Monday, February 4, 2008

ഒറ്റ നാനോ മത്തി!

സംഗതി അതുതന്നെ, നിങ്ങളുദ്ദേശിച്ച നാനോതന്നെ, അതേ... ടാറ്റയുടെ, ഈയിടെ രത്തന്‍ ടാറ്റ അഭിമാനപൂര്‍വ്വം അവതരിപ്പിച്ച ആ ചെറുകാറിന്റെ കാര്യം തന്നെയാണ്‌ പറഞ്ഞുവരുന്നത്‌. നാനോയും മത്തിയുമായി എന്തുബന്ധം? പറയാം.രത്തന്‍ ടാറ്റ സ്വപനം കാണുന്നതുപോലെ നാനോ ഒരു വിപ്ലവം തന്നെ തീര്‍ക്കുന്ന കാര്യത്തെക്കുറിച്ച്‌ ഓര്‍ത്തോര്‍ത്ത്‌ ഒന്നുരണ്ടാഴ്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉള്‍പുളകത്തിന്‌ ഒരല്‍പം ശമനം കണ്ടുതുടങ്ങിയപ്പോഴാണ്‌, ജോലി സംബന്ധമായ ആവശ്യത്തിന്‌ ബാംഗളൂരിലെത്തിയ ഉറ്റ സുഹൃത്തുമായി, ഉച്ചയൂണ്‌ കഴിഞ്ഞങ്ങനെ വെടിപറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവന്‍പറഞ്ഞാണറിഞ്ഞത്‌,
ബാംഗളൂരില്‍ ജനുവരി ഒന്നാം തിയതി മുതല്‍ ഓട്ടോ ചാര്‍ജ്ജ്‌ കൂടിയതും, മിനിമം 12 ആയിരുന്നത്‌ 14 ആയെന്നുമൊക്കെ. അവന്‍ ജൊലിചെയ്യുന്നത്‌ മംഗലാപുരത്താണ്‌, ജോലിയുടെ ഭാഗമായി കര്‍ണാടക മുഴുവനും പലപ്പോഴും യാത്ര ചെയ്യേണ്ടി വരുന്ന അവന്‍ മംഗലാപുരത്തെ മര്യാദരാമന്മാരായ ഓട്ടോക്കാരേക്കുറിച്ചും, ബാംഗളൂരിലെ മീറ്ററില്‍ തട്ടിപ്പു നടത്തുന്നവരെക്കുറിച്ചും, ഗുല്‍ബര്‍ഗയിലെയും ബല്‍ഗാമിലേയും മറ്റു ഉത്തര കന്നഡ ജില്ലകളിലെ രസകരമായ ഓരോ ഓട്ടോ യാത്രകളെക്കുറിച്ചും, മൂന്നുരൂപ വീതം ഷെയര്‍ ചെയ്ത്‌ ആളെകയറ്റുന്ന ഷെയറിംഗ്‌ ഓട്ടോ സര്‍വീസ്‌ വിശേഷങ്ങള്‍ മുതല്‍ പലതും.പെട്രോളിന്‌ വില കൂടുമ്പോള്‍ ഇനിയും ഒരു പക്ഷേ ഓട്ടോ/ടാക്സി ചാര്‍ജ്‌ കൂടിയേക്കുമെന്നും, അക്കൂട്ടത്തിലാണ്‌ 75000 മുതല്‍ ഒരു
ലക്ഷം രൂപ വിലവരുന്ന ഓട്ടോയ്ക്ക്‌ പകരം നാനോ ആ സ്ഥാനം കൈയ്യടക്കിയലെങ്ങനെയിരിക്കുമെന്ന ചിന്ത ഞാനും പങ്കുവെച്ചത്‌.


