Friday, December 19, 2008

അതി ഭീകരം, അവര്‍ണ്ണനീയം..!

ഥികന്‍ എന്ന ഇര്‍ഷാദിന്റെ മാധ്യമ ഭീകരതയെപ്പറ്റിയുള്ള ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍, പണ്ടൊരിക്കല്‍ മനസ്സില്‍ തട്ടിയ മറ്റൊരു മാധ്യമഭീകരതയുടെ മറക്കാനാകാത്ത ഒരു ചിത്രം മനസ്സില്‍ വന്നു. കമന്റായി എഴുതിയതാണ്‌ പക്ഷേ അല്‍പം നീണ്ടുപോയതുകൊണ്ട്‌ ഒരു പോസ്റ്റാക്കി ഇടാമെന്നു കരുതി.

ഇര്‍ഷാദിന്റെ ഈ പോസ്റ്റ്‌ വായിച്ചപ്പോഴാണ്‌ മാധ്യമഭീകരതയുടെ ഞെട്ടിക്കുന്ന മറ്റൊരുമുഖം കുറേക്കാലം മുന്‍പ്‌ വായിച്ച്‌ അന്തം വിട്ടിരുന്നത്‌ ഓര്‍മ്മവന്നത്‌. കൃത്യമായി പറഞ്ഞാല്‍ 2006 ഓക്റ്റോബര്‍മാസം 26 ആം തിയതിയിലെ കേരളകൗമുദി പത്രത്തിന്റെ വെണ്ടയ്ക്കാ മുഴുപ്പിലുള്ള ചുവന്ന തലക്കെട്ട്‌ 'ഭീകരത' എന്നായിരുന്നുവെന്നാണ്‌ ഓര്‍മ്മ. ദിവസം കൃത്യമാണ്‌ കാരണം എന്റെ മകള്‍ ജനിച്ചതിന്റെ പിറ്റേദിവസം കാലത്ത്‌ ആശുപത്രിയിലിരുന്നാണ്‌ ആപത്രം വായിച്ചത്‌. ബാംഗളൂരില്‍ അറസ്റ്റിലായ ഒരു ഭീകരന്‌ ഐ.ബി.എമ്മില്‍ ജോലിയുള്ള മലയാളിയായ ഒരു 'പര്‍ദ്ദ'ധാരിയുമായുള്ള ബന്ധവും, മൈസൂരില്‍ വെച്ച്‌ അവര്‍ ഇടക്കിടെ കാണാറുണ്ടായിരുന്നെന്നും, തിരുവനന്തപുരം എഞ്ചിനിയറിംഗ്‌ കോളേജില്‍ നിന്നും കാമ്പസ്‌ സെലക്ഷനില്‍ ഐ.ബി.എമ്മില്‍ ജോലിലഭിച്ചവളായിരുന്നു ആ'ഭീകര'യെന്നും, ഐ.ബി.എമ്മില്‍ ജോലി നേടി അമേരിക്കന്‍ കമ്പനിയോടെന്തോ ഭീകരമായ പ്രതികാരം ചെയ്യുകയായിരുന്നു അവളുടെ ജന്മനോദ്ദേശ്യമെന്നും, ഇപ്പോള്‍ കക്ഷിയെ ബാംഗളൂര്‍ പോലീസ്‌ തിരയുന്നുവെന്നുമായിരുന്നു പ്രധാന വാര്‍ത്ത! കൂട്ടത്തില്‍ കറുത്ത നിറത്തില്‍ പര്‍ദ്ദ ധരിച്ച്‌ ഒരു സ്ത്രീയുടെ ചിത്രം വാട്ടര്‍മാര്‍ക്ക്‌ പോലെ ആപേജില്‍ വാര്‍ത്തയോടൊപ്പം പലയിടത്തും ചേര്‍ത്തിരുന്നു.

