Sunday, October 28, 2007

ഏകീകൃത ഹര്‍ത്താല്‍ നിയമം

കേരളത്തിലെ ഇന്നത്തെ സാഹചര്യങ്ങളില്‍ തികച്ചും ഒഴിവാക്കാനാകാത്ത ഒന്നാണ്‌ ഹര്‍ത്താല്‍! ഹര്‍ത്താലുകളില്ലാത്ത കേരളം എന്നത്‌ ആലോചിക്കാനേ വയ്യ! രാഷ്ട്രീയ, മത, വിദ്യാര്‍ഥി, യുവജന, സംഘടിത തൊഴിലാളി വര്‍ഗ്ഗങ്ങള്‍ക്കും,വര്‍ഗ്ഗീയ, ജാതീയ സംഘടനകള്‍ക്കും, വ്യാപാരി,വ്യഭിചാരി, വ്യവസായി,സാംസ്കരിക, അസാന്മാര്‍ഗ്ഗിക സംഘടനകള്‍ക്കും കേരള സമൂഹത്തിലെ അവരുടെ സാന്നിദ്ധ്യവും 'ശക്തി'യും പ്രകടിപ്പികണമെങ്കില്‍ അവര്‍ ആഹ്വാനം ചെയ്ത്‌ വിജയിപ്പികുന്ന ഹര്‍ത്താലുകള്‍ കൂടിയേ തീരൂ എന്നത്‌ ഇന്ന് എല്ലാത്തരം അസംഘടിത ജനങ്ങളും അംഗീകരിച്ചിരിക്കുന്ന ഒന്നാണ്‌!മറ്റുതരം സമരമാര്‍ഗ്ഗങ്ങള്‍ക്കൊന്നും ആളെക്കിട്ടില്ലെന്ന് എല്ലാത്തരം 'പ്രകടന'ക്കാര്‍ക്കും ഏതാണ്ട്‌ വ്യക്ത്മായിക്കഴിഞ്ഞ സാഹചര്യത്തില്‍ ഹര്‍ത്താല്‍ മാത്രമാണ്‌ ഏക ആശ്രയം! ഏല്ലാത്തരം ഹര്‍ത്താലുകളേയും ഒരേതരം ആവേശത്തോടെ(ചിലര്‍ നിസ്സംഗതയോടെ)യാണ്‌ ജനം സ്വീകരിക്കുക. ഒരു ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്യാനുള്ള മിനിമം യോഗ്യത അത്‌ ഏതെങ്കിലും മാധ്യമങ്ങളിലൂടെ അസംഘടിതരായ അതിന്റെ ഇരകളെ അറിയികുകയെന്നതുമാത്രമാണ്‌. തലേദിവസം വൈകിട്ട്‌ ആറരക്കുള്ള വാര്‍ത്താബുള്ളറ്റിനുകളിലൂടെ അറിയിക്കാനായാല്‍ വളരെ നല്ലത്‌. കാരണം സിവില്‍ സപ്ലൈസ്‌ അടയ്ക്കുന്നതിനുമുന്‍പ്‌ നാളത്തെ ഹര്‍ത്താല്‍ വിജയിപ്പിക്കാനുള്ള പ്രധാന ഇന്ധനം വാങ്ങി സ്റ്റോക്കുചെയ്യാനുള്ള മിനിമം സമയമെങ്കിലും ഹര്‍ത്താല്‍ നടപ്പാക്കുന്നവര്‍ക്കും, അതിന്റെ ഗുണഭോക്താക്കള്‍ക്കും ലഭിക്കും. എന്നാലിന്ന് ഹര്‍ത്താലിന്റെ സമീപനത്തില്‍ ഗുണപരമായ ഒരു മാറ്റം ഗുണഭോക്താക്കള്‍(കാരണം പിറകേ) ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെന്നാണ്‌ തോന്നുന്നത്‌. എന്തുമാറ്റമാണ്‌ അവര്‍ ആഗ്രഹിക്കുന്നത്‌? എന്താണിങ്ങനെ തോന്നാനുള്ള കാരണം? പാവപ്പെട്ട ഒരു പോലീസുകാരന്റെ തല തല്ലിപ്പൊളിച്ചശേഷം ചങ്ങനാശേരിയില്‍ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി യുണ്ടായ ഏറ്റവും പുതിയ ഹര്‍ത്താലും, കരിപ്പൂരില്‍ വിദേശ വിമാനമിറക്കാന്‍ വേണ്ടി ആറുജില്ലകളില്‍ ആഘോഷിച്ച ഹര്‍ത്താലും, ഇന്‍ഡ്യന്‍ റെയില്‍വേ സേലത്ത്‌ ഒരു റെയിലാപ്പീസ്‌ തുടങ്ങുന്നതിനെതിരേ കേരളപ്പിറവിയോടൊപ്പം നാം ആഘോഷിക്കാന്‍ പോകുന്ന ഹര്‍ത്താലുംഗുണഭോക്താക്കളെ ചെറിയതോതിലെങ്കിലും മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.

