Thursday, September 10, 2009

സിനിമാ കൊട്ടകയില്ലാത്ത ഓണക്കാലം!

ത്തവണ ഓണത്തിന്‌ വീട്ടിലെത്തിയപ്പോഴാണ്‌ ഈ വാര്‍ത്തയറിഞ്ഞത്‌, അതായത്‌ നാല്‍പതിലേറെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം കായംകുളത്തുകാര്‍ക്ക്‌ സിനിമാ കൊട്ടകയില്ലതെ ഒരു ഓണം! കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒരുവിധം നിലനിന്നിരുന്ന കായംകുളത്തെ അവസാനത്തെ സിനിമാ കൊട്ടകയായ താജ്‌ സിനി ഹൗസ്‌(പഴയ വി.പി.എം) പൊളിച്ചു നീക്കിയതോടുകൂടി കായംകുളത്ത്‌ ഇനി സിനിമാ തിയറ്റര്‍ ഇല്ലതെയായി! അനവധി വര്‍ഷങ്ങളായി കായംകുളത്ത്‌ ഉണ്ടായിരുന്ന 4 തിയറ്ററുകള്‍ ഇതോടെ ഒന്നൊന്നായി ഇല്ലാതായി.(ബിന്ദു, ലക്ഷ്മി, ഹോബി, വി.പി.എം (താജ്‌)എന്നിവയായിരുന്നു അവ. ഇനി കായംകുളത്തുകാര്‍ക്ക്‌ സിനിമകാണണമെങ്കില്‍ മാവേലിക്കരയിലോ, ഹരിപ്പാട്ടോ, കരുനാഗപ്പള്ളിയിലോ പോകണം(ഓച്ചിറയില്‍ അവശേഷിക്കുന്ന രാഗത്തെ വിസ്മരിക്കുന്നില്ല). പരിസരത്തുതന്നെയുള്ള പ്രമുഖമായൊരു റിലൂസിംഗ്‌ കേന്ദ്രമായ കറ്റാനം 'ഗാന'ത്തില്‍ പടമില്ലാതായിട്ട്‌ മാസങ്ങളായിരിക്കുന്നു. കെട്ടിടം നല്ലതായതുകൊണ്ട്‌ അത്‌ ഇനിയൊരുപക്ഷേ ഓഡിറ്റോറിയം ആയേക്കാം.ഒരുകാലത്ത്‌ നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും ടിക്കറ്റിന്റെ നികുതിയിലൂടെ നല്ലൊരു വരുമാനമായിരുന്ന ഈവ്യവസായത്തിന്റെ നാശത്തിന്‌ തടയിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലന്നത്‌ സങ്കടകരമാണ്‌. ഇനിയും ചെറുപട്ടണങ്ങളിലും, നാട്ടിന്‍ പുറങ്ങളിലുമുള്ള അവശേഷിക്കുന്ന കൊട്ടകകള്‍ എന്ന് പൊളിക്കപ്പെടും എന്നയാതാര്‍ത്ഥ്യത്തിലേക്ക്‌ റീലുകള്‍ ഓടിത്തീര്‍ക്കുന്നു!