അന്നത്തെ ദിവസത്തെ മലയാളത്തിലെ മറ്റു പ്രമുഖപത്രങ്ങളെന്ന് പറയപ്പെടുന്ന മറ്റൊരുപത്രത്തിലും അകത്തെ പേജുകളില്‍ പോലും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലാത്ത ഒരു പ്രധാന സ്കൂപ്പ്‌ കൗമുദിയില്‍ കണ്ടിട്ടാണ്‌ ആപത്രം അന്നു വാങ്ങിയതു തന്നെ. കൂടാതെ പെണ്‍കുട്ടി വളരെയധികം മതാദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നവളാണെന്നും, കോളേജിലും പര്‍ദ്ദ ധരിച്ചാണ്‌ വന്നിരുന്നതെന്നും(അതുവായിച്ചാല്‍ പര്‍ദ്ദ ധരിക്കുന്നവരെ ആരെക്കണ്ടാലും നമ്മള്‍ പേടിക്കും), ഐ.ബി.എമ്മിന്റെ തന്ത്രപ്രധാനമായ സെര്‍വറുകളിലോ, ഡേറ്റാബേസുകളിലോ എന്തെങ്കിലും തരത്തിലുള്ള തിരുമറി നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും, അതു കണ്ടുപിടിക്കാനായി ഊര്‍ജ്ജിതമായ ഓഡിറ്റിംഗ്‌ ആരംഭിച്ചുകഴിഞ്ഞുവെന്നും വളരെ ആധികാരികമായരീതിയില്‍ വളരെ വിശ്വസനീയമായ രീതിയില്‍ പത്രം തുടര്‍ന്നു പറഞ്ഞിരുന്നു.

ഐ.ബി.എമ്മില്‍ ജോലിചെയ്തിരുന്ന എനിക്ക്‌ ഈ വാര്‍ത്തവളരെയധികം ഞെട്ടലുണ്ടാക്കി.ഞാന്‍ അവധിയില്‍ നാട്ടില്‍ വന്നിട്ട്‌ രണ്ടുദിവസം കഴിഞ്ഞിരുന്നതിനാല്‍ ഇതിനിടെബാംഗളൂരില്‍ ഉണ്ടായ പുതിയ സംഭവമാകാമെന്നുകരുതി ഉടന്‍ തന്നെ കമ്പനിയിലുള്ള പല സുഹൃത്തുക്കളേയും ബന്ധപ്പെട്ടു. റംസാന്‍ മാസത്തില്‍ ഞങ്ങള്‍ കുറേയധികം മുസ്ലിം ജോലിക്കാര്‍ക്ക്‌ നമസ്കരിക്കാന്‍ ഒരു മാസത്തേക്ക്‌ റിക്രിയേഷന്‍ റൂം പൂര്‍ണമായും വിട്ടുതരുന്ന, വൈകിട്ടത്തെ ഇഫ്താറില്‍ മറ്റു മതസ്ഥരായ സുഹൃത്തുക്കളും ഞങ്ങളോടൊപ്പം പങ്കെടുക്കാറുണ്ടായിരുന്ന, കമ്പനിയുടെ നന്മയെപ്പറ്റി അഭിമാനത്തോടെ ഓര്‍ക്കുകയും മറ്റുള്ളവരോടും സുഹൃത്തുക്കളോടും പറയുകയും ചെയ്യുമായിരുന്ന എനിക്ക്‌ അപ്രതീക്ഷിതമായി തലയ്ക്ക്‌ അടികിട്ടിയതുപോലെയായിരുന്നു ആവാര്‍ത്ത. പര്‍ദ്ദയില്ലെങ്കിലും തനി ഇസ്ലമികമായ രീതിയില്‍ വസ്ത്രം ധരിച്ച്‌, സന്ധ്യാസമയത്തെ ബാങ്കുവിളിക്ക്‌ കാതോര്‍ത്ത്‌ , വാച്ചില്‍ നോക്കി മുന്‍പില്‍ ഗ്ലാസ്സില്‍ വെള്ളവും ,ഈന്തപ്പഴവും, സമൂസകളുമായി കാഫ്ടേരിയയില്‍ ഇസിക്കാറുള്ള മുസ്ലിം പെണ്‍കുട്ടികളുടെ മുഖങ്ങള്‍ പലതും ഒരു നിമിഷം മനസ്സിലൂടെ മിന്നി മറഞ്ഞു.

