Friday, December 19, 2008

അതി ഭീകരം, അവര്‍ണ്ണനീയം..!

ഥികന്‍ എന്ന ഇര്‍ഷാദിന്റെ മാധ്യമ ഭീകരതയെപ്പറ്റിയുള്ള ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍, പണ്ടൊരിക്കല്‍ മനസ്സില്‍ തട്ടിയ മറ്റൊരു മാധ്യമഭീകരതയുടെ മറക്കാനാകാത്ത ഒരു ചിത്രം മനസ്സില്‍ വന്നു. കമന്റായി എഴുതിയതാണ്‌ പക്ഷേ അല്‍പം നീണ്ടുപോയതുകൊണ്ട്‌ ഒരു പോസ്റ്റാക്കി ഇടാമെന്നു കരുതി.

ഇര്‍ഷാദിന്റെ ഈ പോസ്റ്റ്‌ വായിച്ചപ്പോഴാണ്‌ മാധ്യമഭീകരതയുടെ ഞെട്ടിക്കുന്ന മറ്റൊരുമുഖം കുറേക്കാലം മുന്‍പ്‌ വായിച്ച്‌ അന്തം വിട്ടിരുന്നത്‌ ഓര്‍മ്മവന്നത്‌. കൃത്യമായി പറഞ്ഞാല്‍ 2006 ഓക്റ്റോബര്‍മാസം 26 ആം തിയതിയിലെ കേരളകൗമുദി പത്രത്തിന്റെ വെണ്ടയ്ക്കാ മുഴുപ്പിലുള്ള ചുവന്ന തലക്കെട്ട്‌ 'ഭീകരത' എന്നായിരുന്നുവെന്നാണ്‌ ഓര്‍മ്മ. ദിവസം കൃത്യമാണ്‌ കാരണം എന്റെ മകള്‍ ജനിച്ചതിന്റെ പിറ്റേദിവസം കാലത്ത്‌ ആശുപത്രിയിലിരുന്നാണ്‌ ആപത്രം വായിച്ചത്‌. ബാംഗളൂരില്‍ അറസ്റ്റിലായ ഒരു ഭീകരന്‌ ഐ.ബി.എമ്മില്‍ ജോലിയുള്ള മലയാളിയായ ഒരു 'പര്‍ദ്ദ'ധാരിയുമായുള്ള ബന്ധവും, മൈസൂരില്‍ വെച്ച്‌ അവര്‍ ഇടക്കിടെ കാണാറുണ്ടായിരുന്നെന്നും, തിരുവനന്തപുരം എഞ്ചിനിയറിംഗ്‌ കോളേജില്‍ നിന്നും കാമ്പസ്‌ സെലക്ഷനില്‍ ഐ.ബി.എമ്മില്‍ ജോലിലഭിച്ചവളായിരുന്നു ആ'ഭീകര'യെന്നും, ഐ.ബി.എമ്മില്‍ ജോലി നേടി അമേരിക്കന്‍ കമ്പനിയോടെന്തോ ഭീകരമായ പ്രതികാരം ചെയ്യുകയായിരുന്നു അവളുടെ ജന്മനോദ്ദേശ്യമെന്നും, ഇപ്പോള്‍ കക്ഷിയെ ബാംഗളൂര്‍ പോലീസ്‌ തിരയുന്നുവെന്നുമായിരുന്നു പ്രധാന വാര്‍ത്ത! കൂട്ടത്തില്‍ കറുത്ത നിറത്തില്‍ പര്‍ദ്ദ ധരിച്ച്‌ ഒരു സ്ത്രീയുടെ ചിത്രം വാട്ടര്‍മാര്‍ക്ക്‌ പോലെ ആപേജില്‍ വാര്‍ത്തയോടൊപ്പം പലയിടത്തും ചേര്‍ത്തിരുന്നു.

