Monday, August 20, 2007

ഹെല്‍മെറ്റ്‌ ധരിച്ചില്ലെങ്കില്‍ കൊല്ലും?

'ഹെല്‍മെറ്റ്‌ ധരിച്ചില്ലെങ്കില്‍ മരണം ഉറപ്പ്‌' എന്നു വരുത്താന്‍ ശ്രമിക്കുന്നതുപോലെയാണ്‌ കേരളത്തിലെ ഹൈവേ പോലീസിന്റെ ശ്രമം എന്നു തോന്നുന്നു. ഹെല്‍മെറ്റ്‌ ധരിക്കാത്തതിന്റെ പേരില്‍ പോലീസ്‌ ഒരു പാവത്തിനെ 'ചേസ്‌' ചെയ്ത്‌ കൊന്നിരിക്കുന്നു. ഒരു ഒന്നര വയസ്സുകാരിക്ക്‌ തന്റെ അച്ഛനെ നഷ്ടപ്പെട്ടിരിക്കുന്നു. ഒരു യുവതിയെ വിധവയാക്കിയിരിക്കുന്നു. കേരളാ ഹൈക്കോടതിയും, സര്‍ക്കാരും ആള്‍ക്കാരുടെ തല രക്ഷിക്കാന്‍ വേണ്ടി നടപ്പാക്കിയ ഈനിയമംവഴി കിരാതമായ നരനായാട്ടാണ്‌ പോലീസ്‌ നടപ്പാക്കുന്നതെങ്കില്‍ ഇതുകൊണ്ട്‌ ആര്‍ക്കെന്തു പ്രയോജനം? ഹെല്‍മെറ്റിന്റെ ആവശ്യകതയെക്കുറിച്ച്‌ വാദിച്ചിരുന്ന ഒരാളാണ്‌ ഞാനും പക്ഷേ ഇത്തരം നരനായാട്ടുകള്‍ അംഗീകരിക്കാനാകുമോ? എന്തൊരു നിയമ പ്രതിബദ്ധതയാണ്‌ പോലീസിന്‌? ഒരുത്തന്റെ ജീവിതം പൊലിഞ്ഞപ്പോല്‍ തീര്‍ന്നോ കഴപ്പ്‌? പാവം ഒരു ഹെല്‍മെറ്റ്‌ ധരിച്ചില്ലെന്നതിന്റെ പേരില്‍ ഒന്നര കിലോമീറ്റര്‍ സിനിമാസ്റ്റെയിലില്‍ ചേസ്‌ ചെയ്ത്‌ കൊല്ലാനും മാത്രം എന്ത്‌ ക്രിമിനല്‍ കുറ്റമാണ്‌ ആപാവപ്പെട്ടവന്‍ ചെയ്തത്‌? ഒരു ഹെല്‍മെറ്റ്‌ ധരിക്കാത്തതിന്റെ പേരില്‍ താന്‍ ഇങ്ങനെയൊരു വിലകൊടുക്കേണ്ടി വരുമെന്ന് പാവം ഓര്‍ത്തിരിക്കില്ല.അയാളുടെ കുടുംബം അനാധമായതുമാത്രം മിച്ചം. ഇത്തരം പ്രാകൃമായ നിയമം നടപ്പാക്കല്‍ വേണ്ടിയിരുന്നോ? ഒരു റ്റൂവീലറില്‍ ജീവനും കൊണ്ട്‌ പായുന്നവനെ ഇത്ര ദൂരം പിന്തുടര്‍ന്ന് ഇതുവേണമായിരുന്നോ? ഇത്ര നിയമ പ്രതിബദ്ധതയുള്ളവര്‍ പിന്നെ എന്തിന്‌ ഇതൊരു ലോറിയപകടമാക്കാന്‍ ശ്രമിച്ചു?

