Sunday, February 4, 2007

ബാബാകല്യാണിയും ചില ആകുലചിന്തകളും!

കൃത്യം രണ്ടാഴ്ച പിന്നിട്ട ചിന്തകള്‍! പലവട്ടം ആലോചിച്ചു, ഒരുതീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. എന്റെ സ്വന്തം വിലാസത്തില്‍ എഴുതണോ? അതോ പുതിയ ഒരു ബ്ലോഗ്‌ വിലാസം ഉണ്ടാക്കണോ? പലവട്ടം ചിന്തിച്ചു. ഏതായാലും മടിച്ചു നില്‍ക്കുന്നതില്‍ അര്‍ഥമില്ല, എഴുതുക തന്നെ.വരുന്നതുവരട്ടെ! അത്‌ വരുന്നിടത്തുവെച്ച്‌ കാണാം എന്ന ധൈര്യമൊന്നുമല്ല, പിന്നെ? പറയാതിരുന്നാല്‍.... എന്തോ, മനസ്സിലൊരുവിങ്ങല്‍....

കാടും പടലവും തല്ലാതെ വിഷയത്തിലേക്ക്‌ കടക്കെടോ എന്നു ആകാംക്ഷപ്പെടാതെ മാഷേ കാര്യത്തിലേക്ക്‌ കടക്കാം. കഴിഞ്ഞതിന്റെ മുമ്പിലത്തെ വെള്ളിയാഴ്ച മുതല്‍ രണ്ടു ദിവസം ഒരു അത്യാവശ്യ കാര്യത്തിനായി എന്റെ ഉറ്റസുഹൃത്ത്‌ മഹേഷും ഒന്നിച്ച്‌ തൃശ്ശൂരില്‍ തങ്ങേണ്ടതായി വന്നു.ഞയറാഴ്ച ഉച്ചയായപ്പോള്‍, എനിക്ക്‌ ബാംഗ്‌ളൂരിലേക്കുള്ള ബസ്സ്‌ രാത്രി10നേയുള്ളൂ എന്നതുകൊണ്ടും മഹേഷ്‌ ഏറണാകുളത്തേക്ക്‌ തിരിച്ച്‌ പോകുന്നതു കൊണ്ടുംകൂടി, എങ്ങനെ സമയം കളയും 'ബായീ' എന്ന എന്റെ ചോദ്യത്തിന്‌ മഹേഷ്‌ തന്നെയാണ്‌ ആ നിര്‍ദ്ദേശം മുന്നോട്ട്‌ വെച്ചത്‌."ഇപ്പോള്‍ മണി ഒന്നരയായതല്ലേയുള്ളൂ, നിങ്ങള്‍ പോയി 'ബാബാകല്യാണി' കാണ്‌, രണ്ടരമണിക്കൂര്‍ മാറിക്കിട്ടും. പടം നന്നായിട്ടൊന്നുമല്ല, എങ്കിലും നിങ്ങള്‍ ബാക്കിയെല്ലാം കണ്ടതാണല്ലോ". 'സ്മാര്‍ട്ട്‌ സിറ്റി കണ്ടില്ല' ഞാന്‍ പറഞ്ഞു. "കാര്യമില്ല, അതിപ്പോള്‍ ഇവിടെ നൂണ്‍ഷോമാത്രമേയുള്ളൂ.ഇപ്പോള്‍ അതിന്റെ സമയം കഴിഞ്ഞു,സാരമില്ല രണ്ടും ഒരേസധനംതന്നെയാണ്‌, രണ്ടില്‍ ഏതെങ്കിലും ഒന്നുകണ്ടാല്‍മതി. രണ്ടിലും പറയുന്നു, കൊച്ചി ഈസ്‌ ഹോട്ട്‌, ബ്ലഡ്‌ ഈസ്‌ തിക്കര്‍ ദാന്‍ വാട്ടര്‍. കഥാപാത്രങ്ങള്‍ ഒക്കെ ഒന്നുതന്നെ പേരില്‍ മാത്രമേ മറ്റമുള്ളൂ, അതില്‍ സുരേഷ്ഗോപി, ഇതില്‍ മോഹന്‍ലാല്‍. അതില്‍ മനോജ്‌.കെ.ജയന്‍, ഇതില്‍ ഇന്ദ്രജിത്‌. അതിലും ഇതിലും സിദ്ദിക്ക്‌". ഈങ്ങനെ സാമ്യത്തിന്റെയും ഈരണ്ട്ചിത്രങ്ങള്‍ കാണുന്നതിലെ അര്‍ഥശൂന്യതയും, അറിയാവുന്ന വിധത്തില്‍ മഹേഷ്‌ വിവരിച്ചു." നിങ്ങളിതില്‍ ഏതുകണ്ടാലും ഒരേഎഫക്റ്റ്‌ തന്നെ.അതുകൊണ്ട്‌, ഇവിടെ ഇപ്പോള്‍നിങ്ങള്‍ക്ക്‌ 3 മണിക്കൂര്‍ സമയം പോകാന്‍ ബാബാകല്യാണിക്ക്‌ പോകുക, സമയവും കാശും പോയിക്കിട്ടും. പിന്നെ അതുകണ്ടിട്ട്‌ എന്നെ ചീത്തപറയരുത്‌, പടം പൊളിയാണ്‌, നമ്മുടെ ഷാജികൈലാസ്‌ സാറിന്റെ സ്റ്റോക്ക്‌ ഒക്കെ തീര്‍ന്നു എന്ന്തോന്നുന്നു,ഇപ്പോള്‍പിന്നെ മോഹന്‍ലാലിനെ,ഒരേവരവില്‍ 5-6 ആയി ഒക്കെ കാണിച്ചിട്ടുണ്ട്‌. അല്ലതെ പ്രത്യേകതകള്‍ ഒന്നും ഇല്ല. നോട്ട്ബുക്ക്‌ പോലെ(ഞങ്ങള്‍ ഒരുമിച്ച്‌ തലേദിവസം ഈപടം കണ്ടിരുന്നു.വളരെക്കാലം കൂടി എന്നുപറഞ്ഞുകൂടാ, ക്ലാസ്മേറ്റ്‌സിനു ശേഷം വല്ലാതെ ഇഷ്ടപ്പെട്ട സിനിമ.റോഷന്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു എന്ന്‌കൂട്ടത്തില്‍ പറഞ്ഞുകൊള്ളട്ടെ!)നമ്മള്‍തമ്മില്‍ ഒരുപാട്ചര്‍ച്ചകളൊന്നും ഇത്‌ ഉണ്ടാക്കില്ല! പകരം നിങ്ങള്‍ എന്നെ കുറേ ചീത്തവിളിക്കും അത്രതന്നെ!" മഹേഷ്‌ പറഞ്ഞു. അതൊന്നും കുഴപ്പമില്ല ബായീ, ഏതായാലും നിങ്ങളിപ്പോള്‍ പോകും, ഇനിരാത്രി 10 വരെ ഞാന്‍ ഒറ്റയ്ക്‌ ലോഡ്ജില്‍ എന്തുചെയ്യാന്‍,ആബോറടിയേക്കാള്‍ ഭേദമായിരിക്കും! എങ്കില്‍ ശരി ആള്‍ദിബെസ്റ്റ്‌! ഞാന്‍ പോകുന്നു ബായീ.ഊണ്‌കഴിച്ച്‌ ഞങ്ങള്‍പിരിഞ്ഞു.മഹേഷ്‌ നേരേ റെയില്‍വേസ്റ്റേഷനിലേക്കും ഞാന്‍ നേരേ ഒരു ഓട്ടോപിടിച്ച്‌ കൈരളി തീയറ്റര്‍ എന്നും പറഞ്ഞു.


തീയറ്ററിന്റെ വാതുക്കല്‍ കൊണ്ടുനിര്‍ത്തിയ ഓട്ടോക്കാരന്‍ കൊടുത്ത10 രൂപ ഒരുവിദ്വേഷവും പ്രകടിപ്പിക്കാതെ വാങ്ങി പോയി, ഞാന്‍ അതിശയിച്ചു, നാട്ടിലാണെങ്കില്‍ എന്തെങ്കിലും ഒന്നു പറയാതെ ആവിദ്വാന്‍ പോകുമായിരുന്നോ? തീയറ്ററില്‍സാമന്യം നല്ല ആളുക്കൂട്ടമുണ്ടായിരുന്നു, എല്ലാരും പറയുന്നു കത്തി പടമാണെന്ന്‌, പക്ഷെ,ഒരു കത്തിപ്പടത്തിന്‌ മുപ്പതുദിവസത്തിനു ശേഷവും ഇത്രയും ആളോ? അതും സ്മാര്‍ട്‌ സിറ്റിയും, പളുങ്കും നൂണ്‍ഷോ ആയിട്ടും ഇത്‌4 ഷോ ഓടുന്നു! now running.com ഡിസ്കഷനിലൊക്കെ ഇപ്പോള്‍ലാല്‍ ഫാന്‍സ്‌ കസറുന്നുണ്ടാകും ഇതിന്റെ പേരില്‍! എന്തായാലും കണ്ടിട്ട്‌ തീരുമാനിക്കാം തീരെചളമാകില്ലായിരിക്കും.ടിക്കറ്റ്‌എടുത്ത്‌ അകത്തുകടന്നപ്പോഴേക്കും ബാല്‍ക്കണി ഏകദേശം 3-4 നിര ഫുള്ളയിരിക്കുന്നു, അങ്ങിങ്ങ്‌ ഇടയിലായി ചിലഒറ്റ സീറ്റുകള്‍ കാലികിടക്കുന്നു.നാലാമത്തെ നിരയിലുള്ള്‌ ഒരു ഒറ്റസീറ്റില്‍ കയറിയിരുന്നു. അപരിചിതരായ രണ്ടുപേരുടെ നടുവില്‍ ഇരിക്കുന്നത്‌ എന്തോപോലെ, അങ്ങനെ ഒറ്റയ്ക്‌ സിനിമകണ്ടത്‌ അപൂര്‍വമായിമാത്രം. അതിന്റെഒരു അസ്ക്യ‍തയോടെ ചുറ്റും നോക്കി, കൂടാതെ ഈസീറ്റ്‌ 3-4 സീറ്റുകള്‍ക്കുള്ളിലും, അതിനാല്‍ ആരെങ്കിലും ഫോണ്‍ച്യ്താല്‍ മറ്റുള്ളവര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കതെ പെട്ടന്ന്‌ പുറത്തിറങ്ങാനും ബുദ്‌ധിമുട്ടാകും. ഒറ്ററിങ്ങിനുതന്നെ ഒന്നുകില്‍ അത്‌ കട്ട്ചെയ്യുകയോ, എടുക്കേണ്ടതാണെങ്കില്‍ സെയിലന്റാക്കി പുറത്തു‍പോയി അറ്റന്റ്‌ ചെയ്യാമെന്നും തീരുമാനിച്ചു.

പക്ഷെ അറ്റത്തുള്ളസീറ്റുകിട്ടിയായിരുന്നെങ്കില്‍കൂടുതസൗകര്യമായേനെ എന്നു ചിന്തിച്ച്‌ ചുറ്റും കണ്ണോടിക്കുമ്പോഴാണ്‌ ഏറ്റവും പിന്നിലെ ഒത്ത മധ്യത്തിലെ കസേര ഒഴിഞ്ഞുകിടക്കുന്നത്‌ അരണ്ടവെളിച്ച്ത്തില്‍ കണ്ണില്‍ പെട്ടത്‌.ആദ്യംവിചാരിച്ചത്‌ സീറ്റിലുള്ള ആള്‍ 'കൊറിക്കാന്‍' വല്ലതും വാങ്ങാന്‍ പോയതാണെന്നാണ്‌. പക്ഷെ പടം തുടങ്ങാറായിട്ടും ആരെയും കാണുന്നുമില്ല, വരുന്നവര്‍ വരുന്നവര്‍ മുന്‍ സീറ്റുകളിലേക്ക്‌ ചേക്കേറുന്നു.രണ്ടും കല്‍പിച്ച്‌(ചിലപ്പോള്‍ ഇരുന്ന സീറ്റും പോക്കാകും തിരികെ വരുമ്പോഴേക്കും!)സീറ്റില്‍നിന്നെഴുനേറ്റ്‌, ഒഴിവുകണ്ട സീറ്റിന്റെ അടുത്ത സീറ്റിലിരിക്കുന്ന മദ്ധ്യവയസ്കയായ സ്ത്രീയോട്‌ ഇവിടെ ആളുണ്ടോ എന്നു ചോദിച്ചു. അവര്‍ ഇല്ലെന്നുത്തരം പറഞ്ഞതും അവിടെ ആസനസ്ഥനായി.എന്റെ ഇടവും വലവും ഇരിക്കുന്നവരെ ശ്രദ്ധിച്ചു. ഇടതുവശത്ത്‌ ഒരു ചെറുപ്പക്കരനും, ഒരുപെണ്‍കുട്ടിയും വലതുവശത്ത്‌ മുന്‍ പറഞ്ഞ സ്ത്രീയും അവരുടെ മകളേപ്പോലെ തോന്നിക്കുന്ന ഒരുയുവതിയും. ഏതായാലും ഇവരെക്കൊണ്ട്‌ കഴിഞ്ഞദിവസം നോട്ട്ബുക്ക്‌ കാണാന്‍ പോയതു പോലത്തെ ശല്യം ഉണ്ടാകാനിടയില്ലെന്നോര്‍ത്ത്‌ സമാധാനിച്ചു.