ഇനി ഈ വാര്‍ത്ത സത്യമാണെങ്കില്‍ പേരറിയാത്ത അവരിലാരെങ്കിലുമായിരിക്കുമോ പടച്ചവനേ ഇത്‌? ഇനി കമ്പനിയില്‍ ചെന്നാല്‍ എന്തൊക്കെ നേറിടേണ്ടിവരും? അവിടെ നമസ്കരിക്കാറുണ്ടായിരുന്നവരെ തിരഞ്ഞ്‌ ഇനി പോലീസ്‌ കൂടിയെത്തുമോ? മനസ്സിനെ പലവിധമായ ഉത്ഘണ്ഡ പിടികൂടി.വിളിച്ചു ചോദിച്ച സുഹൃത്തുക്കള്‍ ഒരു ചിരിയോടെയാണ്‌ ഇതിനെ എതിരേറ്റത്‌. തന്നോടാരാ ഈ തമാശപറഞ്ഞതെന്നായിരുന്നു പലരുടേയും ചോദ്യം. പത്രവാര്‍ത്തയെക്കുറിച്ച്‌ സൂചിപ്പിച്ചപ്പോള്‍ അവര്‍ അങ്ങനെയൊരു സംഭവം അവിടെ നടന്നതായി ഒരറിവുമില്ലെന്നു പറഞ്ഞു. ഏന്റെ ഈ സുഹൃത്തുക്കളില്‍ പലരും സെക്കന്റ്‌ ലൈനില്‍ ഉള്ള മാനേജര്‍മാരായുണ്ട്‌. അല്‍പം ആശ്വാസം തോന്നി. അവരില്‍ ഒരാളോട്‌ കാര്യം വളരെ വിശദമായി തന്നെ ചര്‍ച്ചചെയ്യുകയും ചെയ്തു(ആളൊരു ക്രിസ്ത്യാനിയാണ്‌ കേട്ടോ!- അദ്ദേഹത്തിന്റെ മതത്തിന്‌ എന്തുകാര്യമെന്നചോദ്യത്തിന്‌ ഈപ്രത്യേക സാഹചര്യത്തിലുള്ള പ്രാധാന്യം നിങ്ങള്‍ക്ക്‌ മനസ്സിലാകും എന്നു കരുതുന്നു!). ഓഡിറ്റിന്റെ വിവരം പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട്‌ അദ്ദേഹം എന്നോട്‌ ചോദിച്ചു, 'എന്റെ പൊന്നു സാറേ, നിങ്ങളിവിടുള്ളപ്പോഴല്ലേ GSD-331 ഓഡിറ്റ്‌ സ്റ്റാര്‍ട്ട്‌ ചെയ്തത്‌? മറന്നുപോയോ? അത്‌ ഡിസംബര്‍ അവസാനമാകും തീരാന്‍! അപ്പോഴാണ്‌ ഐ.ബി.എം സെര്‍വര്‍ സെക്യൂരിറ്റി അനാലിസിസിന്റെ ഭാഗമായി എല്ലാവര്‍ഷവും ചെയ്യാറുള്ള ഓഡിറ്റിംഗ്‌ ആണ്‌ ഇത്രവിദഗ്ദ്ധമായി കഥമെനയാനുപയോഗിച്ചതെന്ന് മനസ്സിലായത്‌!

അപ്പോള്‍ ആശ്വാസമായെങ്കിലും പിറ്റേന്നു മുതലുള്ള പത്രങ്ങള്‍ അതും കൗമുദിയടക്കം പരതിയിട്ടും ഈ വാര്‍ത്തയുടെ തുടര്‍ച്ച എങ്ങും കാണാന്‍ കഴിഞ്ഞില്ല! പര്‍ദ്ദാക്കരിയെവിടെയെന്നോ, അവരെ ബാംഗളൂര്‍ പോലീസ്‌ എന്തുചെയ്തെന്നോ, ഐ.ബി.എം അവരെ പുറത്താക്കിയോ അതോ ഇതെല്ലാം ലേഖകന്റെ ഭാവനയില്‍ വിരിഞ്ഞ അപസര്‍പ്പക കഥകളായിരുന്നെന്നോ ഒന്നും, ഒന്നും എങ്ങും കണ്ടില്ല. ഓഫീസിലും ഇതെക്കുറിച്ച്‌ പിന്നീട്‌ ബാംഗളൂരില്‍ തിരിച്ചെത്തിയപ്പോള്‍ കുറേ അന്വേഷിച്ചു. അവിടെ യാരും അങ്ങനെയൊന്ന് കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. ആ ഒരാഴ്ചത്തെ ടൈംസിലും തപ്പി വെറുതേ സമയം കളഞ്ഞു. ഇന്നും ഈവാര്‍ത്തയുടെ നിജസ്ഥിതി അജ്ഞാതമാണ്‌.