അന്നത്തെ ദിവസത്തെ മലയാളത്തിലെ മറ്റു പ്രമുഖപത്രങ്ങളെന്ന് പറയപ്പെടുന്ന മറ്റൊരുപത്രത്തിലും അകത്തെ പേജുകളില്‍ പോലും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലാത്ത ഒരു പ്രധാന സ്കൂപ്പ്‌ കൗമുദിയില്‍ കണ്ടിട്ടാണ്‌ ആപത്രം അന്നു വാങ്ങിയതു തന്നെ. കൂടാതെ പെണ്‍കുട്ടി വളരെയധികം മതാദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നവളാണെന്നും, കോളേജിലും പര്‍ദ്ദ ധരിച്ചാണ്‌ വന്നിരുന്നതെന്നും(അതുവായിച്ചാല്‍ പര്‍ദ്ദ ധരിക്കുന്നവരെ ആരെക്കണ്ടാലും നമ്മള്‍ പേടിക്കും), ഐ.ബി.എമ്മിന്റെ തന്ത്രപ്രധാനമായ സെര്‍വറുകളിലോ, ഡേറ്റാബേസുകളിലോ എന്തെങ്കിലും തരത്തിലുള്ള തിരുമറി നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും, അതു കണ്ടുപിടിക്കാനായി ഊര്‍ജ്ജിതമായ ഓഡിറ്റിംഗ്‌ ആരംഭിച്ചുകഴിഞ്ഞുവെന്നും വളരെ ആധികാരികമായരീതിയില്‍ വളരെ വിശ്വസനീയമായ രീതിയില്‍ പത്രം തുടര്‍ന്നു പറഞ്ഞിരുന്നു.

ഐ.ബി.എമ്മില്‍ ജോലിചെയ്തിരുന്ന എനിക്ക്‌ ഈ വാര്‍ത്തവളരെയധികം ഞെട്ടലുണ്ടാക്കി.ഞാന്‍ അവധിയില്‍ നാട്ടില്‍ വന്നിട്ട്‌ രണ്ടുദിവസം കഴിഞ്ഞിരുന്നതിനാല്‍ ഇതിനിടെബാംഗളൂരില്‍ ഉണ്ടായ പുതിയ സംഭവമാകാമെന്നുകരുതി ഉടന്‍ തന്നെ കമ്പനിയിലുള്ള പല സുഹൃത്തുക്കളേയും ബന്ധപ്പെട്ടു. റംസാന്‍ മാസത്തില്‍ ഞങ്ങള്‍ കുറേയധികം മുസ്ലിം ജോലിക്കാര്‍ക്ക്‌ നമസ്കരിക്കാന്‍ ഒരു മാസത്തേക്ക്‌ റിക്രിയേഷന്‍ റൂം പൂര്‍ണമായും വിട്ടുതരുന്ന, വൈകിട്ടത്തെ ഇഫ്താറില്‍ മറ്റു മതസ്ഥരായ സുഹൃത്തുക്കളും ഞങ്ങളോടൊപ്പം പങ്കെടുക്കാറുണ്ടായിരുന്ന, കമ്പനിയുടെ നന്മയെപ്പറ്റി അഭിമാനത്തോടെ ഓര്‍ക്കുകയും മറ്റുള്ളവരോടും സുഹൃത്തുക്കളോടും പറയുകയും ചെയ്യുമായിരുന്ന എനിക്ക്‌ അപ്രതീക്ഷിതമായി തലയ്ക്ക്‌ അടികിട്ടിയതുപോലെയായിരുന്നു ആവാര്‍ത്ത. പര്‍ദ്ദയില്ലെങ്കിലും തനി ഇസ്ലമികമായ രീതിയില്‍ വസ്ത്രം ധരിച്ച്‌, സന്ധ്യാസമയത്തെ ബാങ്കുവിളിക്ക്‌ കാതോര്‍ത്ത്‌ , വാച്ചില്‍ നോക്കി മുന്‍പില്‍ ഗ്ലാസ്സില്‍ വെള്ളവും ,ഈന്തപ്പഴവും, സമൂസകളുമായി കാഫ്ടേരിയയില്‍ ഇസിക്കാറുള്ള മുസ്ലിം പെണ്‍കുട്ടികളുടെ മുഖങ്ങള്‍ പലതും ഒരു നിമിഷം മനസ്സിലൂടെ മിന്നി മറഞ്ഞു.

