Sunday, October 28, 2007

ഏകീകൃത ഹര്‍ത്താല്‍ നിയമം

കേരളത്തിലെ ഇന്നത്തെ സാഹചര്യങ്ങളില്‍ തികച്ചും ഒഴിവാക്കാനാകാത്ത ഒന്നാണ്‌ ഹര്‍ത്താല്‍! ഹര്‍ത്താലുകളില്ലാത്ത കേരളം എന്നത്‌ ആലോചിക്കാനേ വയ്യ! രാഷ്ട്രീയ, മത, വിദ്യാര്‍ഥി, യുവജന, സംഘടിത തൊഴിലാളി വര്‍ഗ്ഗങ്ങള്‍ക്കും,വര്‍ഗ്ഗീയ, ജാതീയ സംഘടനകള്‍ക്കും, വ്യാപാരി,വ്യഭിചാരി, വ്യവസായി,സാംസ്കരിക, അസാന്മാര്‍ഗ്ഗിക സംഘടനകള്‍ക്കും കേരള സമൂഹത്തിലെ അവരുടെ സാന്നിദ്ധ്യവും 'ശക്തി'യും പ്രകടിപ്പികണമെങ്കില്‍ അവര്‍ ആഹ്വാനം ചെയ്ത്‌ വിജയിപ്പികുന്ന ഹര്‍ത്താലുകള്‍ കൂടിയേ തീരൂ എന്നത്‌ ഇന്ന് എല്ലാത്തരം അസംഘടിത ജനങ്ങളും അംഗീകരിച്ചിരിക്കുന്ന ഒന്നാണ്‌!മറ്റുതരം സമരമാര്‍ഗ്ഗങ്ങള്‍ക്കൊന്നും ആളെക്കിട്ടില്ലെന്ന് എല്ലാത്തരം 'പ്രകടന'ക്കാര്‍ക്കും ഏതാണ്ട്‌ വ്യക്ത്മായിക്കഴിഞ്ഞ സാഹചര്യത്തില്‍ ഹര്‍ത്താല്‍ മാത്രമാണ്‌ ഏക ആശ്രയം! ഏല്ലാത്തരം ഹര്‍ത്താലുകളേയും ഒരേതരം ആവേശത്തോടെ(ചിലര്‍ നിസ്സംഗതയോടെ)യാണ്‌ ജനം സ്വീകരിക്കുക. ഒരു ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്യാനുള്ള മിനിമം യോഗ്യത അത്‌ ഏതെങ്കിലും മാധ്യമങ്ങളിലൂടെ അസംഘടിതരായ അതിന്റെ ഇരകളെ അറിയികുകയെന്നതുമാത്രമാണ്‌. തലേദിവസം വൈകിട്ട്‌ ആറരക്കുള്ള വാര്‍ത്താബുള്ളറ്റിനുകളിലൂടെ അറിയിക്കാനായാല്‍ വളരെ നല്ലത്‌. കാരണം സിവില്‍ സപ്ലൈസ്‌ അടയ്ക്കുന്നതിനുമുന്‍പ്‌ നാളത്തെ ഹര്‍ത്താല്‍ വിജയിപ്പിക്കാനുള്ള പ്രധാന ഇന്ധനം വാങ്ങി സ്റ്റോക്കുചെയ്യാനുള്ള മിനിമം സമയമെങ്കിലും ഹര്‍ത്താല്‍ നടപ്പാക്കുന്നവര്‍ക്കും, അതിന്റെ ഗുണഭോക്താക്കള്‍ക്കും ലഭിക്കും. എന്നാലിന്ന് ഹര്‍ത്താലിന്റെ സമീപനത്തില്‍ ഗുണപരമായ ഒരു മാറ്റം ഗുണഭോക്താക്കള്‍(കാരണം പിറകേ) ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെന്നാണ്‌ തോന്നുന്നത്‌. എന്തുമാറ്റമാണ്‌ അവര്‍ ആഗ്രഹിക്കുന്നത്‌? എന്താണിങ്ങനെ തോന്നാനുള്ള കാരണം? പാവപ്പെട്ട ഒരു പോലീസുകാരന്റെ തല തല്ലിപ്പൊളിച്ചശേഷം ചങ്ങനാശേരിയില്‍ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി യുണ്ടായ ഏറ്റവും പുതിയ ഹര്‍ത്താലും, കരിപ്പൂരില്‍ വിദേശ വിമാനമിറക്കാന്‍ വേണ്ടി ആറുജില്ലകളില്‍ ആഘോഷിച്ച ഹര്‍ത്താലും, ഇന്‍ഡ്യന്‍ റെയില്‍വേ സേലത്ത്‌ ഒരു റെയിലാപ്പീസ്‌ തുടങ്ങുന്നതിനെതിരേ കേരളപ്പിറവിയോടൊപ്പം നാം ആഘോഷിക്കാന്‍ പോകുന്ന ഹര്‍ത്താലുംഗുണഭോക്താക്കളെ ചെറിയതോതിലെങ്കിലും മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.

ഹര്‍ത്താല്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്‌. ജനങ്ങളാണതിന്റെ ഗുണഭോക്താക്കള്‍! ഉദാഹരണത്തിന്‌ ഇന്ന് കേന്ദ്രമന്ത്രിസഭയിലംഗംകൂടിയായ മുസ്ലിം ലീഗിന്റെ ആഹ്വാനമനുസരിച്ച്‌ ആറുജില്ലകളില്‍ നടന്ന ഹര്‍ത്താലിന്റെ ഫലമായി കേന്ദ്ര വ്യോമയാനവകുപ്പ്‌ കരിപ്പൂരില്‍ വിദേശവിമാനങ്ങള്‍ ഇറങ്ങാനനുവദിച്ചുകഴിഞ്ഞു! പ്രഭുല്‍ പട്ടേലുമായി വാര്‍ത്താസമ്മേളനം നടത്തിയ കരുണാകരനോ? "ഓ അത്‌ വെറും പബ്ലിസിറ്റി സ്റ്റണ്ടല്ലേ, യതാര്‍ഥത്തില്‍ കോണ്‍ഗ്രസ്സിന്റെ രണ്ട്‌ കേന്ദ്ര മന്ത്രിമാരും അതിനേക്കാള്‍ ബലിയ ഞമ്മടെ സഹമന്ത്രി അയ്മ്മദ്‌ സാഹിബും വിശാരിച്ചിട്ട്‌ നടക്കത്ത കാര്യം, പിന്നാ കരുണാകരന്‍! ഞമ്മടെ ഹര്‍ത്താലിന്റെ ഉസിര്‌ കണ്ട്‌ പ്രധാനമന്ത്രി പോലും ബെരണ്ടുപോയി, അദ്ദേഹം നേരിട്ട്‌ അയ്മ്മദ്‌ സാഹിബിനെ വിളിച്ചു പറയുവാ ജ്ജ്‌ ഹര്‍ത്താല്‌ നിര്‍ത്തിക്കോളീ ഞമ്മളേറ്റൂന്ന്‌! അല്ലാതെ സഭകളോട്‌ ഇടഞ്ഞുനില്‍ക്കുന്ന ഇടതുപക്ഷത്തിന്റെ സച്ചാര്‍ രാഷ്ട്രീയത്തിനോടൊപ്പം ഇക്കഴിഞ്ഞ പെരുന്നാളിന്റെയന്ന് ഞമ്മന്റെ കൂടെ കോയി ബിരിയാണി തിന്നവരെല്ലാം പോകുമോന്നുള്ള പേടിയല്ല കേട്ടോ! അപ്പം ഹര്‍ത്താലിന്റെ ഗുണാഭോക്താക്കളാരായീ? ഇബഡത്തെ ജനങ്ങള്‌ അല്ലാണ്ടാരാ?"

അതുപോലെതന്നെ തമ്മിത്തല്ലി പാവപ്പെട്ട പോലീസുകാരന്റെ കുടുമ്മം വഴിയാധാര്‍മായതുപോരാ പിന്നെ ഒരു ഹര്‍ത്താലും കൂടി പ്രഖ്യാപിച്ചങ്കിലെന്താ ഗുണഭോക്താക്കളാരായീ? ഇവുടുത്ത ജനങ്ങള്‍! അതെങ്ങനെ? "അതോ? ഹര്‍ത്താല്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ഇക്കണ്ട ജനങ്ങളൊക്കെ വീട്ടിലിരിക്കാതെ ചങ്ങനാശ്ശേരിലെങ്ങാനും ഇറങ്ങിനടന്നിരുന്നെങ്കില്‍ പോലീസ്‌ കലികയറി കണ്ണില്‍ കണ്ടവരെ തല്ലിയിരുന്നെങ്കില്‍ ആരുസമാധാനം പറയുമായിരുന്നു?" അത്രയ്ക്കുവലിയ ഒരു പ്രശ്നം ഒഴിവായില്ലേ? അതുപോലെ തന്നെ കേരളപ്പിറവിദിനത്തില്‍ ബി.ജെ.പി നടത്താന്‍ പോകുന്നതല്ലേ ശരിക്കും ഹര്‍ത്താല്‌! ഇക്കണ്ടതൊക്കെ സാമ്പിള്‍ മത്രം. ആഹര്‍ത്താലോടുകൂടി പാലക്കാട്‌ ഡിവിഷന്‍ കൂടാതെ ഒരു റെയില്‍വേ ഡിവിഷനും സോണും കൂടി ചിലപ്പോള്‍ ലാലു അനുവദിച്ചേക്കും,കഴിഞ്ഞപ്രാവശ്യം ബാംഗളൂരിലേക്ക്‌ പുതിയ ട്രെയിന്‍ അനുവദിച്ചതുപോലെ! മാത്രമല്ല സേലം ഡിവിഷന്‍ ചിലപ്പോള്‍ വയനാട്ടിലേക്ക്‌ മാറ്റനും സാധ്യതയുണ്ട്‌, ചെറിയ കാര്യമാണോ? ഗുണഭോക്താക്കളാരായീ? പാലക്കാടിനെ വെട്ടിമുറിച്ച്‌ കൊണ്ടുപോകുന്നത്‌ മന്ത്രി വേലുവും, തമിഴ്‌നാടുമല്ലേ ഹര്‍ത്താല്‍ അവിടെയായിക്കൂടേ എന്നോ?"നല്ലകാര്യമായി ഇക്കാര്യവും പറഞ്ഞങ്ങോട്ട്‌ ചെന്നാല്‍! തലപോയാലും നാടിന്റെ വികസനക്കാര്യത്തില്‍ തമിഴന്മാരൊറ്റക്കെട്ടാ! ഈവക ഹര്‍ത്താലൊന്നും അവരുടെ അടുത്ത്‌ നടക്കില്ല ചേട്ടാ. വേണമെങ്കില്‍ കേരളത്തിലേക്കുവരുന്ന വാഹനങ്ങള്‍ തടയാം, അതിന്‌ ചിലപ്പോള്‍ അവരേയും കിട്ടിയേക്കും, കാരണം പക്ഷേ തിരിച്ചുപറയണമെന്നുമാത്രം!"

ചങ്ങനാശേരിയില്‍ നടന്ന ഹര്‍ത്താലിനെ എന്തുകൊണ്ട്‌ മാതൃകയാക്കിക്കൂടാ എന്നതാണ്‌ ചോദ്യം! അതായത്‌ കൊലയുടെ ഉത്തരവാദിത്വം പരസ്പരം ആരോപിച്ചുകൊണ്ട്‌ ഇടതുപക്ഷം ചങ്ങനാശ്ശേരി ടൗണിലും, ബി.ജെ.പി കോട്ടയം ജില്ലയിലും ഹര്‍ത്താലിനാഹ്വാനം ചെയ്തപ്പോള്‍ അതാവരുന്നു ,മറ്റൊരു കഠിനമായ ആഹ്വാനം കോണ്‍ഗ്രസ്സിന്റെ വക! ചങ്ങനാശ്ശേരി താലൂക്കിലാണ്‌ അവര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചുകളഞ്ഞത്‌ കാരണമോ ക്രമസമാധാന തകര്‍ച്ചയും! അങ്ങനെ വളരെയധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്‌ ഈ ഹര്‍ത്താല്‍. എല്‍.ഡി.എഫും, ബി. ജെ.പിയും പരസ്പരം തലതല്ലികീറുന്ന അവസ്ഥയിലും ഒരു ഹര്‍ത്താലിന്റെ പേരില്‍ ഒരു യോജിപ്പുണ്ടാകുന്നുവെങ്കില്‍ അതു നല്ലതല്ലേ? (അത്‌ ഒരേ ദിവസം ഒരേ സ്ഥലത്ത്‌ ഒരേ കാരണവും!) അതിന്‌ കോണ്‍ഗ്രസ്സ്‌ പിന്തുണയ്ക്കുകകൂടി ചെയ്താല്‍! വളരെ മഹനീയ മായൊരു മാതൃകയാണിത്‌. ഇനിയുള്ള ഹര്‍ത്താലുകളിലും കൂടി ഇത്തരം അനുകരണീയമായ മാതൃകകള്‍ പരീക്ഷിക്കാം. ഇപ്പറഞ്ഞ മൂന്ന് രാഷ്ട്രീയ സഖ്യങ്ങളും ഒന്നിച്ച്‌ ഒരു കൂട്ടായ്മയിലൂടെ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുകയും, മാസത്തില്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ മുന്‍കൂട്ടിത്തന്നെ ഇത്തരത്തില്‍ ഹര്‍ത്താലുകള്‍ക്കായി തിരഞ്ഞെടുക്കുകയും കൂടി ചെയ്താല്‍ ഗുണഭോക്താക്കള്‍ക്കും അതിനനുസരിച്ച്‌ ജീവിതം ചിട്ടപ്പെടുത്താം, അസുഖമുള്ളവര്‍ നേരുത്തേ തന്നെ സൗകര്യങ്ങളുള്ള ആശുപത്രികളില്‍ ഒരു ദിവസം മുന്‍പേ അഡ്മിറ്റാകുകയും, അസുഖം വരുമെന്ന് ഉള്‍വിളിയുള്ളവര്‍ക്ക്‌ ആശുപത്രി പരിസരത്തുതന്നെ ചുറ്റിപ്പറ്റി നില്‍ക്കാം, ദൂരെ സ്ഥലങ്ങളില്‍ പോകാനുള്ളവര്‍ക്ക്‌ റെയില്‍വേ സ്റ്റേഷന്‍ , എയര്‍പോര്‍ട്ടുകള്‍ക്കടുത്ത്‌ മുന്‍കൂട്ടി താമസം സൗകര്യപ്പെടുത്താം.