Tuesday, February 19, 2008

ജനകീയ ഹര്‍ത്താല്‍-നേട്ടം ജനങ്ങള്‍ക്ക്‌

താ വീണ്ടുമൊരു ജനകീയ ഹര്‍ത്താല്‍. ഇത്‌ ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്നതില്‍ ആര്‍ക്കെങ്കിലുമുണ്ടോ സംശയം? രണ്ടുദിവസം മുന്‍പ്‌ ഞയറാഴ്ച ഇതുപോലെ തന്നെ ഒരു ജനകീയ വാഹനപണിമുടക്കും നടന്നിരുന്നു. രണ്ടിന്റെയും ഉദ്ദേശ്യം ഒന്നുതന്നെ, ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ തീരുമാനങ്ങള്‍ എടുക്കുക,എടുപ്പിക്കുക. ഒന്നിന്റെ ഉദ്ദേശ്യം പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനയ്ക്കെതിരേ ആയിരുന്നുവെങ്കില്‍ അടുത്തത്‌ കുറേക്കൂടി വിശാലാടിസ്ഥാനത്തില്‍ ഉപ്പു തൊട്ട്‌ കര്‍പ്പൂരം വെരെയുള്ള, പ്രത്യേകിച്ച്‌ അരിവിലവര്‍ദ്ധനയ്ക്കും എതിരേ. രണ്ടിന്റേയും ഗുണഭോതാക്കള്‍ ജനങ്ങളാകുമ്പോള്‍ സ്വാഭാവികമായും ഇത്തരം പണിമുടക്ക്‌ , ഹര്‍ത്താല്‍ ആഘോഷങ്ങളില്‍ ജനങ്ങളുടെ സഹകരണം അത്യാവശ്യമായി വരുന്നു എന്നത്‌ രാഷ്ട്രീയം അറിയത്ത ഏതു കുഞ്ഞിനുപോലും അറിയാം. കേരള ഹൈക്കോടതിയുടെ ആസ്ഥാനം കൊച്ചിയില്‍ നിന്നും ബാംഗളൂരിലേക്കോ ഹൈദ്രാബാദിലേക്കോ മാറ്റിയോ? കേരളത്തില്‍ തന്നെയല്ലേ അത്‌ പ്രവര്‍ത്തിക്കുന്നത്‌? പിന്നെയെന്താണ്‌ ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തണമെന്ന ഒരു തമാശ ഇറക്കാന്‍ കാരണം? കേരളത്തിലെ ഹര്‍ത്താല്‍ എന്ത്‌? അതെങ്ങനെ ആഘോഷിക്കപ്പെടുന്നു എന്നത്‌ കേരളത്തില്‍ തന്നെ ഇത്രകാലവും പ്രവര്‍ത്തിച്ചിട്ടും കോടതികള്‍ക്ക്‌ സര്‍ക്കാര്‍ അഭിഭാഷകന്‍ നേരിട്ടു ഹാജരായി 'സത്യവാങ്ങ്‌മൂലം' എന്ന പേരില്‍ ഒരു നെടുങ്കന്‍ കള്ളം എഴുന്നള്ളിച്ചാലേ മനസ്സിലാകൂ എന്നുണ്ടോ? അതോ അതോടുകൂടി ജനങ്ങളുടെ സ്വൈരജീവിതവും, സഞ്ചാര, തൊഴില്‍, പ്രവര്‍ത്തന സ്വാതന്ത്ര്യവും എല്ലം സര്‍ക്കാര്‍ അങ്ങു സംരക്ഷിച്ചോളും എന്ന വിശ്വാസംകോടതികള്‍ക്കുണ്ടോ?

