Sunday, July 22, 2007

തുല്യതയില്ലാത്ത തോന്ന്യാസം

മുന്നറിയിപ്പ്‌: ഇതൊരുതരത്തിലൊരു വളിയ്ക്ക്‌ വിളികേള്‍ക്കലാണെന്ന് തോന്നാം എന്നാലും ചിലപ്പോള്‍ അതും വേണ്ടി വരും. അതിനാലാണ്‌ ഈ പോസ്റ്റ്‌.

ഹൈസ്കൂള്‍ അദ്ധ്യാപകനായ ശ്രീ. കരിപ്പാറ സുനിലിന്റെ 'പലവക' എന്ന ബ്ലോഗില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ വിവിധ കോഴ്‌സുകള്‍ P.S.C അംഗീകരിച്ചു എന്നപോസ്റ്റില്‍ വിവിധ VHSE കോഴ്സുകള്‍ കേരള പി.എസ്‌.സി ത്രിവത്സര ഡിപ്ലോമകള്‍ക്ക്‌ തുല്യമാക്കൊണ്ട്‌ ഇറക്കിയ ഗവണ്‍മന്റ്‌ ഉത്തരവിനെ ഒരു പഴയ ഡിപ്ലോമക്കാരനെന്ന നിലയില്‍ ഞാന്‍ എന്റെ പ്രതിഷേധമറിയിച്ചു. ഇതിനെതിരേയുള്ള സമരക്കാരെ പിന്തുണച്ചുകമന്റിട്ടു. എന്റെ അഭിപ്രായത്തോട്‌ 'മുക്കുവന്‍' അദ്ദേഹത്തിനുള്ള വിയോജിപ്പ്‌ മാന്യമായി പറഞ്ഞു. ഞാന്‍ അതിനുള്ള മറുപടിയും പറഞ്ഞു കഴിഞ്ഞപ്പോള്‍ വന്ന ഒരു അനോനിമസ്‌ കമന്റിനുള്ള മറുപടിയാണിത്‌. മറുപടി അല്‍പം നീണ്ടുപോയതുകൊണ്ടുമാത്രാണ്‌ ഒരു പോസ്റ്റാക്കിയിട്ടത്‌.

പ്രിയ അണോണീ,
താങ്കളുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, അര്‍ഥമില്ലാത്ത സ്വജന പക്ഷപാതമല്ല ഞാന്‍ പങ്കുവെച്ചത്‌.വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഡിപ്ലോമ കഴിഞ്ഞ ഒരുവ്യക്തിയാണ്‌ ഞാന്‍. പക്ഷേ എന്റെ വിദ്യാഭ്യാസ യോഗ്യത ആ ഡിപ്ലോമയില്‍ മാത്രമൊതുങ്ങുന്നില്ലെന്നതുകൊണ്ടും, അന്തസ്സുള്ള ഒരു ജോലിയുണ്ടെന്നതുകൊണ്ടും ഇത്‌ എന്നെ ബാധിക്കുന്ന ഒരു പ്രശ്നമല്ലല്ലോ എന്ന് കണ്ണാടയ്ക്കാന്‍ എനിക്കാകില്ല. കാരണം താങ്കള്‍ പറഞ്ഞ സിലബസുകളിലെ (ITI,Dip,BTech..etc)വ്യത്യാസം വ്യക്തമായും അറിവുള്ളതുകൊണ്ടും, ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ ഇന്നും VHSEകഴിഞ്ഞും, പ്ലസ്‌ടു കഴിഞ്ഞും, എന്തിന്‌ ഡിഗ്രി കഴിഞ്ഞിട്ടുപോലും(ഡിപ്ലോമയ്ക്ക്‌ ഞങ്ങളുടെ സഹപാഠികളില്‍ ധാരാളം ഡിഗ്രിക്കാരുമുണ്ടായിരുന്നു) ഡിപ്ലോമയ്ക്ക്‌ പഠിക്കുന്നുണ്ടെന്ന അറിവുള്ളതുകൊണ്ടുമാണ്‌ പ്രതിഷേധിച്ചത്‌.ഒരുപാടൊന്നും വിശദീകരിക്കാതെ സമയപരിമിതിമൂലമാണ്‌ പ്രതിഷേധം മാത്രമാക്കി ചുരുക്കിയത്‌. ഈ സിലബസുകളൊന്നും പഠിക്കാന്‍ പോകേണ്ട, പകരം എളുപ്പത്തില്‍ ചെയ്യവുന്ന ഒരു കാര്യുമുണ്ട്‌,ഇത്തരത്തില്‍ VHSE കഴിഞ്ഞ്‌ ഡിപ്ലോമയ്ക്ക്‌ പഠിക്കുന്നവരോ പഠിച്ചുകഴിഞ്ഞവരോ ആയ വിദ്യാര്‍ത്ഥികളെയോ, സുഹൃത്തുക്കളെയോ പരിചയമുണ്ടെങ്കില്‍ അവരോട്‌ ചോദിക്കുക രണ്ടും ഒന്നുതന്നെയോ എന്ന്‌.

ഞാന്‍ മുന്‍പ്‌ ചോദിച്ചതുപോലെ 3 വര്‍ഷ ഡിപ്ലോമ പാസ്സായി ആവശ്യത്തിന്‌ എക്സ്‌പീരിയന്‍സായാല്‍ അത്‌ ബി.ടെക്‌-ന്‌ തുല്യമായി കാണാനാകുമോ? ബിടെക്‌ കഴിഞ്ഞ്‌ ആവശ്യത്തിന്‌ എക്സ്‌പീരിയന്‍സ്‌ ആയാല്‍ അത്‌ എം.ടെക്‌-ആയാലോ? നാലാം ക്ലാസ്സില്‍ നാലു കൊല്ലം പഠിപ്പിച്ചല്‍ ടി.ടിസി. കാരന്‍ ഹൈസ്കൂളിലും, ഹൈസ്കൂളില്‍ 5 കൊല്ലം പഠിപ്പിച്ചയാള്‍ക്ക്‌ നെറ്റും സെറ്റുമൊന്നുമില്ലതെയും പോസ്റ്റുഗ്രാഗ്വേഷനില്ലാതെയും പ്ലസ്റ്റുവിനും പഠിപ്പിക്കാമല്ലോ? കൊള്ളമല്ലോ കളി! അക്കഡമിക്‌ പഠനവുമെക്സ്പീരിയന്‍സും രണ്ടും രണ്ടാണ്‌. VHSE കഴിയുന്നവര്‍ക്ക്‌ ഡിപ്ലോമ പഠിക്കാന്‍ നിശ്ചിത സീറ്റ്‌ നീക്കിവെക്കുന്നത്‌ മനസ്സിലാക്കാം. ഇന്നത്തെ ബ്‌.ടെക്‌ ലാറ്ററല്‍ എന്റ്രിപോലെ അല്ലാതെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഒരു കണ്ടുപിടുത്തം കേരളത്തിലെ പി. എസ്‌.സി കണ്ടുപിടിച്ചത്‌ അപാരം തന്നെ.കഷ്ടം

