Sunday, July 22, 2007

തുല്യതയില്ലാത്ത തോന്ന്യാസം

മുന്നറിയിപ്പ്‌: ഇതൊരുതരത്തിലൊരു വളിയ്ക്ക്‌ വിളികേള്‍ക്കലാണെന്ന് തോന്നാം എന്നാലും ചിലപ്പോള്‍ അതും വേണ്ടി വരും. അതിനാലാണ്‌ ഈ പോസ്റ്റ്‌.

ഹൈസ്കൂള്‍ അദ്ധ്യാപകനായ ശ്രീ. കരിപ്പാറ സുനിലിന്റെ 'പലവക' എന്ന ബ്ലോഗില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ വിവിധ കോഴ്‌സുകള്‍ P.S.C അംഗീകരിച്ചു എന്നപോസ്റ്റില്‍ വിവിധ VHSE കോഴ്സുകള്‍ കേരള പി.എസ്‌.സി ത്രിവത്സര ഡിപ്ലോമകള്‍ക്ക്‌ തുല്യമാക്കൊണ്ട്‌ ഇറക്കിയ ഗവണ്‍മന്റ്‌ ഉത്തരവിനെ ഒരു പഴയ ഡിപ്ലോമക്കാരനെന്ന നിലയില്‍ ഞാന്‍ എന്റെ പ്രതിഷേധമറിയിച്ചു. ഇതിനെതിരേയുള്ള സമരക്കാരെ പിന്തുണച്ചുകമന്റിട്ടു. എന്റെ അഭിപ്രായത്തോട്‌ 'മുക്കുവന്‍' അദ്ദേഹത്തിനുള്ള വിയോജിപ്പ്‌ മാന്യമായി പറഞ്ഞു. ഞാന്‍ അതിനുള്ള മറുപടിയും പറഞ്ഞു കഴിഞ്ഞപ്പോള്‍ വന്ന ഒരു അനോനിമസ്‌ കമന്റിനുള്ള മറുപടിയാണിത്‌. മറുപടി അല്‍പം നീണ്ടുപോയതുകൊണ്ടുമാത്രാണ്‌ ഒരു പോസ്റ്റാക്കിയിട്ടത്‌.

പ്രിയ അണോണീ,
താങ്കളുടെ അഭിപ്രായത്തെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, അര്‍ഥമില്ലാത്ത സ്വജന പക്ഷപാതമല്ല ഞാന്‍ പങ്കുവെച്ചത്‌.വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഡിപ്ലോമ കഴിഞ്ഞ ഒരുവ്യക്തിയാണ്‌ ഞാന്‍. പക്ഷേ എന്റെ വിദ്യാഭ്യാസ യോഗ്യത ആ ഡിപ്ലോമയില്‍ മാത്രമൊതുങ്ങുന്നില്ലെന്നതുകൊണ്ടും, അന്തസ്സുള്ള ഒരു ജോലിയുണ്ടെന്നതുകൊണ്ടും ഇത്‌ എന്നെ ബാധിക്കുന്ന ഒരു പ്രശ്നമല്ലല്ലോ എന്ന് കണ്ണാടയ്ക്കാന്‍ എനിക്കാകില്ല. കാരണം താങ്കള്‍ പറഞ്ഞ സിലബസുകളിലെ (ITI,Dip,BTech..etc)വ്യത്യാസം വ്യക്തമായും അറിവുള്ളതുകൊണ്ടും, ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ ഇന്നും VHSEകഴിഞ്ഞും, പ്ലസ്‌ടു കഴിഞ്ഞും, എന്തിന്‌ ഡിഗ്രി കഴിഞ്ഞിട്ടുപോലും(ഡിപ്ലോമയ്ക്ക്‌ ഞങ്ങളുടെ സഹപാഠികളില്‍ ധാരാളം ഡിഗ്രിക്കാരുമുണ്ടായിരുന്നു) ഡിപ്ലോമയ്ക്ക്‌ പഠിക്കുന്നുണ്ടെന്ന അറിവുള്ളതുകൊണ്ടുമാണ്‌ പ്രതിഷേധിച്ചത്‌.ഒരുപാടൊന്നും വിശദീകരിക്കാതെ സമയപരിമിതിമൂലമാണ്‌ പ്രതിഷേധം മാത്രമാക്കി ചുരുക്കിയത്‌. ഈ സിലബസുകളൊന്നും പഠിക്കാന്‍ പോകേണ്ട, പകരം എളുപ്പത്തില്‍ ചെയ്യവുന്ന ഒരു കാര്യുമുണ്ട്‌,ഇത്തരത്തില്‍ VHSE കഴിഞ്ഞ്‌ ഡിപ്ലോമയ്ക്ക്‌ പഠിക്കുന്നവരോ പഠിച്ചുകഴിഞ്ഞവരോ ആയ വിദ്യാര്‍ത്ഥികളെയോ, സുഹൃത്തുക്കളെയോ പരിചയമുണ്ടെങ്കില്‍ അവരോട്‌ ചോദിക്കുക രണ്ടും ഒന്നുതന്നെയോ എന്ന്‌.