ഏതായാലും ഈ രണ്ടു പണിമുടക്ക്‌,ഹര്‍ത്താല്‍ കൊണ്ട്‌ ജനങ്ങള്‍ക്കുണ്ടായ നേട്ടം ചില്ലറയല്ല. ഞയറാഴ്ചത്തെ വാഹനപണിമുടക്കില്‍ സ്വയമേധയാ പങ്കെടുത്ത എല്ലാവര്‍ക്കും പെട്രോളിന്‌ ഇപ്പോള്‍ കൂട്ടിയ രണ്ടുരൂപയും, ഡീസലിന്‌ ഒരു രൂപയും കുറഞ്ഞ നിലയില്‍ വിതരണം ചെയ്യാന്‍ ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപ്രദമാണ്‌. അതിനായി എര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനകള്‍ വളരെ ലളിതവും. പണിമുടക്കില്‍ സ്വന്തം താല്‍പര്യത്തോടെ പങ്കെടുത്തു എന്ന് തെളിയിക്കുന്ന പാര്‍ട്ടി ഏര്യാകമ്മറ്റി യുടേയോ ലോക്കല്‍ കമ്മ്റ്റി സെക്രട്ടറിയുടെയോ സര്‍ട്ടിഫിക്കറ്റുമായി പാര്‍ട്ടിയുടെ ഏതെങ്കിലും ജില്ലാകേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക്‌ ഈ സബ്സിഡി നിരക്കില്‍ ഇന്ധനം വിതരണം ചെയ്യും.തീരുമാനമത്യധികം സ്വാഗതാര്‍ഹമാണ്‌. അതിനായി പ്രത്യേക പമ്പുകള്‍ ഉടനേ തുറക്കുമെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.എന്നാല്‍ കോണ്‍ഗ്രസ്സിന്റെ തീരുമാനമാണ്‌ ഇതിനേക്കാള്‍ അത്ഭുതപ്പെടുത്തുന്നത്‌. ഇന്നത്തെ ഹര്‍ത്താലില്‍ ആരേയും നിര്‍ബന്ധിച്ച്‌ പങ്കെടുപ്പിക്കില്ലെന്ന് നേരുത്തേ തന്നെ തങ്കച്ചനും, ചെന്നിത്തലയും ഉറപ്പു നല്‍കിയിരുന്നെങ്കിലും 'നിങ്ങളില്ലാതെ എനിക്കെന്താഘോഷം' എന്ന രീതിയില്‍ അണികള്‍ നേതാക്കളുടെ മനസ്സറിഞ്ഞ്‌ പ്രവര്‍ത്തിച്ചപ്പോള്‍ ഹര്‍ത്താല്‍ ഒരു വന്‍ വിജയമായി മാറി. ചില കരിങ്കാലികള്‍ കടകള്‍ തുറന്നുവെയ്ക്കുകയും മറ്റു ചിലര്‍ ആവശ്യമില്ലാതെ വണ്ടിയുമായി ഇറങ്ങുകയും ചെയ്തെങ്കിലും അണികള്‍ ഇടപെട്ട്‌ കാറ്റ്‌ കുത്തിവിട്ടും, കല്ലെറിഞ്ഞും, കടകളടപ്പിച്ചും, അവരെക്കൂടി ഹര്‍ത്താലിന്റെ മുഖ്യ ധാരയിലേക്ക്‌ കൊണ്ടുവന്നു. അതിന്റെ സന്തോഷസൂചകമായി ഉമ്മന്‍ ചാണ്ടി മാഡത്തിനെ നേരിട്ട്‌ ചെന്ന് കണ്ട്‌ നടത്തിയ ചര്‍ച്ചയുടേയും വെളിച്ചത്തില്‍ വിലക്കയറ്റം കൊണ്ട്‌ പൊറുതിമുട്ടുന്ന കേരളീയര്‍ക്ക്‌ ആശ്വാസം പകരുന്ന ഒരു നടപടിയാണ്‌ അദ്ദേഹം ഇന്ന് ഉച്ചയ്ക്ക്‌ പ്രഖ്യാപിച്ചത്‌. റേഷന്‍ കാര്‍ഡുമായി ഡി.സി.സി കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക്‌ ഒരു കിലോ അരി അമ്പതുപൈസ ഇളവില്‍ നല്‍കുന്നതായിരിക്കും എന്നത്‌ കുറച്ചൊന്നുമല്ല ജനങ്ങളെ സന്തോഷിപ്പിച്ചിരിക്കുക. മാത്രമല്ല അതിനായി ആരുടേയും സര്‍ട്ടിഫിക്കറ്റുകളും അവര്‍ക്കാവശ്യമില്ല. ആള്‍ മലയാളം സംസാരിക്കണമെന്നുമാത്രം. റേഷന്‍ കാര്‍ഡില്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡായാലും മതി. ഇത്തരം ജനോപകാരപ്രദമായ ഹര്‍ത്താലുകള്‍ ഇനിയുമുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
എല്ലാവര്‍ക്കും ഹര്‍ത്താലാശംസകള്‍!