ഏല്ലാ VHSE കോഴ്സുകളേയും തുല്യമാക്കി അംഗീകരിച്ചിട്ടില്ലല്ലോ എന്നതൊരു ആശ്വാസമൊന്നുമല്ല കാരണം അംഗീകരിക്കപ്പെട്ട VHSE കളുടെ അതേ ബ്രാഞ്ചിലുള്ള ഡിപ്ലോമകളോടുവേണം അതിനെ താരതമ്യം ചെയ്യാന്‍ അല്ലാതെയുള്ള സാമാന്യവത്‌കരണം യുക്തിസഹമല്ല. പിന്നെ ഈ രണ്ടു കോഴ്സുകളേയും തുല്യപ്പെടുത്തുന്നതില്‍ ഒരു വിരോധവുമില്ല, പക്ഷേ പഠന കാലയളവും, സിലബസ്സും ഏകീകരിക്കുകയും, ഒരേ പരീക്ഷാ ബോര്‍ഡിന്റെ കീഴില്‍ ഏകീകൃത തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ നടത്തുകയും, രണ്ടുകോഴ്സുകളിലേക്കുമുള്ള പ്രവേശന യോഗ്യതയും(index മാര്‍ക്കിന്റെ അഡിസ്ഥാനത്തിലുള്ളത്‌) ഏകീകരിക്കുകയും ചെയ്തിട്ട്‌ സ്റ്റേറ്റ്‌ ബോര്‍ഡ്‌ ഓഫ്‌ ടെക്നിക്കല്‍ എക്സാമിനേഷന്‍സ്‌ അംഗീകരിച്ച സാക്ഷാല്‍ ഡിപ്ലോമാ സര്‍ട്ടിഫിക്കേറ്റ്‌ തന്നെ കൊടുത്തോളൂ ഒരു വിരോധവുമില്ല. അല്ലതെ ഇപ്പറഞ്ഞ കാര്യങ്ങളിലെല്ലാം ആടും ആനയും പോലുള്ള വ്യത്യാസമുള്ളപ്പോള്‍ മൂന്നിന്‌ രണ്ടുവര്‍ഷം മാത്രമുള്ള പഠനവും, ഒരു തരത്തിലും മാച്ച്‌ ആകാത്ത സിലബസുമുള്ള കോഴ്സ്‌ കഴിഞ്ഞ്‌(ഇന്നും ഡിപ്ലോമ അഡ്മിഷന്‌ VHSEക്ക്‌THSLCക്കെന്നപോലെ പ്രത്യേകം ക്വോട്ടയുണ്ടെന്നതോര്‍ക്കുക) കേവലം ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം കൊണ്ടുമാത്രം ഈ രണ്ടു കോഴ്സുകളെ തുല്യപ്പെടുത്തിക്കളയാമെന്ന പി.എസ്‌.സി വെളിപാട്‌ (മറ്റൊരു സംസ്ഥാനത്തിനും തോന്നത്തത്‌) പിന്‍ വാതിലിലൂടെ എയ്ഡഡ്‌ VHSE കള്‍ക്ക്‌ പോളീടെക്നിക്കിന്‌ തുല്യമായ പദവിനേടിക്കൊടുത്ത്‌ മനേജുമെന്റുകള്‍ക്ക്‌ ഒരു പുതിയ കോഴവാങ്ങലിന്‌ കളമൊരുക്കാനല്ലേയെന്ന് ന്യായമായും സംശയിക്കണം.

സാമ്പത്തികവും, സീറ്റുകളുടെ അഭാവവും, എന്റ്രന്‍സ്‌ എന്ന ലോട്ടറിയും നിമിത്തം ഒരു ബിടെക്‌ അഡ്മിഷന്‍ ലഭിക്കാത്ത പക്ഷേ മിടുക്കരായ ആയിരക്കണക്കിന്‌ ഡിപ്ലോമ വിദ്യാര്‍ഥികളുടെ ഭാവിവെച്ചിട്ടല്ല ഇത്തരം കളികള്‍ കളിക്കേണ്ടത്‌. അല്ലെങ്കില്‍ ഇതേ ന്യായത്തിന്റെ ചുവടുപിടിച്ച്‌ നാളെ ഡിപ്ലോമക്കാരെല്ലാം ഞങ്ങള്‍ക്ക്‌ ആവശ്യത്തിന്‌ തൊഴില്‍ പരിചയമുണ്ട്‌ അതിനാല്‍ ഞങ്ങളുടെ ഡിപ്ലോമയെല്ലാം B.Tech ന്‌ തുല്യമാക്കണമെന്ന് ആവശ്യപ്പെട്ട്‌ സമരത്തിനിറങ്ങിയാല്‍ അംഗീകരിക്കാനാകുമോ? അതുകൊണ്ട്‌ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു പഠനവും നടത്താതെ, സിലബസുകള്‍ ഏകീകരിക്കാതെ പരീക്ഷകള്‍ തുല്യപ്പെടുത്താതെ, പഠനകാലയളവ്‌ തുല്യമാക്കതെയുള്ള ഒരു ഏകീകരണവും ഇക്കാര്യത്തിലനുവദിക്കാനാകില്ല എന്നുതന്നെയാണെ എന്റെ കാഴ്ചപ്പാട്‌ വിവേചനബുദ്ധിയുള്ള ഭൂരിപഷതിന്റേയും എന്നു ഞാന്‍ കരുതുന്നു.

ഇതിനെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍കാര്യങ്ങള്‍ അന്‍വര്‍ വെളിയങ്കോട്‌ തന്റെ ബ്ലോഗില്‍ വിശദമായി മൂന്നു പോസ്റ്റുകളിലൂടെ പത്രവാര്‍ത്തകള്‍ സഹിതം വിവരിച്ചിരിക്കുന്നു.