ഒരോണക്കലത്ത്‌ ഏട്ടുംപൊട്ടുംതിരിയാത്ത ഒരു ഒന്നരവയസ്സുകാരി വീട്ടില്‍ അച്ഛനേയും കാത്തിരിക്കുമ്പോള്‍ പോസ്റ്റുമാര്‍ട്ടം കഴിഞ്ഞ്‌ വെള്ളത്തുണിയില്‍ പൊതിഞ്ഞ്‌ അച്ഛനെ ക്കൊണ്ടുവരുമ്പോള്‍ ഒന്നുമറിയാതെ അടുത്തുകൂടുന്ന ആ പാവത്തിനുവേണ്ടി ഒരിറ്റു കണ്ണീര്‍.

Thursday, August 16, 2007

ചില സ്വാതന്ത്ര്യദിന ചിന്തകള്‍

ഹത്തായ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യത്തിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുന്ന വേളയില്‍ ലോകത്തിലെ ഏറ്റവും വലിയ ജനധിപത്യ രാജ്യം എന്തു സന്ദേശമാണ്‌ ജനങ്ങള്‍ക്ക്‌ നല്‍കുന്നത്‌? ഈ അറുപതു വര്‍ഷക്കാലമായി പിന്തുടര്‍ന്നു വന്നിരുന്ന ചില നയങ്ങളില്‍ നാമറിയാതെതന്നെ ഒരു പൊളിച്ചെഴുത്ത്‌ നടക്കുകയാണോ? ഇന്‍ഡ്യ, അമേരിക്കയെ ശരിക്കും പേടിക്കാന്‍ തുടങ്ങിയോ?അറുപതില്‍ പിറുപിറുക്കുമെന്ന് പറയുന്നതുപോലെ, കഴിഞ്ഞകാലമെല്ലാം മറന്ന് എന്തൊക്കെയോ പിറുപിറുക്കുന്ന അവസ്ഥയിലേക്ക്‌ രാജ്യത്തിന്റെ നേതൃത്വം കയ്യാളുന്നവര്‍ എത്തിപ്പെട്ടുകഴിഞ്ഞോ?

എന്താ ഇങ്ങനെയൊക്കെ തോന്നാന്‍ എന്നാണോ? കാര്യമുണ്ട്‌.അന്‍പതുകളില്‍ ഇന്‍ഡ്യയുടെ നേതൃത്വത്തില്‍, അന്നത്തെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച്‌ ഇന്‍ഡ്യയുടെ വിദേശകാര്യ നയം തന്നെ യാണ്‌ ആദ്യമായി ഈസംശയത്തിന്‌ ആധാരം.ഇതിന്‌ ഇന്നും പ്രസക്തിയുണ്ടോ?അറുപതോളം വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ന് 118 രാജ്യങ്ങള്‍ അംഗമായ ചേരിചേരാപ്രസ്ഥാനത്തിന്റെ മുഖത്ത്‌ ചെളിവാരിയെറിഞ്ഞുകൊണ്ട്‌ ഈപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ ഇന്‍ഡ്യതന്നെ അതിന്റെ അന്തസത്തയ്ക്ക്‌ കളങ്ക്മേല്‍പിച്ചുകൊണ്ട്‌ ചുവടുമാറ്റം നടത്തുന്ന ദയനീയമായ കാഴ്ചയാണ്‌ കാണാന്‍ കഴിയുന്നത്‌.സ്വാതന്ത്ര്യനേടിയ കാലത്ത്‌ പലമാതിരി ബാലാരിഷ്ടത്കളില്‍ നട്ടം തിരിഞ്ഞിരുന്നകാലത്ത്‌ ഇന്‍ഡ്യയ്ക്ക്‌ അമേരിക്കയെ പേടി തോന്നിയിരുന്നില്ല. അതിനും രണ്ടര ദശാബ്ദക്കാലത്തിനു ശേഷം പൊഖ്‌റാനില്‍ അണുപരീക്ഷണം നടത്തിയപ്പോഴും ഇന്‍ഡ്യയ്ക്ക്‌ അമേരിക്കയോട്‌ ഭയമില്ലായിരുന്നു. അന്നൊന്നും ഇന്‍ഡ്യന്‍ സാമ്പത്തികരംഗം രണ്ടക്കങ്ങളില്‍ കുതിക്കുകയല്ലായിരുന്നുവെങ്കിലും പേടിച്ചില്ല. പിന്നെ എപ്പോഴാണ്‌ ഇന്‍ഡ്യയ്ക്ക്‌ അമേരിക്കയെ ഭയമായിത്തുടങ്ങിയത്‌? സോവ്യേറ്റ്യൂണിയന്‍ തകര്‍ന്നതിനാലോ? അതോ അമേരിക്കയുടെ പ്രീതി നഷ്ടപ്പെടുത്തിയാല്‍ വര്‍ദ്ധിച്ചുവരുന്ന തീവ്രവാദത്തെ ചെറുക്കാന്‍ ഇണ്ഡ്യയ്ക്ക്‌ ഒറ്റയ്ക്ക്‌ തന്റേടം പോരാ എന്നു കരുതിയിട്ടാണോ? അതോ സാമ്പത്തിക സൈനീക രംഗങ്ങളില്‍ ഇന്‍ഡ്യയ്ക്ക്‌ എന്നും ഒരു ചുവട്‌ മുകളിലുള്ള ചൈനയെ ഭയന്നിട്ടോ? ഏഷ്യന്‍ ശക്തിയാകാനുള്ള നെട്ടോട്ടത്തില്‍ ചൈനയെ മറികടക്കണമെങ്കില്‍ അമേരിക്കയുടെ സഹായം കൂടിയേ കഴിയൂ എന്നു കരുതുന്നതുകൊണ്ടാണോ?