ഇനി ഈ വാര്‍ത്ത സത്യമാണെങ്കില്‍ പേരറിയാത്ത അവരിലാരെങ്കിലുമായിരിക്കുമോ പടച്ചവനേ ഇത്‌? ഇനി കമ്പനിയില്‍ ചെന്നാല്‍ എന്തൊക്കെ നേറിടേണ്ടിവരും? അവിടെ നമസ്കരിക്കാറുണ്ടായിരുന്നവരെ തിരഞ്ഞ്‌ ഇനി പോലീസ്‌ കൂടിയെത്തുമോ? മനസ്സിനെ പലവിധമായ ഉത്ഘണ്ഡ പിടികൂടി.വിളിച്ചു ചോദിച്ച സുഹൃത്തുക്കള്‍ ഒരു ചിരിയോടെയാണ്‌ ഇതിനെ എതിരേറ്റത്‌. തന്നോടാരാ ഈ തമാശപറഞ്ഞതെന്നായിരുന്നു പലരുടേയും ചോദ്യം. പത്രവാര്‍ത്തയെക്കുറിച്ച്‌ സൂചിപ്പിച്ചപ്പോള്‍ അവര്‍ അങ്ങനെയൊരു സംഭവം അവിടെ നടന്നതായി ഒരറിവുമില്ലെന്നു പറഞ്ഞു. ഏന്റെ ഈ സുഹൃത്തുക്കളില്‍ പലരും സെക്കന്റ്‌ ലൈനില്‍ ഉള്ള മാനേജര്‍മാരായുണ്ട്‌. അല്‍പം ആശ്വാസം തോന്നി. അവരില്‍ ഒരാളോട്‌ കാര്യം വളരെ വിശദമായി തന്നെ ചര്‍ച്ചചെയ്യുകയും ചെയ്തു(ആളൊരു ക്രിസ്ത്യാനിയാണ്‌ കേട്ടോ!- അദ്ദേഹത്തിന്റെ മതത്തിന്‌ എന്തുകാര്യമെന്നചോദ്യത്തിന്‌ ഈപ്രത്യേക സാഹചര്യത്തിലുള്ള പ്രാധാന്യം നിങ്ങള്‍ക്ക്‌ മനസ്സിലാകും എന്നു കരുതുന്നു!). ഓഡിറ്റിന്റെ വിവരം പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട്‌ അദ്ദേഹം എന്നോട്‌ ചോദിച്ചു, 'എന്റെ പൊന്നു സാറേ, നിങ്ങളിവിടുള്ളപ്പോഴല്ലേ GSD-331 ഓഡിറ്റ്‌ സ്റ്റാര്‍ട്ട്‌ ചെയ്തത്‌? മറന്നുപോയോ? അത്‌ ഡിസംബര്‍ അവസാനമാകും തീരാന്‍! അപ്പോഴാണ്‌ ഐ.ബി.എം സെര്‍വര്‍ സെക്യൂരിറ്റി അനാലിസിസിന്റെ ഭാഗമായി എല്ലാവര്‍ഷവും ചെയ്യാറുള്ള ഓഡിറ്റിംഗ്‌ ആണ്‌ ഇത്രവിദഗ്ദ്ധമായി കഥമെനയാനുപയോഗിച്ചതെന്ന് മനസ്സിലായത്‌!

അപ്പോള്‍ ആശ്വാസമായെങ്കിലും പിറ്റേന്നു മുതലുള്ള പത്രങ്ങള്‍ അതും കൗമുദിയടക്കം പരതിയിട്ടും ഈ വാര്‍ത്തയുടെ തുടര്‍ച്ച എങ്ങും കാണാന്‍ കഴിഞ്ഞില്ല! പര്‍ദ്ദാക്കരിയെവിടെയെന്നോ, അവരെ ബാംഗളൂര്‍ പോലീസ്‌ എന്തുചെയ്തെന്നോ, ഐ.ബി.എം അവരെ പുറത്താക്കിയോ അതോ ഇതെല്ലാം ലേഖകന്റെ ഭാവനയില്‍ വിരിഞ്ഞ അപസര്‍പ്പക കഥകളായിരുന്നെന്നോ ഒന്നും, ഒന്നും എങ്ങും കണ്ടില്ല. ഓഫീസിലും ഇതെക്കുറിച്ച്‌ പിന്നീട്‌ ബാംഗളൂരില്‍ തിരിച്ചെത്തിയപ്പോള്‍ കുറേ അന്വേഷിച്ചു. അവിടെ യാരും അങ്ങനെയൊന്ന് കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. ആ ഒരാഴ്ചത്തെ ടൈംസിലും തപ്പി വെറുതേ സമയം കളഞ്ഞു. ഇന്നും ഈവാര്‍ത്തയുടെ നിജസ്ഥിതി അജ്ഞാതമാണ്‌.

കാര്യങ്ങളെങ്ങനെയായാലും കുറേപ്പേരുടെ മനസ്സിലെങ്കിലും, പര്‍ദ്ദയണിഞ്ഞവരോട്‌ ഒരുതരം ഭയവും വെറുപ്പും സംശയവും, അത്‌ ധരിക്കുന്ന കുറേപാവങ്ങളുടെ മനസ്സില്‍ അരക്ഷിതാബോധവും സ്ര്ഷ്ടിക്കാന്‍ ആവാര്‍ത്ത സ്ര്ഷ്ടിച്ച്‌ ഭാവനാ സമ്പന്നനും, അത്തരം അപസര്‍പ്പകകഥയുടെ നിജസ്ഥിതിയന്വേഷിക്കാതെ ഒരു സ്കൂപ്പായി കണ്ട പത്രത്തിനും കഴിഞ്ഞു എന്നത്‌ ചില്ലറക്കാര്യമാണൊ?

9 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

പഥികന്‍ എന്ന ഇര്‍ഷാദിന്റെ മാധ്യമ ഭീകരതയെപ്പറ്റിയുള്ള ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍, പണ്ടൊരിക്കല്‍ മനസ്സില്‍ തട്ടിയ മറ്റൊരു മാധ്യമഭീകരതയുടെ മറക്കാനാകാത്ത ഒരു ചിത്രം മനസ്സില്‍ വന്നു. കമന്റായി എഴുതിയതാണ്‌ പക്ഷേ അല്‍പം നീണ്ടുപോയതുകൊണ്ട്‌ ഒരു പോസ്റ്റാക്കി ഇടാമെന്നു കരുതി....

....കാര്യങ്ങളെങ്ങനെയായാലും കുറേപ്പേരുടെ മനസ്സിലെങ്കിലും, പര്‍ദ്ദയണിഞ്ഞവരോട്‌ ഒരുതരം ഭയവും വെറുപ്പും സംശയവും, അത്‌ ധരിക്കുന്ന കുറേപാവങ്ങളുടെ മനസ്സില്‍ അരക്ഷിതാബോധവും സ്ര്ഷ്ടിക്കാന്‍ ആവാര്‍ത്ത സ്ര്ഷ്ടിച്ച്‌ ഭാവനാ സമ്പന്നനും, അത്തരം അപസര്‍പ്പകകഥയുടെ നിജസ്ഥിതിയന്വേഷിക്കാതെ ഒരു സ്കൂപ്പായി കണ്ട പത്രത്തിനും കഴിഞ്ഞു എന്നത്‌ ചില്ലറക്കാര്യമാണൊ?

ശ്രീ said...

ഇത്തരം ലേഖനങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാതെ പടച്ചു വിടുന്നവന്മാരാണ് യഥാര്‍ത്ഥ ഭീകരന്മാര്‍.

പഥികന്‍ said...

നന്ദി ഷാനവാസ്,
ഞാനെന്റെ പോസ്റ്റ് വളരെ കാലങള്‍ക്കു മുന്‍പ് എഴുതിയതാണ്. ചില ബോംബു സ്ഫോടനത്തിലെ പ്രതികളെ, പാലസ്തീന്‍ പോരാളികളും ചില മുസ്ലിം മതപുരോഹിതന്മാരും ഉപയോഗിക്കുന്ന ശിരോവസ്ത്രം കൊണ്ട് മുഖം മറച്ച് പ്രദര്‍ശിപ്പിച്ചപ്പോള്‍. ഒട്ടുമിക്ക പത്രങളുമത് കളര്‍ ഫോട്ടോയെടുത്തു മുന്‍പേജില്‍ തന്നെ നല്‍കിയപ്പോള്‍.

പിന്നെയും ഞാന്‍ ഇതു കൊണ്ടുനടന്നു. മറ്റുള്ളവര്‍ എന്തു ചിന്തിക്കുമെന്ന ഭയത്തോടെ. പിന്നെ എന്റെ കൂട്ടുകാരായ അന്യമതസ്ഥര്‍ക്കു ഞാന്‍ അഭിപ്രായമറിയാന്‍ അയച്ചു കൊടുത്തു. കാരണം എന്റെ വാക്കുകള്‍കൊണ്ട് ഒരു നല്ല മനുഷ്യരുടെയും വികാരങ്ങള്‍ മുറിപ്പെടാന്‍ പാടില്ലെന്നു എനിക്കു നിര്‍ബന്ധമുണ്ട്.
പിന്നെയും മാസമൊന്നു കഴിഞ്ഞു. അതിന്നിടയില്‍ സമൂഹ ചിന്താഗതികളില്‍ ഏറെ മാറ്റമുണ്ടായിരിക്കുന്നു. “എല്ലാ മുസ്ലിമും തീവ്ര വാദിയല്ല, പക്ഷേ എല്ലാ തീവ്രവാദികളും മുസ്ലിം ആണ്“ എന്ന ചിന്താഗതിയില്‍ നിന്നും “തീവ്രവാദത്തിനു മതമില്ലെന്നും അവരെല്ലാം കുറ്റവാളികള്‍ മാത്രമാണെന്നും“ തിരിച്ചറിവു ഉണ്ടായിവരുന്നു.
ഇന്നലെ കേരളത്തിന്റെ അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ ‘മിഴികള്‍ സാക്ഷി’ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു. ചില ചതികളില്‍ പെട്ടു ഒരു ബോംബു സ്ഫോടന കേസില്‍ പ്രതിയാവുകള്യും സ്വന്തം സമുദായവും അന്യസമുദായങളും അന്വേഷണവും മാധ്യമങളും തീവ്രവാദിയെന്നു മുദ്രകുത്തി തൂക്കിലേറ്റപ്പെടുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെയും, ആരോരുമില്ലാതായ ഊമയായ അവന്റെ ഉമ്മയുടെയും കഥ. പ്രമേയം, ആഖ്യാനം എന്നിവയേക്കാളുപരി എന്നെ സ്വാധീനിച്ചത് “നിരപരാധികള്‍ ക്രൂശിക്കപ്പെടുന്നു എന്നു അംഗീകരിക്കുന്നതിനുമപ്പുറം, അതു മറ്റുള്ളവരെയറിയിക്കാന്‍ സിനിമപോലെ സാമ്പത്തിക ചിലവുള്ളതും സ്രിഷ്ടിപരവുമായ ഒരു മാര്‍ഗം തിരഞെടുക്കാന്‍ ചിലരെങ്കിലും തയ്യാറാകുന്നു” എന്നതാണ്.

അപ്പോഴും മുഖ്യധാരാമാധ്യമങള്‍ ഓരോ പ്രശ്നങളെയും സമീപിക്കുന്നതും വിശകലനം ചെയ്യുന്നതും ചോദ്യങള്‍ ചോദിക്കുന്നതും അതിന്റെ ഏറ്റവും ഭീകരാ‍വസ്തയിലാണ്. ഒരു വിവാദത്തിനും സ്ഥാപിത താല്‍പ്പര്യ സംരക്ഷണത്തിനും വേണ്ട വാക്കുകളും വരികളും മാത്രമേ അവര്‍ പൊതുജനത്തിലേക്കു കൈമാറുന്നുള്ളൂ.

സ്ഥാപിത താല്‍പ്പര്യ സംരക്ഷണത്തിനപ്പുറം ദേശീയ താല്‍പ്പര്യ സംരക്ഷണത്തിനായി ഒരു മാര്‍ഗ്ഗരേഖ മാധ്യമങള്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയിരിക്കുന്നു എന്നാണ് എന്റെ പക്ഷം.

N.J ജോജൂ said...

സര്‍ക്കുലേഷന്‍ എങ്ങിനെയും കൂട്ടുക എന്നതുമാത്രം ലക്ഷ്യമാവുമ്പോള്‍ എന്തൊക്കെത്തന്നെ സംഭവിയ്ക്കുകയില്ല!

Siju | സിജു said...

കുറെ നാള്‍ മുമ്പ് ഒരു സഹപ്രവര്‍ത്തക (മറുനാടന്‍ കൃസ്ത്യന്‍ മലയാളി) പര്‍ദ്ദയിട്ടവരെ വഴിയില്‍ വെച്ചു കാണുമ്പോള്‍ പേടിയാണ് എന്ന് പറഞ്ഞത് ഓര്‍മ്മ വന്നു. അടുത്തിരുന്ന മുസ്ലീം സുഹൃത്ത് അഭയകേസിനെ അനുസ്മരിച്ചു കൊണ്ട് എങ്കില്‍ പള്ളീലച്ചനെ കണ്ടാലും പേടിക്കണമല്ലോയെന്ന് തിരിച്ചടിച്ചു. അന്നത് ചിരിപ്പിച്ചെങ്കിലും ആ ചോദ്യത്തിനും മറുപടിയിലും മുഴച്ചു നില്‍ക്കുന്നത് മാധ്യമങ്ങളുടെ നിഗമനരൂപത്തില്‍ വരുന്ന വാര്‍ത്തകള്‍ തന്നെ..