Monday, February 4, 2008

ഒറ്റ നാനോ മത്തി!

സംഗതി അതുതന്നെ, നിങ്ങളുദ്ദേശിച്ച നാനോതന്നെ, അതേ... ടാറ്റയുടെ, ഈയിടെ രത്തന്‍ ടാറ്റ അഭിമാനപൂര്‍വ്വം അവതരിപ്പിച്ച ആ ചെറുകാറിന്റെ കാര്യം തന്നെയാണ്‌ പറഞ്ഞുവരുന്നത്‌. നാനോയും മത്തിയുമായി എന്തുബന്ധം? പറയാം.രത്തന്‍ ടാറ്റ സ്വപനം കാണുന്നതുപോലെ നാനോ ഒരു വിപ്ലവം തന്നെ തീര്‍ക്കുന്ന കാര്യത്തെക്കുറിച്ച്‌ ഓര്‍ത്തോര്‍ത്ത്‌ ഒന്നുരണ്ടാഴ്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉള്‍പുളകത്തിന്‌ ഒരല്‍പം ശമനം കണ്ടുതുടങ്ങിയപ്പോഴാണ്‌, ജോലി സംബന്ധമായ ആവശ്യത്തിന്‌ ബാംഗളൂരിലെത്തിയ ഉറ്റ സുഹൃത്തുമായി, ഉച്ചയൂണ്‌ കഴിഞ്ഞങ്ങനെ വെടിപറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവന്‍പറഞ്ഞാണറിഞ്ഞത്‌,
ബാംഗളൂരില്‍ ജനുവരി ഒന്നാം തിയതി മുതല്‍ ഓട്ടോ ചാര്‍ജ്ജ്‌ കൂടിയതും, മിനിമം 12 ആയിരുന്നത്‌ 14 ആയെന്നുമൊക്കെ. അവന്‍ ജൊലിചെയ്യുന്നത്‌ മംഗലാപുരത്താണ്‌, ജോലിയുടെ ഭാഗമായി കര്‍ണാടക മുഴുവനും പലപ്പോഴും യാത്ര ചെയ്യേണ്ടി വരുന്ന അവന്‍ മംഗലാപുരത്തെ മര്യാദരാമന്മാരായ ഓട്ടോക്കാരേക്കുറിച്ചും, ബാംഗളൂരിലെ മീറ്ററില്‍ തട്ടിപ്പു നടത്തുന്നവരെക്കുറിച്ചും, ഗുല്‍ബര്‍ഗയിലെയും ബല്‍ഗാമിലേയും മറ്റു ഉത്തര കന്നഡ ജില്ലകളിലെ രസകരമായ ഓരോ ഓട്ടോ യാത്രകളെക്കുറിച്ചും, മൂന്നുരൂപ വീതം ഷെയര്‍ ചെയ്ത്‌ ആളെകയറ്റുന്ന ഷെയറിംഗ്‌ ഓട്ടോ സര്‍വീസ്‌ വിശേഷങ്ങള്‍ മുതല്‍ പലതും.പെട്രോളിന്‌ വില കൂടുമ്പോള്‍ ഇനിയും ഒരു പക്ഷേ ഓട്ടോ/ടാക്സി ചാര്‍ജ്‌ കൂടിയേക്കുമെന്നും, അക്കൂട്ടത്തിലാണ്‌ 75000 മുതല്‍ ഒരു
ലക്ഷം രൂപ വിലവരുന്ന ഓട്ടോയ്ക്ക്‌ പകരം നാനോ ആ സ്ഥാനം കൈയ്യടക്കിയലെങ്ങനെയിരിക്കുമെന്ന ചിന്ത ഞാനും പങ്കുവെച്ചത്‌.