ഇത്തരം ഹര്‍ത്താല്‍ ദോഷമുള്ള മുഹൂര്‍ത്തങ്ങള്‍ വിവാഹങ്ങാളിനിന്നൊഴിവാക്കാം അങ്ങനെ പലതും. അതുപോലെ പാല്‍ പത്രം എന്നിവയൊക്കെ ഒഴിവാക്കിയെന്ന മനസ്സാക്ഷിക്കുത്തില്‍ നിന്നും ആഹ്വാനം ചെയ്യുന്നവര്‍ക്കും മോചനം കിട്ടും, അതായത്‌ പാല്‍ നേരുത്തേ സ്റ്റോക്കു ചെയ്യുകയും തലേദിവസം തന്നെ പിറ്റേ ദിവസത്തെ പത്രം കൂടി തയ്യാറാക്കി (മനോരമ ഇതിന്റെ പരീക്ഷണത്തിലാണെന്ന് കേള്‍ക്കുന്നു)വീട്ടിലെത്തിക്കുകയും ചെയ്താല്‍. സിവില്‍ സപ്ലസിന്റെ മുന്നിലുള്ള വലിയ ക്യൂ കാരണമുണ്ടാകുന്ന പ്രശനങ്ങളും ഒഴിവാക്കാം. മാത്രമല്ല ഇത്തരത്തില്‍ ഒരു വര്‍ഷത്തെ മുഴുവന്‍ ഹര്‍ത്താല്‍ സാധ്യതാ ദിനങ്ങളും ചുവന്ന നിറത്തില്‍ അച്ചടിച്ച കലണ്ടര്‍ ലഭ്യമാകുന്നതോടെ ഹര്‍ത്താല്‍ ആഘോഷിക്കാനുള്ള സാവകാശവും ലഭ്യമാകുന്നു. ഉദാഹരണാത്തിന്‌ മുന്‍പൊക്കെ അമാവാസി ദിവസം രാത്രി പത്തുമണിയ്ക്ക്‌ ശേഷം പോലും നാളെ പെരുന്നാളാണ്‌ രാത്രി ഒന്‍പതരയ്ക്ക്‌ എങ്ങാണ്ട്‌ എങ്ങാണ്ട്‌ 'മാസപ്പിറവി' കണ്ടു എന്നൊക്കെപ്പറഞ്ഞ്‌ തക്ബീര്‍ വിളികളോടെ രണ്ടു ദിവസങ്ങളില്‍ പെരുന്നാള്‍ ആഘോഷിച്ചിരുന്നവര്‍ പോലും ആഘോഷങ്ങളുടെ പൊലിമയെ ബാധികുമെന്നതിരിച്ചറിവില്‍ ഇപ്പോള്‍ മാസപ്പിറവി ഒന്നിച്ചു തന്നെ കാണാനും കാണാതിരിക്കാനും ഒരേ ദിവസം തന്നെ കേരളമൊട്ടാകെ ആഘോഷിക്കാനും തുടങ്ങിയെന്നത്‌ ഇതിന്‌ തുല്യമായി കാണണം.

കാരണങ്ങളേതുമാകട്ടെ പാര്‍ട്ടികള്‍ ഏതുമാകട്ടെ ഹര്‍ത്താലാഘോഷിക്കാന്‍ തിരഞ്ഞെടുത്ത ദിനങ്ങളുണ്ടായാല്‍ അത്‌ ഒരു വലിയ കുതിച്ചുചാട്ടമായിരിക്കും ഈ മേഘലയില്‍. ബന്ദ്‌ നിരോധിച്ചപ്പോള്‍ ലോകരെ ഹര്‍ത്താല്‍ പരിചയപ്പെടുത്തിയ കേരളത്തിനുതന്നെ ഇത്‌ പ്രാവര്‍ത്തികമാക്കിക്കൊണ്ട്‌ ഈപുതിയ പരീക്ഷണത്തിന്‌ തുടക്കമിടാവുന്നതേയുള്ളൂ. ഇതിനായി ഒരു ഏകീകൃത ഹര്‍ത്താല്‍ നിയമം നിയമസഭയില്‍ പാസ്സാക്കുകയോ ഒരു ഓര്‍ഡിനന്‍സായി ഇറക്കാവുന്നതോ ആണ്‌. ഗുണ്ടാനിയമത്തില്‍ നിന്നും രാഷ്ട്രീയക്കാരെ ഒഴിവാക്കിയതുപോലെ ചില നൂതന പരിഷ്കാരങ്ങളുമാകാം. സ്വാശ്രയ വിദ്യാഭ്യാസ നിയമത്തെക്കാളുമെല്ലാം നമുക്കിന്ന് അത്യാവശ്യം ഇത്തരം ഏകീകൃത ഹര്‍ത്താല്‍ നിയമമാണ്‌!