ഇനി നാനോയുടെ ഡീസല്‍ വേര്‍ഷന്‍ ഇറങ്ങുമ്പോഴേക്കും അത്‌ ഒരു പക്ഷേ ഓട്ടോയേക്കാള്‍ ലാഭകരവുമായേക്കാമെന്നും ഞാന്‍പറഞ്ഞപ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ട്രെയിനോ, ഫ്ലൈറ്റോ പിടിക്കേണ്ടിവരുന്ന അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ 'നിനക്കറിയാമോ ഓട്ടോയ്ക്കാണെങ്കില്‍ എതിലേക്കൂടെ വേണമെങ്കിലും പോകാം, മുന്നില്‍ ഒറ്റ വീല്‍ തിരിയാനുള്ള ഇടം കിട്ടിയാല്‍ മതി, നാനോ എത്ര ചെറുതായാലും നാലുവീലിന്റെ അസൗകര്യം ഉണ്ടാകും, അതുകൊണ്ടുതന്നെ പൊന്നുമോനേ ഓട്ടോ ഇവിടെയുണ്ടാകും' എന്ന് അവന്‍ അവന്റെ ആഗ്രഹം പങ്കുവെച്ചു. പിന്നെ ഇങ്ങനെ തുടര്‍ന്നു 'ഡാ, പിന്നേ മടിവാളേന്ന് മെജസ്റ്റിക്‌ വരെ ഒരിക്കലും 30 മിനിട്ടിനുള്ളില്‍ എത്തില്ല, എനിക്ക്‌ ട്രെയിന്‍ കിട്ടില്ല എന്ന കണ്ടീഷനില്‍ ഞാന്‍ ഓട്ടോ വിളിച്ച്‌ 65 രൂപയുടെ സ്ഥാനത്ത്‌ നൂറുരൂപ തരാം, എന്നെ അരമണിക്കൂറിനുള്ളില്‍ മെജസ്റ്റിക്കില്‍ എത്തിക്കാമോ എന്ന് ചോദിച്ചപ്പോള്‍, ഇന്നുവരെ കണിട്ടില്ലാത്ത ഊടുവഴികളിലൂടെ ഒന്നോ രണ്ടോ സിഗലുകള്‍ മാത്രം പാസ്ചെയ്ത്‌ എന്നെ അയാള്‍ 25 മിനിട്ടുകൊണ്ട്‌ മെജസ്റ്റിക്‌ റെയില്‍വേസ്റ്റേഷനില്‍ എത്തിച്ചു!'
നീയെന്നെ ബൈക്കില്‍ കൊണ്ടുപോയാല്‍ പോലും ചിലപ്പോള്‍ എത്തില്ലായിരുന്നു, എന്നിങ്ങനെ അദ്ദേഹത്തിന്റെ ഓട്ടോ പുരാണം തുടര്‍ന്നപ്പോഴാണ്‌ ഞാനും എന്റെ തര്‍ക്കം തുടര്‍ന്നത്‌.

അവന്‍ പറഞ്ഞതൊക്കെയും കാര്യമാണെന്നു തോന്നിയിരുന്നെങ്കിലും, വെറുതേ തര്‍ക്കിക്കാന്‍ വേണ്ടി പറഞ്ഞുതുടങ്ങി നാനോ പുരണം. അവനും വിട്ടില്ല. 'ഡാ നീയൊന്നാലോചിച്ച്‌നോക്കിയേ, നീപറയുന്നതുപോലെ കുറേകൊല്ലത്തിനുമുന്‍പിത്‌ സംഭവിച്ചിരുന്നെങ്കില്‍ എന്തായിരുന്നു അവസ്ഥയെന്നറിയാമോ?

' എന്താ? എനിക്കറിയില്ല' ഞാന്‍ പറഞ്ഞു. 'ഡാ, രജനിയുടെ ബാഷയിലെ പാട്ടു തന്നെ "ഞാന്‍ നാനോക്കാരന്‍, നാനോക്കാരന്‍, നാലുവീലു വണ്ടിക്കാരന്‍, നാലും തെരിഞ്ഞ റൂട്ടുക്കാരന്‍..." എന്നിങ്ങനെ പോയേനേ, അറിയുമോ നിനക്ക്‌!' അവനെന്നെ വിടാന്‍ ഭാവമില്ലായിരുന്നു.

'എഡാ, അങ്ങനെ പല പുരോഗതിയും നാട്ടിലുണ്ടാകും, അതിനെതിരേ പുറം തിരിഞ്ഞ്‌ നിന്നിട്ട്‌ കാര്യമില്ല, പണ്ട്‌ ട്രാക്‍റ്റര്‍ പാടത്തിറക്കില്ലെന്ന് പറഞ്ഞ്‌ കൊടിപിടിച്ചിട്ടുണ്ട്‌ നമ്മുടെ നാട്ടില്‍. കമ്പ്യൂട്ടര്‍ വന്നാല്‍ ആളുകളുടെ ജോലി പോകും എന്നും കേട്ടിരുന്നില്ലേ? എന്നിട്ടെന്തായി? പണ്ട്‌ തലച്ചുമടായിട്ടായിരുന്നു മീന്‍ വിറ്റിരുന്നതെങ്കില്‍കില്‍ പിന്നെ അത്‌ സൈക്കിളിലും, പിന്നെ എം.80 യിലും,പിന്നെ ബോക്സറിലും, ഇപ്പോഴത്‌ പള്‍സറിലുമായില്ലേ? നാളെയത്‌ എന്തുകൊണ്ട്‌ നാനോയിലായിക്കൂടാ?' ഞാനും വിട്ടില്ല.

അവന്‍ പറഞ്ഞുതുടങ്ങി 'മോനേ ഷാനവാസേ, നിനക്കറിയാമോ നല്ല ഒന്നാതരം വണ്ടിയായിരുന്നു ബജാജ്‌ എം.80 , ഞാന്‍ വണ്ടിയോടിക്കാന്‍ പഠിച്ചതുപോലും അതിലാ, ഒരുപാട്‌ വണ്ടിയിറങ്ങിക്കഴിഞ്ഞ്‌ ഇപ്പോള്‍ കേരളത്തില്‍ ഒറ്റയൊരു വണ്ടിപോലും അതുവില്‍ക്കുന്നില്ല, എന്താകാരണമെന്നറിയാമോ? അതിന്റെ പേര്‌ എം.80 എന്നല്ല 'മീങ്കേറ്റി' എന്നായതുകൊണ്ടാണ്‌, ആവണ്ടിയുടെ പേരുപോലും അവന്മാര്‍ നശിപ്പിച്ചു! അതുപോലെ നീ പറയുന്നതുപോലെങ്ങാനും സംഭവിച്ചാല്‍ നാനോയുടെ പേരു മാറി വല്ല 'മീനോ' എന്നാകും, പിന്നെ ടാറ്റ ഒരുലക്ഷം പോയിട്ട്‌ വെറുതേ കൊടുക്കാമെന്നു പറഞ്ഞാല്‍ പോലും ആരും ആവണ്ടിയെടുക്കില്ല നിനക്കറിയാമോ?'

എനിക്ക്‌ ചിരിവന്നുവെങ്കിലും ഗൗരവത്തില്‍ ഞാന്‍ പറഞ്ഞു, അതിനെതാ കുഴപ്പം, മീന്‍വില്‍പനക്കാര്‍, പാലു കച്ചവടക്കാര്‍, പച്ചക്കറി, ഫ്രൂട്ട്സ്‌ കച്ചവടക്കാര്‍ക്കെല്ലാം ഒരനുഗ്രഹമായിരിക്കും നാനോ' !

'അതെങ്ങനെ? ' അവന്‍ ചൊദിച്ചു. 'എഡാ, നാനോയ്ക്ക്‌ ബൂട്ട്‌ മുന്നിലല്ലേ? അതിനാല്‍ ഇത്തരം സാധങ്ങള്‍ ഒക്കെ കയറ്റാന്‍ എളുപ്പമല്ലേ? ഡ്രൈവര്‍ക്ക്‌ തന്നെ കൈകാര്യംചെയ്യാം, അതായത്‌ മുന്നിലെ ബൂട്ടിന്റെ മുകളിലെ ബോണറ്റ്‌ അങ്ങ അഴിച്ചുമാറ്റി (എം.80യിലെ, പിറകിലെ സീറ്റ്‌ മാറ്റിയതുപോലെ)പകരം അവിടെ മീന്‍ ബോക്സു വെച്ച്‌ മീന്‍ നിറച്ചാല്‍(ബോക്സ്‌ പോലും വേണ്ട, ഡയറക്റ്റ്‌ ബൂട്ടിലിടാം) മീന്‍ കച്ചവടം ഉഷാറാക്കാം. വേണ്ടിടത്ത്‌ നിര്‍ത്തി മീന്‍കൊടുക്കാം. അതുപോലെ തന്നെ പഴവും , പച്ചക്കറിയുമെല്ലാം'.

'മമ്മദ്‌ കഴിഞ്ഞയാഴ്ച ഒറ്റനാനോ മത്തിയാ ഒരുമണിക്കൂര്‍കൊണ്ട്‌ വിറ്റത്‌' എന്ന് മീന്‍ കച്ചവടക്കാര്‍ തമ്മില്‍ പറയുന്ന കാലം വിദൂരമല്ല, ഞാന്‍ പറഞ്ഞു.' അതുപോലെതന്നെ കച്ചവടക്കാര്‍ക്ക്‌ ഇനിമുതല്‍ നാലുവീലു വണ്ടി തള്ളി കഷ്ടപ്പെടേണ്ടി വരില്ല, പകരം ഇപ്പറഞ്ഞതുപോലെ നാനോയുടെ മുന്നില്‍ നിറച്ച്‌ ബോണറ്റില്ലാതെ ഒരു മിനിമം സ്പീഡിലങ്ങ്‌ പോയാല്‍ മതിയല്ലോ?' ബാങ്കുകാരാണെങ്കില്‍ ലോണുമായി എപ്പാള്‍ ചാടിവീണെന്ന് ചോദിച്ചാമതി. ഒരു കൊല്ലം കൂടി നീട്ടിയെടുത്താല്‍ പള്‍സര്‍ വാങ്ങിയ മാസ തവണയില്‍ തന്നെ കാര്യമങ്ങുനടക്കും. കച്ചവടമില്ലാത്തപ്പോള്‍ ബോണറ്റ്‌ അടച്ചുവെച്ച്‌ കുടുംബത്തുള്ളവരുമായി കറങ്ങുകയുമാകാം.

എങ്കില്‍ എങ്ങനെ ആയിരിക്കും ഇനി വരാന്‍ സാദ്ധ്യതയുള്ള നനോ വാര്‍ത്തകള്‍?

'നാനോ മറിഞ്ഞ്‌ നാല്‌ മത്സ്യത്തിഴിലാളികള്‍ക്ക്‌ പരിക്കേറ്റു'.

'ഓറഞ്ച്‌ നാനോ മുട്ടി, കുട്ടിയ്ക്ക്‌ പരിക്കേറ്റു'

'നാനോയുടെ പുതിയ സി.ആര്‍.ഡി.ഐ വെര്‍ഷന്‍ മീനോ: നൂറുകിലോമീറ്ററില്‍ കൂടുതല്‍ വേഗം ആവശ്യമുള്ള മത്സ്യത്തൊഴിലാളികളെയാണ്‌ ഈ പുതിയ സെഗ്മെന്റിലൂടെ ടാറ്റലക്ഷ്യമിടുന്നത്‌'.

'മീനോയുടെ സെഡാന്‍ രണ്ടായിരത്തി പത്തില്‍: രത്തന്‍ ടാറ്റ'.

'നാനോ ടൊമാറ്റോ: അഴുകിയ പച്ചക്കറികളില്‍നിനും, സി.എന്‍.ജി വേര്‍തിരിച്ച്‌ പ്രവര്‍ത്തിക്കുന്ന മോഡലാണ്‌ നാനോ ടൊമാറ്റോ. പഴം പച്ചക്കറി വില്‍പനക്കാരായ നാനോ ഉപഭോക്താക്കളെ ലക്ഷ്യമിട്ട്‌ ഇറങ്ങുന്ന ടൊമാറ്റൊ,സി.എന്‍.ജി വാഹന നിരയില്‍ ഒരു പുതു വിപ്ലവമാംകുമെന്നാണ്‌ നിര്‍മ്മാതാക്കളായ ടാറ്റയുടെ അവകാശവാദം'.

അങ്ങോട്ടുമിങ്ങോട്ടും ഒന്നും രണ്ടും പറഞ്ഞ്‌ കൂട്ടിക്കഴിഞ്ഞ്‌ ഒടുവില്‍ അവന്‍ പറഞ്ഞു, ഡാ എന്നാലും ഇത്രയ്ക്ക്‌ വേണ്ടായിരുന്നു. വണ്ടി ഇറങ്ങിക്കഴിഞ്ഞ്‌ ഞാന്‍ ഒരെണ്ണം ബുക്കു ചെയ്യാനിരുന്നതാ!

16 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

സംഗതി അതുതന്നെ, നിങ്ങളുദ്ദേശിച്ച നാനോതന്നെ, അതേ... ടാറ്റയുടെ, ഈയിടെ രത്തന്‍ ടാറ്റ അഭിമാനപൂര്‍വ്വം അവതരിപ്പിച്ച ആ ചെറുകാറിന്റെ കാര്യം തന്നെയാണ്‌ പറഞ്ഞുവരുന്നത്‌. നാനോയും മത്തിയുമായി എന്തുബന്ധം? പറയാം....

മൂര്‍ത്തി said...

:)രസമുണ്ട്..

മൃദുല said...

mathi vandi

siva // ശിവ said...

ഷാനവാസ്‌ പറഞ്ഞിരിക്കുന്ന കാര്യം തന്നെയാ നടക്കാന്‍ പോകുന്നത്‌........എന്തായാലും അവതരണം നന്നായി....

അപ്പു ആദ്യാക്ഷരി said...

ഷാനവാസേ.. നന്നായി അവതരിപ്പിച്ചു. എല്ലാവര്‍ക്കും ഓരോ കാര്‍ എന്ന ആശയം കൊള്ളമെങ്കിലും അതിന്റെ ഒരു മിനിയേച്ചര്‍ അനുഭവം - അതും ഇത്രയധികം റോഡ് സൌകര്യങ്ങള്‍ വികസിച്ച ദുബായിയിലും ഷാര്‍ജയിലും - ഉള്ളതുകൊണ്ടു പറയുകയാ. അതത്ര നല്ല അനുഭവമായിരിക്കില്ല. ഇതും എടുത്ത് എങ്ങോട്ടെങ്കിലും പോക്കാമെന്നു വിചാരിച്ച് ഇറങ്ങുമ്പോള്‍ ട്രാഫിക് ബ്ലോക്ക്, ഇനി ലക്ഷ്യസ്ഥാനത്തെത്തിയാലോ, പാര്‍ക്കിംഗ് അന്വേഷിച്ച് സമയം കളയല്‍ ഇങ്ങനെ അസൌകര്യങ്ങളും കൂടെത്തന്നെ കൂടും. അവസാനം നടന്നുപോകുകതന്നെ നല്ലതെന്നു വരും. ഏതു രാജ്യത്തായാലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന, ആവശ്യത്തിനുതകുന്ന ഒരു പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റത്തിനോളം പ്രയോജനം സ്വകാര്യവാഹനങ്ങള്‍ക്ക് ചില അവസരങ്ങളിലൊഴികെ നല്‍കാനാവില്ല. കാത്തിരുന്നു കാണുകതന്നെ.

സഞ്ചാരി said...

വളരെ രസകരമായി തന്നെ അവതരിപ്പിച്ചു.

rathisukam said...
This comment has been removed by a blog administrator.
പപ്പൂസ് said...

രസിച്ചൂ ജീ... :)

ഷാനവാസ്‌ ഇലിപ്പക്കുളം said...

പ്രിയമുള്ള മൂര്‍ത്തി, നാടന്‍, ശിവകുമാര്‍, അപ്പുവേട്ടന്‍, സഞ്ചാരി, പപ്പൂസ്‌ എല്ലാവര്‍ക്കും നന്ദി ഇതു സഹിച്ചതിനും അഭിപ്രായം പറഞ്ഞതിനും.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മാഷെ ആദ്യമായാണ് ഈ ബ്ലോഗില്‍ വരുന്നത് ...
രസകരമായ അവതരണശൈലി...

പാമരന്‍ said...

നല്ല ചന്തമുള്ള ചിന്തകള്‍..!

Mahesh Cheruthana/മഹി said...

ഷാനവാസ്‌ ഭായി ,
കൊച്ചിയിലെ അസഹ്യമായ തിരക്കില്‍ പലപ്പോഴും പാര്‍ക്കിംഗ്‌ സൗകര്യമില്ലാതെ വീര്‍പ്പുമുട്ടുന്ന ഞാന്‍ കുറഞ്ഞ ചിലവില്‍ നാനോയില്‍ ഒത്തിരി സ്വപ്നങ്ങള്‍ നെയ്തു എല്ലാം മാഷെ തകര്‍ത്തില്ലെ നിങ്ങള്‍?
ഒരു ജനതയുടെ സ്വപ്നത്തെ goods carrier ആക്കല്ലേ മാഷെ?

ഷാനവാസ്‌ ഇലിപ്പക്കുളം said...

മിന്നാമിനുങ്ങുകള്‍, ആദ്യത്തെ വരവിനും കൈയ്യൊപ്പിനും നന്ദി, വീണ്ടും വരിക. :)

പാമരാ, നല്ല പ്രാസമുള്ള കമന്റ്‌! നന്ദി :)

മഹീ, നിങ്ങള്‍ നനോ തന്നെ എടുക്കൂ. കൂടാതെ വീട്ടിലുള്ള എല്ലാവര്‍ക്കും ഓരോന്ന് വാങ്ങി കൊടുക്കൂ! ഇനിയിപ്പോള്‍ വല്യ വല്യ ആള്‍ക്കാള്‍ കുട്ടികള്‍ക്ക്‌ സൈക്കിള്‍വാങ്ങിക്കൊടുക്കുന്നതിനുപകരം നാനോ ആയിരിക്കും വാങ്ങിക്കൊടുക്കുക!. എല്ലാവരും കാറുകാരാകട്ടെ! മൊബെയില്‍ ഫോണ്‍ പോലെ സാര്‍വത്രികമാകട്ടെ. രാജ്യം പുരോഗമിക്കട്ടെ. വാങ്ങുന്നുണ്ടെങ്കില്‍ അത്‌ ഏറണാകുളത്ത്‌ തന്നെ വേണം ഉപയോഗിക്കാന്‍. ആര്യന്‍ സിനിമയില്‍ മോഹന്‍ലാല്‍ കാറുകളുടെ മുകളിലൂടെ ഓടുന്ന ഒരു സീനുണ്ട്‌, അതുപോലെ നമുടെ പിള്ളേര്‍ക്ക്‌ എം.ജി റോഡിലും , മറൈന്‍ ഡ്രൈവിലുമെല്ലാം ഭാവിയില്‍ നാനോകള്‍ക്കു മുകളിലൂടെ ഓടിക്കളിക്കാം! അങ്കവും കാണാം താളിയുമൊടിക്കാം , കച്ചവടവും നടക്കും, യാത്രയും ചെയ്യാം. ബുക്കുചെയ്യുമ്പോള്‍ എനിക്കും കൂടിയൊന്ന്!
മഹീ സന്ദര്‍ശിച്ചതിനും, അഭിപ്രായം പറഞ്ഞതിനും നന്ദി:)

rathisukam said...

മാപ്പുനല്‍കു മമ മഹാപ്രഭൊ......പരസ്യം പതിച്ചതിന്‌ ക്ഷമിക്കുക

krish | കൃഷ് said...

ഷാനവാസ് നാനോ വാങ്ങിച്ചിട്ടുവേണം ‘അതാ നാനോവാസ് ഇലിപ്പക്കുളം പോകുന്നേ’ എന്നു പറയാന്‍.
:)

ഷാനവാസ്‌ ഇലിപ്പക്കുളം said...

രതി സാര്‍, വെറുതേ പറഞ്ഞതാകും അല്ലേ? എങ്കിലും ഞാനൊരു മഹാപ്രഭു അല്ലല്ലോ? ഒരു സാധാരണക്കാരനാണെന്നാണ്‌ എന്റെ പ്രൊഫൈലില്‍ കൂടി എഴുതിയിരിക്കുന്നത്‌! പരസ്യം പതിക്കുന്നതിനൊന്നും ഞാന്‍ കുറ്റം പറഞ്ഞില്ലല്ലോ? എവിടെയാണോ പതിക്കുന്നത്‌ അവിടെ എന്താ നടക്കുന്നത്‌, നാടകമാണോ, ബാലേയാണോ എന്നുകൂടി നോക്കണമെന്നല്ലേ? :) നന്ദി.

കൃഷ്‌ ചേട്ടാ, അതുകൊള്ളാം നാനോവാസ്‌! എനിക്കിഷ്ടപ്പെട്ടു. പണ്ട്‌ എട്ടുകാലിപ്പക്കുളം എന്നുപറഞ്ഞതുപോലെ.:) സന്തോഷം ഇവിടെയെത്തിയതിന്‌, നന്ദി.