ഈ തോന്ന്യാസ നിയമം നിയമം പിന്‍ വലിച്ചിരിക്കുന്നുവെന്നറിയുന്നതില്‍ അതിയായ സന്തോഷം!ഇതിനെതിരേ പ്രതിഷേധിച്ചവര്‍ക്കും, സമരം ചെയ്തവര്‍ക്കെല്ലാം അഭിനന്ദനങ്ങളും നന്ദിയുമറിയിക്കുന്നു.

Saturday, July 21, 2007

'അസാധു'വിന്റെ മന:ശ്ശാസ്ത്രം

കേരളത്തിലെ 5 എം.എല്‍.എ മാര്‍ രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ അസാധുവോട്ടു ചെയ്ത്‌ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഈ അസാധുവോട്ട്‌ ചെയ്ത 5 ജനപ്രതിനിധികളും അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം അവര്‍ കേരളത്തീന്റെ രാഷ്ട്രീയ പ്രബുദ്ധതയാണ്‌ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്‌. ഇന്‍ഡ്യയിലെ മറ്റൊരു സംസ്ഥാനത്തിലും ഇത്രയും അസാധുവോട്ട്‌ ഇത്തവണത്തെ രാഷ്ട്രപതി തെരെഞ്ഞെടുപ്പില്‍ നടന്നിട്ടില്ലെന്നത്‌ ശ്രദ്ധേയമാണ്‌. ഈ അഞ്ചുപേര്‍ക്കും എഴുത്തും വായനയും അറിയാന്‍ വയ്യാത്തതുകൊണ്ട്‌ അബദ്ധം പറ്റിയാണ്‌ ഇങ്ങനെ ചെയ്തതെന്ന് കേരളത്തിലെങ്കിലും ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല.

പണ്ട്‌ ബാലറ്റ്‌ ഉപയോഗിച്ച്‌ തെരെഞ്ഞെടുപ്പ്‌ നടത്തിയിരുന്നപ്പോള്‍ തെരെഞ്ഞെടുപ്പും വോട്ടെണ്ണെലും ഒരുത്സവം തന്നെയായിരുന്നു.വോട്ടെണ്ണുമ്പോള്‍ പലപ്പോഴും പല സ്ഥാനാര്‍ത്ഥികളേക്കാളും 'അസാധു'മുന്നിലായിരുന്നുവെന്ന് രാമചന്ദ്രനും, പ്രതാപനും, വെണ്മണിവിഷ്ണുവും , സുഷമയുമൊക്കെ പറഞ്ഞ്‌ നമ്മള്‍ കേട്ടിട്ടുണ്ട്‌.ഇന്നിപ്പോള്‍ വോട്ടിംഗ്‌ യന്ത്രം വന്നതിനാല്‍ അസാധുവോട്ട്‌ നമുക്കൊരിക്കലും ചെയ്യാനാകില്ലെന്നിരിക്കേ നമ്മുടെ ജനപ്രതിനിധികള്‍ക്കെങ്കിലും ഇതാകുന്നുവെന്നതും 'അസാധു' അന്യം നിന്നിട്ടില്ലെന്നതും സന്തോഷം പകരുന്നു.

ഇവിടെ ഭരണ പ്രതിപക്ഷ ഭേദമന്യേ ഞങ്ങളുടെയെല്ലാം വോട്ട്‌ താങ്കള്‍ക്കാണെന്നും ആദ്യമായി ഒരു 'വനിതാ കാന്‍ഡിഡേറ്റ്‌' രാഷ്ട്രപതിയാകുന്നതിലെ സന്തോഷം മുഖ്യമന്ത്രിയും, ഞങ്ങളുടെ ഇടയില്‍ രാഷ്ട്രീയമയ അഭിപ്രായ വ്യത്യാസങ്ങളുടെങ്കിലും 'രാജ്യതാല്‍പര്യങ്ങള്‍ക്ക്‌ മുന്നില്‍' ഞങ്ങള്‍ ഒറ്റക്കെട്ടാണെന്ന് പ്രതിപക്ഷ്‌ നേതാവും ആവേശം കൊണ്ടിട്ട്‌ അധികം നാളായില്ല. അല്ല ഇനി അഞ്ചില്‍ രണ്ട്‌ ഇവരല്ലെന്ന് ആര്‍ക്കറിയാം!

എന്തായാലും ഒരുകാര്യത്തില്‍ സന്തോഷമുണ്ട്‌, പ്രതിഭാപാട്ടീല്‍ രാഷ്ട്രപതിയാകാന്‍ ഒട്ടും യോഗ്യയല്ലെന്ന് ഈ അഞ്ചുപേര്‍ക്കെങ്കിലും തോന്നുകയും അവരത്‌ സ്വന്തം മനസ്സാക്ഷിയോട്‌ നീതിപുലര്‍ത്തിക്കൊണ്ട്‌ ബാലറ്റിലൂടെ തെളിയിക്കുകയും ചെയ്തിരിക്കുന്നു.കുറേപ്പേര്‍ക്കെങ്കിലും തോന്നിയിരുന്ന ഒരു സത്യം, രാജാവ്‌ നഗ്നനാണെന്ന് സോണിയാ രാജീവിനു നേരേ വിളിച്ചുപറയാന്‍ അസാധുവിന്റെ തണലിലെങ്കിലും കേരളത്തില്‍നിന്നുള്ള എം.എല്‍.എ മാരില്‍ചിലര്‍ക്ക്‌ തോന്നിയത്‌ നന്നായിയെന്ന് തോന്നുന്നു!

ഈ അസാധു മാതൃകയാക്കി കേരളത്തിന്റെ പൊതുവായ കാര്യങ്ങളില്‍ തമിഴ്‌നാട്‌ എം.പി മാരെ പ്പോലെ നാടിനുവേണ്ടി സമ്മര്‍ദ്ദം ചെലുത്താനെങ്കിലും നമ്മുടെ എം.പി മാര്‍ ഒരു അസാധുവിന്റെയെങ്കിലും മറപറ്റി മുന്നോട്ട്‌ വന്നെങ്കില്‍!

Wednesday, July 11, 2007

ഒരു എട്ടണ സമരം കൂടി.

മുന്‍കൂര്‍ ജാമ്യം: എന്റെ വീട്ടില്‍ പ്രൈവറ്റ്‌ ബസ്സില്ല, ബന്ധുക്കള്‍ക്കും!