Sunday, October 21, 2007

പ്ലാസ്റ്റിക്‌ നിരോധനവും പൊട്ടന്റെ മാക്കൊട്ടയും!

വരണ്ടും തമ്മില്‍ എന്ത്‌ ബന്ധം? ആരാ ഈ പൊട്ടന്‍? പറയാം. പൊട്ടന്‍ എന്നുപറഞ്ഞാല്‍തനി ചെവികേള്‍ക്കാന്‍ പാടില്ലാത്ത ഒരു പഴയ പൊട്ടന്‍, സംസാരിക്കാന്‍ കഴിയാത്തത്‌ ഒരു പക്ഷേ ജനിച്ചിട്ട്‌ ഇതുവരെ ഭൂമിയിലെ ശബ്ദങ്ങളൊന്നും കേട്ടിട്ടില്ലാത്തതിനാലാകാം.എന്താ ഇപ്പോള്‍ പൊട്ടനെക്കുറിച്ച്‌ ഓര്‍ക്കാന്‍? കാരണം മറ്റൊന്നുമല്ല നാട്ടിലിപ്പോള്‍ നടപ്പാക്കികൊണ്ടിരിക്കുന്ന പ്ലാസ്റ്റിക്‌ നിരോധനം തന്നെ. പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാതെ സമയം തള്ളി നീക്കാനായി ഇന്നലെ രാത്രി ചാനലുകള്‍ തോറും മറിച്ചുനോക്കുമ്പോള്‍ ന്യൂസ്‌ ചാനലില്‍ പ്ലാറ്റിക്‌ നിരോധനത്തിന്റെ നിരര്‍ഥകതയെക്കുറിച്ച്‌ വ്യാപാരികളുടെ പ്രതിനിധിവാചാലനാകുന്നതുകണ്ടപ്പോള്‍വെറുതേ പഴയ പൊട്ടനെക്കുറിച്ചോര്‍ത്തു. ഇന്നിപ്പോള്‍ മുപ്പതുമൈക്രോണില്‍ കുറവുള്ള ബനിയന്‍ കിറ്റുകള്‍ കിട്ടാത്തതുകാരണം(ചുവടുവെട്ടിയാല്‍ റിയാലിറ്റി ഷോകളില്‍ ബനിയനായി പരീക്ഷിക്കാം) മത്സ്യമാര്‍ക്കറ്റില്‍ നിന്നും മീന്‍ പോലും ആളുകള്‍ വാങ്ങുന്നില്ലെന്നും അതുകൊണ്ട്‌ കേരളത്തിലുള്ളവരെല്ലാം ഇപ്പോള്‍ മീന്‍കറി കൂട്ടാനാകാതെ വിഷമിക്കുകയാണെന്നും, മീന്‍ വില്‍ക്കുന്നവരും കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളടക്കമുള്ളവരും പണിയില്ലാതെ വെറുതേ മാനത്തോട്ടുനോക്കിയിരിപ്പാണെന്നുമറിഞ്ഞപ്പോഴാണ്‌ പത്തിരുപതുകൊല്ലം മുന്‍പ്‌ അതും ഈവക ബന്യനുകള്‍ സാധാരണമാകുന്നതിനും മുന്‍പ്‌ പൊട്ടന്‍ ചെയ്തിരുന്ന മഹത്തായ സേവനത്തെക്കുറിച്ചോര്‍ത്തത്‌.

