Saturday, June 28, 2008

ഗാന്ധിജി പാമ്പായാല്‍!

ക്ഷമിക്കണം, തലക്കെട്ടുകണ്ടിട്ട്‌ രാഷ്ട്രപിതാവിനെ അവഹേളിച്ചതൊന്നുമാണെന്നു കരുതേണ്ട, കാര്യം പറയാം.

കഴിഞ്ഞ ഒന്നുരണ്ട്‌ ആഴ്ചകളായി കേരളത്തിലെ പൊതുരംഗത്ത്‌ മതമില്ലാത്ത ജീവനും മതം മാത്രമുള്ള മതേതരക്കാരും, മദം പൊട്ടിയ ഭരണക്കാരും, മതത്തേയും അതുവഴി ദൈവത്തേയും സംരക്ഷിക്കാനിറങ്ങിയിരിക്കുന്ന മത സംഘടനക്കാരും, മതേതരനും എന്നാല്‍ പടച്ചവന്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ ആളുമായ മലപ്പുറം തങ്ങളേയും,തങ്ങളിലൂടെ മറ്റ്‌ കോര്‍പറേറ്റ്‌ ആള്‍ദൈവങ്ങളുടെയും സംരക്ഷണം യഥാസമയം ഏറ്റെടുത്ത പ്രതിപക്ഷക്കാരും,മതത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും പന്ത്രണ്ടുകാരന്റെ ചിന്തകളെ സ്വതന്ത്രമാക്കിയെടുക്കാന്‍ പാടുപെടുന്ന കരിക്കുലം കമ്മറ്റിയും, 'ജീവനില്ലാത്ത' പുസ്തകം വേണമെന്ന് ആവശ്യപ്പെട്ട്‌ ജീവിതത്തിലിന്നുവരെ ചെയ്യാത്ത സമരമുറകള്‍ പരീക്ഷിച്ച്‌ അടിവാങ്ങി നടുവൊടിക്കുന്ന പാവാടപ്പിള്ളാരും, ഒരിക്കലും ചെയ്തിട്ടില്ലാത്ത 'ജനാധിപത്യ' സമരമാര്‍ഗ്ഗങ്ങള്‍ എതിരാളികളെ ഉപദേശിക്കുന്ന ഭരണകിടാങ്ങളും, പോന്നപോക്കില്‍ ഒരുഹര്‍ത്താലും കൂടി നടത്തി സാന്നിദ്ധ്യം അറിയിച്ച സംഘക്കാരും കൂടി അങ്ങനെ നിറഞ്ഞുനില്‍ക്കുകകയാണല്ലോ!

ഏതായാലും ഇതിന്റെ അലയൊലികള്‍
ബ്ലോഗിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക്‌ വഴി തെളിച്ചത്‌ വളരെ നല്ലകാര്യം തന്നെ. മോഷണവും കരിവാരാഘോഷവും പോലെസൂപ്പര്‍ഹിറ്റായില്ലെങ്കിലും ഇതും ചര്‍ച്ച ചെയ്യാന്‍ നാലാളുണ്ടായല്ലോ. ഏഴാം പാഠപുസ്തകത്തിലെ ജീവനില്ലാത്തമതം, സോറി.. മതമില്ലാത്ത ജീവനെ ആസ്പദമാക്കിയുള്ള ചര്‍ച്ചയില്‍ പുസ്തകത്തിനെ അനുകൂലിച്ചും, പ്രതികൂലിച്ചും ആളുകള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.അനുകൂലിക്കുന്നവന്‍ യുക്തിവാദിയും, മതനിഷേധിയും, കമ്യൂണിസ്റ്റാശയ പ്രചാരകനും ആകുന്നതുപോലെതന്നെ എതിര്‍ക്കുന്നവന്‍ മത തീവ്രവാദിയും, സങ്കുചിതമനസ്കനും (ബ്ലോഗര്‍ അല്ല) ആധുനിക മനുഷ്യസമൂഹത്തിന്‌ വെല്ലുവിളിഉയര്‍ത്തുന്നവനുമായേക്കാം.