ഇനി നാനോയുടെ ഡീസല്‍ വേര്‍ഷന്‍ ഇറങ്ങുമ്പോഴേക്കും അത്‌ ഒരു പക്ഷേ ഓട്ടോയേക്കാള്‍ ലാഭകരവുമായേക്കാമെന്നും ഞാന്‍പറഞ്ഞപ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ട്രെയിനോ, ഫ്ലൈറ്റോ പിടിക്കേണ്ടിവരുന്ന അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ 'നിനക്കറിയാമോ ഓട്ടോയ്ക്കാണെങ്കില്‍ എതിലേക്കൂടെ വേണമെങ്കിലും പോകാം, മുന്നില്‍ ഒറ്റ വീല്‍ തിരിയാനുള്ള ഇടം കിട്ടിയാല്‍ മതി, നാനോ എത്ര ചെറുതായാലും നാലുവീലിന്റെ അസൗകര്യം ഉണ്ടാകും, അതുകൊണ്ടുതന്നെ പൊന്നുമോനേ ഓട്ടോ ഇവിടെയുണ്ടാകും' എന്ന് അവന്‍ അവന്റെ ആഗ്രഹം പങ്കുവെച്ചു. പിന്നെ ഇങ്ങനെ തുടര്‍ന്നു 'ഡാ, പിന്നേ മടിവാളേന്ന് മെജസ്റ്റിക്‌ വരെ ഒരിക്കലും 30 മിനിട്ടിനുള്ളില്‍ എത്തില്ല, എനിക്ക്‌ ട്രെയിന്‍ കിട്ടില്ല എന്ന കണ്ടീഷനില്‍ ഞാന്‍ ഓട്ടോ വിളിച്ച്‌ 65 രൂപയുടെ സ്ഥാനത്ത്‌ നൂറുരൂപ തരാം, എന്നെ അരമണിക്കൂറിനുള്ളില്‍ മെജസ്റ്റിക്കില്‍ എത്തിക്കാമോ എന്ന് ചോദിച്ചപ്പോള്‍, ഇന്നുവരെ കണിട്ടില്ലാത്ത ഊടുവഴികളിലൂടെ ഒന്നോ രണ്ടോ സിഗലുകള്‍ മാത്രം പാസ്ചെയ്ത്‌ എന്നെ അയാള്‍ 25 മിനിട്ടുകൊണ്ട്‌ മെജസ്റ്റിക്‌ റെയില്‍വേസ്റ്റേഷനില്‍ എത്തിച്ചു!'
നീയെന്നെ ബൈക്കില്‍ കൊണ്ടുപോയാല്‍ പോലും ചിലപ്പോള്‍ എത്തില്ലായിരുന്നു, എന്നിങ്ങനെ അദ്ദേഹത്തിന്റെ ഓട്ടോ പുരാണം തുടര്‍ന്നപ്പോഴാണ്‌ ഞാനും എന്റെ തര്‍ക്കം തുടര്‍ന്നത്‌.

അവന്‍ പറഞ്ഞതൊക്കെയും കാര്യമാണെന്നു തോന്നിയിരുന്നെങ്കിലും, വെറുതേ തര്‍ക്കിക്കാന്‍ വേണ്ടി പറഞ്ഞുതുടങ്ങി നാനോ പുരണം. അവനും വിട്ടില്ല. 'ഡാ നീയൊന്നാലോചിച്ച്‌നോക്കിയേ, നീപറയുന്നതുപോലെ കുറേകൊല്ലത്തിനുമുന്‍പിത്‌ സംഭവിച്ചിരുന്നെങ്കില്‍ എന്തായിരുന്നു അവസ്ഥയെന്നറിയാമോ?

' എന്താ? എനിക്കറിയില്ല' ഞാന്‍ പറഞ്ഞു. 'ഡാ, രജനിയുടെ ബാഷയിലെ പാട്ടു തന്നെ "ഞാന്‍ നാനോക്കാരന്‍, നാനോക്കാരന്‍, നാലുവീലു വണ്ടിക്കാരന്‍, നാലും തെരിഞ്ഞ റൂട്ടുക്കാരന്‍..." എന്നിങ്ങനെ പോയേനേ, അറിയുമോ നിനക്ക്‌!' അവനെന്നെ വിടാന്‍ ഭാവമില്ലായിരുന്നു.

'എഡാ, അങ്ങനെ പല പുരോഗതിയും നാട്ടിലുണ്ടാകും, അതിനെതിരേ പുറം തിരിഞ്ഞ്‌ നിന്നിട്ട്‌ കാര്യമില്ല, പണ്ട്‌ ട്രാക്‍റ്റര്‍ പാടത്തിറക്കില്ലെന്ന് പറഞ്ഞ്‌ കൊടിപിടിച്ചിട്ടുണ്ട്‌ നമ്മുടെ നാട്ടില്‍. കമ്പ്യൂട്ടര്‍ വന്നാല്‍ ആളുകളുടെ ജോലി പോകും എന്നും കേട്ടിരുന്നില്ലേ? എന്നിട്ടെന്തായി? പണ്ട്‌ തലച്ചുമടായിട്ടായിരുന്നു മീന്‍ വിറ്റിരുന്നതെങ്കില്‍കില്‍ പിന്നെ അത്‌ സൈക്കിളിലും, പിന്നെ എം.80 യിലും,പിന്നെ ബോക്സറിലും, ഇപ്പോഴത്‌ പള്‍സറിലുമായില്ലേ? നാളെയത്‌ എന്തുകൊണ്ട്‌ നാനോയിലായിക്കൂടാ?' ഞാനും വിട്ടില്ല.

അവന്‍ പറഞ്ഞുതുടങ്ങി 'മോനേ ഷാനവാസേ, നിനക്കറിയാമോ നല്ല ഒന്നാതരം വണ്ടിയായിരുന്നു ബജാജ്‌ എം.80 , ഞാന്‍ വണ്ടിയോടിക്കാന്‍ പഠിച്ചതുപോലും അതിലാ, ഒരുപാട്‌ വണ്ടിയിറങ്ങിക്കഴിഞ്ഞ്‌ ഇപ്പോള്‍ കേരളത്തില്‍ ഒറ്റയൊരു വണ്ടിപോലും അതുവില്‍ക്കുന്നില്ല, എന്താകാരണമെന്നറിയാമോ? അതിന്റെ പേര്‌ എം.80 എന്നല്ല 'മീങ്കേറ്റി' എന്നായതുകൊണ്ടാണ്‌, ആവണ്ടിയുടെ പേരുപോലും അവന്മാര്‍ നശിപ്പിച്ചു! അതുപോലെ നീ പറയുന്നതുപോലെങ്ങാനും സംഭവിച്ചാല്‍ നാനോയുടെ പേരു മാറി വല്ല 'മീനോ' എന്നാകും, പിന്നെ ടാറ്റ ഒരുലക്ഷം പോയിട്ട്‌ വെറുതേ കൊടുക്കാമെന്നു പറഞ്ഞാല്‍ പോലും ആരും ആവണ്ടിയെടുക്കില്ല നിനക്കറിയാമോ?'

എനിക്ക്‌ ചിരിവന്നുവെങ്കിലും ഗൗരവത്തില്‍ ഞാന്‍ പറഞ്ഞു, അതിനെതാ കുഴപ്പം, മീന്‍വില്‍പനക്കാര്‍, പാലു കച്ചവടക്കാര്‍, പച്ചക്കറി, ഫ്രൂട്ട്സ്‌ കച്ചവടക്കാര്‍ക്കെല്ലാം ഒരനുഗ്രഹമായിരിക്കും നാനോ' !

'അതെങ്ങനെ? ' അവന്‍ ചൊദിച്ചു. 'എഡാ, നാനോയ്ക്ക്‌ ബൂട്ട്‌ മുന്നിലല്ലേ? അതിനാല്‍ ഇത്തരം സാധങ്ങള്‍ ഒക്കെ കയറ്റാന്‍ എളുപ്പമല്ലേ? ഡ്രൈവര്‍ക്ക്‌ തന്നെ കൈകാര്യംചെയ്യാം, അതായത്‌ മുന്നിലെ ബൂട്ടിന്റെ മുകളിലെ ബോണറ്റ്‌ അങ്ങ അഴിച്ചുമാറ്റി (എം.80യിലെ, പിറകിലെ സീറ്റ്‌ മാറ്റിയതുപോലെ)പകരം അവിടെ മീന്‍ ബോക്സു വെച്ച്‌ മീന്‍ നിറച്ചാല്‍(ബോക്സ്‌ പോലും വേണ്ട, ഡയറക്റ്റ്‌ ബൂട്ടിലിടാം) മീന്‍ കച്ചവടം ഉഷാറാക്കാം. വേണ്ടിടത്ത്‌ നിര്‍ത്തി മീന്‍കൊടുക്കാം. അതുപോലെ തന്നെ പഴവും , പച്ചക്കറിയുമെല്ലാം'.

'മമ്മദ്‌ കഴിഞ്ഞയാഴ്ച ഒറ്റനാനോ മത്തിയാ ഒരുമണിക്കൂര്‍കൊണ്ട്‌ വിറ്റത്‌' എന്ന് മീന്‍ കച്ചവടക്കാര്‍ തമ്മില്‍ പറയുന്ന കാലം വിദൂരമല്ല, ഞാന്‍ പറഞ്ഞു.' അതുപോലെതന്നെ കച്ചവടക്കാര്‍ക്ക്‌ ഇനിമുതല്‍ നാലുവീലു വണ്ടി തള്ളി കഷ്ടപ്പെടേണ്ടി വരില്ല, പകരം ഇപ്പറഞ്ഞതുപോലെ നാനോയുടെ മുന്നില്‍ നിറച്ച്‌ ബോണറ്റില്ലാതെ ഒരു മിനിമം സ്പീഡിലങ്ങ്‌ പോയാല്‍ മതിയല്ലോ?' ബാങ്കുകാരാണെങ്കില്‍ ലോണുമായി എപ്പാള്‍ ചാടിവീണെന്ന് ചോദിച്ചാമതി. ഒരു കൊല്ലം കൂടി നീട്ടിയെടുത്താല്‍ പള്‍സര്‍ വാങ്ങിയ മാസ തവണയില്‍ തന്നെ കാര്യമങ്ങുനടക്കും. കച്ചവടമില്ലാത്തപ്പോള്‍ ബോണറ്റ്‌ അടച്ചുവെച്ച്‌ കുടുംബത്തുള്ളവരുമായി കറങ്ങുകയുമാകാം.

എങ്കില്‍ എങ്ങനെ ആയിരിക്കും ഇനി വരാന്‍ സാദ്ധ്യതയുള്ള നനോ വാര്‍ത്തകള്‍?

'നാനോ മറിഞ്ഞ്‌ നാല്‌ മത്സ്യത്തിഴിലാളികള്‍ക്ക്‌ പരിക്കേറ്റു'.

'ഓറഞ്ച്‌ നാനോ മുട്ടി, കുട്ടിയ്ക്ക്‌ പരിക്കേറ്റു'

'നാനോയുടെ പുതിയ സി.ആര്‍.ഡി.ഐ വെര്‍ഷന്‍ മീനോ: നൂറുകിലോമീറ്ററില്‍ കൂടുതല്‍ വേഗം ആവശ്യമുള്ള മത്സ്യത്തൊഴിലാളികളെയാണ്‌ ഈ പുതിയ സെഗ്മെന്റിലൂടെ ടാറ്റലക്ഷ്യമിടുന്നത്‌'.

'മീനോയുടെ സെഡാന്‍ രണ്ടായിരത്തി പത്തില്‍: രത്തന്‍ ടാറ്റ'.

'നാനോ ടൊമാറ്റോ: അഴുകിയ പച്ചക്കറികളില്‍നിനും, സി.എന്‍.ജി വേര്‍തിരിച്ച്‌ പ്രവര്‍ത്തിക്കുന്ന മോഡലാണ്‌ നാനോ ടൊമാറ്റോ. പഴം പച്ചക്കറി വില്‍പനക്കാരായ നാനോ ഉപഭോക്താക്കളെ ലക്ഷ്യമിട്ട്‌ ഇറങ്ങുന്ന ടൊമാറ്റൊ,സി.എന്‍.ജി വാഹന നിരയില്‍ ഒരു പുതു വിപ്ലവമാംകുമെന്നാണ്‌ നിര്‍മ്മാതാക്കളായ ടാറ്റയുടെ അവകാശവാദം'.

അങ്ങോട്ടുമിങ്ങോട്ടും ഒന്നും രണ്ടും പറഞ്ഞ്‌ കൂട്ടിക്കഴിഞ്ഞ്‌ ഒടുവില്‍ അവന്‍ പറഞ്ഞു, ഡാ എന്നാലും ഇത്രയ്ക്ക്‌ വേണ്ടായിരുന്നു. വണ്ടി ഇറങ്ങിക്കഴിഞ്ഞ്‌ ഞാന്‍ ഒരെണ്ണം ബുക്കു ചെയ്യാനിരുന്നതാ!