അക്കാലത്ത്‌ നാട്ടിലെ ചന്തയില്‍ ഓലചുന്താണികൊണ്ട്‌ മനോഹരമായ കിറ്റുകള്‍ (നാടന്‍ഭാഷയില്‍ ഇതിന്‌ മാക്കൊട്ടയെന്നുപറയും) നിര്‍മ്മിച്ച്‌ നാലണയ്ക്കും എട്ടണയ്ക്കും വിറ്റിരുന്നയാളാണ്‌ പൊട്ടന്‍. എത്രയോ ആയിരം മാക്കൊട്ടകള്‍ പിറവിയെടുത്ത ആകരവിരുതില്‍ നിമിഷങ്ങള്‍കൊണ്ട്‌ ചെറുതും വലുതുമായ സുന്ദരന്‍ മാക്കൊട്ടകള്‍ ജന്മമെടുക്കുന്നതുകാണാന്‍ ഒരു പ്രത്യേക ചന്തം തന്നെയായിരുന്നു. എത്രായിരം 'ഉച്ച-രാത്രങ്ങളില്‍' ആയിരക്കണാക്കിനു ആണുങ്ങള്‍ക്കും, പെണ്ണുങ്ങള്‍ക്കും, യുവതീയുവാക്കള്‍ക്കും, മീന്‍കറിയുടെ രുചിയൂറും നിമിഷങ്ങളും,കൊച്ചു കുഞ്ഞുങ്ങളെ മീനിന്റെ നുള്ളു കാട്ടികൊതിപ്പിച്ച്‌ ഉരുളചോറിന്റെലോകത്തേയ്ക്ക്‌ ആനയിച്ചിരുന്ന അമ്മമാര്‍ക്കും, മീനിട്ട പുളിയാണമില്ലാതെ ഒരുരുളയുമിറിങ്ങാത്ത മൂപ്പിലാക്കന്മാര്‍ക്കും, ഞങ്ങളുടെ നാട്ടിലെ പാവപ്പെട്ട മീന്‍ കച്ചവടക്കാര്‍ക്ക്‌ നിത്യവൃത്തികഴിയാനുള്ള മാര്‍ഗ്ഗവും ഒരുക്കിയിരുന്ന പത്തെഴുപതുവയസ്സുവരുന്ന മഹാനുഭാവനായ ഒരു വൃദ്ധന്‍, പാവം! ഇന്നു ജീവിച്ചിരിക്കുന്നുണ്ടോ ആവോ. ചെവികേള്‍ക്കാത്തതുകൊണ്ട്‌ തിരിച്ചൊന്നും കേള്‍ക്കേണ്ടിവരില്ലെന്നും ഉറപ്പുള്ളതുകൊണ്ടാവണം പ്രായഭേദമന്യേ എല്ലാവരും അദ്ദേഹത്തെ പൊട്ടനെന്നുവിളിച്ചു.

റ്റീവിയില്‍ ചര്‍ച്ചിച്ച മഹാനുഭാവന്റെ പേരുമറന്നുപോയെങ്കിലും ഞാനൊരിക്കലും പൊട്ടനെമറക്കില്ല! എന്നും ഉച്ചതിരിഞ്ഞ്‌ പത്തുകെട്ടിനടുത്ത്‌ ഓലയും,രണ്ടുപ്ലാവ്‌ കോതിയിറക്കിയ തൂപ്പുമായി കച്ചവടത്തിനെത്തുന്ന, കൊച്ചുപിള്ളാരോട്‌ പല്ലില്ലാത്തമോണകാട്ടിച്ചിരിക്കുന്ന, ഉടുപ്പിടാത്ത, അനുസരണയില്ലാത്ത നരച്ചമുടിയുമായി ഒരുമുഷിഞ്ഞ ഒറ്റത്തോര്‍ത്തുമാത്രമുടുത്ത്‌ ചന്തയ്ക്കകത്തെ പഞ്ചായത്തുകിണറിന്‌ വെയിലുമറഞ്ഞിരിക്കുന്ന ഒട്ടിയ കവിളുകളുള്ള പൊട്ടന്‍. പത്താമുദയമായാലും, അല്ലാത്ത ഉദയമായാലും വെയിലിന്റെ ആയിപ്പം മാറുന്നതനുസരിച്ച്‌ പൊക്കമുള്ള കല്‍ക്കെട്ടുള്ള കിണറിന്റെ ചുറ്റുവട്ടത്തെ കുമ്മായത്തറയിലെവിടെയെങ്കിലുമിരുന്ന് മാക്കൊട്ടനെയ്യുന്ന, തൂപ്പ്‌ വില്‍കുന്ന പൊട്ടന്‍. പിള്ളാരോട്‌ എന്തോ പൊട്ടനു വലിയ കാര്യമായിരുന്നു ചിലപ്പോള്‍ ദേഷ്യവും അവരോട്‌ തന്നെ!അഞ്ചുപൈസയ്ക്ക്‌ കിട്ടിയിരുന്ന കടിച്ചീമ്പുന്ന പുളിച്ചിമാങ്ങയും കയ്യില്‍ പിടിച്ച്‌ പൊട്ടന്റെയടുത്തു കൗതുകത്തോടെ നില്‍ക്കുന്ന ചെറുകൂട്ടം. ഈകുസൃതികൂട്ടത്തെക്കാണുമ്പോള്‍ പൊട്ടന്‌ എന്തോ ഒരു വലിയ ആവേശമാണ്‌! കൈകളുടെ വേഗം കൂടും, മാക്കൊട്ടകളുടെ എണ്ണവും, കണ്ണുകളുടെ തിളക്കവും. പിന്നെ പല്ലില്ലാത്ത മോണകാട്ടിചിരിക്കും.