിടപാട്‌' സ്ഥാപനങ്ങള്‍ വന്നാല്‍ പണമില്ലാത്തവനോട്‌ സര്‍ക്കാര്‍കോളേജില്‍ പഠിക്കേണ്ട എന്നാരും പറയുന്നില്ലല്ലോ എന്ന വരട്ടുന്യായം പക്ഷേ കേരളസമൂഹത്തില്‍ കുറേകാലത്തിനകം ലോകത്തിലെ ആദ്യമായി 'വിദ്യാഭ്യാസ തീവ്രവാദികളെ' സൃഷ്ടിക്കുമോ? ഈ വിധിയും അതിനെതുടര്‍ന്നുണ്ടാകുന്ന കോലാഹലങ്ങളും കേരളസമൂഹത്തിനെ എങ്ങനെയൊക്കെ ബാധിക്കും? തല്‍ക്കാലം നമ്മുടെയൊക്കെ രാഷ്ട്രീയ(അതുള്ളാവര്‍ക്ക്‌), മത(ന്യൂനപക്ഷവും വും ഭൂരിപക്ഷവുമായ!) മറ്റുപരിഗണനകള്‍മാറ്റിവെച്ച്‌ വിശാലടിസ്ഥാനത്തില്‍ നോക്കിയാല്‍ താങ്കള്‍ക്കെന്തുതോന്നുന്നു? ഈവിധി സ്വാഗതാര്‍ഹമോ? പ്രതികരിക്കുക!