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരണ സമരത്തിലൂടെ പാവാട കെ.എസ്‌.യു. എന്ന പേരില്‍ പിന്നീട്‌ ലോക പ്രശസ്തമായ സംഘടനയെ കേരളത്തിന്‌ സമ്മാനിച്ച ആന്റണിയുടേയും, വയലാര്‍ രവിയുടേയും അനുയായികളായ അഭിനവ പാവാടക്കാര്‍ ഇതാ വീണ്ടും നാല്‍പത്തിയെട്ട്‌ കൊല്ലത്തിന്‌ ശേഷം ഒരു എട്ടണ സമരത്തിലൂടെ നീലക്കൊടിയിലെ പന്തത്തിന്‌ അല്‍പം എണ്ണകൂടിപകരാന്‍ ദാ നേരേ പ്രൈവറ്റ്‌ ബസ്‌ മുതലാളിമാരുടെ മണ്ടയ്ക്കോട്ട്‌ കയറുന്നു.

1959ലെ ഒരണസമരമാണ്‌ പഴയ ഐ.എസ്‌.യു.വിനെ നാലാളറിയുന്ന കെ.എസ്‌.യു ആക്കിമാറ്റിയത്‌. ഇപ്പോഴാകാട്ടെ രൂപം കൊണ്ടിട്ട്‌ ഇക്കൊല്ലം അന്‍പത്‌ വയസ്സ്‌ പിന്നിട്ട്‌ ഷഷ്ടിപൂര്‍ത്തിയിലേക്ക്‌ ഇഴയുമ്പോള്‍, അന്‍പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇതാ ഒരമ്പത്‌ പൈസയുടെ പേരില്‍ വീണ്ടും സമര തീച്ചുളയിലേക്ക്‌ കെ.എസ്‌.യു പന്തവുമായി ഇറങ്ങുന്നു. തുടക്കമെന്ന നിലയില്‍ ഇന്ന് കണ്ണൂരും, ത്രിശ്ശൂരും ബസ്‌ ഓപറേറ്റേഴ്‌സിന്റെ ഓഫീസിന്റെ നേര്‍ക്ക്‌ സമര(തകര്‍ക്കല്‍)പ്രഖ്യാപനം നടത്തുകയും, മലപ്പുറത്ത്‌ ഒരു ജോയിന്റ്‌ ആര്‍.ടി.ഓ യെ ഒരുമണിക്കൂര്‍ നേരം മുള്ളാന്‍ വിടാതെ തടഞ്ഞുവെച്ച്‌ തങ്ങളുടെ സമരവീര്യം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചിരിക്കുന്നു.

കാരക്കോണം സ്വാശ്രയ'മേടിക്കല്‍'കോളേജ്‌ തമിഴ്‌നാട്ടുകാരനായ വിദ്യാര്‍ഥിയില്‍ നിന്നും ഇത്തവണത്തെ എം.ബി.ബി.എസ്‌ കോഴ്സിന്‌ ഇപ്പോള്‍തന്നെ രണ്ടുവട്ടമായി 20 ലക്ഷം തലവരി വാങ്ങിയെന്ന് കേരളമൊട്ടുക്കുംടിവിയിലൂടെ കണ്ടിട്ടും അവിടെയെങ്ങും കെ.എസ്‌.യു വിനെ കണ്ടില്ല. മൂരാച്ചികളായ ബസ്‌മുതലാളിമാര്‍(കട:വരവേല്‍പ്‌)വിദ്യാര്‍ഥികളുടെ എട്ടണ എന്ന നിലവിലുള്ള ചാര്‍ജ്ജ്‌ വര്‍ധ്ധിപ്പിക്കണമെന്ന് ഏകപക്ഷീയമായി പറഞ്ഞിരിക്കുന്നു.

ങ്‌ഹേ? കെ.എസ്‌.യു ഇവിടെ ജീവിച്ചിരിക്കുവോളം ഇതനുവദിക്കുന്ന പ്രശനമുദിക്കുന്നില്ല. പഴയ ഒരണ സമരം ചെയ്തവരുടെ രക്തം തന്നെ ഞരമ്പിലൂടെ ഓടുന്ന വരാണ്‌ ഇപ്പോഴത്തെയും, എപ്പോഴത്തേയും കെ.എസ്‌.യുക്കാര്‍. എന്താ ജനങ്ങള്‍ക്കോ ബസ്‌ മുതലാളിമാര്‍ക്കോ എന്തെങ്കിലും സംശയമുണ്ടോ? അന്‍പത്‌ വര്‍ഷം മുന്‍പ്‌ ഒരണയാണെങ്കില്‍ ഇന്ന് എട്ടെണ അത്രയേ വ്യത്യാസമുള്ളൂ.എന്തുവിലകൊടുത്തും എട്ടണ ഞങ്ങള്‍ സംരക്ഷിക്കും,'കുട്ടികള്‍ക്കെട്ടണ' അല്ലെങ്കില്‍ കണ്ണാടിയും ടയറുമൊന്നുമില്ലാതെ അങ്ങ്‌ ഓടിയാല്‍ മതി. ഇനി ഓടിയില്ലെങ്കിലും ഞങ്ങള്‍ക്കൊന്നുമില്ല!

ഇനി ഈബസ്‌ മുതലാളിമാര്‍ പറയുന്നതിലെന്തെങ്കിലും ന്യായമുണ്ടോ? ഇവര്‍പറയുന്നത്‌ പിച്ചക്കാര്‍ക്ക്‌ പോലും ഇന്ന് ആരും അമ്പതു പൈസ കൊടുക്കുന്നില്ലെന്നും, കൊടുത്താല്‍ തന്നെ അവര്‍ അത്‌ വാങ്ങുന്നില്ലെന്നുമാണ്‌ ഇതു സത്യമാണോ? നിങ്ങളാരെങ്കിലും പിച്ചക്കാര്‍ കൈ നീട്ടുമ്പോള്‍ പോക്കറ്റില്‍ തപ്പി ഇനി അബദ്ധത്തിലെങ്ങാനും ഒരമ്പതു പൈസമാത്രമായി കൈയ്യില്‍ തടഞ്ഞാല്‍ അത്‌ വച്ചുനീട്ടുമോ? ട്രാണ്‍സ്പോര്‍ട്ട്‌ ബസ്സില്‍ നിന്നും എന്നെങ്കിലും അന്‍പതു പൈസ ബാക്കി കിട്ടിയിട്ടുണ്ടോ?