നാലണയുടെ മാക്കൊട്ട കൊച്ചുപിള്ളാര്‍ക്ക്‌ മാത്രം പതിനഞ്ചുപൈസയ്ക്കും കൊടുക്കും, ബാക്കി പത്തുപൈസയ്ക്ക്‌ രണ്ട്‌ മാങ്ങകിട്ടുമ്പോള്‍ അതുവലിയ ഡിസ്കൗണ്ട്തന്നെയായിരുന്നു. പൊട്ടനുതിരക്കുകൂടുമ്പോള്‍ പിള്ളാരെവേണ്ടുന്നപോലെഗൗനിക്കാതെവരുമ്പോള്‍ അവര്‍തന്നെ പൊട്ടനെ മൂക്ക്‌ ചൊറിഞ്ഞുകാണിക്കും ഇതാണ്‌ പൊട്ടന്‍ അവരോടുതന്നെ വഴക്കുകൂടാന്‍ കാരണം. പക്ഷേ അടുത്തദിവസം തന്നെരണ്ടുകൂട്ടരും അതെല്ലാം മറക്കും വീണ്ടും ചങ്ങാത്തം തുടരും.പിന്നെയുള്ളത്‌ പൊട്ടനെ സോപ്പിട്ട്‌ ഉണ്ടാക്കിപ്പിയ്ക്കുന്ന ഓലപ്പന്താണ്‌. പിള്ളാരെത്രപാടുപെട്ടുണ്ടാക്കിയാലും ആ പന്തിന്‌ നാലുവശമേ കാണൂ എന്നാല്‍ പൊട്ടന്‍ അകത്ത്‌ 'തീറ്റ്‌'വെച്ചുണ്ടാക്കിയെടുക്കുന്ന പന്തുകള്‍ക്ക്‌ ആറുവശമെങ്കിലും ചുരുങ്ങിയതുകാണുമെന്നുമാത്രമല്ല നല്ല വലിപ്പവുമുണ്ടാകും. അതുവെച്ച്‌ ഏറുപന്തോ സ്ക്വയറോ കളിച്ചാല്‍ ഒരേറുകൊണ്ടാല്‍ ഒന്നൊന്നര ഏറായിരിക്കുമത്‌.നട്ടപ്പൊറം തെണുത്തുകിടക്കും!

അക്കാലമെല്ലാം പോയിമറഞ്ഞു. ഇപ്പറഞ്ഞ ഏറുപന്തും ടെസ്റ്റും, വണ്‍ഡേയുമെല്ലാം കാലംകഴിഞ്ഞു,ഇത്‌20-ട്വൊന്റിയുഗം.എന്റെനാട്‌ പഴയ പൊട്ടന്റെ ബാസ്കറ്റില്‍നിന്നും ഒത്തിരിപുരോഗമിച്ചു. പിന്നെയെപ്പോഴോ പതിയെപതിയെ പൊട്ടനും മാക്കൊട്ടയുമെല്ലാം എന്റെ ബോധമണ്ഡലത്തില്‍നിന്നും മാഞ്ഞുപോയിരുന്നു. എന്നുമുതലാണ്‌ ഞാന്‍ ആദ്യമായി സഞ്ചിയില്ലാതെ കയ്യുംവീശി ചന്തയിലേക്ക്‌ പോയിതുടങ്ങിയത്‌? മാക്കൊട്ടയിലല്ലാതെ മീന്‍ വാങ്ങിത്തുടങ്ങിയത്‌? എന്നാണ്‌ പൊട്ടനെ മറന്നുപോയത്‌? ബട്ടണ്‍സ്‌ഒന്നുമില്ലാതെ ഉടുത്തുവെച്ചുകൊണ്ട്‌നടന്നിരുന്ന കളസത്തില്‍ നിന്നും മദ്രസയില്‍ പോയിരുന്ന കാലത്തെ അരമുണ്ടിലേക്കോ, കാല്‍ നടയില്‍നിന്നും സൈക്കിളിലേക്കു പുരോഗമിച്ചപ്പോഴോ? ആ...വ്യക്ത്മായി ഓര്‍മ്മയില്ല. പക്ഷേ പൊട്ടനെ മറന്നുകഴിഞ്ഞിരുന്നു മാക്കൊട്ടയേയും. പിന്നെപ്പിന്നെ പ്ലാസ്റ്റിക്ക്‌ സഞ്ചികള്‍ എന്റെദിവസങ്ങളിലൊഴിച്ചുകൂടാനാകാത്ത ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. ഈകവറുകളാണ്‌ എന്നെ ഏതുനേരത്തും എന്തുവാങ്ങാനും ഏതുചന്തയിലെ ഏതുകടയിലേക്കും കയ്യും വീശി കയറിചെല്ലാന്‍ പ്രാപ്തനാക്കിയത്‌.