എന്തായിരുന്നാല്‍ തന്നെയും ഇന്‍ഡ്യ അതിന്റെ പ്രഖ്യാപിത വിദേശ നയങ്ങളില്‍ നിന്നും ആരുമറിയാതെയൂള്ള ഈ പാളം തെറ്റല്‍ തുടങ്ങിയിട്ട്‌ ഇപ്പോള്‍ കുറച്ചുകാലമായി. ലോകപോലീസായ അമേരിക്കയുടെ കൂടെ നിന്നില്ലെങ്കില്‍ അവരു പിടിച്ചകത്തിടുമെന്ന ഭയം ഇന്‍ഡ്യയെ ബാധിച്ചു തുടങ്ങിയിട്ട്‌ കുറച്ചായെന്നു തോന്നുന്നു, ദേശസ്നേഹികള്‍ക്കിത്‌ അംഗീകരിക്കാന്‍ കുറച്ച്‌ ബുധ്ധിമുട്ടാണെങ്കിലും ഇന്‍ഡ്യയുടെ അറുപതുകഴിഞ്ഞ രാഷ്ട്രീയ നേതൃത്വം മെല്ലെമെല്ലെ ഇതംഗീകരിച്ചുതുടങ്ങിയിരിക്കുന്നു.ഏതായാലും ലോക ജനസംഖ്യയുടെ 55%ത്തേയും, ഐക്യരാഷ്ട്രസഭയിലുള്ള രാജ്യങ്ങളുടെ മൂന്നിലൊന്നിനേയും പ്രതിനിധീകരിക്കുന്നതും ഒരു ആക്റ്റീവ്‌ മെമ്പര്‍ അല്ലെങ്കിലും ആശയങ്ങള്‍ പങ്കുവെയ്ക്കുകയും ചേരിചേരാ രാജ്യങ്ങളുടെ സമ്മേളനങ്ങളില്‍ നിരീക്ഷകരെ അയക്കുന്ന ചൈനയും, ഇഡ്യയുമടക്കമുള്ള ഭൂരിപക്ഷം ഏഷ്യന്‍ രാജ്യങ്ങളും, ഏതാണ്ടെല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളും ഒട്ടുമിക്ക ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമുള്‍പ്പെടെ വലിയൊരു ശക്തിയായി ഇന്നും ലോകത്ത്‌ ഈ കൂട്ടായ്മ നിലനില്‍ക്കേയാണ്‌ ഇന്‍ഡ്യയുടെ ഈ നാണംകെട്ട വ്യതിചലനം എന്നത്‌ ആത്മാഭിമാനമുള്ള ഓരോ ഇന്‍ഡ്യാക്കാരേയും ലജ്ജിപ്പിക്കേണ്ട ഒരു സംഗതിയാകുന്നത്‌ അതിനുള്ള കാരണങ്ങള്‍ തിരയുമ്പോഴാണ്‌.