ഹര്‍ത്താല്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്‌. ജനങ്ങളാണതിന്റെ ഗുണഭോക്താക്കള്‍! ഉദാഹരണത്തിന്‌ ഇന്ന് കേന്ദ്രമന്ത്രിസഭയിലംഗംകൂടിയായ മുസ്ലിം ലീഗിന്റെ ആഹ്വാനമനുസരിച്ച്‌ ആറുജില്ലകളില്‍ നടന്ന ഹര്‍ത്താലിന്റെ ഫലമായി കേന്ദ്ര വ്യോമയാനവകുപ്പ്‌ കരിപ്പൂരില്‍ വിദേശവിമാനങ്ങള്‍ ഇറങ്ങാനനുവദിച്ചുകഴിഞ്ഞു! പ്രഭുല്‍ പട്ടേലുമായി വാര്‍ത്താസമ്മേളനം നടത്തിയ കരുണാകരനോ? "ഓ അത്‌ വെറും പബ്ലിസിറ്റി സ്റ്റണ്ടല്ലേ, യതാര്‍ഥത്തില്‍ കോണ്‍ഗ്രസ്സിന്റെ രണ്ട്‌ കേന്ദ്ര മന്ത്രിമാരും അതിനേക്കാള്‍ ബലിയ ഞമ്മടെ സഹമന്ത്രി അയ്മ്മദ്‌ സാഹിബും വിശാരിച്ചിട്ട്‌ നടക്കത്ത കാര്യം, പിന്നാ കരുണാകരന്‍! ഞമ്മടെ ഹര്‍ത്താലിന്റെ ഉസിര്‌ കണ്ട്‌ പ്രധാനമന്ത്രി പോലും ബെരണ്ടുപോയി, അദ്ദേഹം നേരിട്ട്‌ അയ്മ്മദ്‌ സാഹിബിനെ വിളിച്ചു പറയുവാ ജ്ജ്‌ ഹര്‍ത്താല്‌ നിര്‍ത്തിക്കോളീ ഞമ്മളേറ്റൂന്ന്‌! അല്ലാതെ സഭകളോട്‌ ഇടഞ്ഞുനില്‍ക്കുന്ന ഇടതുപക്ഷത്തിന്റെ സച്ചാര്‍ രാഷ്ട്രീയത്തിനോടൊപ്പം ഇക്കഴിഞ്ഞ പെരുന്നാളിന്റെയന്ന് ഞമ്മന്റെ കൂടെ കോയി ബിരിയാണി തിന്നവരെല്ലാം പോകുമോന്നുള്ള പേടിയല്ല കേട്ടോ! അപ്പം ഹര്‍ത്താലിന്റെ ഗുണാഭോക്താക്കളാരായീ? ഇബഡത്തെ ജനങ്ങള്‌ അല്ലാണ്ടാരാ?"

അതുപോലെതന്നെ തമ്മിത്തല്ലി പാവപ്പെട്ട പോലീസുകാരന്റെ കുടുമ്മം വഴിയാധാര്‍മായതുപോരാ പിന്നെ ഒരു ഹര്‍ത്താലും കൂടി പ്രഖ്യാപിച്ചങ്കിലെന്താ ഗുണഭോക്താക്കളാരായീ? ഇവുടുത്ത ജനങ്ങള്‍! അതെങ്ങനെ? "അതോ? ഹര്‍ത്താല്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ഇക്കണ്ട ജനങ്ങളൊക്കെ വീട്ടിലിരിക്കാതെ ചങ്ങനാശ്ശേരിലെങ്ങാനും ഇറങ്ങിനടന്നിരുന്നെങ്കില്‍ പോലീസ്‌ കലികയറി കണ്ണില്‍ കണ്ടവരെ തല്ലിയിരുന്നെങ്കില്‍ ആരുസമാധാനം പറയുമായിരുന്നു?" അത്രയ്ക്കുവലിയ ഒരു പ്രശ്നം ഒഴിവായില്ലേ? അതുപോലെ തന്നെ കേരളപ്പിറവിദിനത്തില്‍ ബി.ജെ.പി നടത്താന്‍ പോകുന്നതല്ലേ ശരിക്കും ഹര്‍ത്താല്‌! ഇക്കണ്ടതൊക്കെ സാമ്പിള്‍ മത്രം. ആഹര്‍ത്താലോടുകൂടി പാലക്കാട്‌ ഡിവിഷന്‍ കൂടാതെ ഒരു റെയില്‍വേ ഡിവിഷനും സോണും കൂടി ചിലപ്പോള്‍ ലാലു അനുവദിച്ചേക്കും,കഴിഞ്ഞപ്രാവശ്യം ബാംഗളൂരിലേക്ക്‌ പുതിയ ട്രെയിന്‍ അനുവദിച്ചതുപോലെ! മാത്രമല്ല സേലം ഡിവിഷന്‍ ചിലപ്പോള്‍ വയനാട്ടിലേക്ക്‌ മാറ്റനും സാധ്യതയുണ്ട്‌, ചെറിയ കാര്യമാണോ? ഗുണഭോക്താക്കളാരായീ? പാലക്കാടിനെ വെട്ടിമുറിച്ച്‌ കൊണ്ടുപോകുന്നത്‌ മന്ത്രി വേലുവും, തമിഴ്‌നാടുമല്ലേ ഹര്‍ത്താല്‍ അവിടെയായിക്കൂടേ എന്നോ?"നല്ലകാര്യമായി ഇക്കാര്യവും പറഞ്ഞങ്ങോട്ട്‌ ചെന്നാല്‍! തലപോയാലും നാടിന്റെ വികസനക്കാര്യത്തില്‍ തമിഴന്മാരൊറ്റക്കെട്ടാ! ഈവക ഹര്‍ത്താലൊന്നും അവരുടെ അടുത്ത്‌ നടക്കില്ല ചേട്ടാ. വേണമെങ്കില്‍ കേരളത്തിലേക്കുവരുന്ന വാഹനങ്ങള്‍ തടയാം, അതിന്‌ ചിലപ്പോള്‍ അവരേയും കിട്ടിയേക്കും, കാരണം പക്ഷേ തിരിച്ചുപറയണമെന്നുമാത്രം!"

ചങ്ങനാശേരിയില്‍ നടന്ന ഹര്‍ത്താലിനെ എന്തുകൊണ്ട്‌ മാതൃകയാക്കിക്കൂടാ എന്നതാണ്‌ ചോദ്യം! അതായത്‌ കൊലയുടെ ഉത്തരവാദിത്വം പരസ്പരം ആരോപിച്ചുകൊണ്ട്‌ ഇടതുപക്ഷം ചങ്ങനാശ്ശേരി ടൗണിലും, ബി.ജെ.പി കോട്ടയം ജില്ലയിലും ഹര്‍ത്താലിനാഹ്വാനം ചെയ്തപ്പോള്‍ അതാവരുന്നു ,മറ്റൊരു കഠിനമായ ആഹ്വാനം കോണ്‍ഗ്രസ്സിന്റെ വക! ചങ്ങനാശ്ശേരി താലൂക്കിലാണ്‌ അവര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകളഞ്ഞത്‌ കാരണമോ ക്രമസമാധാന തകര്‍ച്ചയും! അങ്ങനെ വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്‌ ഈ ഹര്‍ത്താല്‍. എല്‍.ഡി.എഫും, ബി. ജെ.പിയും പരസ്പരം തലതല്ലികീറുന്ന അവസ്ഥയിലും ഒരു ഹര്‍ത്താലിന്റെ പേരില്‍ ഒരു യോജിപ്പുണ്ടാകുന്നുവെങ്കില്‍ അതു നല്ലതല്ലേ? (അത്‌ ഒരേ ദിവസം ഒരേ സ്ഥലത്ത്‌ ഒരേ കാരണവും!) അതിന്‌ കോണ്‍ഗ്രസ്സ്‌ പിന്തുണയ്ക്കുകകൂടി ചെയ്താല്‍! വളരെ മഹനീയ മായൊരു മാതൃകയാണിത്‌. ഇനിയുള്ള ഹര്‍ത്താലുകളിലും കൂടി ഇത്തരം അനുകരണീയമായ മാതൃകകള്‍ പരീക്ഷിക്കാം. ഇപ്പറഞ്ഞ മൂന്ന് രാഷ്ട്രീയ സഖ്യങ്ങളും ഒന്നിച്ച്‌ ഒരു കൂട്ടായ്മയിലൂടെ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുകയും, മാസത്തില്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ മുന്‍കൂട്ടിത്തന്നെ ഇത്തരത്തില്‍ ഹര്‍ത്താലുകള്‍ക്കായി തിരഞ്ഞെടുക്കുകയും കൂടി ചെയ്താല്‍ ഗുണഭോക്താക്കള്‍ക്കും അതിനനുസരിച്ച്‌ ജീവിതം ചിട്ടപ്പെടുത്താം, അസുഖമുള്ളവര്‍ നേരുത്തേ തന്നെ സൗകര്യങ്ങളുള്ള ആശുപത്രികളില്‍ ഒരു ദിവസം മുന്‍പേ അഡ്മിറ്റാകുകയും, അസുഖം വരുമെന്ന് ഉള്‍വിളിയുള്ളവര്‍ക്ക്‌ ആശുപത്രി പരിസരത്തുതന്നെ ചുറ്റിപ്പറ്റി നില്‍ക്കാം, ദൂരെ സ്ഥലങ്ങളില്‍ പോകാനുള്ളവര്‍ക്ക്‌ റെയില്‍വേ സ്റ്റേഷന്‍ , എയര്‍പോര്‍ട്ടുകള്‍ക്കടുത്ത്‌ മുന്‍കൂട്ടി താമസം സൗകര്യപ്പെടുത്താം.ഇത്തരം ഹര്‍ത്താല്‍ ദോഷമുള്ള മുഹൂര്‍ത്തങ്ങള്‍ വിവാഹങ്ങാളിനിന്നൊഴിവാക്കാം അങ്ങനെ പലതും. അതുപോലെ പാല്‍ പത്രം എന്നിവയൊക്കെ ഒഴിവാക്കിയെന്ന മനസ്സാക്ഷിക്കുത്തില്‍ നിന്നും ആഹ്വാനം ചെയ്യുന്നവര്‍ക്കും മോചനം കിട്ടും, അതായത്‌ പാല്‍ നേരുത്തേ സ്റ്റോക്കു ചെയ്യുകയും തലേദിവസം തന്നെ പിറ്റേ ദിവസത്തെ പത്രം കൂടി തയ്യാറാക്കി (മനോരമ ഇതിന്റെ പരീക്ഷണത്തിലാണെന്ന് കേള്‍ക്കുന്നു)വീട്ടിലെത്തിക്കുകയും ചെയ്താല്‍. സിവില്‍ സപ്ലസിന്റെ മുന്നിലുള്ള വലിയ ക്യൂ കാരണമുണ്ടാകുന്ന പ്രശനങ്ങളും ഒഴിവാക്കാം. മാത്രമല്ല ഇത്തരത്തില്‍ ഒരു വര്‍ഷത്തെ മുഴുവന്‍ ഹര്‍ത്താല്‍ സാധ്യതാ ദിനങ്ങളും ചുവന്ന നിറത്തില്‍ അച്ചടിച്ച കലണ്ടര്‍ ലഭ്യമാകുന്നതോടെ ഹര്‍ത്താല്‍ ആഘോഷിക്കാനുള്ള സാവകാശവും ലഭ്യമാകുന്നു. ഉദാഹരണാത്തിന്‌ മുന്‍പൊക്കെ അമാവാസി ദിവസം രാത്രി പത്തുമണിയ്ക്ക്‌ ശേഷം പോലും നാളെ പെരുന്നാളാണ്‌ രാത്രി ഒന്‍പതരയ്ക്ക്‌ എങ്ങാണ്ട്‌ എങ്ങാണ്ട്‌ 'മാസപ്പിറവി' കണ്ടു എന്നൊക്കെപ്പറഞ്ഞ്‌ തക്ബീര്‍ വിളികളോടെ രണ്ടു ദിവസങ്ങളില്‍ പെരുന്നാള്‍ ആഘോഷിച്ചിരുന്നവര്‍ പോലും ആഘോഷങ്ങളുടെ പൊലിമയെ ബാധികുമെന്നതിരിച്ചറിവില്‍ ഇപ്പോള്‍ മാസപ്പിറവി ഒന്നിച്ചു തന്നെ കാണാനും കാണാതിരിക്കാനും ഒരേ ദിവസം തന്നെ കേരളമൊട്ടാകെ ആഘോഷിക്കാനും തുടങ്ങിയെന്നത്‌ ഇതിന്‌ തുല്യമായി കാണണം.

കാരണങ്ങളേതുമാകട്ടെ പാര്‍ട്ടികള്‍ ഏതുമാകട്ടെ ഹര്‍ത്താലാഘോഷിക്കാന്‍ തിരഞ്ഞെടുത്ത ദിനങ്ങളുണ്ടായാല്‍ അത്‌ ഒരു വലിയ കുതിച്ചുചാട്ടമായിരിക്കും ഈ മേഘലയില്‍. ബന്ദ്‌ നിരോധിച്ചപ്പോള്‍ ലോകരെ ഹര്‍ത്താല്‍ പരിചയപ്പെടുത്തിയ കേരളത്തിനുതന്നെ ഇത്‌ പ്രാവര്‍ത്തികമാക്കിക്കൊണ്ട്‌ ഈപുതിയ പരീക്ഷണത്തിന്‌ തുടക്കമിടാവുന്നതേയുള്ളൂ. ഇതിനായി ഒരു ഏകീകൃത ഹര്‍ത്താല്‍ നിയമം നിയമസഭയില്‍ പാസ്സാക്കുകയോ ഒരു ഓര്‍ഡിനന്‍സായി ഇറക്കാവുന്നതോ ആണ്‌. ഗുണ്ടാനിയമത്തില്‍ നിന്നും രാഷ്ട്രീയക്കാരെ ഒഴിവാക്കിയതുപോലെ ചില നൂതന പരിഷ്കാരങ്ങളുമാകാം. സ്വാശ്രയ വിദ്യാഭ്യാസ നിയമത്തെക്കാളുമെല്ലാം നമുക്കിന്ന് അത്യാവശ്യം ഇത്തരം ഏകീകൃത ഹര്‍ത്താല്‍ നിയമമാണ്‌!

10 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

കേരളത്തിലെ ഇന്നത്തെ സാഹചര്യങ്ങളില്‍ തികച്ചും ഒഴിവാക്കാനാകാത്ത ഒന്നാണ്‌ ഹര്‍ത്താല്‍! ഹര്‍ത്താലുകളില്ലാത്ത കേരളം എന്നത്‌ ആലോചിക്കാനേ വയ്യ! .....ഹര്‍ത്താല്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്‌. ജനങ്ങളാണതിന്റെ ഗുണഭോക്താക്കള്‍! ......ഹര്‍ത്താലിന്റെ ഫലമായി കേന്ദ്ര വ്യോമയാനവകുപ്പ്‌ കരിപ്പൂരില്‍ വിദേശവിമാനങ്ങള്‍ ഇറങ്ങാനനുവദിച്ചുകഴിഞ്ഞു! ....ഹര്‍ത്താലിന്റെ ഉസിര്‌ കണ്ട്‌ പ്രധാനമന്ത്രി പോലും ബെരണ്ടുപോയി.....ഒരു ഹര്‍ത്താലും കൂടി പ്രഖ്യാപിച്ചങ്കിലെന്താ ഗുണഭോക്താക്കളാരായീ? ഇവുടുത്ത ജനങ്ങള്‍! .......സേലം ഡിവിഷന്‍ ചിലപ്പോള്‍ വയനാട്ടിലേക്ക്‌ മാറ്റനും സാധ്യതയുണ്ട്‌, ചെറിയ കാര്യമാണോ? ഗുണഭോക്താക്കളാരായീ? .....അങ്ങനെ വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്‌ ഈ ഹര്‍ത്താല്‍.......
കാരണങ്ങളേതുമാകട്ടെ പാര്‍ട്ടികള്‍ ഏതുമാകട്ടെ ഹര്‍ത്താലാഘോഷിക്കാന്‍ തിരഞ്ഞെടുത്ത ദിനങ്ങളുണ്ടായാല്‍ അത്‌ ഒരു വലിയ കുതിച്ചുചാട്ടമായിരിക്കും ഈ മേഘലയില്‍........
സ്വാശ്രയ വിദ്യാഭ്യാസ നിയമത്തെക്കാളുമെല്ലാം നമുക്കിന്ന് അത്യാവശ്യം ഇത്തരം ഏകീകൃത ഹര്‍ത്താല്‍ നിയമമാണ്‌!

കിരണ്‍ തോമസ് തോമ്പില്‍ said...

ഷാനവാസേ എന്തുകൊണ്ടാണ് ഈ ഹര്‍ത്താലുകള്‍ വിജയിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു ഹര്‍ത്താല്‍ മൂലം ആര്‍ക്കും വലിയ നഷ്ടമൊന്നും ഉണ്ടാകാത്തതുകൊണ്ട്. അതുമല്ലെങ്കില്‍ നഷ്ടം ഉണ്ടാകുന്നവര്‍ വളരെ കുറവുള്ളതുകൊണ്ട്. ഡ്രൈവര്‍മാര്‍ കടകളിലെ തൊഴിലാളികള്‍ പിന്നെ നമ്മുടെ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ ഇവരെല്ലാം ഹര്‍ത്താല്‍ ഇഷ്ടപ്പെടുന്നു. കാരണം അതൊരു അപ്രഖ്യാപിത അവധിയാണ്. ഹര്‍ത്താലിന്റെ അന്ന് കല്യാണമോ മരിച്ചടക്കോ അലെങ്കില്‍ മറ്റാത്യാവശ്യങ്ങളോ ഒക്കെ വരുമ്പഴേ ഇവരൊക്കെ ഹര്‍ത്താല്‍ വിരുദ്ധര്‍ ആകൂ. മനസാ ഹര്‍ത്താലിനെ സ്വീകരിക്കുന്നവര്‍ അധികമുള്ളതാണ് ഇവിടെ ഹര്‍ത്താല്‍ ജയിക്കുന്നത്.

പിന്നെ പ്രതിപക്ഷത്തിന്റെ കഴിവുകള്‍ അളക്കുന്നതിന് ഉപയോഗിക്കുന്ന മാനദണ്ഡവും അവര്‍ എത്ര ഹര്‍ത്താല്‍ നടത്തി എത്ര സമരങ്ങള്‍ നടത്തി എന്നൊക്കെ ആയതിനാല്‍ ഇതൊന്നും നടത്താതിരിക്കാന്‍ അവര്‍ക്കും കഴിയില്ല. ഹര്‍ത്താലിനെതിരെ ഉപവാസമിരുന്ന നമ്മുടെ ഹസനേപ്പോലെയുള്ള കോണ്‍ഗ്രസ് നേതാക്കന്മാരുടെ അവസ്ഥ ഓര്‍ക്കുമ്പോള്‍ ചിരിവരുന്നു.

ഹര്‍ത്താല്‍ ഒഴിവാക്കന്‍ പറ്റത്ത ഒരു സാഹചര്യം നല നില്‍ക്കുന്ന ഇവിടെ ഷാനവാസ് മുന്നോട്ട് വച്ച്അ പോലെ ഒരു ഏകീക്രിത ഹര്‍ത്താല്‍ ബില്‍ അടുത്ത നിയമ സഭ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ നമുക്ക് ശിപാര്‍ശ ചെയ്യാം. ബില്ലിന്റെ കരട് നമ്മള്‍ ബ്ലോഗേഷ്സ് തയ്യാറാകുകയും ചെയ്യാം.

ഷാനവാസ്‌ ഇലിപ്പക്കുളം said...

കിരണേ അതുശരിയാ, കുറേപ്പേരെങ്കിലും ഹര്‍ത്താലിന്റെ ഗുണഭോക്താക്കള്‍ തന്നെയാണ്‌ . അപ്രതീക്ഷിത്മായി കിട്ടിയ അവധി ആസ്വദിക്കുന്നവര്‍. പക്ഷേ വാടകയും കൊടുത്ത്‌ കട നടത്തുന്നവനും, കാശുമുടക്കി വണ്ടി വാങ്ങിയിട്ടിരിക്കുന്നവനും, പിന്നെ വിവാഹം നേരുത്തേ നിശ്ചയിച്ചുപോയവരും, രോഗമോ മരണമോ കൊണ്ടു വലയുന്നവരും, ഐ.റ്റി സര്‍വീസ്‌ മേഘലകളില്‍ ജോലിചെയ്യുന്നവരും( 24/7 സേവനം നല്‍കാന്‍ ബാധ്യസ്ഥരായ ഹതഭാഗ്യര്‍) അങ്ങനെ ചുരുക്കം ചിലരേ ഇതിന്റെ ഇരകളാകുന്നുള്ളൂ. എന്നാല്‍ ഹര്‍ത്താല്‍ മൂലം മുടങ്ങുന്ന പ്രവര്‍ത്തി ദിവസങ്ങള്‍ക്ക്‌ പകരമായി ശനിയാഴ്ചകളിലും ഞയറാഴ്ചകളും കൂടി പ്രവര്‍ത്തി ദിവസമാക്കി നോക്ക്‌ അപ്പോഴറിയാം സ്കൂള്‍, കോളേജ്‌ അധ്യാപകര്‍ അനധ്യാപകര്‍, മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിങ്ങനെയുള്ള സംഘടിത വര്‍ഗ്ഗത്തില്‍നിന്നും ഹര്‍ത്താലുകള്‍ക്കെതിരേ മുറുമുറുപ്പുകള്‍ ഉണ്ടാകുന്നത്‌ കാണാം. മാത്രമല്ല ഞാന്‍ പറഞ്ഞതുപോലെയുള്ള 'ഏകീകൃത ഹര്‍ത്താല്‍ നിയമം' പോലും ഒരു തമാശയല്ലാതായി തീരും! രാഷ്ട്രീയ ഗുണ്ടകളെ ഗുണ്ടാനിയമത്തില്‍ നിന്നൊഴിവാക്കിയതുപോലെതന്നെ ഹര്‍ത്താലുകളുടെ പരിധിയില്‍ നിന്നും വിവാഹം, എല്ലാത്തരം വാഹന ഗതാഗതവും, സിനിമാതീയറ്ററുകള്‍, ആശുപത്രികള്‍, ഐ.റ്റി മേഘല എന്നിങ്ങനെ ആഹ്വാനക്കാരുടെ വിജയത്തെ വലിയ തോതില്‍ ബാധിക്കാത്ത ചില ഇളവുകള്‍ കൂടി നല്‍കിയാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞുതന്നെ കിടക്കുകയും, സ്കൂള്‍, കോളേജ്‌,ബാങ്കുകള്‍, സര്‍ക്കാര്‍, സ്വകാര്യ, സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാതിരിക്കുകയും, ഹര്‍ത്താലിനോട്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട്‌ ബന്ധുവീടുകളിലേക്ക്‌ വിരുന്നു പോകുകയോ, പുതുതായി വന്ന സിനിമ കുടുംബസമേതം കാണുകയോ ചെയ്യാം.വാഹന ഉടമകളേയും, തൊഴിലാളികളേയും നഷ്ടത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്യാം. നഷ്ടത്തിലേക്ക്‌ കൂപ്പ്പുകുത്തുന്ന മലയാളസിനിമയ്ക്കുപോലും യാതൊരുവിധ സബ്സിഡികളും, ടാക്സ്‌ ഫ്രീയാക്കാതെ തന്നെ ചിലപ്പോള്‍ ലാഭകരമായേക്കും! ഹര്‍ത്താല്‍ ഉത്സവങ്ങളോടനുബന്ധിച്ച്‌ ചില ബിഗ്‌ ബഡ്ജറ്റുകള്‍ റിലീസ്‌ ചെയ്യുകയും ചെയ്യാം. ഇത്തരത്തില്‍ ഒരുവിഭാഗം മാത്രം നഷ്ടമനുഭവിക്കുന്ന ഹര്‍ത്താലുകളില്‍ അടച്ചിടപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക്‌ തൊട്ടടുത്ത ശനി/ഞായര്‍ ദിനങ്ങള്‍ പ്രവര്‍ത്തി ദിവസമാക്കുകയും ചെയ്യണം. ഹര്‍ത്താല്‍ പ്രഖ്യാപനം കഴിയുന്നതും വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ തന്നെയാക്കുകയാണെങ്കില്‍ അതിന്റെ ഗുണഭോക്താക്കള്‍ക്ക്‌ അത്‌ വളരെ പ്രയോജനകരമായിരിക്കും. കിരണ്‍ പറഞ്ഞതുപോലെ ബില്ലിന്റെ കരട്‌ ശരിയാക്കേണ്ട സമയമായിരിക്കുന്നു. ഭരണക്കാരും , പ്രതിപക്ഷവും ഗൗരവമായി ഇത്തരമൊരു നിയമത്തെക്കുറിച്ചാലോചിക്കേണ്ടിയിരിക്കുന്നു.

കിരണ്‍, നന്ദി സന്ദര്‍ശിച്ചതിനും ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞതിനും.

Mahesh Cheruthana/മഹി said...

ഷാനവാസേ,നിരീക്ഷണം വളരെ ശരിയാണു.
.ഇപ്പൊള്‍ ആവശ്യമായ പൊസ്റ്റു തന്നെ! നമുക്കിന്ന് വളരെ അത്യാവശ്യം ഇത്തരം ഏകീകൃത ഹര്‍ത്താല്‍ നിയമമാണ്‌!!!!!!

Unknown said...

തീര്‍ച്ചയായും ഹര്‍ത്താലിന്റെ നാട്ടിന് ഇത്തരം ഒരു നിയമം ഗുണം ചെയ്യുമെന്ന് മാത്രമല്ല ,പല കാര്യത്തിനും ലോകത്തിന് മാതൃകയായ കേരളത്തിന്റെ ഖ്യാതി വര്‍ദ്ധിക്കുകയും ചെയ്യും !!
ഹര്‍ത്താല്‍ കേരളം സുന്ദരകേരളം !!

അലി said...

ഹര്‍ത്താല്‍ കേരളത്തിന്റെ ദേശീയ ആഘോഷമാ‍ക്കാം...

ഷാനവാസ്‌ ഇലിപ്പക്കുളം said...

മഹേഷ്‌ അഭിപ്രായം പറഞ്ഞതിനുനന്ദി, ഏതായാലും ഹര്‍ത്താല്‍ വേണമെന്ന കാര്യത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയ്ക്കും സംശയമില്ല. ബിജെപിയുടെ ഹര്‍ത്താലിന്റെ വിജയം തമ്മില്‍ തമ്മില്‍ കൊന്നുതള്ളുമ്പോഴും സി.പി.എം ഉറപ്പുവരുത്തുന്നു. അതുപോലെ തിരിച്ചും.ഹര്‍ത്താലിനെതിരേ ഇടപെട്ടാല്‍ തങ്ങളുടെ ഹര്‍ത്താലിനും തിരിച്ച്ടിനേരിടുമെന്ന ഭയമാണ്‌ ഭരണക്കാര്‍ക്ക്‌. കൊതുകു ചത്താലും അത്‌ ക്രമസമാധാന പ്രശ്നമായി വിളിച്ചുകൂവുന്ന തൊമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും നിരന്തരമുണ്ടാകുന്ന ഹര്‍ത്താലുകളില്‍ (ഒരു വിഭാഗം) ജനങ്ങള്‍ ബുദ്ധിമുട്ടുന്നതില്‍ ഒരു പ്രശനവുമില്ല! നിയമം വരട്ടെ അല്ലേ? ഇത്തരം ഒരു നിയമം കൊണ്ടുവരുന്നവരാരായാലും അവര്‍ക്കാകട്ടെ നമ്മുടെ അടുത്ത വോട്ട്‌!

സുകുമാരന്‍ മാഷേ അതുകൊള്ളാം, ഹര്‍ത്താല്‍ കേരളം സുന്ദര കേരളം! അധികാരവികേന്ദ്രീകരണത്തില്‍ 'കേരള മോഡല്‍' ഉദ്ഘോഷിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‌ ഹര്‍ത്താലിന്റെ കാര്യത്തിലും കേരളത്തെ മാതൃകയാക്കാവുന്നതേയുള്ളൂ അപ്പോള്‍ ഇന്‍ഡ്യയുടെ തന്നെ ദേശീയോത്സവമാക്കിമാറ്റാം. കേരളം വിളങ്ങട്ടെ! താങ്കളുടെ അഭിപ്രായത്തിനെ വളരെ നന്ദി.

അലീ, മേല്‍പറഞ്ഞതുപോലെയായാല്‍ ഹര്‍ത്താല്‍ കേരളത്തിന്റെ മാത്രമല്ല ഇന്‍ഡ്യയുടെ തന്നെ ദേശീയോത്സവമാക്കാം. നാനാത്വത്തില്‍ ഏകത്വത്തിന്‌ ഒരു പുതിയ നിര്‍വ്വചനവും സ്കൂളുകളില്‍ പഠിപ്പിക്കാം! അഭിപ്രായത്തിന്‌ വളരെ നന്ദി

കൊച്ചുമുതലാളി said...

ഈ ലിങ്കുകളില്‍ ഒന്ന് പോയി നോക്കൂ...

1. ഹര്‍ത്താലുകളെ പറ്റിയുള്ള വിശദ വിവരങ്ങള്‍ക്ക്

2. ബന്ത് നിരോധിച്ചതിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍



3. പടങ്ങള്‍

chithrakaran ചിത്രകാരന്‍ said...

ഹര്‍ത്താലിന്റെ രാഷ്ട്രീയം വിശകലനം ചെയ്തതു നന്നായിരിക്കുന്നു.
ഹര്‍ത്താല്‍ നമ്മുടെ ദേശീയോത്സവമാണ്.
ഒരു സമരമാര്‍ഗ്ഗമെന്ന നിലയില്‍ അണികളോ, പ്രചരണമോ ഇല്ലാതെ തന്നെ നടത്താവുന്ന രാഷ്ട്രീയ പ്രവര്‍ത്തനം.

manoj pm said...

നാടിന്റെ വലിയ വലിയ പ്രശ്നങ്ങള്ക്കുനേരെ ഭരണാധികാരികളുടെ ശ്രദ്ധ തിരിക്കാനും ജനങ്ങളുടെ ഒറ്റക്കെട്ടായ പ്രതിഷേധം രേഖപ്പെടുത്താനുമെല്ലാം ഹര്ത്താലും പണിമുടക്കുമെല്ലാം വേണ്ടിവരും. കുറെ ബന്ദും പിക്കറ്റിങ്ങും നടത്തിയിട്ടാണല്ലോ ബ്രിട്ടീഷുകാരെ കപ്പല്കയറ്റിയത്. ഇവിടെ പ്രശ്നം ഡ്യൂക്കിലികളുടെ ഹര്ത്താലാഘോഷമാണ്. നാലും മൂന്നും ഏഴുതികച്ച് മെമ്പര്ഷിപ്പില്ലാത്ത കക്ഷി ഹര്ത്താലാഹ്വാനം നല്കിയാല് കേരളം സ്തംഭിക്കാതിരിക്കണമെങ്കില് നമ്മുടെ ഹര്ത്താല് വിരുദ്ധ മാധ്യമങ്ങള് ഒന്നുമനസ്സുവച്ചാല് മതി. ആഹ്വാനവാര്ത്ത അച്ചടിക്കേണ്ടെന്നങ്ങു വയ്ക്കണം. പത്രവും ടിവിയും മിണ്ടിയില്ലെങ്കില് അനാവശ്യ ഹര്ത്താലാഹ്വാനം ജനിച്ചിടത്തുതന്നെ ചരമഗതി പ്രാപിക്കും. അതിന് പാവപ്പെട്ട പടച്ചോന്റെ സമയം മെനക്കെടുത്തണോ. ദാറ്റ്സ് ആള് യുവര് ഓണര്.