ഇനി ഈവിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനുമാകില്ല, കാരണം അങ്ങനെ ചെയ്യുന്നവന്‍ മുന്‍പ്‌ മോഷണത്തിനെതിരേ പ്രതികരിച്ചിട്ടുണ്ടെങ്കില്‍ കഥമാറും! ഒരു നാരങ്ങാവെള്ളത്തിന്റെ കുറിപ്പ്‌ മോട്ടിച്ചുവെന്നും പറഞ്ഞ്‌ (ചന്ദ്രക്കാരനോട്‌ കടപ്പാട്‌) നടന്ന സമരത്തില്‍ കാണിച്ച ആവേശമൊന്നും വരും തലമുറെയെ ബാധിക്കുന്നഒരു സുപ്രധപ്രശ്നത്തില്‍ കാണിക്കാത്ത അരാഷ്ട്രീയവാദിയായേക്കാം. ഇതൊക്കെയാണെങ്കിലും ഇക്കാര്യത്തില്‍ ഒരഭിപ്രായമുണ്ടെങ്കില്‍ അത്‌ രേഖപ്പെടുത്താതെപോകുന്നത്‌ ശരിയല്ലല്ലോ. കൂടുതലെന്തെങ്കിലും പറയണമെങ്കില്‍ അതിന്‌ ഏഴാം പാഠത്തിലെ പ്രസ്തുത പാഠം പഠിക്കാതെ പറ്റില്ലല്ലോ എന്നുകരുതിയിരിക്കുമ്പോഴാണ്‌
ചന്ദ്രക്കാരന്‍ സഹായിച്ചത്‌. അതിനാല്‍ പാഠം പഠിക്കാന്‍ പറ്റി. അതില്‍ നിന്നും ഇനിപറയുന്നകാര്യങ്ങള്‍ മനസ്സിലായി.
ഒന്ന്:പ്രസ്തുത പാഠഭാഗത്തില്‍ ഏതെങ്കിലും മതം മോശമെന്നോ,ഏതെങ്കിലും ഒരു മതത്തിന്‌ മറ്റൊന്നിനേക്കാളും എന്തെങ്കിലും പ്രാധാന്യമുണ്ടെന്നോ ഈ പാഠം പഠിപ്പിക്കുന്നില്ല.
രണ്ട്‌: രണ്ട്‌ വ്യത്യസ്ത്‌ മതക്കാര്‍ക്ക്‌ തമ്മില്‍ വിവാഹം കഴിക്കാമെന്നും അങ്ങനെ യായാലും അവര്‍ക്കും കുട്ടികളുണ്ടാകുമെന്നും.
മൂന്ന്: അങ്ങനെയുണ്ടാകുന്ന കുട്ടികള്‍ക്ക്‌ സ്കൂളില്‍ ചേരുമ്പോള്‍ പ്രധാനാധ്യാപകന്‍ ജീവന്റെ മാതാപിതാക്കളോട്‌ ചോദിച്ചമാതിരിയുള്ള ചോദ്യങ്ങള്‍ നേരിടേണ്ടിവന്നേക്കാം.
നാല്‌: ജീവന്റെ മാതാപിതാക്കളെപ്പോലെ മക്കളെ മതമില്ലാതെ വളര്‍ത്തുന്ന മാതാപിതാക്കളും ലോകത്തില്‍ ഉണ്ട്‌.
അഞ്ച്‌: മതമില്ലാത്തവര്‍ക്കും ജീവിക്കാം.
ആറ്‌: മതമില്ലാത്തവര്‍ക്ക്‌ മതത്തിന്റെ പേരില്‍ സംവരണം കിട്ടാന്‍ സാദ്ധ്യതയില്ല.
ഏഴ്‌: ജവഹര്‍ലാല്‍ നഹ്രുവിന്‌ മതമുണ്ടായിരുന്നില്ല. എട്ട്‌: എല്ലാ മതങ്ങളും മനുഷ്യ നന്മകള്‍ ലക്ഷ്യമാക്കുന്നു, സഹിഷ്ണുതയോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു (പാഠഭാഗത്തെ പ്രദര്‍ശന പലക, ഉദ്ധരണികള്‍).
ഒന്‍പത്‌: പകൃതിദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍, വിലക്കയറ്റം തുടങ്ങിയവ എല്ലാമതക്കാരേയും, മതമില്ലാത്തവരേയും ഒരേതരത്തില്‍ ബാധിക്കുന്നു.
പത്ത്‌: ഇങ്ങനെയൊക്കെയാണെങ്കിലും വിവിധമതങ്ങളിലുള്ളവര്‍തമ്മിലും, ഒരേമതത്തിലുള്ളവര്‍തമ്മിലും കലഹങ്ങളുണ്ടാകാം.

ഇത്രയും ഭാഗത്ത്‌ ഒരുതെറ്റുമില്ല. ശരികളേയുള്ളൂതാനും. എന്നാല്‍ മേല്‍പറഞ്ഞ പാഠഭാഗത്ത്‌ ഉള്‍പ്പെടുത്താമായിരുന്ന വിട്ടുപോയ ചില കാര്യങ്ങളുണ്ട്‌.
ഒന്ന്: മതമില്ലാത്തവര്‍ക്ക്‌ മതമുള്ളവരേക്കാള്‍ കൂടുതലായി ഒരു മേന്മയുമില്ല.
രണ്ട്‌: മതമില്ലാത്തവര്‍ക്കിടയിലും കലഹങ്ങളുണ്ടകാം.
മൂന്ന്: മതമില്ലാത്തതുകൊണ്ടുമാത്രം വയറുനിറയില്ല(മതമുള്ളതുകൊണ്ടും!).
നാല്‌:യുക്തിചിന്തയെന്നാല്‍ മതനിഷേധമോ ദൈവനിഷേധമോ അല്ല.
അഞ്ച്‌: മതമില്ലാത്തതുകൊണ്ട്‌ മാത്രം ഒരാള്‍ യതാര്‍ഥ മനുഷ്യസ്നേഹിയും ആകുന്നില്ല.
ആറ്‌: മതവിശ്വാസം ഒരു കുറവല്ല.എന്നാല്‍ മതതീവ്രവാദം ഒരു സാമൂഹികവിപത്താണ്‌.

എന്നിങ്ങനെയുള്ള ഒരു ലൈന്‍, യേത്‌? പിടികിട്ടിക്കാണമല്ലോ? പ്ഴയ സിനിമകളില്‍ ജയന്‍ പത്തിടിയിടിച്ചാല്‍ തിരിച്ച്‌ നസീറും പത്തിടിയിടിക്കുന്നതുപോലെ! അല്ലാതെയായാല്‍ കളിയൊരു രസമില്ല. ഏകപക്ഷീയമായിപ്പോയോ എന്ന് ചിലരെങ്കിലും സംശയിച്ചാലവരെയങ്ങനെയങ്ങ്‌ കുറ്റക്കാരാക്കാമോ?അതുപോലെതന്നെ മതത്തിനെക്കുറിച്ചുള്ള നെഹ്രുവിയന്‍ കാഴ്ചപ്പാടിനോടൊപ്പം ഗാന്ധിജിയുടെ കാഴ്ചപ്പാടുകളും ചേര്‍ക്കാമായിരുന്നു. എന്നാലും ഒരുസംശയം ഇത്രയ്ക്കൊക്കെ ഏഴാം ക്ലാസ്സില്‍ വെച്ചു തന്നെ വേണമായിരുന്നോ? ഒരു ഒന്‍പതുവരെയെങ്കിലും ക്ഷമിക്കാമായിരുന്നില്ലേ?ഇപ്പോഴത്തെപിള്ളാര്‍ക്ക്‌ മനസ്സിലാകില്ലെന്നല്ല, കുറേക്കൂടി സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയുന്നതുവരെയെങ്കിലും ?

പിന്നെ മുകളില്‍ പറഞ്ഞതിന്‌ അനുബന്ധമായും, തലക്കെട്ടിനുള്ള കാരണമായും ഒരുകാര്യംകൂടി: പാഠപുസ്തകം ചമയ്ക്കല്‍ ഒരു കലതന്നെയാനെന്നത്‌ സമ്മതിക്കാതെ വയ്യ. അതുകൊണ്ടാണാല്ലോ ഒരു പാഠപുസ്തകത്തില്‍ ഗാന്ധിജിക്കുപകരം തവളയുടെ പടം തന്നെകൊടുത്തത്‌! ഈ കരിക്കുലം കമ്മറ്റിയുടെ ഒരു കാര്യം! ഈയിടെ തിരുവനന്തപുരത്തെ ഒരു എഫ്‌.എം സ്റ്റേഷനിലെ എസ്‌.എം.എസ്‌ ചോദ്യം:....പാഠപുസ്തകത്തില്‍ ഗാന്ധിജിയുടെ ചിത്രത്തിനുപകരം കൊടുത്തിരുന്ന ചിത്രം ഏത്‌? ഓപ്ഷന്‍ ഏ: തവള ബി: പാമ്പ്‌ സി: ചീവീട്‌ എസ്‌.എം.എസ്‌ അയച്ചവരില്‍ കുറച്ചുപേരെങ്കിലും ഗാന്ധിജിയെ പാമ്പാക്കിയില്ലെന്നാരുകണ്ടു? കഷ്ടം എന്നല്ലാതെന്തുപറയാന്‍!

9 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

ക്ഷമിക്കണം, തലക്കെട്ടുകണ്ടിട്ട്‌ രാഷ്ട്രപിതാവിനെ അവഹേളിച്ചതൊന്നുമാണെന്നു കരുതേണ്ട...

കുറച്ചുകാലങ്ങള്‍ക്ക്‌ ശേഷം ഒരു സാമൂഹിക വിഷയത്തില്‍ എന്റെ അഭിപ്രായം പറയാന്‍ വേണ്ടി...

ഫസല്‍ ബിനാലി.. said...

ഹെയ് അത് നടപ്പില്ല, ഗാന്ധിജിയെ പാമ്പാക്കാന്‍ പറ്റില്ല, കാരണം ഗാന്ധിജിയുടെ കയ്യില്‍ ഒരു മുട്ടന്‍ വടിയുണ്ട്, കുറുവടിയല്ലെന്ന് പിന്‍കുറി.

പാമരന്‍ said...

നല്ല ചിന്തകള്‍..! വിവാദത്തെ വിലയിരുത്തിയത്‌ ഇഷ്ടപ്പെട്ടു.,

ഒരു “ദേശാഭിമാനി” said...

(സഭവുടെ സമരം - തവളയിലേക്കും പാമ്പിലേക്കും വലിച്ചിഴക്കുകയാണു അല്ലേ!

“വിവാദ തവള പുസ്ത്കം പിൻ‌വലിക്കുക”)

നല്ല്ല ലേഖനം! അഭിനന്ദനങ്ങൾ!

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഫസല്‍ :)
പാമരന്‍ : നന്ദി!
ദേശാഭിമാനി : സഭയുടെ സമരത്തെ തവള ആക്കാനോന്നും ഞാനാളല്ല!;)
തവള പുസ്തകത്തിന്റെ പേരില്‍ ആരൊക്കെയോ സസ്പന്ഡ് ചെയ്യപ്പെട്ടു എന്നറിഞ്ഞു :)

Shabeeribm said...

നല്ല രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു ....ഇതു കൂടെ കാണുക

തറവാടി said...

ഷാനവാസ് ,

ഞാന്‍ എന്‍‌റ്റെ അഭിപ്രായം ഇവിടെ
പ്രകടിപ്പിച്ചിട്ടുണ്ട് :)

അരുണ്‍ കരിമുട്ടം said...

എന്‍റെ ഷാനവാസേ,
എന്തോന്നാ ഇത്?
രോഷം തിളക്കുകയാണല്ലോ?മാഷിന്‍റെ എല്ലാ ലേഖനങ്ങളും വായിച്ചു.
ആകെ മൊത്തം ഒരു ജഗപൊക.കലക്കിയിട്ടുണ്ട് കേട്ടോ.
ഒരു പുതിയ ബ്ലോഗറാണേ,അതാ മാഷിന്‍റെ അടുത്ത് എത്താന്‍ ഇത്ര താമസിച്ചത്.ക്ഷമിക്കണേ.

ഷാനവാസ്‌ ഇലിപ്പക്കുളം said...

അരുണേ നന്ദി. ചിലതൊക്കെ കണ്ടാല്‍ പറഞ്ഞുപോകും അനിയാ! കറങ്ങി നടക്കാതെ വേഗമാകട്ടെ പുതിയ പോസ്റ്റൊരെണ്ണം കാച്ച് :)