ചേരിചേരാ രാജ്യങ്ങളുടെ 1979ലെ ഹവാനാനയപ്രഖ്യാപനത്തിലെ പ്രധാന വിഷയങ്ങള്‍ ഇന്‍ഡ്യ ബലികഴിക്കുന്നുവെന്ന തോന്നലുണ്ടാകുമ്പോഴാണ്‌ ഇത്തരം സംശയങ്ങള്‍ ഉടലെടുക്കുന്നത്‌.ദേശീയ സ്വാതന്ത്ര്യം,പരമാധികാരം, അതിര്‍ത്തിഭദ്രത, സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും, വൈദേശികാക്രമണങ്ങളില്‍ നിന്നും, കോളനി വത്കരണത്തിനും, പുത്തന്‍ സാമ്പത്തികാധിപത്യത്തിനും, വര്‍ഗ്ഗീയതയ്ക്കും, സയണിസത്തിനും, ഇമ്പീരിയലിസത്തിനുമെതിരായ ചേരി ചേരാരാജ്യങ്ങളുടെ പോരാട്ടങ്ങള്‍ക്ക്‌ ശക്തിപകര്‍ന്നുകൊണ്ടുള്ള പ്രഖ്യാപനമായിരുന്നു അന്ന് ഇന്‍ഡ്യയുള്‍പ്പടെയുള്ള ചേരിചേരാ രാജ്യങ്ങള്‍ അന്ന് നടത്തിയത്‌. ഇന്നത്തെ സാഹചര്യങ്ങളില്‍ മേല്‍പറഞ്ഞ പ്രഖ്യാപിതലക്ഷ്യങ്ങളില്‍ ഇന്‍ഡ്യയിന്നും ഉറച്ചുനില്‍ക്കുന്നുവെന്ന് കരുതാനാകുമോ? പ്രത്യേകിച്ചും അമേരിക്കയുമായുണ്ടാക്കിയ ആണവകരാറിന്റെ സവിശേഷമായ സാഹചര്യത്തില്‍? എന്തുകൊണ്ട്‌ ഇങ്ങനെ? ഇന്‍ഡ്യയുടെ വ്യക്തിത്വവും പരമാധികാരവും ഈ ഭരണകൂടമെന്ത്തിന്‌ ബുഷ്‌സായിപ്പിനും അമേരിക്കന്‍ സെനറ്റിനും പണയപ്പെടുത്തണം? ഇന്‍ഡ്യന്‍ പ്രധാനമന്ത്രി മഹത്തായ ഇന്‍ഡ്യന്‍ പാര്‍ലമെന്റിനേയും ഇവടുത്തജനങ്ങളോടും തുല്യതയില്ലാത്ത വഞ്ചനയല്ലേ നടത്തിയത്‌? അദ്ദേഹം ഒന്നുകില്‍ അറിഞ്ഞുകൊണ്ട്‌ പാര്‍ലമെന്റില്‍ ഒരു അസത്യപ്രസ്ഥാവന നടത്തി അല്ലെങ്കില്‍ കരാറിന്റെ കാര്യത്തില്‍ അദ്ദേഹം വേണ്ടത്ര അവബോധമില്ലതെ സംസാരിച്ചു. ഇതിലേതാണെ നാം കരുതേണ്ടത്‌? ഇന്‍ഡ്യന്‍ പ്രധാനമന്ത്രിക്ക്‌ അദ്ദേഹം ഒപ്പിടാന്‍ പോകുന്ന കരറിനെക്കുറിച്ച്‌ വിവരമില്ലന്നോ? അത്തരമൊരു വിവരക്കേടാണ്‌ നൂറുകോടി ജനങ്ങളുടെ പ്രതിനിധികളെ അദ്ദേഹം പാര്‍ലമെന്റില്‍ രേഖാമൂലം അറിയിച്ചതെന്നോ?