ആദ്യകാലങ്ങളില്‍ മീന്‍ വാങ്ങുന്നതിനുവേണ്ടി അമ്പതുപൈസമുടക്കി എന്നുമോരോ കവറുകള്‍ വാങ്ങുന്നതിനുപകരം മീന്‍കവര്‍ വീട്ടില്‍ കൊണ്ടുപോയി കഴുകി വെയിലത്തിടും, ചെറിയ മണമുണ്ടായിരിക്കുമെന്നേയുള്ളൂ പക്ഷേ ഒന്നുരണ്ടുദിവസത്തേക്കുകൂടി അതുകൊണ്ടഡ്ജസ്റ്റുചെയ്യാം! പക്ഷേ പിന്നെപ്പിന്നെ അതും മാറി.ആവശ്യമുള്ളപ്പോഴൊക്കെ കടക്കാരന്‍ ഈ വക കവറുകളില്‍ സാധങ്ങള്‍ പൊതിഞ്ഞുതരണമെന്നത്‌ എന്റെ മൗലികാവകാശമായിമാറി.ന്യൂനപക്ഷാവകാശം എന്നൊക്കെ പറയുന്നതു പോലെതന്നെ! ഒരുകവര്‍ പാലുവാങ്ങിയാല്‍ പോലും അത്‌ ചോദിക്കേണ്ടകാര്യമില്ല ഒരു പ്രത്യേകം കവറിലിട്ടുതന്നെ കിട്ടണം. പലവിധ 'വ്യജ്ഞനങ്ങള്‍' വാങ്ങുമ്പോള്‍ പരമാവധികവറുകളില്‍ കിട്ടാന്‍ ഞാന്‍ എന്നും ശ്രദ്ധാലുവായിരുന്നു. ചിലസമയങ്ങളില്‍ കടക്കാരന്റെ അശ്രദ്ധ ഇടപെട്ടുതിരുത്തി വേറേകവറിലിട്ടുവാങ്ങി. ഒടുവില്‍ കവറുകള്‍ കുന്നുകൂടി, കവറുകള്‍ക്കുമീതേ കവറുകള്‍. നോക്കുന്നിടം പാടേ കവറുകള്‍!ഈകവറുകളില്ലാത്തലോകം! ഹോ ചിന്തിച്ചിട്ടുതന്നെ പേടിയാകുന്നു.

നാട്ടില്‍ ഗുനിയാപടര്‍ന്നെന്നുകരുതി പാവം കവറുകളും അതുണ്ടാക്കുന്നവരും അതുള്ളതുകൊണ്ടുമാത്രം ഉപജീവനം നടത്തുന്നവരും, അതിനുകിട്ടുന്ന സബ്സിഡികള്‍കൊണ്ടുമാത്രം നിന്നുപിഴയ്ക്കുന്ന റിലയന്‍സ്‌ പോലെയുള്ള കുടില്‍ വ്യവസായങ്ങളും എന്തുപിഴച്ചു? ഇത്‌ ഇവിടെ ഉത്പാദിപ്പിക്കാന്‍ പാടില്ലന്നല്ലേ നിയമത്തിലുള്ളൂ? ഇതേ മൈക്രോണില്‍ തന്നെയുള്ള പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ഉണ്ണിയപ്പവും വടയുമെല്ലാം തമിഴ്‌നാട്ടില്‍നിന്നും വരുന്നതോ? വ്യാപാരപ്രതിനിധിയുടെ ചിന്തോദ്ദീപകമായ ചോദ്യംകേട്ട്‌ ചിന്തയില്‍നിന്നും ഞെട്ടിയുണര്‍ന്ന എന്റെവിരലറിയാതെ റിമോട്ടിലമര്‍ന്നു... അടുത്തചാനലിലെന്തായിത്‌? ങേ?!! കപ്പല്‍ കയറി കണ്ടയിനറില്‍ വന്ന സായിപ്പിന്റെ...??? ങേ..!! ആണവകരാറും അമേദ്യമിറക്കുമതിയും..?? സൈനിക സഹകരണവും...?? തരക്കേടില്ല...!! ഇതിനെയൊക്കെ എതിര്‍ക്കാന്‍ ചില ഭോഷന്മാരും!! ഇതൊക്കെതന്നെയല്ലേ പുരോഗതി പുരോഗതിയെന്നുപറയുന്നത്‌.

'പ്രൊക്രൂസ്റ്റസ്സുപുനര്‍ജീവിച്ചു പരിണാമങ്ങളിലൂടെ' എന്ന് വയലാര്‍ എഴുതിവെച്ചതുപോലെ പൊട്ടന്മാരും പുനര്‍ജ്ജീവിച്ചു കവറുല്‍പാദകരിലൂടെ! പക്ഷേ പഴയ പൊട്ടന്മാരിന്നുമുണ്ടായിരുന്നെങ്കില്‍! ആ 'ഹാന്‍ഡിക്രാഫ്റ്റ്‌' ഉപയോഗിക്കാന്‍ എനിയ്ക്ക്‌ നാണക്കേടില്ലായിരുന്നെങ്കില്‍, എന്ന് വെറുതേ ആശിച്ചുപോയി.