Tuesday, December 19, 2006

മൈലാഞ്ചിയുടെ 'യാത്ര'

രേഷ്മയ്ക്‌,
യാത്ര എന്ന താങ്കളുടെ കഥ വായിച്ചു.ഞാന്‍ കമന്റുകള്‍ക്ക്‌ പിന്നാലെയാണെന്നു ഇപ്പോള്‍തന്നെ അരവിന്ദിന്റെ ഒരു കമന്റുണ്ട്‌! പക്ഷെ രേഷ്മയുടെ കഥ വായിച്ചപ്പോള്‍ ഒരുകമന്റും കൂടെയാവാമെന്നു തോന്നി, അരവിന്ദിന്റെനിര്‍ദ്ദേശം മാനിച്ചാണു, ഇതൊരുകമന്റാക്കാതെ ഒരു പോസ്റ്റിംഗാക്കൈയാലോ എന്നു തീരുമാനിച്ചത്‌! .അതാകുമ്പോള്‍ ചളമാണെന്നു തോന്നിയാല്‍ ആരോടും ചോദിക്കാതെ എടുത്തു ദൂരെക്കളയുകയുമാവാമല്ലോ! ഉള്ളാതുപറഞ്ഞാല്‍ 'യാത്ര' വളരെ ടച്ചിങ്ങായിട്ടുള്ള 'യാത്ര' സിനിമ കണ്ടിറങ്ങിയപോലെ! ട്രൈയിനും, കഥയും കഥാപാത്രങ്ങളും മനസ്സില്‍നിന്നും മായുന്നില്ല.വര്‍ഷങ്ങള്‍ മുന്നോട്ടുപോകുന്തോറും കൂടുന്ന ദൂരങ്ങള്‍! അത്‌
പഴയപോലെ ആ നിലക്കുതന്നെനിന്നാല്‍മതിയായിരുന്നെന്ന്‌ മനസ്സ്‌ വല്ലതെ ആഗ്രഹിച്ചു പോകുന്നു.ട്രൈയിനില്‍ കൂട്ടുകാരോടൊത്ത്‌ വളരെക്കാലം യാത്ര ചെയ്തിട്ടുള്ളാതുകൊണ്ടാകണം കഥ വായിച്ചപ്പോള്‍ ട്രൈയിനിന്റെ ശബ്ദവും, തുരുമ്പുമണവും, ബ്രേക്ക്‌ ചെയ്യുമ്പോള്‍ ഉള്ള കരിഞ്ഞ മണവും, ഏത്‌ഉറക്കത്തിള്‍നിന്നും ആള്‍ക്കാരെയുണര്‍ത്തുന്ന 'ഫ്രീക്വന്‍സി' യുള്ള 'കോപ്പേ' (നമ്മള്‍ സാധാരണപറയുന്ന കാപ്പി, അവരുടെ ശബ്ദത്തിനുപറ്റിയ അക്ഷരമില്ല ക്ഷമിക്കുക!) മനസ്സിലേക്കോടിയെത്തി. കഥയ്കുള്ള സിജുവിന്റെകമന്റുകണ്ടപ്പോള്‍ കൂട്ടത്തില്‍ ട്രൈയിന്‍ യാത്രക്കിടയിലെ ഒരു രസകരമായ സംഭവവും ഓര്‍ത്തുപോയി, അത്‌ വെറുതെ മനസ്സിലേക്കോടിവന്നു പോയി എന്നതാണുസത്യം. 1997 ഡിസംബര്‍ 5 ( ബാബരിയുടെ 5ആം വാര്‍ഷികത്തിന്റെ തലേനാള്‍) കോട്ടയം സ്റ്റേഷനില്‍നിന്നും കായംകുളത്തേക്ക്‌ കയറുമ്പോള്‍, പറശുറാം എക്സ്പ്രസ്സില്‍ പതിവിന്റെ നാലിരട്ടിയാളുകള്‍ ഓരോ കമ്പാര്‍ട്ടുമെന്റിലും ഉണ്ടെന്നെ തോന്നി. "ഇത്രയും ലേറ്റായതുകാരണം 'ഷട്ടിലില്‍' പോകണ്ടവരും കേറി, നശിപ്പ്‌! ഇതിലും ഭേദം കുറച്ചുനേരം കൂടിക്കഴിഞ്ഞ്‌ അതിനങ്ങു പോയാല്‍ മതിയായിരുന്നു"ഞങ്ങളുടെ കൂട്ടുകാരന്‍ ഹര്‍ഷന്‍ പറഞ്ഞു. "ഡാ അതുകൊണ്ടല്ല നാളെ ബന്ദല്ലേ, എല്ലാവരും വീടുപിടിക്കാനുള്ള ശ്രമായിരിക്കും അതാണിത്ര തിരക്ക്‌" ജോര്‍ജ്ജ്‌ തിരുത്തി. സാധാരണ 'പരശു' വിന്റെ ചെയര്‍ കാറിനുപകരം ഞങ്ങള്‍കേറിക്കൂടാന്‍പറ്റിയതോ സാധാരണ പാസഞ്ചര്‍ വണ്ടിയുടെ മാതിരിയുള്ള ലഗേജ്‌ കാര്യറും മരപ്പലകയും ഉള്ള, ആളുകൂടുതള്‍ കയറിയാല്‍ ശ്വാസം പോലും വിടാന്‍ ബുധിമുട്ടുള്ള കമ്പാര്‍ട്ടുമെന്റിലും!.വണ്ടി രണ്ടു ടണലുകളിലേയും ഇരുട്ടില്‍ കയറിയപ്പോള്‍ പതിവുപോലെ ഉച്ചത്തില്‍ കൂവിവിളിച്ചിട്ട്‌,വെളിച്ചത്തിലേക്കിറങ്ങിയപ്പോള്‍ ഒന്നുമറിയാത്ത ഭാവത്തില്‍ നില്‍ക്കുകയാണ്‌ ഞങ്ങളെല്ലവരും! പക്ഷേ സ്ഥിരം ഈ കലാപരിപാടി കാണുന്ന യാത്രക്കരില്‍ ചിലര്‍ ചിരിയോടെയും, മറ്റുചിലര്‍ ദേഷ്യത്തിലും ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.ഞങ്ങളാകട്ടെ യാതൊരുകൂസലുമില്ലാതെ ഞെങ്ങിഞ്ഞെരുങ്ങി നില്‍ക്കുന്ന സ്ത്രീ ജനങ്ങളെയും വായില്‍ നോക്കി അങ്ങനെ നില്‍ക്കുമ്പോഴുണ്ട്‌ നില്‍ക്കാന്‍ പോലും സ്ഥലമില്ലതെ, വെളിച്ചം പോലും ഇല്ലാത്ത ട്രൈനില്‍, ഷര്‍ട്ടൊക്കെ ഇന്‍സര്‍ട്ട്‌ ചെയ്ത്‌, മേല്‍മീശയൊക്കെ കറുപ്പിച്ച, കഷണ്ടിത്തലയനായ ഞങ്ങളുടെ അന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'ഷിബു', ബാഗില്‍നിന്നും,ഏതോ ഒരു സാമാന്യം തടിച്ച ഒരു ഇംഗ്ലീഷ്‌പുസ്തകമെടുത്ത്‌ അടുത്തുനില്‍ക്കുന്ന ചേച്ചിയെ ചാരി (ഇനി ഒരുപക്ഷെ അതിനാകും പുസ്തകമെടുത്തത്‌!)ഏതായാലും ഞങ്ങള്‍പ്പോലെ നാലഞ്ചു ചെറുപ്പക്കാരങ്ങനെ അവടെ സംയമനം പാലിച്ചുനിള്‍ക്കുമ്പോള്‍ ഒരു 'ഷിബു' ഇങ്ങനെ കാണിക്കാന്‍ കൊള്ളാമോ എന്നു മനസ്സിലോര്‍ത്തുകോണ്ട്‌, ജോര്‍ജിന്റെ മുഖത്തുനോക്കിതേയുള്ളൂ, എന്റമനസ്സിലിരിപ്പു പിടികിട്ടിയവനേപ്പോലെ ജോര്‍ജ്ജപ്പോള്‍ എന്റെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു, നോട്ടം ജോര്‍ജ്ജിന്റെ മുഖത്തേക്കയപ്പോള്‍ ഞാനും അറിയാതെ പൊട്ടിച്ചിരിചുപോയി! ചിരിയുടെ ശബ്ദംകേട്ട്‌ ഈര്‍ഷ്യയോടെ മുഖത്തുധരിച്ചിരിക്കുന്ന കണ്ണാടിക്കു മുകളിലൂടെ അസഹിഷ്ണുതയോടെ ഞങ്ങളെ അയാളൊന്നു നോക്കി.എന്റെചിരി പെട്ടന്നു വളിച്ചു! പക്ഷേ എനിക്കധികം ചമ്മേണ്ടിവന്നില്ല അപ്പോള്‍തന്നെ ഹര്‍ഷന്റെ ഇടിവെട്ടുകമന്റെത്തി "ഡാ, അടങ്ങിനില്‍ക്കണം, പറഞ്ഞേ?, നാളെപരീക്ഷയുള്ളതാ!, ഇതുവരെ യെല്ലത്തിനും ഫസ്റ്റാ! നാളത്തേതിനു മാര്‍ക്കു കുറഞ്ഞാല്‍..." അവന്‍ കമന്റ്‌ മുഴുമിക്കുന്നതിനുമുന്‍പേ 'ഷിബു' പുസ്തകം മടക്കിയിരുന്നു! ഞങ്ങള്‍ ആര്‍ത്തുചിരിച്ചു, ഇക്കുറി വിളറിയതുപക്ഷേ ഷിബുവായിരുന്നു! കാരണം ചേച്ചിമാരടക്കം മറ്റുള്ളാവരും ഞങ്ങളുടെ ചിരിയില്‍ പങ്കുചേര്‍ന്നിരുന്നു.ഞങ്ങലുടെ ചര്‍ച്ച പിറ്റേന്നത്തെ 'ബന്ദിനെ' ക്കുറിച്ചായി.ഹര്‍ഷന്‍ വളരെഗൗരവത്തില്‍ എന്നോടുപറഞ്ഞു " ഡാ, നീയൊക്കെ ഉടനേവിട്ടോണം പാകിസ്ഥാനിലേക്ക്‌, 'A Train to Pakistan' എന്ന്‌ കേട്ടിട്ടില്ല്ലേ? നിങ്ങള്‍ക്കുള്ള വണ്ടിയാ, നാളെത്തന്നെ വിട്ടോണം" ഡാ, നാളെത്തന്നെ പോകണോ? മറ്റേന്നള്‍ പോയാല്‍ പോരെ? നാളെ ഞങ്ങള്‍ ഒരുബന്ദു പ്രഖ്യാപിച്ചിരിക്കുകയല്ലേ, ഏതായാലും അതുംകൂടി കഴിയട്ടെ" ഞാന്‍ പറഞ്ഞു. "പിന്നേ നിങ്ങള്‍ 5 കൊല്ലമായി ബന്ദ്‌ നടത്തിയിട്ടെന്തായി? അവന്‍ ചോദിച്ചു. ഞങ്ങളും വെച്ചില്ലേ ബൊംബേയില്‍ കുറേ ബോംബുകള്‍? ഞാനും വിട്ടില്ല. "പിന്നേ ബോംബ്‌! പള്ളിക്ക്‌ പകരം ഒരമ്പലമെങ്കിലും പൊളിക്കാന്‍ കഴിഞ്ഞോ? നിങ്ങളുഡാളുകള്‍ക്ക്‌ വിവരമില്ലെന്നു പറയുന്നത്‌ ചുമ്മാതല്ല, ഡാ, ഞാന്‍ പറഞ്ഞുതരാം എങ്ങനാ ബോംബ്‌ വെക്കണ്ടതെന്ന്"! അവന്‍ ചുറ്റുമുള്ളവരെ ഒരു കൂസലില്ലാതെ പറഞ്ഞുതുടങ്ങി "അതായത്‌ ഉദാഹരണത്തിന്‌ ട്രാണ്‍സ്പോര്‍ട്ട്‌ സ്റ്റാന്‍ഡില്‍ ബോംബുവെക്കുന്നുവെന്ന് കരുതുക..." !?? ഞാന്‍ പരിസരബോധം വന്നവനേപ്പോലെ ചുറ്റും നോക്കി, ജോര്‍ജ്ജും മറ്റുള്ളാവരും ഞങ്ങളുടെ തര്‍ക്കം രസിച്ചങ്ങനെ നില്‍ക്കുന്നു! "ഡാ, ഇങ്ങോട്ടു നോക്ക്‌, അപ്പോഴെന്തുപറ്റും"? "കുറേഎണ്ണം ചാവും"! ഞാന്‍പറഞ്ഞു. "കുന്തം അതല്ല,നിങ്ങള്‍ വെക്കേണ്ടത്‌ കൃത്യം 3 ബോംബാണ്‌!. ഏറ്റവു ചെറുതൊരെണ്ണം വേണം അവിടെ വെക്കാന്‍, അതുപൊട്ടി അഞ്ചാറെണ്ണത്ത്ന്റെ പണിതീരുമ്പോള്‍, ഉടനേ അവിടെ പോലീസും ആള്‍ക്കാരുമെല്ലാം ഓടിക്കൂടി തിങ്ങിനിറയും. അപ്പോള്‍ മീഡിയംസൈസൊന്നു പൊട്ടിക്കണം! പിന്നെ ഇതെല്ലാം കൂടി വാരിയെടുത്തിട്ട്‌ മെടിക്കള്‍കോളേജിലേക്കോടും, അപ്പോള്‍ അവിടെ വേണം മൂന്നാമത്തേത്‌ പൊട്ടിക്കാന്‍!! അപ്പോള്‍ ഉദ്ദേശിക്കുന്ന കാര്യം പൂര്‍ത്തിയാകും!എന്തുപറയുന്നു"? ഒരു പുഞ്ചിരിയോടെ ഹര്‍ഷനിതു പറയുമ്പോള്‍ ജോര്‍ജിന്റെ ഒഴികെ എല്ലാവരുടേയും മുഖത്തെ ചിരിമാഞ്ഞു, "നിന്റെ ചെകിട്ടത്തിട്ടൊരെണ്ണം പോട്ടിക്കാനാ എനിക്കുതോന്നുന്നത്‌"! ഞാന്‍ പ്രതിവചിച്ചു. "നിന്നെപ്പോലെ വലിയ ഒരുബോംബ്‌ കായംകുളാത്തുള്ളപ്പോള്‍ എന്തിനാടാഞ്ഞാന്‍ വേറേ ബോംബന്വേഷിക്കുന്നത്‌!, നീയും വാ എന്റെകൂടെ പാകിസ്താനിലേക്ക്‌, ബാക്കിയുള്ളവരിവിടെ സ്വസ്ഥ്മായി ജീവിച്ചോട്ടെ! നീയങ്ങോട്ട്‌ ചെന്നാല്‍തന്നെ അവിടുള്ളവര്‍ പേടിച്ച്‌ സ്ഥലംവിടും,പിന്നെ പാകിസ്ഥാന്റെ ശല്യമുണ്ടാകില്ല"! എന്റെ ചിരിമാഞ്ഞു, മുഖം ചുവന്നു. "കണ്ടോ? കണ്ടോ? ഇക്ക ചൂടാവുന്നതു കണ്ടോ"? അവന്‍ ഉറക്കെ ചിരിച്ചു,മറ്റുള്ളാവരും കൂടെ ച്ചിരിച്ചു. ഞാന്‍മാത്രം ഗൗരവത്തില്‍ രൂക്ഷമായി ജോര്‍ജ്ജിനെ നോക്കി, "ഡോ പോട്ടെടോ, അവനൊരുതമാശപറഞ്ഞ തല്ലേ, വിട്ടുകള!" ജോര്‍ജ്‌ പതിവുപോലെ മധ്യസ്ഥനായി. ഏതായാലും സമ്മതിക്കണം! നിന്നെപ്പോലൊരു ബോംബുണ്ടാക്കിയവരെ പറഞ്ഞാല്‍ മതിയെല്ലോ? ഞാന്‍ പറഞ്ഞു, ഇക്കുറി ചിരിയില്‍ എല്ലവരും എന്റെ പക്ഷത്തായിരുന്നു,ഞാനും അവരോടൊപ്പം കൂടി,അല്‍പാമൊന്നുശങ്കിച്ച്‌ അവനും! ഇതു നടന്നതു 10 വര്‍ഷം മുന്‍പാണ്‌! ഇന്നായിരുന്നെങ്കില്‍? ഞങ്ങള്‍മൂന്നുപേര്‍ക്കും ഇന്നും അതങ്ങനെതന്നെയാകും, പക്ഷേ പെട്ടന്നതൊരു ആളൊഴിഞ്ഞ കമ്പാര്‍ട്ടുമെന്റായപോലെ!!! രേഷമക്ക്‌ യാത്ര ദൂരം കൂടിയതുപോലെ തോന്നിയതുമാതിരി! രേഷ്മയുടെ കഥ വളരെ നന്നായിരുന്നു അഭിനനനങ്ങള്‍!! അത്ര നല്ലതുപോലെ ആകഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ്‌,കമന്റിനുപകരം ഒരു പോസ്റ്റിംഗുതന്നെ ഇരിക്കട്ടേയെന്നുകരുതിയത്‌!

1 comment:

Reshma said...

‘ഷിബു’ :D
ആ വര്‍ഗ്ഗത്തിന് അങ്ങനെയൊരു പേര് ഇന്നും ഉണ്ടോ? അന്ന് എല്ലാരും ചിരിച്ചു, ഇന്നായിരുന്നെങ്കില്‍ എങ്കില്‍ങ്കില്‍ങ്കില്‍ ല്ലെ?

(കമന്റുകളെ കുറിച്ച്- കമന്റുകള്‍ക്ക് മാത്രായി എഴുതിയാല്‍ ബ്ലോഗ്ഗിങ്ങ് പെട്ടെന്ന് മടുക്കും. പ്രതികരണങ്ങളെ ബോണ‍സായി കണ്ടാല്‍ എഴുത്തിന്റെ ത്രില്ല് എന്ന്നും കൂടെ. ഇതൊക്കെ പറയാന്‍ ഇവളാ‍രഡേന്ന് ചോദിച്ചാ, ഞാന്‍ പറയും ഞാനാണ് ജീംബൂംബാന്ന്)