പാര്‍ലമെന്ററി ജനാധിപത്യത്തിന്റെമകുടോദാഹരണമെന്ന്‌ സ്വാതന്ത്ര്യത്തിന്റെ ഈ അറുപതാം വാര്‍ഷിക ദിനത്തിലും ഉച്ചൈസ്ഥരം ഘോഷിക്കുന്ന രാജ്യം ഈപാര്‍ലമെന്റിലെ ഭൂരിപക്ഷം വരുന്ന അംഗങ്ങളുടേയും പിന്തുണയില്ലാതെ എന്തിന്‌ ഒരു വോട്ടെടുപ്പുപോലുമില്ലാതെ കേവലം ഒരു ചര്‍ച്ചയിലും പ്രധാനമന്ത്രിയുടെ മേല്‍പറഞ്ഞമാതിരിയുള്ള ഉറപ്പുകളുടേയും അടീസ്ഥാനത്തില്‍ നടപ്പാക്കാന്‍ പോകുമ്പോള്‍ പ്രസിഡന്‍ഷ്യല്‍ വ്യവസ്ഥിതി നിലവിലുള്ള അമേരിക്കയിലെ പാര്‍ലമന്റ്‌(സെനറ്റ്‌)ഇന്‍ഡ്യയ്ക്ക്‌ എന്തെങ്കിലും വഴിവിട്ടനുവദിക്കുന്നോ എന്ന കാര്യത്തില്‍ ഭരണ പ്രതിപക്ഷവ്യത്യാസമില്ലാതെ ജാഗ്രതപുലര്‍ത്തി ബുഷിനു നേരേകണ്ണുരുട്ടി അവരുടെ താല്‍പര്യ സംരക്ഷണം ഉറപ്പുവരുത്തുന്നു. ഉദാത്തമായ ജനാധിപത്യമാതൃക.

അണുപരീക്ഷണത്തിന്‍ മുതിര്‍ന്നാല്‍ കരാറില്‍ നിന്നും പിന്മാറുമെന്ന് അമേരിക്കയുടെ ഇന്നത്തെ വെളിപ്പെടുത്തല്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയുടെ വഞ്ചനവെളിവാക്കുന്നതാണ്‌. ഇനി അതല്ല ഇതവഗണിച്ച്‌ കരാറുമായ്‌ മുന്നോട്ടുപോകാനാണ്‌ തീരുമാനമെങ്കില്‍ ആണവപരീക്ഷണമടക്കമുള്ള കാര്യങ്ങള്‍ നടത്താനുള്ള ഇന്‍ഡ്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും അമേരിക്കയ്ക്ക്‌ അടിയറവെയ്ക്കുന്നുവെന്ന ഇടതുപക്ഷത്തിന്റെ വിമര്‍ശനങ്ങളെ തള്ളിക്കളയാനാകുമോ?

ചേരിചേരാരാജ്യങ്ങളുടെ നയ പ്രഖ്യാപനത്തിലെ അടുത്ത സുപ്രധാന ഇനമായിരുന്നു കോളനിവത്കരണത്തേയും പരമാധികാര സ്വതന്ത്ര രാജ്യങ്ങളിലുള്ള വൈദേശിക കടന്നുകയറ്റത്തേയും ചെറുക്കുകയെന്നുള്ളത്‌. ഇറാനും ഇറാഖുമെല്ലാം ഈ കൂട്ടായ്മയില്‍ അംഗങ്ങളായിരിക്കുമ്പോഴും ഇന്‍ഡ്യയുടെ സുഹൃത്തുക്കള്‍ ആയിരിക്കുമ്പോഴുംതന്നെയാണ്‌ അടിസ്ഥാന രഹിതമായ്‌ ആരോപണങ്ങള്‍ മറയാക്കി അവിടങ്ങളില്‍ അമേരിക്ക നവകൊളോണിയലിസം നടത്തിയതും ഇപ്പോള്‍ നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും. ഇത്തരം നടപടികളെ ചോദ്യചെയ്യുന്നതിലുള്ള ഇന്‍ഡ്യയുടെ ആത്മാര്‍ഥത നാം കണ്ടുകഴിഞ്ഞതാണ്‌.

ചുരുക്കത്തില്‍, കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷമുള്ള പാക്കിസ്ഥാനെ ഇനിയും തങ്ങളുടെ ഏഷ്യയിലെ താല്‍പര്യ സംരക്ഷണത്തിനുപയോഗിക്കമെന്ന് നമ്പുന്നതിലര്‍ത്ഥമില്ലെന്നെ തിരിച്ചറിഞ്ഞ അമേരിക്ക ഇന്‍ഡ്യയ്ക്ക്‌ ഗുണം ചെയ്യുന്നുവെന്ന വ്യാജേന(ഇന്‍ഡ്യയ്ക്ക്‌ ഗുണകരമല്ലെന്ന് ഇപ്പോള്‍ അമേരിക്ക തന്നെ വ്യംഗ്യമായി സമ്മതിക്കുന്നു!)നക്കാപിച്ചാ നല്‍കി അടുത്ത പത്തു നാല്‍പതു വര്‍ഷത്തേക്ക്‌ ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം വിലയ്ക്കു വാങ്ങുന്നതുറപ്പുവരുത്തുന്നു! ഇന്‍ഡ്യയ്ക്ക്‌ കരാറില്‍ നിന്നും ഒരു വര്‍ഷത്തെ നോട്ടീസോടെ പിന്മാറാമെന്ന വ്യവസ്ഥയനുസരിച്ച്‌ ഒരിക്കല്‍ ഒപ്പിട്ടാല്‍ കരാര്‍ തീരുന്നതിന്‌ മുന്‍പ്‌ ഇന്‍ഡ്യ അതില്‍ നിന്നും പിന്മാറുമെന്ന് കരുതുന്നത്‌ വിഡ്ഢിത്തം മാത്രമാണ്‌. കരാറിന്റെ വ്യവസ്ഥകളെക്കുറിച്ച്‌ ഒപ്പിടുന്നതിന്‌ മുന്‍പ്‌ സത്യം പറയാത്തവര്‍ പിന്നെ അത്‌ രേഖയായതിനു ശേഷം വല്ലതും ജനങ്ങളോട്‌ മിണ്ടുമോ?

അങ്ങനെ സ്വാതത്ര്യത്തിന്റെ ഷഷ്ഠിപൂര്‍ത്തിവര്‍ഷത്തില്‍ അടുത്ത ഒരു നാല്‍പതുവര്‍ഷത്തെ പാരതന്ത്ര്യം നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ നമുക്ക്‌ ഉറപ്പുന്‍ല്‍കുന്നു.ഇന്നിപ്പോള്‍ ആണവപരീക്ഷണത്തിനുള്ള ഇന്ധനം ഇന്‍ഡ്യക്ക്‌ താരാമെന്ന് വാഗ്ദാനം ചെയ്ത ആസ്ട്രേലിയയോ, ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത റഷ്യയേയോ മറ്റോ ഒന്നു സമീപിച്ചിട്ടെങ്കിലും പോരായിരുന്നോ തിടുക്കപ്പെട്ടിട്ടുള്ള ഈ നീക്കം എന്നു തോന്നുന്നു.

ഏല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍!