Wednesday, August 10, 2011

പൂജപ്പുര ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌

നൂറുകോടി (അതോ മുന്നൂറോ?) ആസ്തിയുള്ള ബാലകൃഷ്ണപിള്ളയെപ്പോലുള്ള ഒരു മാടമ്പിയുടെ അതീവ ഗുരുതരവും അത്യപൂര്‍വ്വവുമായ കരളലിയിക്കുന്ന കരള്‍ രോഗം ഇത്രയും കാലം കണ്ടുപിടിക്കാന്‍ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റികള്‍ക്കോ, 50ഉം 60ഉം ശതമാനം തുക ഡോക്റ്റര്‍മാര്‍ക്ക്‌ കമ്മീഷന്‍ നല്‍കുന്ന തിരുവനന്തപുരത്തെ അത്യന്താധുനിക സ്കാന്‍ സെന്റര്‍കള്‍ക്കോ കഴിഞ്ഞില്ല. ഈ പ്രത്യേക സാഹചര്യത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ ഗുരുതര രോഗം കണ്ടെത്തിയ പൂജപ്പുര ജെയില്‍ ആശുപത്രി പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. ഈ സ്ഥാപനത്തെ കേന്ദ്ര സര്‍ക്കാര്‍ എയിംസ്‌ പദവി നല്‍കി പെയിംസ്‌ എന്ന് നാമകരണംചെയ്യാനും എത്രയുംവേഗം ആരോഗ്യമന്ത്രി ഇടപെടണം.അത്യപൂര്‍വ്വ രോഗങ്ങള്‍ കണ്ടെത്തുക മാത്രമല്ല അതു ചികിത്സിച്ച്‌ ഭേദമാക്കാന്‍ പര്യാപ്തമാകും വിധത്തില്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍വിപുലപ്പെടുത്താന്‍ ഇത്‌ വളരെയധികം സഹായിക്കും.ഇപ്പോഴത്തെ നിലയില്‍ രോഗനിര്‍ണയം നടത്തന്‍ മാത്രമേ ഇവിടെ കഴിയൂ. ചികിത്സയും സുഖവാസവുമൊക്കെ അവനവന്റെ കഴിവനുസരിച്ച്‌ മറ്റ്‌എവിടെയെങ്കിലുമാക്കാന്‍ മന്ത്രിസഭയോട്‌ ശുപാര്‍ശ ചെയ്യാന്‍ മാത്രമേ ജെയില്‍ വകുപ്പിന്‌വകുപ്പുള്ളൂ. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സിച്ച്‌ ഭേദമാകാത്ത രോഗങ്ങള്‍ക്ക്‌ ഒരു അവസാന ആശ്രയമെന്ന നിലയിലേക്ക്‌ ഉയരത്തക്ക രീതിയില്‍ ഇന്റര്‍ചര്‍ച്ച്‌ മെഡിക്കല്‍ കോളേജുകളെക്കുറിച്ച്‌ ജോര്‍ജ്ജ്‌ പോള്‍ പറയാറുള്ളതുപോലെ 'മികവിന്റെ കേന്ദ്രം' (Center of ecellence) ആയും പെയിംസിനെ മറ്റേണ്ടത്‌ അത്യാവശ്യമാണ്‌.

ഇത്തരത്തില്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടിട്ടില്ലാത്ത മാറാ വ്യാധികള്‍ ബാധിച്ചവരെ ഉടനടി വേണ്ട പരിശോധനകള്‍ക്ക്‌ വിധേയമാക്കാന്‍ വേണ്ടി കുറഞ്ഞ പക്ഷം ഏതെങ്കിലും വിജിലന്‍സ്‌ കേസുകള്‍ ചാര്‍ജ്ജ്‌ ചെയ്തോ, ശ്രീനിജനെപ്പോലെ വിജിലന്‍സ്‌ പരിധിയില്‍ വരാത്ത പാവം പൊതുപ്രവര്‍ത്തകരാണെങ്കില്‍ ഏതെങ്കിലും പിടിച്ചുപറിയോ, ഓളിക്കാമറ വെച്ചുള്ള പ്രയോഗത്തിലൂടെയോ എത്രയും പെട്ടന്ന് റിമാന്റു ചെയ്യിച്ചെങ്കിലും ഈ ആശുപത്രിയിലെത്തിച്ചാല്‍ അവരുടെ ജീവനെങ്കിലും രക്ഷപ്പെടുത്താനായേക്കും. ഗണേശന്‍ എന്തൊക്കെ ആക്ഷേപിച്ചാലും ഡോ. വി.എസ്‌ അച്ചുതാനന്ദന്‍ കഴിഞ്ഞ 20 വര്‍ഷമായി ബാലകൃഷ്ണപിള്ളയുടെ ആരോഗ്യകാര്യത്തില്‍ കാണിച്ച അനുഭാവപൂര്‍ണമായ ഫോളോ അപ്പുകളാണ്‌ ഒരുപക്ഷേ അദ്ദേഹത്തിന്റെ ജീവന്‍ പോലും രക്ഷിക്കാന്‍ കാരണമായേക്കാവുന്ന അസാധാരണ കണ്ടുപിടുത്തം നടത്താന്‍ പെയിംസിലെ ഡോക്റ്റര്‍മാരെ സഹായിച്ചത്‌. ആയുര്‍വേദ ചികിത്സയിലൂടെ ഇതുവരെ രോഗം ഭേദമാകാത്ത പഴയ ജില്ലാ സെക്രട്ടറിക്കും,പുതുതായി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ജില്ലാ സെക്രട്ടറിമാര്‍ക്കും വേണമെങ്കില്‍ ഇവിടെ പ്രിശോധനകള്‍ക്ക്‌ വിധേയരാകവുന്നതാണ്‌.


ഏതായാലും രോഗനിര്‍ണ്ണയത്തിനായി തങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ട ദിവസങ്ങളേക്കാളും കൂടുതല്‍ സമയം ഗുരുതരാവസ്ഥയിലുള്ള ഭാര്യയെ ശിശ്രൂഷിക്കാന്‍ പരോളിലായിരുന്നതിനാല്‍ ബാലകൃഷ്ണപിള്ളയെ വേണ്ടവിധം പരിശോധിക്കാനോ ചില അനുബന്ധ രോഗങ്ങള്‍ സ്ഥിതീകരിക്കാനോ കഴിഞ്ഞില്ലെന്ന് സങ്കടത്തിലാണ്‌ പെയിംസിലെ ഡോക്ടര്‍മാര്‍.ഡോകറ്റര്‍മാര്‍ ചൂണ്ടിക്കാണിച്ച ചില ഗുരുതരങ്ങളായ അനുബന്ധരോഗങ്ങള്‍ ഇവയാണ്‌.തനിക്ക്‌ കാരണവന്മാര്‍ സമ്പാദിച്ചിട്ടിരുന്ന കോടിക്കണക്കിന്‌ രൂപയ്ക്കുള്ള സ്വത്തുവകകളുണ്ടെന്ന് അറിവുണ്ടെങ്കിലും, തിരെഞ്ഞെടുപ്പുകളില്‍ സ്വത്തുവിവരം പ്രഖ്യാപിക്കുമ്പോള്‍ ബാധിക്കുന്ന അതീവ ഗുരുതരമായ മറവിരോഗം,ലക്ഷങ്ങള്‍ ബാങ്കില്‍നിന്നെടുത്തു കാറില്‍ വരുമ്പോള്‍ ചില തട്ടിപ്പുകാര്‍ പറത്തിവിടുന്ന പത്തുരൂപനോട്ടിനെ പിന്നാലെ പോയി സമ്പത്ത്‌ നഷ്ടപ്പെടുത്തുന്നവര്‍ക്കുണ്ടാകുന്ന തരം താണ അത്യാഗ്രഹത്തിന്‌ സമാനമായ ഒരു അസുഖം, ഇതിന്റെ ലക്ഷണമെന്നത്‌ മന്ത്രിയായിരിക്കുമ്പൊള്‍ വീട്ടില്‍ കോടികള്‍ വെച്ചിട്ട്‌, പൊതുമുതല്‍ കാണുമ്പോള്‍ കയ്യിട്ട്‌ വാരാന്‍ തോന്നുന്നുക എന്നതാണ്‌. അതിന്‌ ഗ്രാഫൈറ്റെന്നോ, ഇടമലയാറെന്നോ ഒക്കെയാണ്‌ ചില നാട്ടുവൈദ്യന്മാര്‍ പറയുക. ഇതുകൂടാതെ ഉദര സംബന്ധമായ മറ്റൊരു ഗുരുതര രോഗം കൂടെ പുതിയതായി സംശയിക്കുന്നു, കാരണം സ്കൂളുകളില്‍ ഉച്ചക്കഞ്ഞിക്കൊപ്പം വിളമ്പുന്ന പുഴുക്കുത്തേറ്റ ചെറുപയര്‍ അമിതമായി കഴിച്ചതിന്റെ ലക്ഷണമാണ്‌ കാണുന്നത്‌. ഇത്‌ കൊല്ലം ജില്ലയിലെ ബാലകൃഷ്ണപിള്ള മാനേജരായിരിക്കുന്ന വാളകം സ്കൂളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുപോകും വഴി കൊട്ടാരക്കരയിറക്കിയതാണേന്നും, അതല്ല അയിരത്തിലധികം കുട്ടികള്‍ക്ക്‌ ഉച്ചക്കഞ്ഞിയുണ്ടെന്നു സര്‍ക്കാരിനെ തെറ്റിധരിപ്പിച്ച്‌ 500 കുട്ടികള്‍ക്ക്‌ കൊടുത്തതിന്റെ ബാക്കി വെറുതേകളയേണ്ട എന്നുകരുതി ഇലക്ഷനുമുമ്പ്‌ കഴിച്ചു തീര്‍ത്തതാണെന്നും മര്‍ഡോക്കിന്റെ ചാനലില്‍ സ്ഥിതീകരിക്കാത്ത വാര്‍ത്തകളുണ്ട്‌.ഓര്‍മ്മക്കുറവുമൂലം കണക്കുതെറ്റിപ്പോവുകയെന്ന മറ്റൊരസുഖവും സംശയിക്കുന്നു. ഇതേ സ്കൂളിലെ ഒരുതവണ തലയെണ്ണിയ കുട്ടികളെത്തന്നെ വീണ്ടും വീണ്ടുമെണ്ണിയാണ്‌ പല ഡിവിഷനുകളുമുണ്ടാക്കിയതെന്നും അറിയാതെ (ഉറക്കത്തില്‍) അധ്യാപകരെ നിയമിച്ചുപോയി എന്നതുമൊക്കെയാണ്‌ ഇതിന്റെ ലക്ഷണമായി ചൂണ്ടിക്കാണിക്കുന്നത്‌. ഏതായാലും ആദ്യം കണ്ടെത്തിയ രോഗത്തിനുള്ള വിദഗ്‌ധ ചികിത്സ കഴിഞ്ഞ്‌ ഇതേ ആശുപത്രിയില്‍ തിരിച്ചെത്തുന്ന മുറയ്ക്ക്‌ പുതുതായി സംശയിക്കുന്ന രോഗങ്ങളും പരിശോധിച്ച്‌ കണ്ടെത്താന്‍ കഴിയും എന്ന ഉത്തമ വിശ്വാസത്തിലാണ്‌ പെയിംസിലെ ഭിഷഗ്വരന്മാര്‍.