Wednesday, December 14, 2011

ഡാം പൊട്ടുന്നത് സ്റ്റേചെയ്തു!

ടുവില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഒന്നടങ്കം ആശ്വാസം പകരുന്നസുപ്രധാന കോടതി വിധി ഉണ്ടായിരിക്കുന്നു. ഇന്നലെ അര്‍ദ്ധരാത്രിയിലാണ്‌ കേരളം ഏറെക്കാലമായി കേള്‍ക്കാനാഗ്രഹിച്ചുരുന്ന സുപ്രധാനമായ ഒരുത്തരവിലൂടെ മുല്ലപ്പെരിയാര്‍ ഡാം പൊട്ടുന്നത് മദ്രാസ് ഹൈക്കോടതി ആറുമാസത്തേക്ക് സ്റ്റേചെയ്തത്. ജലനിരപ്പു 120 അടിയായി താഴ്ത്തുന്ന കാര്യത്തിലും, പുതിയ ഡാം നിര്‍മ്മിക്കുന്ന കാര്യത്തിലും കേരളം സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി സ്വീകരിച്ച നിലപാടുകള്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും ആശങ്കയിലാഴ്തിയതിനു തൊട്ടുപിന്നാലെയാണ്‌ രണ്ടുസംസ്ഥാനങ്ങളിലെജനങ്ങളുടേയും മുഴുവന്‍ ഉത്ഘണ്ഡ്കളും ഒറ്റ ഉത്തരവിലൂടെ മദ്രാസ് ഹൈക്കോടതി പരിഹരിച്ചത്.

ഇതനുസരിച്ച് ആറുമാസത്തേക്ക് തല്‍സ്ഥിതിയില്‍ നിലല്‍ക്കാന്‍ ഡാമിനോടും യഥാസ്ഥിതിയില്‍ നിലനില്ക്കാന്‍ സാഹചര്യമൊരുക്കാനായി ഇടുക്കി, തേനി കളക്റ്ററ്മാറ്ക്കും മദ്രാസ് ഹൈക്കോടതി നിറ്ദ്ദേശം നല്കി.ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാലുടന്‍ഇതിനാവശ്യമായ ശക്തമായ നടപടികളുണ്ടാകുമെന്നും ഇരു കളക്ടര്‍മാരും ഉറപ്പുനല്കി. ഡാമിന്റെ സുരക്ഷാ ചുമതല ഉടന്‍തന്നെ ബാബറി മസ്ജിദിന്റെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന സൈനിക വിഭാഗങ്ങള്ക്ക് കൈമാറിയേക്കും.ചപ്പാത്തില്‍ നിരാഹാരമനുഷ്ടിക്കുന്നവരെ ഇനിമുതല്‍ എല്ലാ ഞയറാഴ്ചകളിലും അറസ്റ്റുചെയ്ത് നീക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും.

മദ്രാസ് ഹൈക്കോടതിക്കു ചുറ്റും മനുഷ്യ ചങ്ങല തീര്‍ത്ത വക്കീലന്‍മാരുടെപ്രകടനത്തില്‍ ആവേശമുള്‍ക്കൊണ്ടുകൊണ്ടാണ്‌ കോടതി സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്‌. തമിഴ്‌നാടിന്റെ പൊതുതാല്പര്യത്തെ മുന്‍നിര്‍ത്തിയുള്ള മനുഷ്യ ചങ്ങല ഒരു പൊതു താല്പര്യ ഹറ്ജിയായി കോടതി പരിഗണിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ അന്ചു ജില്ലകളിലെ അറുപതു ലക്ഷം ജനങ്ങളുടെ ജീവനമാണ്‌ കേരളത്തിലെ മുപ്പതു ലക്ഷം ജീവനേക്കാള്‍ വിലപിടിപ്പുള്ളത് എന്നനിരീക്ഷണവും കോടതിനടത്തി.

ഇടുക്കി ജില്ലയെ തമിഴ്നാട്ടില്‍ ലയിപ്പിക്കണമെന്ന എംപിമാരുടെ നിര്‍ദ്ദേശത്തെ ക്കുറിച്ച് അഭിപ്രായമറിയിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു. ഈആവശ്യമുന്നയിച്ച് മൂന്നാര്‍ ടൌണില്‍ പ്രകടനം നടത്തിയവര്‍ക്കെതിരേ എടുത്തിരുന്ന പെറ്റിക്കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അഭിപ്രായമറിയിക്കാന്‍ കേരളത്തിന്റെ ഏ.ജിയ്ക്ക് 24 മണിക്കൂര്‍ സമയവും അനുവദിച്ചു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഡാം സുരക്ഷാ കമ്മീഷന്‍ പിരിച്ചുവിടാനും, ഡാമിന്റെ അറ്റകുറ്റപ്പണികള്ക്കായി കേരളത്തിന്റെ ദേശീയപാതകളില്‍ ടോള്പിരിക്കാനുള്ള സാധ്യതകളെപ്പറ്റി പഠിക്കുവാനും ഒരു വിദഗ്ധസമിതിയെ നിയോഗിക്കുവാനും ഉത്തരവില്‍ പറയുന്നു.

കോടതിവിധിയെ വിവിധ തമിഴ് സംഘടനകള്‍ സ്വാഗതം ചെയ്തു.കമ്പംമേട്, തേനി,മധുര മാവട്ടങ്ങളിലെ തമിഴ്മക്കള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ആകൃതിയിലിള്ള ബലൂണുകളും പടക്കങ്ങളും പൊട്ടിച്ചും, പരസ്പരം ആശ്ളേഷിച്ചും, മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുകൊണ്ടുമാണ്‌ കോടതിവിധിയെ സ്വാഗതംചെയ്തത്. വിധി വന്നതോടുകൂടി അര്‍ധരാത്രി തന്നെ പലയിടങ്ങളിലും ആഘോഷപരിപാടികള്‍ ആരംഭിച്ചു.

കോടതിവിധിയില്‍ അസാധാരണമായി ഒന്നുമില്ലെന്നും , വിധി കേരളത്തിനെതിരല്ലെന്നും മുഖ്യമന്ത്രി ഉമ്മന്ചാണ്ടി പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ഏതു തരം പ്രതിസന്ധികളേയും തരണം ചെയ്യാനുള്ള ഡാമിന്റെ കഴിവ് കോടതിക്ക്ബോധ്യപ്പെട്ടസ്ഥിതിക്ക് ഇനി പേടിക്കാനൊന്നുമില്ലെന്നും ഈ ഉത്തരവിലൂടെ കേരളത്തിലെ ജനങ്ങള്‍ക്കും കാര്യങ്ങള്‍ബോധ്യപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തന്റെ നിരന്തരമായ പ്രേരണയാല്‍ പ്രധാനമന്ത്രി ഈപ്രശ്നത്തില്‍ ഇതുവരെ ഇടപെടാതിരുന്നതും ഇത്തരത്തിലൊരു കോടതിയുത്തരവുണ്ടാകാന്‍ കാരണമായതായി അദ്ദേഹം അവകാശപ്പെട്ടു.കേരളത്തിനു വളരെയധികം പ്രയോജനകരമായേക്കാവുന്ന ഒരു കോടതിവിധിയാണ്‌ മദ്രാസ് ഹൈക്കോടതിയില്നിന്നെങ്കിലും ഉണ്ടായിരിക്കുന്നതെന്നും, മാധ്യമങ്ങള്‍ ഈ കോടതിവിധിയെ തെറ്റായി വ്യാഖ്യാനിച്ച് ഡാം പൊട്ടിക്കാന്‍ സാഹചര്യംഉണ്ടാക്കരുതെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മദ്രാസ് ഹൈക്കോടതിവിധിക്കെതിരേ കേരളസര്‍ക്കാര്‍ ജനീവയിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ അപ്പീല്‍സമര്‍പ്പിക്കണമെന്നും കഴിയുമെങ്കില്‍ കാശുകൊടുത്ത് തമിഴ്നാട്ടില്‍ നിന്നും വക്കീലന്മാരെ കൊണ്ടുവന്നു വാദിപ്പിക്കണമെന്നും വി.എസ് അച്ച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.ഇക്കാര്യത്തിലുള്ള പി.ബി നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി പിണറായി വിജയന്‍ അവകാശപ്പെട്ടു.ഇതുവരെ പുതിയ ഡാമിന്റെ കല്ലിടീല്‍ നട്ത്താന്‍ കഴിയാത്ത കെ.എം മാണി ധൈര്യമുണ്ടെങ്കില്‍ രാജിവെയ്ക്കണമെന്ന് കൊടിയേരി ബാലകൃഷ്ണനും കോടതിയുത്തരവ് കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടേയും ഫെഡറല്‍ വ്യവസ്ഥ പരിപാലിക്കാനുള്ള പ്രതിബധതയ്ക്കുള്ള അംഗീകാരമാണെന്ന് പ്രതിരോധമന്ത്രി ഏ.കെ ആന്റണിയും അഭിപ്രായപ്പെട്ടു.

കോടതിവിധിയെക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.