- സാഗര്‍ : Sagar - said...

എനിക്കും കിട്ടണം പണം.......

പാമരന്‍ said...

പണ്ടു സെപ്റ്റെംബര്‍ 11 സംഭവിച്ചപ്പോള്‍ ന്യൂജെഴ്സിയില്‍ എന്‍റെ കൂടെ ഉണ്ടായിരുന്ന, ഡബ്ല്യു ടീസീ കണ്ടിട്ടുപോകുമില്ലാതിരുന്ന ഒരു സുഹൃത്ത്‌ അതിസാഹസികമായി അവിടെ നിന്നു രക്ഷപ്പെട്ട സംഭവം ദീപികയിലോ മനോരമയിലോ മറ്റോ അടിച്ചു വന്നു. പിന്നെ അവനെ നേരിട്ടു കണ്ടപ്പോഴാണു പറഞ്ഞത്‌, അവന്‍റെ വീട്ടുകാരെ വിളിച്ച്‌ നംബറും വാങ്ങി ഏതോ പത്രക്കാരന്‍ വിളിച്ചിരുന്നത്രെ. ഇച്ചിരെ ഫാവനയുടെ അസ്ക്യത ഉണ്ടായിരുന്നതുകൊണ്ട്‌ ലവന്‍ വിശദമായങ്ങു കാച്ചിക്കൊടുത്തു. അതില്‍ ലേഖകന്‍റെ ഫാവന കൂടിച്ചേര്‍ന്ന്‌ ഏതാണ്ട്` അപസര്‍പ്പക നോവല്‍ പോലെ ആയിത്തീര്‍ന്നിരുന്നു പ്രസിദ്ധീകരിച്ചപ്പോഴേയ്ക്ക്‌.

കുറേ നാളു ചിരിക്കാനുള്ള വകയുണ്ടായെന്നേ ഉള്ളൂ. പക്ഷേ പോസ്റ്റില്‍ പറഞ്ഞപോലുള്ള സംഭവങ്ങള്‍ വരുത്തിവയ്ക്കുന്ന വിനകള്‍ ചുമ്മാ എന്തിനും ഏതിനും വാളെടുക്കുന്ന ജുഡീഷ്യല്‍ആക്റ്റീവിസം പോലും കാണാത്തതെന്താണാവോ..

Mahesh Cheruthana/മഹി said...

Maashe,
athu verum circulation koottanulla oru thanthram mathram.Engilum mattu madhyamangal ee varthayude pinnile durudeshyathe kaanathepoyathu kashtam! oro aazhchayilum madhyamavicharangal kaikaaryam cheyyunna chanel suhurthukkalum ithu kandille aavo!

Kiranz..!! said...

പത്രം വായിച്ചേ അടങ്ങുവുള്ളുവെങ്കിൽ ഒരു ചെറ്യേ ഒറ്റമൂലീസുണ്ട്..ന്നാ പിടി..!

മാത്രുഭൂമി ഓൺലൈൻ,ദീപിക,ദേശാഭിമാനി,കൗമുദി,മലമനോരമ ഇതെല്ലാം രാവിലെ എഴുന്നേറ്റ് വായിക്കുക.ഒരു കൺഫ്യൂഷൻ കിട്ടിയില്ലേ.അവിടുന്ന് കിട്ടിയ ത്രെഡുകളിൽ നിന്ന് യുക്തിപൂർവ്വമായ ഒരു വാർത്ത അങ്ങോട്ട് സ്വന്തമായി അങ്ങോട്ടു തീരുമാനിച്ചോളുക.അദ്ദാണ്..!

ഓടോ :-
ഒരു പത്ത് മാസമായി അണ്ണാച്ചിയെ കാണാനില്ലല്ല്,സായിപ്പിന്റെ ഹോട്ടലുകളിലൊക്കെ ഇരിക്കുന്നതിന്റെ പടങ്ങൾ ഓർക്കുട്ടിൽ മിന്നിമറഞ്ഞു കണ്ടു..:)