നോട്ട്ബുക്ക്‌ കാണാന്‍ ഞാനും മഹേഷും ഒരുമിച്ചാണ്‌ കഴിഞ്ഞദിവസം പോയത്‌, പക്ഷെ ഞങ്ങളുടെ അരികില്‍ ഏറ്റവും അവസാനമായി വന്നു കയറിയ രണ്ട്‌'അലവലാതികള്‍' (അതില്‍കുറഞ്ഞൊന്നും അവരെ വിശേഷിപ്പിക്കാനാകില്ല) അവരില്‍ ഒരു തെണ്ടി മുന്‍പ്‌ പടം കണ്ടിട്ടുണ്ടെന്ന്‌ മറ്റുള്ളവരെ അറിയിക്കലാണ്‌ ഉദ്ധേശ്യം എന്ന നിലയില്‍ ചിലകമന്റുകള്‍ തുടങ്ങി, ആദ്യമൊന്നും സാരമാക്കതെഞ്ഞാനും മഹേഷും പരസ്പരം മുഖത്തോടു മുഖം നോക്കി, എന്റെ ഭാവം കണ്ട മഹേഷ്‌ വിലക്കി, പോട്ടെ ബായീ, പ്രശ്നമാക്കണ്ട, നമുക്കറിയില്ലല്ലോ അവന്മാര്‍ എതാവകുപ്പെന്ന്‌. പക്ഷേ സിനിമമുന്നോട്ടുപോകുന്തോറും അല്‍പം മുന്‍കൂട്ടിയുള്ള ദൃക്‌സാക്ഷി വിവരണവും , അശ്ലീലചുവയുള്ള കമന്റുകളും ഏരിയപ്പോള്‍ ഞാന്‍ ചുറ്റിലുമിരുന്നവരുടെ ബോഡിലാങ്ങ്വേജ്‌ ശ്രദ്ധിച്ചു. മ്മുന്‍ നിരയിലിരിക്കുന്ന കൗമാരക്കരിയായ മകളുള്‍പ്പെടുന്ന കുടുംബം അവരുടെ നിലവാരമില്ലത്ത്‌ കമന്റുകൊണ്ട്‌ പൊറുതിമുട്ടിയിരിക്കുകയാണെന്ന്‌ മനസ്സിലായി. അവരുടെ അരികിലിരിക്കുന്ന മദ്ധ്യ വയസ്കരായ ദമ്പതികളും അവന്മാരുടെ ചളം സഹിക്കുന്നില്ലെന്നും മനസ്സിലായി. പക്ഷേ ആരും ഒന്നും മിണ്ടുന്നുമില്ല എന്നാല്‍ മുന്‍കൈയ്യെടുത്താല്‍ ചിലപ്പോള്‍ അവരുടെ സപ്പോര്‍ട്ട്‌ കിട്ടിയേക്കും എന്ന്‌ മനസ്സിലായതുകൊണ്ട്‌ അടുത്ത വളിച്ച കമന്റും അടുത്ത സീനിന്റെ സസ്പെന്‍സ്‌ നശിപ്പിക്കുന്ന്‌ രീതിയില്‍ "ഓ, അതിങ്ങനെയാണ്‌' എന്ന വിവരണം വന്നപ്പോള്‍ ഒട്ടും പിടിച്ചുനില്‍കാന്‍ പറ്റിയില്ല. ത്രിശ്ശൂര്‍ സ്ലാങ്ങില്‍ തന്നെപറഞ്ഞു 'ചങ്ങാതീ, ഞങ്ങളും സിനിമകാണാന്തന്നെയാണു, കാശുംകൊടുത്ത്‌ ഇതിനകത്ത്യുകേറിയിരിക്കുന്നത്‌,കഥകേള്‍ക്കാനല്ല' അല്‍പം ഉച്ചത്തിലുള്ള ഈ കമന്റു കേട്ടപാടേ മുന്‍പു പറഞ്ഞവറുടെ സപ്പോര്‍ട്ടോടെയുള്ള നോട്ടം പിന്നിലേക്കെത്തി. എതായാലും അതേറ്റു. പിന്നെ പടം തീരുന്നതുവരെ ശല്യമുണ്ടായില്ല.

അല്ല ബാബാകല്യാണി പറഞ്ഞുവന്ന താന്‍ എന്താടോ ശവീ നോട്ടുബുക്കില്‍ തിരിഞ്ഞുകളിക്കുന്നെ? ക്ഷമിക്കൂ സുഹൃത്തേ സന്ദര്‍ഭ വശാല്‍ പറഞ്ഞു പോയെന്നേയുള്ളൂ. ഞാന്‍ നമ്മുടെ കൈരളിതീയറ്ററിന്റെ പുറകിലത്തെ സീറ്റിലേക്ക്‌ മടങ്ങിവരാം.അതെന്താ ഇത്രയും നിരകള്‍ ഫുള്ളണെന്നുപറഞ്ഞിട്ടും ഏറ്റവും പുറകിലെ ഒരുപക്ഷേതീയറ്ററിലെ സിനിമകാണാന്‍ ഏറ്റവും പറ്റിയ മധ്യത്തിലീസെറ്റ്‌ ഒഴിവ്‌ എന്നാണോആലോചിക്കുന്നത്‌? പറയാം, ആസീറ്റിന്‌ വലതുവശത്തിരിക്കുന്നത്‌ രണ്ടുസ്ത്രീകളായിരുന്നതിനാല്‍ അവരുടെ പരിചയക്കാരാരുമല്ലാത്തതിനാല്‍ പിന്നീട്‌ വന്നവര്‍ ഒരു സീറ്റ്‌ ഒഴിച്ചിട്ടായിരുന്നു ഇരുന്നിരുന്നത്‌.

ഏതായാലും സിനിമതുടങ്ങി, ഇനി ഞാന്‍ പറയാന്‍പോക്കുന്ന കാര്യങ്ങള്‍ എന്റെ മാത്രം മനസ്സില്‍ തോന്നിയ കാര്യങ്ങളാണ്‌. സിനിമ കണ്ട ഇതുവായിക്കുന്ന മറ്റേയ്തെങ്കിലും സുഹൃത്തുക്കള്‍ക്ക്‌ എനിക്കു തോന്നിയതുപോലെയൊക്കെ തന്നെ തോന്നിയിരുന്നെങ്കില്‍ അത്‌ സിനിമയുടേയോ സംവിധായകന്റേയോ, മുഖ്യ നടന്റേയോ നിര്‍മ്മതാവിന്റെയോ കുഴപ്പമല്ല. അത്‌ ഈ തോന്നലുണ്ടായ നമ്മുടെ യൊക്കെ (എന്റെ) മനസ്സിന്റെ കുഴപ്പം മാത്രമായിരിക്കും.(ഇത്തരം ഒരു വാണിംഗായിരുന്നു സിനിമക്ക്‌ മുന്‍പേ കൊടുക്കേണ്ടിയിരുന്നതെന്ന്‌ സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ തോന്നി) അതിനുചിലപ്പോള്‍ ചില വ്യാഖ്യാനങ്ങളും, വിമര്‍ശനങ്ങളും,പിറകേ വന്നേക്കാം,പക്ഷേ പേടിച്ച്‌ മിണ്ടാതെയിരിക്കാന്‍ തോന്നുന്നില്ല.

എന്തായാലും ഇതുവരെ കടുത്ത ഇസ്ലാമിക വാദി കളുടെയൊന്നും വിമര്‍ശനം സിനിമയെക്കുറിച്ച്‌ ഇതുവരെ യെങ്ങും കണ്ടില്ല! ഇനി ഇസ്ലാമിസ്റ്റുകളെല്ലം യതാര്‍ഥമുസ്ലിംകളാകാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി സിനിമാകാണല്‍ തന്നെ ബഹിഷ്കരിച്ചിരിക്കുകയാണോ? അതെന്തായാലും അവിടെ നില്‍കട്ടെ.കേരള സമൂഹത്തില്‍ കഴിഞ്ഞ നാലഞ്ചുവര്‍ഷങ്ങളിലായി അസാധാരണമാവിധത്തില്‍ വര്‍ധിച്ചുവരുന്ന പര്‍ദയും,നീണ്ടതാടിയും, തൊപ്പിയും, കാവിമുണ്ടും, ചുവന്ന കുറിയും, പല നിറത്തിലുള്ളചരടുകളും പോലെയുള്ളമതചിഹ്നനങ്ങളുടെ കടന്നുകയറ്റവും, ഷാജികൈലാസ്‌ രുദ്രാക്ഷമാലധരിക്കുന്നതും,കൈയ്യില്‍ കറപ്പുചരടുകച്ചവടക്കരനേപ്പോലെ(എന്റെ സുഹൃത്ത്‌ ഹര്‍ഷന്റെ പ്രയോഗത്തില്‍)കൈയില്‍ കറുപ്പ്ചരട്‌ ധരിക്കുന്നതും, കുറിയണിയുന്നതും, ഭാര്യയെ മതംമാറ്റി ചിത്രയാക്കിയതും ഒക്കെ അദ്ദേഹത്തിന്റെ വിശ്വാസപരമായ ദൃഡതയും വ്യക്തിപരമായകാര്യങ്ങള്‍ മാത്രമാണെന്നും മേല്‍പറഞ്ഞതുമായൊന്നും അതിന്‌ സാമ്യതകാണാന്‍ ശ്രമിക്കുന്നത്‌ സങ്കുചിതമനോഭാവത്തിന്റെലക്ഷണമാണെന്നും, അതൊക്കെ മഞ്ഞക്കണ്ണടിക്കാരുടെ ദൃഷ്ടിയുടെ ദോഷമാണേന്നും,ഇവിടെ മതേതര കാക്കാമാര്‍ക്ക്‌ തൊപ്പിയും താടിയും, തലേക്കെട്ടും ഒക്കെ ധരിക്കാമെങ്കില്‍(ഇത്‌ധരിക്കുന്ന ഭൂരിപക്ഷവും ലാദന്റെ അളിയന്മാരല്ല), ആഢ്യത്വമുള്ള ഒരു നായരോ, ഈഴവനോ, ഉണ്ണിത്താനോ, നമ്പൂതിരിയോ ഇത്തരം സിംബലുകള്‍ ധരിക്കുന്നതിനെ മറ്റൊന്നായി കാണേണ്ടെന്നും,5നേരം കൃത്യമയി നമസ്കരിക്കുന്ന പടച്ചവനെ പേടിയുള്ള ഒരു കാക്കായ്ക്‌ ആരോടും സഹിഷ്ണുതയോടെയും സ്നേഹത്തോടെയുമ്മാത്രമേ പെരുമാറാന്‍ കഴിയൂ എന്നും,അതേ ജനുസ്സില്‍തന്നെയാണ്‌മേല്‍പറഞ്ഞ നായരും നമ്പൂതിരിയുമെല്ലാം എന്നും ഞാന്‍ ഉറച്ച്‌ വിശ്വസിച്ചിരുന്നു.ഇപ്പൊഴെന്താ ആ വിശ്വാസത്തിന്‌വല്ല കുഴപ്പവും? ഏയ്‌ അങ്ങനെയൊന്നുമില്ല എങ്കിലും കേരളത്തിന്റെ പൊതുമനസ്സ്‌ അടുത്തിടെ.....?

രഞ്ജിത്തിന്റേയും,രഞ്ജിപണിക്കറുടേയും തിരക്കഥകള്‍ ചലച്ചിത്രവിഷ്കാരം നിര്‍വഹിക്കുമ്പോള്‍( നരസിംഹം,ആറാംതമ്പുരാന്‍,വല്യേട്ടന്‍)ശക്തമായ സാന്നിദ്ധ്യമായിമാറാറുള്ള ചിഹ്നങ്ങളും, അടയാളങ്ങളും സവര്‍ണമേധാവിത്വത്തിന്റെ പ്രതീകങ്ങളാണെന്നോ ഒരുതുളസിക്കതിരെങ്ങാണം ഫ്രൈമില്‍ വന്നാലതിനെ കാലഹരണപ്പെട്ട ഫ്യൂഡലിസത്തിനെതാലോലിക്കുന്നു എന്ന്‌ അടച്ചാക്ഷേപിച്ച്‌,കണ്ണുമടച്ച്‌ എതിര്‍ക്കുന്ന സമീപനം ശരിയല്ല, തനിക്കറിയാവുന്ന സാഹചര്യങ്ങളിലെ കഥകളല്ലേ പറയാന്‍ കഴിയൂ എന്ന രഞ്ജിത്തിന്റെ ഒരഭിമുഖത്തിലെ അഭിപ്രായത്തോട്‌ നൂറുശതമാനവും യോജിച്ചിരുന്ന എനിക്ക്‌ എന്താപറ്റിയത്‌? എത്ര ആലോചിച്ചിട്ടും ഒരുപിടിയുമില്ല. ഏതായാലുമെന്റെ മനസ്സിനെ ഇത്രയധികം മധിക്കാന്‍ കഴിഞ്ഞെങ്കില്‍ അത്‌ സംവിധായകന്റെ വിജയമെന്നോ സിനിമയുടെ വിജയമെന്നോ ഒക്കെ മാത്രം കാണാന്‍ ഏതായാലും എനിക്ക്‌ കഴിയുന്നില്ല, കാരണം സിനിമപ്രേക്ഷകരെ എത്തരത്തില്‍ സ്വാധീനിക്കുന്നു എന്നും, അത്‌ അവരിലേക്ക്‌ കൊടുക്കുന്ന സന്ദേശമെത്ര അപകടം പിടിച്ചതാണെന്നും ഒരുവെള്ളിടി നെഞ്ചില്‍ മുഴങ്ങിയപോലെ തീയറ്ററിലെ അരണ്ടവെളിച്ചത്തില്‍ ഏറ്റുവാങ്ങേണ്ടിവന്നതിന്റെ വിങ്ങല്‍ ഇനിയും വിട്ടുമാറുന്നില്ല.

അല്‍പം കൂടിക്ഷമിക്കൂ, കാര്യങ്ങള്‍ അടുക്കും ചിട്ടയുമായി പറയാന്‍ എനിക്ക്‌ നല്ലവശമില്ല, എങ്കിലും ഒക്കാവുന്ന വിധത്തില്‍ അതെന്താണെന്ന്‌ പറയാന്‍ ഞാന്‍ ശ്രമിക്കാം. ഇന്നത്തെ സാഹചര്യത്തില്‍ സമൂഹത്തിന്റെ ഭയം മുതലെടുക്കാന്‍ പറ്റിയാല്‍നല്ലതുപോലെ വിറ്റുപോകാന്‍ സാധ്യതയുള്ള ഒരു ചരക്കാണ്‌ സിനിമയുടെ പ്രമേയം(മുസ്ലിം തീവ്രവാദം). അതിലൊന്നും ഒരുതെറ്റും പറയാന്‍ കഴിയാത്ത അവസ്ഥയാണല്ലോ ഇന്ന്‌ കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നതും(ഇപ്പോള്‍ സിനിമയുടെ 50ആംദിവസത്തെ പരസ്യത്തിലെ പോസ്റ്ററിന്‌ ആയുധമായതുപോലെ!).ഇറാക്കും, അഫ്ഗാനും,കശ്മീരും മാത്രമല്ല, നമ്മുടെ കേരളത്തിന്റെ വടക്കേപ്പുറവും എന്തിന്‌ ഇപ്പോള്‍ 'ഹോട്ട്‌' ആയ കൊച്ചിപോലും തീവ്രവാദഭീഷണിയുടെ പിടിയിലാണെന്നും,എപ്പോഴും എന്തും സംഭവിക്കമെന്നും സിനിമയിലൂടെയല്ല എങ്ങനെ പറഞ്ഞാലും അത്‌ ആള്‍ക്കാര്‍ വിശ്വസിച്ചാല്‍ അവരെകുറ്റംപറയാന്‍ കഴിയാത്തതാണല്ലോ വര്‍ത്തമാനകാലകേരളസാഹചര്യം. അതിനേപറ്റിയൊക്കെ പിന്നെപറയാം. വീണ്ടും കാടുകേറുന്നു എന്നാണോ? അല്ല മാഷേ, സിനിമയിലേക്കുതന്നെ.

എന്താണ്‌ എന്റെ മനസ്സിലുടക്കിയ ആദ്യത്തെ സംഭവം? ബാബാകല്യാണിയെ അവതരിപ്പിക്കുന്ന രംഗം തന്നെ. ആദ്യമായി കക്ഷിസ്റ്റേഷനിലേക്കു വരുമ്പോള്‍ സ്വീകരിക്കുന്ന പോലീസുകാരെല്ലാം നമസ്കാരം സാര്‍ എന്നഭിവാദ്യം അര്‍പ്പിക്കുമ്പോള്‍, ഒന്നും മിണ്ടാതെ അഞ്ചാറുഫ്രൈമില്‍ നടന്നുപോകുന്ന കല്യാണി, മണിയന്‍പിള്ളരാജു അവതരിപ്പിക്കുന്ന പോലീസുകാരനും നമസ്കാരം പറയുമ്പോള്‍ അതുവരെ പ്രത്യഭിവാദ്യം ഒരുസ്റ്റെയിലന്‍ ചിരിയിലും, കൈയുയര്‍ത്തിയുള്ള ഒരു വണക്കത്തിലുംനിര്‍ത്തിയ കക്ഷിയുടെവായില്‍നിന്നും ആദ്യമായി പ്രേക്ഷകന്‍ കേള്‍ക്കുന്ന ശബ്ദം'സ്വാമിശരണം'. ഇത്‌ കേവലം യാദൃശ്ചികം മാത്രമെന്ന്‌ തോന്നുന്ന തരത്തില്‍ ശബരിമലയില്‍ പോകാന്‍ മാലയിട്ട്‌, താടിയും വെച്ച്‌(ഒരുപക്ഷേ ഹരിശ്രീശോകന്‍ കഴിഞ്ഞാല്‍ മലയാളസിനിമയില്‍ കാണാന്‍ കഴിയുന്ന അത്യപൂര്‍വമായ താടിവെച്ച പോലീസുകാരന്‍)പ്രത്യക്ഷനാകുന്ന മണിയന്‍പിള്ളയെ ഇതിനായി മാത്രം വേഷംകെട്ടിച്ചതാണോഎന്നതായിരുന്നുാ‍ദ്യമായി തോന്നിയ സംശയം. അല്ല അങ്ങനെ തോന്നിയത്‌ യാദൃശ്ചികമല്ല കാരണം മണിയന്‍പിള്ളയ്ക്‌ പകരം ഹജ്ജിന്‌പോകാന്‍ തയ്യാറെടുക്കുന്ന ഒരുപോലീസുകാരനായിരുന്നെങ്കില്‍ 'അസ്സലാമു അലൈയ്കും' എന്നോ ഒരു കൃസ്ത്യ‍ന്‍ പോലീസായിരുന്നെങ്കില്‍ 'ഈശോമിശിഹായ്ക്‌ സ്തുതിയായിരിക്കട്ടെ' യെന്നോ പറയുമായിരുന്നോ എന്നൊരു കുസൃതിയോടെ ആലോചിച്ചുപോയി!അപ്പോള്‍ അതുമാത്രമയിരിക്കില്ല കാരണം!

വില്ലനായ ഇന്ദ്രജിത്തിന്റെ ജോലിയും മനസ്സില്‍ കൊണ്ടു! കോളേജ്‌ ലക്ചറര്‍! അതും എന്റെ സ്ഥലത്തുള്ള പ്രശസ്തമായ എം.എസ്‌.എം കോളേജിന്റെ(സ്ഥലം പരാമര്‍ശിക്കുന്നില്ലെന്നതിനാല്‍ മറ്റേതെങ്കിലും കോളേജ്‌ ആയിക്കൂടേ എന്ന്‌ പറയാന്‍ വരട്ടെ കാരണം യൂണിവേര്‍സിറ്റി പേപ്പര്‍ മൂല്യനിര്‍ണയം നടത്തുന്ന എത്ര എം.എസ്‌.എം കോളേജുകള്‍ കേരളത്തിലുണ്ടാകും?) മനസ്സില്‍ കൊണ്ടു എന്ന്‌പറഞ്ഞത്‌ കോളേജിന്റെ കാര്യം കൊണ്ട്‌ മാത്രമല്ല, ഇതുവരെയുണ്ടായിരുന്ന ഷാജികൈലാസിന്റെ സിനിമകളില്‍ ഉണ്ടായിരുന്ന മുസ്ലിം വില്ലന്മാരില്‍ ഏറ്റവും വിദ്യാസമ്പന്നനെ തന്നെ ഇതില്‍ കണ്ടപ്പോള്‍തോന്നിയത്‌ എത്ര വിദ്യാസമ്പന്നരായ സമൂഹത്തിന്റെ മുഖ്യധാരയില്‍ നില്‍കുന്നു എന്ന്‌ ഇതര സമുദായങ്ങള്‍കരുതിയിരുന്ന, മുസ്ലിംകളേയും ഇനിസംശയദൃഷ്ടിയോടുകൂടി നോക്കണ്ടിവരുമെന്ന ഒരു സന്ദേശം ഇത്‌ സമൂഹത്തിന്‌ നല്‍കിക്കളയുമോ എന്ന ഭയമായിരുന്നു അടുത്ത സന്ദര്‍ഭം!

അടുത്തത്‌ സായികുമാറിന്റെ കഥാപത്രത്തിനെ കാണുമ്പോള്‍ കല്യാണി പറയുന്ന വാചകമാണ്‌, ഇങ്ങനെയുള്ള ഒരുരൂപമായിരുന്നില്ല താന്‍ പ്രതീക്ഷിച്ചതെന്നുള്ളത്‌??!! പിന്നെയെന്ത്‌രൂപമാണ്‌ ഹാജി യായി കല്യാണി സങ്കല്‍പിച്ചിരുന്നത്‌? നീണ്ട താടിയും തലേക്കെട്ടും, വെളുത്ത നീണ്ടജുബ്ബായും മുണ്ടും ധരിച്ച്‌ മലയാളി'തീവ്രവാദിയെയോ' അതോ പഴയ മലയാളസിനിമയിലെ ബോംബെ ബന്ധമുള്ള, പൈജാമയ്ക്‌ പുറത്ത്‌ കൈയ്യില്ലാത്ത ഒവര്‍കോട്ടുമിട്ട്‌ രോമത്തൊപ്പിയും വെച്ച്‌, ഒരു പൈപ്പോ(ചുരുട്ടോ) വലിക്കുന്ന ഒരുകാലത്തെ വ്യവസ്ഥാപിത മുസ്ലിംവില്ലനെയോ? ഇനി സായികുമാറിന്റെ കഥാപാത്രത്തിന്‌ വില്ലന്‍ ടച്ച്‌ ഇല്ലാത്തതുകൊണ്ടാകാം അദ്ദേഹത്തിനെ ഇങ്ങനെയൊരുചതുരത്തിനകത്താക്കഞ്ഞത്‌ എന്ന്‌കരുതുമ്പോള്‍ ആശ്വാസമല്ലതോന്നുന്നത്‌, മറിച്ച്‌ ആശങ്കയാണ്‌ അതായത്‌ മേല്‍പറഞ്ഞ വ്യവസ്ഥാപിതവേഷങ്ങള്‍ധരിക്കുന്ന മുസ്ലിംകള്‍ക്ക്‌ ഒരിക്കലും നല്ലവരാകാന്‍ പറ്റില്ലേന്ന്‌ ഇതിനര്‍ത്ഥമുണ്ടാകുമോ..?

അടുത്തത്‌ ഹാജിയുടെ കല്യാണിയോടുള്ള കുമ്പസാരമാണ്‌ 'ഒരുകാലത്ത്‌ എന്റെയുള്ളിലും ഇത്തരം വര്‍ഗീയവികാരങ്ങള്‍തോന്നിയിരുന്നു എന്നും, അന്നു ഞാന്‍ മന:പൂര്‍വ്വമല്ലതെ തീവ്രവാദികളെ സാമ്പത്തികമായിസഹായിച്ചിട്ടുണ്ടാകാമെന്നും, എന്നാല്‍ അന്ന്‌ തന്റെ അലമാരിയില്‍ ഇവ(ഭാഗവതവും,ഖുര്‍ആനും, ബൈബിളും)തമ്മില്‍ ഇത്ര അടുത്തല്ലയിരുന്നുവെന്നും, തന്റെ ചിന്താഗതികള്‍മാറിയത്‌ മറ്റുരണ്ട്‌(ഭാഗവതവും, ബൈബിളും)ഗ്രന്ഥങ്ങള്‍ കൂടി അടുത്തറിഞ്ഞതിലൂടെയാണെന്നും പറയുമ്പോള്‍ വീണ്ടുമൊരുസംശയം'ഖുര്‍ആന്‍ മാത്രം അറിയുന്നിടത്തോളം മുസ്ലിംകള്‍ക്ക്‌ (ഗീതയും, ബൈബിളുമൊന്നും മനസ്സിലാക്കാത്തവര്‍ക്ക്‌) തീവ്രവാദചിന്തയുണ്ടാകുമെന്നാണോ?ഈകുമ്പസാരം സമൂഹത്തില്‍ തെറ്റായ ധാരണ പടര്‍ത്തുമോ? ഞങ്ങളുടെപള്ളിയിലെ പാവം ഉസ്താദ്‌ ഇനി തീവ്രവാദിയാകാതിരിക്കാന്‍ വേണ്ടി ബൈബിളും ഭാഗവതവും പഠിച്ചിട്ട്‌ ഷോകേസില്‍ മൂന്നും ഒരുമിച്ചു വെക്കേണ്ടിവരുമോ ആവോ?

മുസ്ലിംതീവ്രവാദികളില്‍നിന്നും സംസ്ഥാനത്തെ രക്ഷിക്കുകയെന്ന മിഷനുമായി വളരെയധികം കഷ്ടപ്പെടുകയും,അതിനായി തീവ്രമായി പരിശ്രമിക്കുകയും,അതിനായിതലപുകച്ചും നടക്കുന്ന കല്യാണിക്ക്‌(പ്രേക്ഷകനും??) വ്യക്തിപരമായെങ്കിലും അല്‍പം ആശ്വാസം നല്‍കുന്നത്‌ കവിയൂര്‍പൊന്നമ്മയുടെ ക്ഷേത്രസമാനമായ വീടും പൂജാമുറിയും,കൃഷ്ണസ്തുതികളുമാണെന്ന ധാരണപടരുന്നുണ്ടോ? അതായത്‌ ഒരുവശം അശാന്തിയുടേയും മറുവശം ശാന്തിയുടേയും എന്നനിലയില്‍..?

അടുത്തതായി ഞാന്‍ തീയറ്ററിലെ സ്ക്രീനില്‍നിന്നും മാത്രം പ്രതിഫലിക്കുന്ന വെളിച്ചത്തില്‍ ഒരുനടുക്കമായി നെഞ്ചിലൊരുവെള്ളിടിയായി തിരിച്ചറിഞ്ഞ, ഒരുപക്ഷേ എന്നെക്കൊണ്ട്‌ ഇതെഴുതിക്കാന്‍പോലും കാരണമായ പ്രേക്ഷകനിലേക്കെത്തിയ ഒര്യുസന്ദേശമാണ്‌. അത്‌ തെറ്റായാലും ശരിയായാലും ഒരുമുസ്ലിമായ എനിക്ക്‌ ആശ്വാസം പകരുന്നതായിരുന്നില്ല. എന്റെ അരികിലിരുന്ന ചെറുപ്പക്കാരന്‍ അങ്ങനെ പ്രതികരിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ എനിക്ക്‌‌ അത്രയ്ക്‌ നടുക്കമുണ്ടാകുമായിരുന്നില്ല. കാരണമെന്റെ വലതുവശത്തിരുന്ന ഒരുമദ്ധ്യവയസ്കയായ അമ്മയുടേയും യുവതിയായ അവരുടെ മകളുടെയും കാര്യം ഞാന്‍ നേരുത്തേസൂചിപ്പിച്ചിരുന്നല്ലോ, അതെ അവരിലേക്കായിരുന്നു ആസന്ദേശമെത്തിയത്‌.....

എന്ത്‌ , എങ്ങനെ, സന്ദര്‍ഭം??? ഒക്കെ പറയാം... ഹാജി, അപരിചിതരായ ചിലരെ ഈയിടെയായി പള്ളിയില്‍ കണ്ടു എന്ന്‌ മുസലിയാര്‍പറഞ്ഞു എന്നും ഒന്ന്‌ പള്ളിവരെ വന്നാല്‍ വേണമെങ്കില്‍ അദ്ദേഹത്തോട്‌ അതേപ്പ്റ്റി കൂടുതലായിസംസാരിക്കമെന്നും പറഞ്ഞപ്പോള്‍ സമ്മ്തിച്ചു പോകുമായിരുന്ന അതിബുദ്ധിമാനായ കല്യാണിയെ അത്‌ ഒരു ചതിയാകാമെന്നും, പള്ളിയില്‍ വിളിച്ചുകയറ്റി, പോലീസ്‌ പള്ളിയില്‍കയറിയെന്നതിന്റെപേരില്‍ പ്രശ്നമുണ്ടാക്കാനുള്ള നീക്കമാണിതെന്നും ജഗതിയുടെ പോലീസ്‌ കഥാപാത്രം ഉപദേശിക്കുമ്പോള്‍ കല്യാണിconvinced ആകുന്നതിനുമുന്‍പ്‌ തന്നെ ആ അമ്മ ജഗതിയുടെ ഉപദേശം ഏറ്റുവാങ്ങുന്നത്‌ അവരുടെ ബോഡിലാംഗ്വേജില്‍നിന്നും എന്റെമനസ്സിലേക്ക്‌ ഒരുനൊമ്പരമായിപടരുമ്പോള്‍ അവര്‍ തിരിഞ്ഞ്‌ മകളോടുപറയുന്നത്‌ നിസ്സഹായത്യോടെ കേട്ടിരിക്കേണ്ടിവന്നു-"കേട്ടോ, കേട്ടോ അതുശരിയാ" അപ്പോഴേക്കും എന്റെ(യുക്തിയുടെയല്ല വികാരത്തിന്റെ) അവസാനപ്രതീക്ഷനിലനിന്ന കല്യാണിയും അതുവരെ ജഗതിയോട്‌ എല്ലാക്കര്യങ്ങളിലും(വീട്‌ വാടകയ്ക്കെടുക്കുന്ന സംഭവം മുതല്‍, ഇങ്ങേരെപിടികിട്ടുന്നില്ലന്നുള്ള ജഗതിയുടെ ആത്മഗതംവരെ ഉദാഹരണം)അഭിപ്രായവ്യത്യാസമുള്ള കല്യാണി ഇക്കര്യത്തില്‍ ജഗതിയോട്‌ യോജിച്ചതുകണ്ടപ്പോള്‍.......

അക്രമികള്‍, ആയുധംസൂക്ഷിച്ചതിന്‌ പോലീസ്‌ ബൂട്ടുകള്‍ കയറിയിറങ്ങിയ, നമസ്കാരം നിര്‍ത്തി താഴിട്ട്‌ പൂട്ടുകയും ചെയ്ത മാറാട്‌ പള്ളിയുള്ള നാട്ടില്‍....കഷ്ടം!

അന്വേഷണ സ്ക്വ‍ാഡില്‍ ഒരുമുസ്ലിം നാമധാരിയുണ്ടായിട്ടും എന്തേ അതിബുദ്ധിമാനായ കല്യാണിക്ക്‌ അയാളെയെങ്കിലും പള്ളിയില്‍ അയച്ചുകൂടായിരുന്നോ എന്ന സംശയത്തിന്‌ കഥയില്‍ ചോദ്യമില്ലെന്ന്‌ സമാധാനിക്കാം, പക്ഷേ പിന്നീട്‌ മുസ്ലിയാരുടെ സംശയവും അതുപറഞ്ഞ ഹാജിയുടെ വാക്കുകളും സത്യമാകുമ്പോള്‍ അത്രത്തോളം ആശയം അവരില്‍സംവദിച്ചോ എന്നകൗതുകത്തോടുകൂടി പിന്നീടും ഇടക്കിടെ അവരെ നോക്കിയെങ്കിലും നേരത്തേയുണ്ടായ പ്രതികരണം ഉണ്ടായില്ലെന്ന്‌ നിരാശപ്പെട്ടത്‌ ഓര്‍ത്തുകൊണ്ട്‌ കമ്പ്യൂട്ടര്‍ സ്ക്രീനില്‍നിന്നും ടിവിയിലേക്ക്‌.......

നികേഷ്കുമാറിന്റെ വക ജനസഭ ഇന്‍ഡ്യാവിഷനില്‍ വിഷയം വര്‍ഗ്ഗീയതയും രാഷ്ട്രീയവും! തിരൂര്‍ സംഭവത്തിനെ ആധാരമായി മലപ്പുറം ജില്ലയില്‍ വെച്ച്‌ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍... പൊള്ളുന്ന ഈവിഷയം കൈകാര്യം ചെയ്യുമ്പോള്‍ നികേഷ്‌ പോലും പാടുപെടുന്നു, ഇടക്കിടെ കൊമേര്‍സ്യല്‍ ബ്രേക്കുകള്‍..! എങ്കിലും ചാനല്‍ മാറ്റാതെ കണ്ടിരുന്നു, കാണാമല്ലോ രാഷ്ട്രീയ സിംഹങ്ങളുടെ ഗര്‍ജനങ്ങള്‍! "വര്‍ഗീയത.... അതു തന്നെയല്ലേ നിങ്ങള്‍ ചാനലുകാരുടേയും,രാഷ്ട്രീയക്കരുടേയും ലക്ഷ്യം, അതുകൊണ്ടാണല്ലോ നിങ്ങള്‍(നികേഷ്‌ ഉള്‍പ്പെടെ)5 പേരും ഇവിടെ ഇങ്ങനെ ഒരുപരിപാടിസംഘടിപ്പിച്ച്‌ വില്‍ക്കുന്നത്‌, അല്ലാതെ നിങ്ങള്‍ രണ്ടുകൂട്ടരുടേയും(ഇടത്‌ വലത്‌) അറുപതു വര്‍ഷത്തെ ഭരണനേട്ടംകൊണ്ട്‌ മലപ്പുറത്തിന്‌ എന്തുണ്ടായി നല്ല ഒരുകക്കൂസുപോലും ഇല്ലത്ത ജില്ലാ ആസ്ഥാനമ്മയി മലപ്പുറം നില്‍കുന്നു" എന്ന്‌ അര്‍ഥം വരുന്നരീതിയിലുള്ള ഒരാളുടെ രോഷത്തോടെയുള്ള പ്രതികരണവും അതിഞ്ഞനക്കൂട്ടത്തില്‍നിന്നും കിട്ടിയകൈയ്യടിയും അത്‌സംഘാടകരുടേയും രാഷ്ട്രീയക്കാരുടേയും മുഖത്തുണ്ടാക്കിയ വളിപ്പ്‌കണ്ട്‌ ഒരു ഊറിയ ചിരിയുമായി ഞാന്‍.......

ഏഷ്യാനെറ്റ്‌ ന്യൂസിലേക്ക്‌ വന്നപ്പോഴും കണ്ടത്‌ 'കേരളാസ്കാന്‍' വിഷയം വിശാലഹിന്ദു സമ്മേളനങ്ങളും, മോഡിയുടെ തിരുവനന്തപുരം സന്ദര്‍ശനവും, സെമിറ്റിക്‌ മതങ്ങളുമെല്ലാം.....ഒരുദീര്‍ഘനിശ്വാസത്തോടെ ഓര്‍ക്കുന്നു കേരളം എങ്ങോട്ട്‌? ബബാകല്യാണിയേയും, ഷാജികൈലാസിനേയും കുറ്റപ്പെടുത്താന്‍ വരട്ട, അതും ഇതുപോലെ ചാനലുകാരുടേ മാതിരി.....??