കാര്യങ്ങളെങ്ങനെയായാലും കുറേപ്പേരുടെ മനസ്സിലെങ്കിലും, പര്‍ദ്ദയണിഞ്ഞവരോട്‌ ഒരുതരം ഭയവും വെറുപ്പും സംശയവും, അത്‌ ധരിക്കുന്ന കുറേപാവങ്ങളുടെ മനസ്സില്‍ അരക്ഷിതാബോധവും സ്ര്ഷ്ടിക്കാന്‍ ആവാര്‍ത്ത സ്ര്ഷ്ടിച്ച്‌ ഭാവനാ സമ്പന്നനും, അത്തരം അപസര്‍പ്പകകഥയുടെ നിജസ്ഥിതിയന്വേഷിക്കാതെ ഒരു സ്കൂപ്പായി കണ്ട പത്രത്തിനും കഴിഞ്ഞു എന്നത്‌ ചില്ലറക്കാര്യമാണൊ?

Monday, December 15, 2008

ബുഷിന്‌ ഇറാഖി ജനതയുടെ യാത്രയയപ്പ്‌!

ങ്ങനെ ഒടുവില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി തങ്ങളനുഭവിക്കുന്ന നരക യാതനകളുടേയും എണ്ണിയാലൊടുങ്ങാത്ത ഭീകരമായ നരനായാട്ടുകളുടേയും കാരണക്കാരനായ ബുഷിന്‌ ഇറാഖിന്റെ മണ്ണില്‍ നിന്നും അര്‍ഹിക്കുന്ന യാത്രയയപ്പ്‌! അറബ്‌ ജനത ഏറ്റവും നിന്ദ്യവും നിക്ര്ഷ്ടമായ നിലയില്‍ കണക്കാക്കപ്പെടുന്ന ചെരുപ്പ്കൊണ്ടുള്ള ഏറും, നായ എന്ന വിളിയും!

ഇറാഖിലേക്കുള്ള ബുഷിന്റെ അവസാനത്തെ ഔദ്യോഗികസന്ദര്‍ശനമായേക്കാവുന്ന അപ്രതീക്ഷിത സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നൂറി അല്‍മാലിക്കിയുമായി ചേര്‍ന്നുനടത്തിയ പത്രസമ്മേളനത്തില്‍ ബുഷ്‌ പ്രസംഗിക്കുമ്പോഴായിരുന്നു നാടകീയമായ രംഗങ്ങള്‍. ഒരു ഇറാഖി പത്രറിപ്പോര്‍ട്ടര്‍ ബുഷിന്റെ പ്രസംഗത്തിനിടയില്‍ രണ്ടു ഷൂസുകള്‍ ബുഷിനു നേരേ വലിച്ചെറിയുകയും 'ഇത്‌ ഇറാഖി ജനതയുടെ വിടവാങ്ങല്‍ ചുംബനമാണ്‌ പട്ടീ!' എന്ന് വിളിച്ചുപറയുകയും ചെയ്തു എന്ന് ബിബിസി പറയുന്നു.

നമ്മുടെ നാട്ടില്‍ 'പട്ടി'പ്രയോഗം അസാധാരണമല്ലത്തതും ആലപ്പുഴയില്‍ അതൊരു വാമൊഴി വഴക്കവുമൊക്കെയാണെങ്കിലും, അറബ്‌ ജനതയുടെ ഇടയില്‍ അതും ചെരുപ്പ്‌ കൊണ്ടുള്ള ഏറും ഒരു മനുഷ്യനെ നിന്ദിക്കാവുന്നതിന്റെ അങ്ങേയറ്റമാണ്‌! സദ്ദാമിനുപോലും ഇറാഖികള്‍ കൊടുക്കാത്ത ഈശിക്ഷ പക്ഷേ ബുഷിന്‌ അവര്‍ നല്‍കി അദ്ദേഹത്തിന്റെ ഇറാഖില്‍ നിന്നുള്ള വിടവാങ്ങല്‍ ഗംഭീരമാക്കി! അര്‍ഹിച്ച യാത്രയപ്പ്‌!
എങ്കിലും ഇത്രയും ചങ്കുറപ്പുള്ള പത്രക്കാര്‍ ഇപ്പോഴും ഇറാഖില്‍ ഉണ്ടെന്നുള്ളത്‌ അദ്ഭുതം തന്നെ.