ഇനി അവര്‍ പറയുന്ന രണ്ടാമത്തെ കാര്യം, എന്നാണ്‌ അവസാനമായി വിദ്യാര്‍ത്‌ഥികളുടെ ബസ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിച്ചത്‌? ഓര്‍മ്മയില്ല,അന്ന് എന്തായിരുന്നു ഡീസലിന്റെ വില? എന്തായിരുന്നു? അറിഞ്ഞൂടാ.എതായാലും ഒന്നെനിക്കോര്‍മ്മയുണ്ട്‌ ഞാന്‍അഞ്ചാം ക്ലാസ്‌ മുതല്‍ ഏഴാം ക്ലാസ്‌ വരെ പഠിച്ചിരുന്നപ്പോള്‍ പത്തു പൈസയായിരുന്നു പ്രൈവറ്റ്‌ ബസ്സിലെ 'സി'ട്രാണ്‍സ്പോര്‍ട്ടില്‍ കണ്‍സഷനില്ലെങ്കില്‍ 'ഹാഫ്‌' എന്നുപറയുന്നത്‌ അമ്പതു പൈസയും. ഇരുപത്‌ കൊല്ലത്തിനുമപ്പുറമുള്ള കാര്യമാണിത്‌.ഇരുപത്‌ വര്‍ഷം കഴിഞ്ഞപ്പോള്‍ ഇത്‌ പത്തില്‍ നിന്നും അന്‍പത്‌പസ(എട്ടണ) യായി കൂടിയിരിക്കുന്നു. അന്നത്തെ ഡീസലിന്റെ വില ലിറ്ററിന്‌ നാലു രൂപയിലും താഴെയായിൂന്നു.ഇന്നത്‌ നാല്‍പതിനടുത്താണ്‌. തൊഴിലാളികളുടെ ഒരു ദിവസത്തെ കൂലി20-25 ആയിരുന്നത്‌ ഇന്ന് 225-250 ആയിരിക്കുന്നു(ബസ്‌തൊഴിലാളിയുടെയല്ല!)ഇപ്പറയുന്നതിലൊക്കെ അല്‍പമെങ്കിലും വാസ്തവമില്ലേ?

അവരുടെ അടുത്ത ആരോപണമിതാണ്‌,സ്കൂളുകളില്‍ പത്താം തരം വരെ പഠിക്കുന്ന കുട്ടികള്‍ക്ക്‌ അന്‍പത്‌ പൈസയ്ക്ക്‌ കൊണ്ടുപോകാന്‍ തയ്യാറാണ്‌, പക്ഷേ ഇതേ ആനുകൂല്യം തന്നെ ലക്ഷങ്ങള്‍ കോഴവാങ്ങുന്ന സ്വാശ്രയത്തിലും,ആയിരങ്ങള്‍ ഫീസുകൊടുക്കുന്ന പ്രൈവറ്റ്‌, ഗവണ്‍മന്റ്‌ കോഴ്‌സുകള്‍ക്കും പഠിക്കുന്നവര്‍ക്കും കൊടുക്കണമെന്നു പറയുന്നത്‌ ഈ വ്യവസായം പൂട്ടിക്കാനേ ഉപകരിക്കൂ എന്നതാണ്‌. ഇക്കാര്യം പൂര്‍ണമായല്ലെങ്കിലും ഒരുപരിധിവരെയെങ്കിലും പരിഗണിക്കേണ്ടതല്ലേ? സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക്‌ കണ്‍സഷന്‍ അങ്ങനെ തന്നെ നിലനിര്‍ത്തി അതിന്‌ മുകളിലുള്ളവര്‍ക്ക്‌ ഒരു മുഴുവന്‍ അളുടെ പാതി ചാര്‍ജ്ജൊന്നുമില്ലെങ്കിലും നാലിലൊന്നെങ്കിലുമാക്കി വര്‍ദ്ധിപ്പിക്കുക മര്യാദയല്ലേ?ഈ എട്ടണയെന്നത്‌ ന്യായമാണോ?

മറ്റൊരു വാദം സ്കൂളുകള്‍ വിടുമ്പോഴും സ്കൂളിലേക്ക്‌ പോകുന്ന സമയത്തും സ്കൂളിനടുത്ത്‌ ബസ്‌ നിര്‍ത്തുമ്പോള്‍ ബസ്സിന്റെ പകുതിയില്‍ കൂടുതലും വിദ്യാര്‍ഥികളെക്കൊണ്ട്‌ നിറയുമെന്നും, അതിനാല്‍ മുതിര്‍ന്ന യാത്രക്കാരെ ഈ ട്രിപ്പുകളില്‍ കിട്ടുന്നത്‌ കുറവായതുകൊണ്ട്‌ പ്രധാനപ്പെട്ട ഈ ട്രിപ്പുകളില്‍ കിട്ടുന്നത്‌ പിച്ച്ക്കാശ്‌ മാത്രമാണെന്നും(ഡീസലിന്‍ പോലും മുതലാകില്ലെന്ന് ബസ്‌ ഓപ്പറേറ്റേഴ്‌സിന്റെ വാദം)ഇപ്പറഞ്ഞ 'സി'യുടെ വര്‍ദ്ധന വേണമോ വേണ്ടയോ എന്ന് ചിതിക്കേണ്ട ചോദ്യം.

മുന്‍ ആരോപണവും അതിനുള്ള അവരുടെ തന്നെ ബദല്‍ നിര്‍ദ്ദേശവുമായ പത്താം ക്ലാസു കഴിഞ്ഞ വിദ്യാര്‍ഥികളുടെ ചാര്‍ജ്ജ്‌ മുതിര്‍ന്നവരുടെപകുതിയൊന്നുമാക്കിയില്ലെങ്കിലും നാലിലൊന്നോ എട്ടണയില്‍ നിന്നും ഒരു രൂപയെങ്കിലുമാക്കിയോ കൂട്ടിയാല്‍ ഈ പരാതിയും സമരഭീഷണിയും, അതുവഴി ജനത്തിനും, തൊഴിലാളികള്‍ക്കുമുള്ള വലച്ചിലിനും പരിഹാരമുണ്ടായേക്കും.അല്ലതെ വിദ്യാര്‍ഥി കളുടെ പ്രീതി സമ്പാദിക്കാനുദ്ദേശിച്ച്‌ (അവരുടെ കയ്യൂക്ക്‌ ഉപയോഗപ്പെടുത്തണമെങ്കില്‍ ഇത്‌ നിര്‍ബന്ധം)ബസ്ചാര്‍ജ്‌ യാതൊരു തത്വദീക്ഷയുമില്ലാതെ അങ്ങനെ തന്നെ നില നിര്‍ത്തുന്നത്‌ ശരിയോ എന്നാലോചിക്കേണ്ടതാണ്‌.

തോന്നുമ്പോള്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നിര്‍മ്മിച്ച പാലങ്ങള്‍ക്ക്‌ ടോള്‍ ഏര്‍പ്പെടുത്തുകയും, ശക്തമായ എതിര്‍പ്പ്‌ വരുമ്പോള്‍ പിന്‍വലിക്കുകയും, ആര്‍.ടി.ഓ ഓഫീസുകളില്‍ യൂസേഴ്‌സ്‌ ഫീ എന്ന പേരില്‍ ഒരു പുതിയ ചാര്‍ജ്ജും ഏര്‍പ്പെടുത്തിയ, ഇതിനോടകം വാഹന നികുതി ഗണ്യമായ തോതില്‍ വര്‍ധിപ്പിച്ച കാലാകാലങ്ങളിലെ ഇടതു വലതു സര്‍ക്കരുകള്‍ക്ക്‌ ഇത്തരം രോദനങ്ങളും കൂടി കേള്‍ക്കാം.

ഇനി ബസ്‌ ഓപ്പറെറ്റേഴ്‌സിനോടു വിയോജിപ്പുള്ള കാര്യം: പത്താം ക്ലാസ്സു കഴിയുന്നവരെല്ലാം ആയിരങ്ങളും, ലക്ഷങ്ങളും കോഴകൊടുത്തു പഠിക്കുന്നവരാണെന്നുള്ള ധാരണ തെറ്റ്‌. അതുപോലെ തന്നെ സ്വാശ്രയ കോളേജുകളിലെ സമ്പന്ന കുമാരീ കുമാരന്മാര്‍ പ്രൈവറ്റ്‌ ബസ്സില്‍ യാത്രചെയ്യുന്നുവെന്ന കണ്ടെത്തല്‍ അല്‍പം കടന്ന കയ്യല്ലേ അവര്‍ക്ക്‌ വോള്‍വോ കോളേജ്‌ ബസ്സുകളുള്ളപ്പോള്‍?

കെ.എസ്‌.യുവിന്റെ അന്‍പതാം വയസ്സിലെ ഈ സമരം ആവശ്യമോ?

Saturday, July 7, 2007

നാളെയാണ്‌, നാളെയാണ്‌, നാളെയാണ്‌...

"നാളെയാണ്‌, നാളെയാണ്‌, നാളെയാണ്‌...നാളെ കഴിഞ്ഞാല്‍ മറ്റേന്നള്‍ രാവിലെ ?!! നറുക്കെടുക്കുന്ന കേരള സംസ്ഥാനലോട്ടറിയുടെ തൊള്ളായിരത്തി മുന്നൂറ്റിപതിനാലാമത്‌ വീക്‌ലി ലോട്ടറി, നറുക്കെടുപ്പ്‌ നാളെയാണ്‌,നാളെയാണ്‌,നാളെയാണ്‌!പ്ലത്ലത്ലാം! പരിമിതമായ ടിക്കറ്റുകള്‍ നാമമത്രമായടിക്കറ്റുകള്‍ ഈ പ്രചരണ വിതരണ വാഹനത്തിലൂടെ നിങ്ങള്‍ക്കു കരസ്ഥമാക്കാം,കടന്നുവരൂ.പ്ലത്ലത്ലാം! ഞങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്കും!? ഒരു സമ്മാനം ലഭിക്കണമേ യെന്നുള്ള പ്രാര്‍ഥനയോടെ, ഒരു നല്ലെ നാളെ ഞങ്ങള്‍ക്കും?! പ്ലത്ലത്ലാം! ലഭിക്കണമേയെന്ന ആത്മാര്‍ഥമായപ്രാര്‍ഥനയോടെ പ്ലത്ലത്ലാം! ഒന്നാം സമ്മാനം ഒരുലക്ഷം രൂപയും ഒരു മാതിരി ക്കാറും, കാറ്‌വേണ്ടെങ്കില്‍, വിലയ്ക്‌ തുല്യമായതുകയ്ക്‌ ഭാഗ്യമത്സര ടിക്കറ്റുകള്‍!പ്ലത്ലത്ലാം! വേഗമാകട്ടെ തീര്‍ന്നുകൊണ്ടിരിക്കുന്നു, തീര്‍ന്നുകൊണ്ടിരിക്കുന്നു, പ്ലത്ലത്ലാം! നാമമാത്രമായ ടിക്കറ്റുകള്‍ പരിമിതമായ ടിക്കറ്റുകള്‍ മാത്രമാണ്‌ അവശേഷിക്കുന്നത്‌ പ്ലത്ലത്ലാം! വേഗമാകട്ടെ വേഗമാകട്ടെ സന്തോഷത്തോടെ കടന്നുവരൂ പ്ലത്ലത്ലാം!നാളിതുവരെയായി അനവധി നിരവധി ഭാഗ്യശാലികളെ സൃഷ്ടിച്ച ബമ്പര്‍ ചക്രവര്‍ത്തി.. പ്ലത്ലത്ലാം!ത്തിന്റെ നേരിട്ടുള്ളപ്രചരണ വിതരണ വാഹനത്തിലൂടെയുള്ള ടിക്കറ്റുകളാണ്‍ നിങ്ങള്‍ക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌ പ്ലത്ലത്ലാം! ..."

ഈശബ്ദം ഇന്‍ഡ്യയില്‍ ആദ്യമായി മുഴങ്ങിയത്‌ നമ്മുടെ കേരളത്തിലാണ്‌! എന്നുവെച്ചാല്‍ ഒരു ഒടങ്കൊല്ലി തവിക്കണയില്‍*വെച്ചുകെട്ടിയ കോളാമ്പിയിലൂടെ മലയാളത്തിലുള്ള ലോട്ടറി അനൗണ്‍സ്‌മന്റ്‌ നടത്തിയെന്നല്ല, ശരിക്കും ഇന്‍ഡ്യയിലാദ്യമായി ഏതെങ്കിലുമൊരു സംസ്ഥാന ഗവണ്മെന്റിന്റെ നേതൃത്വത്തില്‍ ഒരു ഭാഗ്യക്കുറി പുറത്തിറങ്ങിയത്‌ 1967ലെ തിരഞ്ഞെടുപ്പില്‍ അധികകാരത്തില്വന്ന ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സപ്തകക്ഷി സര്‍ക്കാരാണ്‌. 1968 ജനുവരി 26നാണ്‌ ഇന്‍ഡ്യയിലാദ്യമായി അങ്ങനെ ഒരു സര്‍ക്കാര്‍ ഭാഗ്യക്കുറിക്ക്‌ നറുക്കുവീഴുന്നത്‌.

അന്നുതൊട്ടിന്നുവരെ കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ അസാധാരണമായ സ്വാധീനമാണ്‌ ലോട്ടറികള്‍ ചെലുത്തിയത്‌! ലോട്ടറി വന്ന്‌ 39 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴും ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ലോട്ടറി നമ്മുടെജീവിതത്തെപ്പോലും സ്വാധീനിക്കുന്നു. സര്‍ക്കാര്‍ ലോട്ടറികള്‍ പല വിധമുണ്ട്‌ അത്‌ കേരളാ, സിക്കിം, ഭൂട്ടാന്‍, മണിപ്പൂര്‍, മിസോറാം എന്നിങ്ങനെയും,പിന്നെ ഇടക്കാലത്തുണ്ടായിരുന്ന ഓണ്‍ലൈന്‍ വിപ്ലവവും ടി.വി യിലെ ലൈവ്‌ നറുക്കെടുപ്പിലും വരെയെത്തി ലോട്ടറി മാഹാത്മ്യം. ഒരു ഓണമോ,പെരുന്നാളോ ക്രിസ്തുമസോ ആഘോഷമേതുമാകട്ടെ(!) മലയാളി സധനങ്ങള്‍ വാങ്ങണ്മെങ്കില്‍ ഡിസ്കൗണ്ട്‌ മാത്രംപോരാ നല്ല ഏതെങ്കിലും ലോട്ടറി (നറുക്കെടുപ്പിലൂടെ സമ്മാനമെന്ന്‌ മറ്റൊരു രൂപം)ഇല്ലാതെ കച്ചവടം നടക്കില്ല.ടിവിയോ, ഫ്രിഡ്ജോ, വാഷിംഗ്‌ മെഷീനോ എന്തുവാങ്ങുന്നതിനുമുന്‍പും കൂപ്പണ്‍ കാലമാണോ എന്നുനോക്കുന്ന സ്ഥിതി. ജീവിതത്തിലൊരിക്കലും ലോട്ടറിയെടുത്തിട്ടില്ലാത്തവര്‍പോലും ഇത്തരം ആഘോഷവേളകളിലെങ്കിലും സമ്മാന കൂപ്പണുകളുള്ള കടകള്‍ നോക്കിയേ സാധനങ്ങള്‍ വാങ്ങൂ. ലോകകപ്പ്‌ മത്സ്സരകാലങ്ങളില്‍ പത്രങ്ങള്‍ പോലും മത്സരിച്ച്‌ സമ്മാനക്കൂപ്പണുകളും നറുക്കെടുപ്പുകളും നടത്തുന്നു. മറ്റൊരുരൂപത്തില്‍ കാര്‍ഡുകളും ഏണിയും പാമ്പും കളിയും പൂജ്യംവെട്ടും നടത്തി സമ്മാനാര്‍ഹരെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ച്‌ സര്‍ക്കുലേഷന്‍ കൂട്ടുന്നു.. സര്‍ക്കാരും ഒട്ടും മോശമല്ല ഇപ്പോള്‍ വാറ്റും,വാറ്റിലൂടെ പോലും കൂപ്പണും... സമ്മാനം അടുത്തകൂപ്പണിലെന്ന്‌ പത്ത്‌ കൂപ്പണ്‍ വാങ്ങിയാലും കാണുമെങ്കിലും അതും ഒരു ഭാഗ്യക്കളി!

ഇന്നത്തെ കേരളത്തിലെ സംഭവവികാസങ്ങള്‍ നോക്കുമ്പോള്‍ അതൊക്കെയെത്രയോ നിസ്സാരം! ഇന്നിപ്പോള്‍ കേരളത്തിലെ ഭരിക്കുന്ന കക്ഷിയുടെ പേടിസ്വപ്നമായി ഭാഗ്യക്കുറി മാറിയിരിക്കുന്നുവെന്ന്‌ മനസ്സിലാക്കുമ്പോഴേ ഈ ലോട്ടറിയുടെ ശക്തി മനസ്സിലാകൂ.ലോട്ടറി എന്ന തട്ടിപ്പിലൂടെ സമ്മാനം പെയ്യിപ്പിച്ച്‌ വെച്ചതുക ആറുമാസം മുതല്‍ ഒരു വര്‍ഷം കൊണ്ട്‌ ഇരട്ടിയായോ ഇനി ലോട്ടറി വല്ലതുമടിച്ചാല്‍ പത്തിരിട്ടിയായോതിരിച്ചുകിട്ടുമെന്ന്‌ മിനിട്ടിന്‌ മിനിട്ടിന്‌ ടി.വിയിലൂടെയും പത്രങ്ങളിലൂടെയും പരസ്യം ചെയ്ത്‌ R.B.I നിയമങ്ങളെ കാറ്റില്‍ പറത്തി നിയമവിരുദ്ധമായി കെട്ടിപ്പൊക്കിയ, പാവപ്പെട്ടവരുടെ പണം തട്ടിച്ച്‌ കോടികളുടെ ആസ്തിയുണ്ടാക്കിയ 'ദീപസ്തംഭം മഹാശ്ചര്യം തങ്ങള്‍ക്കും കിട്ടണം പണം' എന്ന വെയ്‌ രാജാവെയ്‌ കറക്കുകമ്പനിയ്ക്ക്‌ കേസൊതുക്കാനും അതിന്‌ ഭരണതലപ്പത്തുള്ളവരെ വേണ്ടുന്ന വിധത്തില്‍ സ്വാധീനിക്കാനുമായി ഒരുകോടി രൂപ പാര്‍ട്ടി മുഖപത്രത്തിന്റെ എ.ഡി.ജി.എം വേണുഗോപാലിന്‌ നല്‍കിയെന്ന ആരോപണത്തിന്റെ ഭാഗമായി പാര്‍ട്ടിയുടെ പരമോന്നത ശിക്ഷയായ പടിയടച്ച്‌ പിണ്ടംവെക്കലും നടത്തിക്കഴിഞ്ഞാണ്‌ മാധ്യമ സിന്‍ഡിക്കേറ്റും പാര്‍ട്ടിയെ കരിവാരിത്തേച്ച്‌ കാണിക്കാനും കച്ച കെട്ടിയിറങ്ങിയിരിക്കുന്നവരും ചേര്‍ന്ന്‌ പാര്‍ട്ടിയെ ഇല്ലായ്മചെയ്യാന്‍ കെട്ടിച്ചമച്ചുണ്ടാകിയതാണ്‌ ഈ ആരോപണമെന്നൊക്കെ പാര്‍ട്ടിക്ക്‌ തോന്നിത്തുടങ്ങിയത്‌.ഇപ്പറഞ്ഞ കമ്പനി മോലാളിക്ക്‌ പാവം വേണുഗോപാലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി കഴിഞ്ഞാണ്‌ ആയാള്‍ക്ക്‌ താനൊന്നും കൊടുത്തില്ലന്ന ഞെട്ടിക്കുന്ന സത്യം ഓര്‍മ്മവന്നത്‌. ഓര്‍മ്മ വന്നയുടനേ അദ്ദേഹമത്‌ പത്രസമ്മേളനം വിളിച്ചുകൂട്ടി പറയുകയും ചെയ്തു. മാത്രമല്ല അച്ഛന്‍ പത്തായത്തിലുമില്ല തട്ടുമ്പുറത്തുമില്ലെന്ന്‌ പണ്ട്‌ ആരോപറഞ്ഞതുപോലെ 'ജ്യോതിസു'മായി ഞങ്ങള്‍ക്ക്‌ യാതൊരു ബന്ധവുമില്ല ഇനി യെന്തെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കില്‍ അത്‌കേവലം യാദൃശ്ചികമെന്ന പഴയ ഷാജീകൈലാസ്‌ സിനിമയുടെ ടൈറ്റില്‍ കാര്‍ഡുപോലെ ഒരു പ്രസ്താവനയും അദ്ദേഹം നടത്തി.

ഇതിലൊക്കെ എന്തിരിക്കുന്നു തൃശൂര്‍ പൂരം വരാനിരിക്കുന്നതേയുണ്ടായിരുന്നതേയുള്ളൂ. ഇരുപത്‌ വര്‍ഷം മുന്‍പ്‌ കോയമ്പത്തൂരിലെ ഒരു പെട്ടിക്കടയില്‍ ലോട്ടറി വിറ്റ്‌ ജീവിതമാരംഭിച്ച്‌ ഒരു പാവം എസ്‌. മാര്‍ട്ടിന്‍ എന്ന സാന്‍ഡിയാഗോ മാര്‍ട്ടിന്‍ തന്റെ (അയാളുടെ കഥ ഇവിടെ) രണ്ടു മക്കളുടെ പേരില്‍ ഒപ്പിട്ട അമ്പതുലക്ഷത്തിന്റെ നാലു ചെക്കുകള്‍(അങ്ങനെ രണ്ട്‌ കോടി) പാര്‍ട്ടി പത്രത്തിന്‌ ബോണ്ടയായോ, പരിപ്പുവടയായോ, പരസ്യം ചെയ്യുന്നതിനുള്ള്‌ മുന്‍കൂര്‍ അഡ്വാന്‍സായോ, അതുമല്ലെങ്കില്‍ പലിശസഹിതം തിരിച്ചു കിട്ടുമെന്ന ഉറപ്പുള്ള റിസര്‍വ്‌ ബാങ്ക്‌ അംഗീകരിച്ച ധനകാര്യ നികേപക സംരംഭമായ ദേശഭിമാനിയെന്ന പണമിടപാട്‌ സ്ഥാപനത്തില്‍ നിക്ഷേപിച്ചെന്നുമുള്ള 'മഞ്ഞപത്രത്തിന്റെ' ആരോപണമാണ്‌ ഏറ്റവും പുതിയ ലോട്ടറി സംഭവം.

"ഇതിക്കെ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണ്‌, അതിന്‌ മറ്റാരും കിടന്ന്‌ കയറുപറിക്കേണ്ട കാര്യമൊന്നുമില്ല, ഞങ്ങള്‍ക്ക്‌ സൗകര്യമുള്ള കാര്യങ്ങള്‍ സൗകര്യപ്പെടുമ്പോള്‍ ഞങ്ങള്‍ പുറത്ത്‌ പറയും അങ്ങനെയങ്ങ്‌ കേട്ടേച്ചാല്‍ മതി, ഇതില്‍ അല്‍പംപോലും അഹങ്കാരമോ,ഭീഷണിയോ ഒന്നുമില്ല...! "ഏതാണ്ട്‌ ഇതാണ്‌ ഭരണപ്പാര്‍ട്ടിയുടെ ലൈന്‍.

അങ്ങനെ കേരളാ സര്‍ക്കാര്‍ ഇന്‍ഡ്യയ്ക്കായി അവതരിപ്പിച്ച ഭാഗ്യക്കുറിയെന്ന ഈ മാരണം വഴി ലക്ഷോപ ലക്ഷങ്ങളുടെ ജീവിതപ്രാരാബ്‌ധ വഴിയിലെ സമ്പാദ്യങ്ങളാകേണ്ടചില്ലറകള്‍ തിന്നു തിന്നുകൊഴുത്ത മാര്‍ട്ടിന്മാരെ സൃഷ്ടിക്കാന്‍ മാത്രം ഉതകുന്ന ഈ സംരംഭത്തിന്റെ വളര്‍ച്ച! നമുക്കഭിമാനിക്കാം.

കേരളാ സര്‍ക്കാരിനോടും ഭരിക്കുന്ന പാര്‍ട്ടിയോടും ഒരപേക്ഷ: ഇക്കഴിഞ്ഞ പത്തുനാല്‍പതു വര്‍ഷങ്ങളിലായി കോടിക്കണക്കായ ടിക്കറ്റുവില്‍പനകളിലൂടെയും, നികുതിയിനത്തിലും സര്‍ക്കാര്‍ മുതല്‍ കൂട്ടിയ കോടികളെത്രയെന്നും, എത്രരൂപ സമ്മാനമായി നല്‍കിയെന്നും,തങ്ങള്‍ ലക്ഷാധിപധികളാകുന്നതും സ്വപ്നംകണ്ട്പ്രതീക്ഷയോടെ ആഴ്ചതോറും പത്രക്കോളങ്ങളിലെ ലോട്ടറി ഫലം തിരഞ്ഞിരുന്ന ഭാഗ്യഹീനന്മാരെ ഇനിയെങ്കിലുമൊന്ന് അറിയിക്കാനുള്ളാ സാമാന്യ മര്യാദ ആരുഭരിച്ചാലും കാണിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.

* ഒടയനെക്കൊല്ലി സൈക്കിള്‍