ഞാന്‍ മുന്‍പ്‌ ചോദിച്ചതുപോലെ 3 വര്‍ഷ ഡിപ്ലോമ പാസ്സായി ആവശ്യത്തിന്‌ എക്സ്‌പീരിയന്‍സായാല്‍ അത്‌ ബി.ടെക്‌-ന്‌ തുല്യമായി കാണാനാകുമോ? ബിടെക്‌ കഴിഞ്ഞ്‌ ആവശ്യത്തിന്‌ എക്സ്‌പീരിയന്‍സ്‌ ആയാല്‍ അത്‌ എം.ടെക്‌-ആയാലോ? നാലാം ക്ലാസ്സില്‍ നാലു കൊല്ലം പഠിപ്പിച്ചല്‍ ടി.ടിസി. കാരന്‍ ഹൈസ്കൂളിലും, ഹൈസ്കൂളില്‍ 5 കൊല്ലം പഠിപ്പിച്ചയാള്‍ക്ക്‌ നെറ്റും സെറ്റുമൊന്നുമില്ലതെയും പോസ്റ്റുഗ്രാഗ്വേഷനില്ലാതെയും പ്ലസ്റ്റുവിനും പഠിപ്പിക്കാമല്ലോ? കൊള്ളമല്ലോ കളി! അക്കഡമിക്‌ പഠനവുമെക്സ്പീരിയന്‍സും രണ്ടും രണ്ടാണ്‌. VHSE കഴിയുന്നവര്‍ക്ക്‌ ഡിപ്ലോമ പഠിക്കാന്‍ നിശ്ചിത സീറ്റ്‌ നീക്കിവെക്കുന്നത്‌ മനസ്സിലാക്കാം. ഇന്നത്തെ ബ്‌.ടെക്‌ ലാറ്ററല്‍ എന്റ്രിപോലെ അല്ലാതെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഒരു കണ്ടുപിടുത്തം കേരളത്തിലെ പി. എസ്‌.സി കണ്ടുപിടിച്ചത്‌ അപാരം തന്നെ.കഷ്ടം

ഏല്ലാ VHSE കോഴ്സുകളേയും തുല്യമാക്കി അംഗീകരിച്ചിട്ടില്ലല്ലോ എന്നതൊരു ആശ്വാസമൊന്നുമല്ല കാരണം അംഗീകരിക്കപ്പെട്ട VHSE കളുടെ അതേ ബ്രാഞ്ചിലുള്ള ഡിപ്ലോമകളോടുവേണം അതിനെ താരതമ്യം ചെയ്യാന്‍ അല്ലാതെയുള്ള സാമാന്യവത്‌കരണം യുക്തിസഹമല്ല. പിന്നെ ഈ രണ്ടു കോഴ്സുകളേയും തുല്യപ്പെടുത്തുന്നതില്‍ ഒരു വിരോധവുമില്ല, പക്ഷേ പഠന കാലയളവും, സിലബസ്സും ഏകീകരിക്കുകയും, ഒരേ പരീക്ഷാ ബോര്‍ഡിന്റെ കീഴില്‍ ഏകീകൃത തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ നടത്തുകയും, രണ്ടുകോഴ്സുകളിലേക്കുമുള്ള പ്രവേശന യോഗ്യതയും(index മാര്‍ക്കിന്റെ അഡിസ്ഥാനത്തിലുള്ളത്‌) ഏകീകരിക്കുകയും ചെയ്തിട്ട്‌ സ്റ്റേറ്റ്‌ ബോര്‍ഡ്‌ ഓഫ്‌ ടെക്നിക്കല്‍ എക്സാമിനേഷന്‍സ്‌ അംഗീകരിച്ച സാക്ഷാല്‍ ഡിപ്ലോമാ സര്‍ട്ടിഫിക്കേറ്റ്‌ തന്നെ കൊടുത്തോളൂ ഒരു വിരോധവുമില്ല. അല്ലതെ ഇപ്പറഞ്ഞ കാര്യങ്ങളിലെല്ലാം ആടും ആനയും പോലുള്ള വ്യത്യാസമുള്ളപ്പോള്‍ മൂന്നിന്‌ രണ്ടുവര്‍ഷം മാത്രമുള്ള പഠനവും, ഒരു തരത്തിലും മാച്ച്‌ ആകാത്ത സിലബസുമുള്ള കോഴ്സ്‌ കഴിഞ്ഞ്‌(ഇന്നും ഡിപ്ലോമ അഡ്മിഷന്‌ VHSEക്ക്‌THSLCക്കെന്നപോലെ പ്രത്യേകം ക്വോട്ടയുണ്ടെന്നതോര്‍ക്കുക) കേവലം ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം കൊണ്ടുമാത്രം ഈ രണ്ടു കോഴ്സുകളെ തുല്യപ്പെടുത്തിക്കളയാമെന്ന പി.എസ്‌.സി വെളിപാട്‌ (മറ്റൊരു സംസ്ഥാനത്തിനും തോന്നത്തത്‌) പിന്‍ വാതിലിലൂടെ എയ്ഡഡ്‌ VHSE കള്‍ക്ക്‌ പോളീടെക്നിക്കിന്‌ തുല്യമായ പദവിനേടിക്കൊടുത്ത്‌ മനേജുമെന്റുകള്‍ക്ക്‌ ഒരു പുതിയ കോഴവാങ്ങലിന്‌ കളമൊരുക്കാനല്ലേയെന്ന് ന്യായമായും സംശയിക്കണം.

സാമ്പത്തികവും, സീറ്റുകളുടെ അഭാവവും, എന്റ്രന്‍സ്‌ എന്ന ലോട്ടറിയും നിമിത്തം ഒരു ബിടെക്‌ അഡ്മിഷന്‍ ലഭിക്കാത്ത പക്ഷേ മിടുക്കരായ ആയിരക്കണക്കിന്‌ ഡിപ്ലോമ വിദ്യാര്‍ഥികളുടെ ഭാവിവെച്ചിട്ടല്ല ഇത്തരം കളികള്‍ കളിക്കേണ്ടത്‌. അല്ലെങ്കില്‍ ഇതേ ന്യായത്തിന്റെ ചുവടുപിടിച്ച്‌ നാളെ ഡിപ്ലോമക്കാരെല്ലാം ഞങ്ങള്‍ക്ക്‌ ആവശ്യത്തിന്‌ തൊഴില്‍ പരിചയമുണ്ട്‌ അതിനാല്‍ ഞങ്ങളുടെ ഡിപ്ലോമയെല്ലാം B.Tech ന്‌ തുല്യമാക്കണമെന്ന് ആവശ്യപ്പെട്ട്‌ സമരത്തിനിറങ്ങിയാല്‍ അംഗീകരിക്കാനാകുമോ? അതുകൊണ്ട്‌ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു പഠനവും നടത്താതെ, സിലബസുകള്‍ ഏകീകരിക്കാതെ പരീക്ഷകള്‍ തുല്യപ്പെടുത്താതെ, പഠനകാലയളവ്‌ തുല്യമാക്കതെയുള്ള ഒരു ഏകീകരണവും ഇക്കാര്യത്തിലനുവദിക്കാനാകില്ല എന്നുതന്നെയാണെ എന്റെ കാഴ്ചപ്പാട്‌ വിവേചനബുദ്ധിയുള്ള ഭൂരിപഷതിന്റേയും എന്നു ഞാന്‍ കരുതുന്നു.

ഇതിനെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍കാര്യങ്ങള്‍ അന്‍വര്‍ വെളിയങ്കോട്‌ തന്റെ ബ്ലോഗില്‍ വിശദമായി മൂന്നു പോസ്റ്റുകളിലൂടെ പത്രവാര്‍ത്തകള്‍ സഹിതം വിവരിച്ചിരിക്കുന്നു.

ഈ തോന്ന്യാസ നിയമം നിയമം പിന്‍ വലിച്ചിരിക്കുന്നുവെന്നറിയുന്നതില്‍ അതിയായ സന്തോഷം!ഇതിനെതിരേ പ്രതിഷേധിച്ചവര്‍ക്കും, സമരം ചെയ്തവര്‍ക്കെല്ലാം അഭിനന്ദനങ്ങളും നന്ദിയുമറിയിക്കുന്നു.

6 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

"...ഈ തോന്ന്യാസ നിയമം നിയമം പിന്‍ വലിച്ചിരിക്കുന്നുവെന്നറിയുന്നതില്‍ അതിയായ സന്തോഷം!ഇതിനെതിരേ പ്രതിഷേധിച്ചവര്‍ക്കും, സമരം ചെയ്തവര്‍ക്കെല്ലാം അഭിനന്ദനങ്ങളും നന്ദിയുമറിയിക്കുന്നു."

anvari said...

വി എച്ച് എസ് സി, പോളി ഡിപ്ളോമക്ക് തുല്യമാക്കിയ നടപടി അവ്യക്തമായാണെങ്കിലും പിന്‍ വലിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം തന്നെ. ഞാന്‍ ഈ വാര്‍ത്ത വായിച്ചതും എന്‍റ്‍റെ ബ്ളോഗില്‍ ചേര്‍ത്തതും "മലയാള മനോരമ"യില്‍ നിന്നാണ്. വാര്‍ത്തയുടെ അവതരണ രീതി തന്നെ, ഒരു അവജ്ഞാരൂപത്തിലായതില്‍ എന്നെ ആശ്ചര്യപ്പെടുത്തി. എസ് എഫ് ഐ യോടുള്ള എതിര്‍പ്പാണോ, അതോ തിരുത്ത് ശരിയല്ലാ എന്ന് "മനോരമ"ക്ക് അഭിപ്രായമുണ്ടോ എന്ന് അറിയാന്‍ ആഗ്രഹമുണ്ട്.

myexperimentsandme said...

ഷാനവാസിന്റെ ചോദ്യം പ്രസക്തം. മൂന്ന് വര്‍ഷം ഡിപ്ലോമയും രണ്ട് കൊല്ലം എക്സ്‌പീരിയന്‍‌സും ഉള്ളവരെ ബി.ടെക്‍ കാരായി അംഗീകരിക്കാന്‍ പറ്റുമോ?

പക്ഷേ സിലബസ്സും ഡിഗ്രിയും അറിവും പരിചയവും എല്ലാം തമ്മിലുള്ള ബന്ധം ആപേക്ഷികം. സത്യന്‍ അന്തിക്കാട് പറഞ്ഞതുപോലെ മലയാള സിനിമയില്‍ ഏറ്റവും ബുദ്ധിമാന്‍ ഇന്നസെന്റ്. കാരണം പുള്ളി കോളേജിലെങ്ങും (?-ഓര്‍മ്മയില്‍ നിന്ന്) പോയിട്ടില്ല. അതുകാരണം ഏറ്റവും കൂടുതല്‍ ജീവിത പരിചയവും പ്രായോഗികതയും അദ്ദേഹത്തിന്.

പിന്നെയും പക്ഷേ-മാനദണ്ഡങ്ങള്‍ വെക്കുമ്പോള്‍ ക്വാളിഫിക്കേഷനും നോക്കിയല്ലേ പറ്റൂ. ഡിപ്ലോമക്കാരന്‍ സിലബസ്സിലുള്ള കാര്യങ്ങള്‍ പഠിക്കേണ്ട രീതിയില്‍ പഠിച്ച്, മനസ്സിലാക്കേണ്ട രീതിയില്‍ മനസ്സിലാക്കിയാല്‍ അങ്ങിനെയുള്ള ഡിപ്ലോമക്കാരനും അതേ രീതിയില്‍ വി.എച്ച്.എസ്.സി കോഴ്സ് പഠിച്ചിറങ്ങിയ വി.എച്ച്.എസ്.സി കാരനും തമ്മില്‍ അറിവിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ടാവും എന്ന് തന്നെ തോന്നുന്നു. ആ വ്യത്യാസം വി.എച്ച്.എസ്.സി കാരന്‍ അടുത്ത രണ്ടു കൊല്ലം‌കൊണ്ട് നേടുന്ന പരിശീലനകാലത്തും പ്രതിഫലിച്ചേക്കാം-കാരണം അവന്‍ കോഴ്സ് പഠിച്ച സമയത്ത് അവന്‍ നേടിയ അറിവാണ് പരിശീലനക്കാലത്തും അവന്റെ അടിസ്ഥാനം.

പക്ഷേ മുകളിലേതെല്ലാം തിയറി. എക്സെപ്‌ഷന്‍സ് എവിടെയുമുണ്ടാവും. പക്ഷേ മാനദണ്ഡങ്ങള്‍ വെക്കുമ്പോള്‍ എക്സെപ്‌ഷന്‍സിനെ അടിസ്ഥാനമാക്കി പറ്റില്ലല്ലോ.

Irshad said...

V.H.S.C ക്കു പഠിക്കാന്‍ ചേര്‍ന്നിട്ടു ഡിപ്ലോമക്കു അഡ്മിഷന്‍ കിട്ടിയപ്പോള്‍ പോയ ഒരാളാണ് ഞാന്‍. പിന്നെ ഡിപ്ലോമ കഴിഞു അഞ്ചുവര്‍ഷത്തെ എക്സ്പീരിയന്‍സുമായാണ് ബി. ടെക് പഠിക്കാന്‍ പോയതു. വി.എച്.എസ്.സിയും അഞ്ചു വര്‍ഷത്തെ എക്സ്പീരിയന്‍സും ഡിപ്ലൊമക്കും ബി.ടെകിനും തുല്യമല്ലയെന്നു ഇന്നെനിക്കു മനസ്സിലാവുന്നുണ്ട്.

മുക്കുവന്‍ said...

i finished my diploma and got 18+ years of experience in relevant field. probably the engineers might be having some more knowledge than me in other fileds. but 'am sure that they wont dare to question my working area! a course with few years RELEVANT experience is far better than having a degree :)

ഷാനവാസ്‌ ഇലിപ്പക്കുളം said...

അന്‍വര്‍, വക്കാരി മാഷേ, മുക്കുവന്‍ മാഷ്‌, പഥികന്‍.. അങ്ങനെ എല്ലാവര്‍ക്കും സന്ദര്‍ശിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി.