Monday, December 24, 2007

ബാംഗളൂര്‍ നഗരത്തിലെ പെട്രോള്‍മാക്സ്‌!

ബാംഗളൂരില്‍ പെട്രോള്‍മാക്സോ? എവിടെ ഞാനിതുവരെയും കണ്ടിട്ടില്ലല്ലോ എന്നമട്ടില്‍ നെറ്റി ചുളിയ്ക്കാന്‍ വരട്ടെ! ചുമ്മാതെ പറഞ്ഞതല്ലേ ഇങ്ങോട്ടു വരുത്താന്‍ വേണ്ടി! പോകല്ലേ, നില്‍ക്കന്നേ ഒരു കാര്യം പറയട്ടെ, പെട്രോള്‍ മാക്സല്ല, പെട്രോള്‍ മാഫിയ! വേറേ ലളിതമായ പദമൊന്നുമില്ല ഇതിനെ വിശേഷിപ്പിക്കാന്‍, മാഫിയാ എന്നത്‌ ഏത്‌ പോക്കറ്റടിക്കാരനും ചാര്‍ത്തിക്കൊടുക്കാവുന്ന ഒരു ഡിഗ്രിയല്ലേ!

ബാംഗളൂര്‍കാരില്‍ ചിലര്‍ക്കെങ്കിലും ഇതു പറയാതെ തന്നെ അനുഭവിച്ചറിഞ്ഞിട്ടുള്ളവരായിരിക്കും, എങ്കിലും അറിയാത്തവര്‍ക്കായി പറയട്ടെ, നഗരത്തിലെ ചില പ്രധാന സ്ഥലങ്ങളിലെ പെടോള്‍ പമ്പുകളിലാണ്‌ ആളെ വടിയാക്കുന്ന ഈപകല്‍കൊള്ള അരങ്ങേറുന്നത്‌.കേരളത്തില്‍ ഇത്രയും നൂതനമായ സാങ്കേതികവിദ്യ എവിടെയെങ്കിലും പ്രാവര്‍ത്തികമായിട്ടുണ്ടോ എന്നറിയില്ല! നിങ്ങള്‍ പെട്രോള്‍ നിറയ്ക്കാനായി പമ്പില്‍ എത്തിയാലുടന്‍ ആസൂത്രിതമായ ഈ തട്ടിപ്പുനാടകം അരങ്ങേറുകയായി. മിക്കപ്പോഴും രണ്ടുപേരാകും നിങ്ങളെ സമീപിക്കുക! ഒരാള്‍ പെട്രോള്‍ നിറയ്ക്കാനും മറ്റൊരാള്‍ കാശുവാങ്ങാനുമെന്ന വ്യാജേന. ബൈക്കിന്റെ പെട്രോള്‍ ടാങ്കിന്റെ അടപ്പൂരേണ്ട താമസം, ബങ്ക്‌ താങ്കളുടെ ഇടതുവശത്താണെങ്കില്‍ കാശുവാങ്ങുന്നവന്‍ താങ്കളുടെ വലതുവശത്ത്‌ എത്തുകയായി. അല്ലെങ്കില്‍ മറിച്ചും. പണം ചോദിച്ച്‌ താങ്കളുടെ ശ്രദ്ധതിരിക്കുന്ന ഉത്തരവാദിത്വം ഈ വിദ്വാന്റേതാണ്‌. നിങ്ങള്‍ അയാള്‍ക്ക്‌ പണം നല്‍കുന്നതിനിടയില്‍ തന്നെ അപരന്‍ മറുവശത്തുകൂടി പെട്രോള്‍ അടി തുടങ്ങിയിരിക്കും. തട്ടിപ്പ്‌ രണ്ടുരീതിയിലാണ്‌ നടത്തുക. ഒന്നുകില്‍ നൂറുരൂപയ്ക്കും അതിനുമുകളിലും നിറയ്ക്കുന്നവര്‍ക്ക്‌ നേരുത്തേ നിറുത്തിയിരുന്ന 50 രൂപയ്ക്ക്‌ നിറച്ചിരുന്നൈടത്തുനിന്നും സാവധാനം തുടങ്ങും പണം കൊടുത്ത്‌ മീറ്ററിലേക്ക്‌ നോക്കുന്ന നിങ്ങള്‍ക്ക്‌ തട്ടിപ്പ്‌ മനസ്സിലായെന്നുവരില്ല. ഇനി മനസ്സിലായി ചോദിച്ചാല്‍ തന്നെ അമ്പതിന്റെ കൂടെ ഇനിയാണ്‌ നൂറിനും കൂടി നിറയ്ക്കാന്‍ പോകുന്നതെന്ന് പറഞ്ഞ്‌ ചിലപ്പോള്‍ അവന്‍ തടിതപ്പും. ഇത്തരം തട്ടിപ്പില്‍ ആദ്യം സീറോ ഉറപ്പുവരുത്താന്‍ കഴിയാതെ ഉപഭോക്താവിന്റെ ശ്രദ്ധ തിരിക്കുകയാണ്‌ തന്ത്രം.

രണ്ടാമത്തെ തട്ടിപ്പ്‌ കൂടുതല്‍ തന്ത്രപരമായാണ്‌ നടപ്പാക്കുക. അതിലും ഇതുപോലെ രണ്ടു പേരുണ്ടാകും. തുടക്കം മുന്‍ പറഞ്ഞതുപോലെതന്നെയാകും, പക്ഷേ ഒരു വ്യത്യാസമുണ്ട്‌ ഇത്തവണ നിറയ്ക്കുന്നവന്‍ താങ്കളോട്‌ 'സാര്‍, സീറോ..' എന്നുപറഞ്ഞ്‌ താങ്കളുടെ വിശ്വാസമാര്‍ജ്ജിക്കും. മീറ്ററില്‍ ഒരിക്കല്‍ സീറോ കണ്ട്‌ താങ്കള്‍ സംതൃപ്തനാകുന്നതോടുകൂടി മറുവശത്തുനില്‍ക്കുന്നവന്‍ പണം വാങ്ങി സഞ്ചിയിലിടും, പിന്നെ താങ്കള്‍ക്ക്‌ പോകാനുള്ള ധൃതിയാകും ഇതിനിടയില്‍ അന്‍പതിന്‌ നിറയ്ക്കാന്‍ പറഞ്ഞാല്‍, നിറയ്ക്കുന്നവന്‍ 30രൂപയ്ക്കാകുമ്പോള്‍ നിര്‍ത്തും. താങ്കള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ബാക്കി ഇരുപത്‌ പോക്കാകും. ശ്രദ്ധിച്ച്‌ 'ഏന്‍ ഗുരോ॥' എന്നു ചോദിക്കുന്നവരോട്‌ 'സാര്‍ മൂവത്തു അല്‍വാ?' എന്നു മറുചോദ്യം ഉന്നയിക്കും.'അല്ല, അയ്‌വത്തു' എന്ന് പറഞ്ഞ്‌ ബാക്കികൂടി നിറപ്പിച്ചിയാല്‍ നിങ്ങള്‍ മിടുക്കന്‍ അല്ലെങ്കില്‍ അവനും! മിക്കവാറും നൂറിന്‌ കാശ്‌ കൊടുക്കുന്നവന്‍ അന്‍പതിനുള്ളതും വാങ്ങി പൊയ്ക്കൊള്ളും! കാരണം ഓഫീസിലോ, തിരികെ വീട്ടിലോ പോകുന്നവന്‌ സിറ്റിയിലെ ട്രാഫിക്കില്‍ എത്രയും പെട്ടന്ന് ലക്ഷ്യസ്ഥാനത്തെത്താനുള്ള ധൃതിയും, പമ്പിലെ തിരക്കുമാണ്‌ ഇത്തരം തട്ടിപ്പ്‌ വീരന്മാരുടെ ആയുധം. മാത്രമല്ല അന്‍പതിന്‌ നിറയ്ക്കേണ്ടവന്‌ 30ന്‌ നിറച്ചാലും ഉടനേയൊന്നും മനസ്സിലാകാതെ അവന്‍ വീടോ ഓഫീസോ എത്തിക്കോളുമെന്നും ഇവറ്റകള്‍ക്കറിയാം!

ഇത്തരം തട്ടിപ്പുകാരില്‍ നിന്നും രക്ഷപ്പെടാന്‍ ഇനിപ്പറയുന്ന മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാം.

വളരെയധികം ധൃതിയുള്ള സമയത്ത്‌ പെട്രോള്‍ നിറക്കുന്ന പതിവ്‌ ഒഴിവാക്കി സമയവും സന്ദര്‍ഭവുമുള്ളപ്പോള്‍ തിരക്കു കുറവുള്ളസമയത്ത്‌ പെട്രോള്‍ നിറക്കുക.

ഇനി അധവാ താങ്കള്‍ക്ക്‌ തിരക്കുണ്ടെങ്കില്‍ പോലും പെട്രോള്‍പമ്പിലെത്തിയാല്‍ അല്‍പം സാവകാശം പാലിക്കുക.

ഒന്നുകില്‍ പണം ആദ്യം കൊടുത്ത്‌ ബാക്കി വാങ്ങിയശേഷം ടാങ്ക്‌ തുറക്കുക, അല്ലെങ്കില്‍ പെട്രോള്‍ നിറച്ച്‌ ശേഷം പണം നല്‍കുക. ആശ്രദ്ധനാകാതിരിക്കുക.

മീറ്റര്‍ സീറോയിലാണ്‌ തുടങ്ങിയതെന്നും, പണം കൊടുത്ത മുഴുവന്‍ തുകയ്ക്കും പെട്രോള്‍ നിറച്ചുവെന്നും മീറ്റര്‍ നോക്കി ഉറപ്പുവരുത്തുക.

റിസര്‍വ്വിന്‌ മുകളില്‍ മാത്രം ടൂവീലറില്‍ യാത്രചെയ്യുന്നത്‌ പതിവാക്കുക. അതിനാല്‍ റിസര്‍വിന്‌ താഴെയായാലും, പെട്രോള്‍ നിറയ്ക്കാന്‍ ആവശ്യത്തിന്‌ സാവകാശം ലഭിക്കും.

ബാംഗളൂരിലെ ഇനി പറയുന്ന പെട്രോള്‍ പമ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കുക:

1. സെന്റ്ജോണ്‍സ്‌ മെഡിക്കല്‍ കോളേജിന്‌ സമീപമുള്ള HP യുടെ പമ്പ്‌ (30ന്‌ നിറയ്ക്കലാണ്‌ ഇവിടുത്തെ പ്രധാന ഇനം)
2. മടിവാള മാസ്‌ റെസ്റ്റോറണ്ടിന്‌ സമീപമുള്ള HP പമ്പ്‌. ഇവിടെ രണ്ടും പോകും!
3. അഡുഗോടി കാന കഴിഞ്ഞുള്ള IBP പമ്പ്‌. ഇവിടെ മുന്‍ ബാലന്‍സില്‍ തുടങ്ങലാണ്‌ പതിവ്‌!
4. കോറമംഗല-ഇന്ദിരാനഗര്‍ റിംഗ്‌ റോഡിലെ ഗ്യാസ്‌ നിറയ്ക്കാന്‍ ഓട്ടോകള്‍ ക്യൂ കിടക്കുന്ന പമ്പ്‌. ഇവിടെയും നിര്‍ത്തിയേടത്തുനിന്നും തുടങ്ങലാണ്‌ പതിവ്‌!

ഇത്രയും എനിയ്ക്ക്‌ നേരിട്ട്‌ ബോധ്യപ്പെട്ട കാര്യം। ഇനിയും ഈ ലിസ്റ്റില്‍ അറിവുള്ളവര്‍ക്ക്‌ കൂട്ടിച്ചേര്‍ക്കാം!


എല്ലാവര്‍ക്കും എന്റെസ്നേഹം നിറഞ്ഞ ക്രിസ്തുമസ്‌ നവവത്സരാശംസകള്‍!!!

13 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

ബാംഗളൂര്‍കാരില്‍ ചിലര്‍ക്കെങ്കിലും ഇതു പറയാതെ തന്നെ അനുഭവിച്ചറിഞ്ഞിട്ടുള്ളവരായിരിക്കും, എങ്കിലും അറിയാത്തവര്‍ക്കായി പറയട്ടെ, നഗരത്തിലെ ചില പ്രധാന സ്ഥലങ്ങളിലെ പെടോള്‍ പമ്പുകളിലാണ്‌ ആളെ വടിയാക്കുന്ന ഈപകല്‍കൊള്ള അരങ്ങേറുന്നത്‌.

അലി said...

തട്ടിപ്പുകള്‍ കരുതിയിരിക്കുക...

ക്രിസ്തുമസ് പുതുവത്സരാശംസകള്‍!

ജൈമിനി said...

ലിസ്റ്റ് പൂര്‍ണ്ണമല്ല, എന്റെ വക... സി.വി. രാമന്‍ നഗര്‍ ട്രാഫിക് സിഗ്നലിനു തൊട്ടടുത്തുള്ള പമ്പ്, സില്‍ക് ബോര്‍ഡിനടുത്തുള്ള ചെറിയ പമ്പ്... എല്ലാരും ഒത്തു ചേര്‍ന്ന് ഈ ലിസ്റ്റ് പൂര്‍ണ്ണമാക്കൂ...

പിന്നെ, മുപ്പതിനടിച്ചവനെ തുറിച്ചു നോക്കി അമ്പതിനടിപ്പിച്ചാല്‍ മിടുക്കനായെന്ന് കരുതാമോ? എനിക്കു സംശയമാണ്, ആദ്യത്തെ മുപ്പത് ടാങ്കില്‍ കേറിയോ എന്ന കാര്യം! രണ്ടു തവണ അര മണിക്കൂര്‍ നീണ്ട ഉടക്കുണ്ടാക്കിയ ശേഷം, ’അടി’ തുടങ്ങുമ്പോഴേ ഞാന്‍ സംഗതി ഉറപ്പാക്കും... വളരെ അവശ്യമായ ഒരു പോസ്റ്റായിരുന്നു, നന്ദി.

Anonymous said...

How true. I have experienced this many times. Looters are appointed at the petrol bunk.

Anonymous said...

1. IBP Pump near to Silk board
- The king of them
2. HP pump on the way from Indira nagar to MG Road in Domlur

Pumps target two wheelers rather than cars.

മനോജ് കുമാർ വട്ടക്കാട്ട് said...

ചില ബങ്കുകളിലല്ല, ബാംഗ്ലൂരിലെ മിക്കവാറും എല്ലാ ബങ്കുകളിലും ഈ തട്ടിപ്പുണ്ട്. മുന്‍പ് ഒന്ന് രണ്ട് തവണ ഈ തട്ടിപ്പിനിരയായതില്‍ പിന്നെ ഇടയ്ക്ക് വന്ന് നില്‍ക്കുന്നവനെ മാറ്റിനിര്‍ത്തിയേ ഞാന്‍ പെട്രോള്‍ അടിക്കാന്‍ അനുവദിക്കാറുള്ളൂ.

ഷാനവാസ്‌ ഇലിപ്പക്കുളം said...

അലി, മിനീസ്‌, അനോണീസ്‌, പടിപ്പുര, എല്ലാവര്‍ക്കും നന്ദി ക്രിസ്മസ്‌ ന്യൂഇയര്‍ ആശംസകള്‍! ബാംഗളൂരില്‍ ഈ തട്ടിപ്പ്‌ ഒരുമാതിരിപ്പെട്ട എല്ലാ ബങ്കുകളിലും ഉണ്ടെന്നറിയാന്‍ പറ്റിയതിന്‌ പടിപ്പുരയോടും ലിസ്റ്റില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതിന്‌ മിനീസിനോടും, അനോണീസിനോടും പ്രത്യകം നന്ദി അറിയിക്കട്ടെ.

Mahesh Cheruthana/മഹി said...

ഷാനവാസ്‌ ഭായി,
തട്ടിപ്പു കൊള്ളാല്ലൊ?
"ഹൃദ്യമായ പുതുവല്‍സര ആശംസകള്‍"

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഷാനവാസ്‌ ഭായി,
തട്ടിപ്പു കൊള്ളാല്ലൊ? കരുതിയിരിക്കാതെ നിര്‍വാഹമില്ലാ‍ അല്ലെ..?
പുതുവല്‍സര ആശംസകള്

ഷാനവാസ്‌ ഇലിപ്പക്കുളം said...

തട്ടിപ്പുകാരെപ്പറ്റി ജാഗ്രതപാലിക്കുകയല്ലാതെ മറ്റു നിവര്‍ത്തിയില്ല. മഹേഷിനും സജിയ്ക്കും ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു.

Kumarakomkaran said...

I have seen this many times in the pump near to KR puram railway station....

Anonymous said...

Please call the toll free numbers of IOC, HP and IBP. Please use the online complaint through their web site
1800 2333 555 IOC
080-28530547 HP

You will get immediate response. I have experience with HP gas, the dealer came to my home and returned the excess amount.
Please encourage people to use this

രായപ്പന്‍ said...

കണ്ടോണ്‍മെന്റ് സ്റ്റേഷന്റെ പിറകിലൂടെ പോകുന്ന റോടില്‍ ഫ്രേസര്‍ ടൌണിലേക്ക് തിരിയുന്ന ജംഷനില്‍ ഉള്ള പമ്പ്...

പിന്നെ ജയാ നഗര്‍ കഴിഞ്ഞ് അശോക പില്ലര്‍ എത്തുന്നതിനുമുന്നേ ഉള്ള പമ്പ് ഇവിടെ രണ്ട് സ്ഥലത്തും എനിക്ക് അനുഭവം ഉണ്ട്... പിന്നെ

എനിക്ക് നന്നായിട്ട് തോന്നിയ ഒരു പമ്പ് ബിടിഎം ലെ ഉടുപ്പി ഗാര്‍ഡന്‍ പമ്പ് ആണ്... അവിടെ നിന്നാണ് ഞാന്‍ സ്ഥിരം അടിക്കുന്നത് എനിക്ക് ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല...