Tuesday, February 19, 2008

ജനകീയ ഹര്‍ത്താല്‍-നേട്ടം ജനങ്ങള്‍ക്ക്‌

താ വീണ്ടുമൊരു ജനകീയ ഹര്‍ത്താല്‍. ഇത്‌ ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്നതില്‍ ആര്‍ക്കെങ്കിലുമുണ്ടോ സംശയം? രണ്ടുദിവസം മുന്‍പ്‌ ഞയറാഴ്ച ഇതുപോലെ തന്നെ ഒരു ജനകീയ വാഹനപണിമുടക്കും നടന്നിരുന്നു. രണ്ടിന്റെയും ഉദ്ദേശ്യം ഒന്നുതന്നെ, ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ തീരുമാനങ്ങള്‍ എടുക്കുക,എടുപ്പിക്കുക. ഒന്നിന്റെ ഉദ്ദേശ്യം പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനയ്ക്കെതിരേ ആയിരുന്നുവെങ്കില്‍ അടുത്തത്‌ കുറേക്കൂടി വിശാലാടിസ്ഥാനത്തില്‍ ഉപ്പു തൊട്ട്‌ കര്‍പ്പൂരം വെരെയുള്ള, പ്രത്യേകിച്ച്‌ അരിവിലവര്‍ദ്ധനയ്ക്കും എതിരേ. രണ്ടിന്റേയും ഗുണഭോതാക്കള്‍ ജനങ്ങളാകുമ്പോള്‍ സ്വാഭാവികമായും ഇത്തരം പണിമുടക്ക്‌ , ഹര്‍ത്താല്‍ ആഘോഷങ്ങളില്‍ ജനങ്ങളുടെ സഹകരണം അത്യാവശ്യമായി വരുന്നു എന്നത്‌ രാഷ്ട്രീയം അറിയത്ത ഏതു കുഞ്ഞിനുപോലും അറിയാം. കേരള ഹൈക്കോടതിയുടെ ആസ്ഥാനം കൊച്ചിയില്‍ നിന്നും ബാംഗളൂരിലേക്കോ ഹൈദ്രാബാദിലേക്കോ മാറ്റിയോ? കേരളത്തില്‍ തന്നെയല്ലേ അത്‌ പ്രവര്‍ത്തിക്കുന്നത്‌? പിന്നെയെന്താണ്‌ ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തണമെന്ന ഒരു തമാശ ഇറക്കാന്‍ കാരണം? കേരളത്തിലെ ഹര്‍ത്താല്‍ എന്ത്‌? അതെങ്ങനെ ആഘോഷിക്കപ്പെടുന്നു എന്നത്‌ കേരളത്തില്‍ തന്നെ ഇത്രകാലവും പ്രവര്‍ത്തിച്ചിട്ടും കോടതികള്‍ക്ക്‌ സര്‍ക്കാര്‍ അഭിഭാഷകന്‍ നേരിട്ടു ഹാജരായി 'സത്യവാങ്ങ്‌മൂലം' എന്ന പേരില്‍ ഒരു നെടുങ്കന്‍ കള്ളം എഴുന്നള്ളിച്ചാലേ മനസ്സിലാകൂ എന്നുണ്ടോ? അതോ അതോടുകൂടി ജനങ്ങളുടെ സ്വൈരജീവിതവും, സഞ്ചാര, തൊഴില്‍, പ്രവര്‍ത്തന സ്വാതന്ത്ര്യവും എല്ലം സര്‍ക്കാര്‍ അങ്ങു സംരക്ഷിച്ചോളും എന്ന വിശ്വാസംകോടതികള്‍ക്കുണ്ടോ?

ഏതായാലും ഈ രണ്ടു പണിമുടക്ക്‌,ഹര്‍ത്താല്‍ കൊണ്ട്‌ ജനങ്ങള്‍ക്കുണ്ടായ നേട്ടം ചില്ലറയല്ല. ഞയറാഴ്ചത്തെ വാഹനപണിമുടക്കില്‍ സ്വയമേധയാ പങ്കെടുത്ത എല്ലാവര്‍ക്കും പെട്രോളിന്‌ ഇപ്പോള്‍ കൂട്ടിയ രണ്ടുരൂപയും, ഡീസലിന്‌ ഒരു രൂപയും കുറഞ്ഞ നിലയില്‍ വിതരണം ചെയ്യാന്‍ ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപ്രദമാണ്‌. അതിനായി എര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനകള്‍ വളരെ ലളിതവും. പണിമുടക്കില്‍ സ്വന്തം താല്‍പര്യത്തോടെ പങ്കെടുത്തു എന്ന് തെളിയിക്കുന്ന പാര്‍ട്ടി ഏര്യാകമ്മറ്റി യുടേയോ ലോക്കല്‍ കമ്മ്റ്റി സെക്രട്ടറിയുടെയോ സര്‍ട്ടിഫിക്കറ്റുമായി പാര്‍ട്ടിയുടെ ഏതെങ്കിലും ജില്ലാകേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക്‌ ഈ സബ്സിഡി നിരക്കില്‍ ഇന്ധനം വിതരണം ചെയ്യും.തീരുമാനമത്യധികം സ്വാഗതാര്‍ഹമാണ്‌. അതിനായി പ്രത്യേക പമ്പുകള്‍ ഉടനേ തുറക്കുമെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.എന്നാല്‍ കോണ്‍ഗ്രസ്സിന്റെ തീരുമാനമാണ്‌ ഇതിനേക്കാള്‍ അത്ഭുതപ്പെടുത്തുന്നത്‌. ഇന്നത്തെ ഹര്‍ത്താലില്‍ ആരേയും നിര്‍ബന്ധിച്ച്‌ പങ്കെടുപ്പിക്കില്ലെന്ന് നേരുത്തേ തന്നെ തങ്കച്ചനും, ചെന്നിത്തലയും ഉറപ്പു നല്‍കിയിരുന്നെങ്കിലും 'നിങ്ങളില്ലാതെ എനിക്കെന്താഘോഷം' എന്ന രീതിയില്‍ അണികള്‍ നേതാക്കളുടെ മനസ്സറിഞ്ഞ്‌ പ്രവര്‍ത്തിച്ചപ്പോള്‍ ഹര്‍ത്താല്‍ ഒരു വന്‍ വിജയമായി മാറി. ചില കരിങ്കാലികള്‍ കടകള്‍ തുറന്നുവെയ്ക്കുകയും മറ്റു ചിലര്‍ ആവശ്യമില്ലാതെ വണ്ടിയുമായി ഇറങ്ങുകയും ചെയ്തെങ്കിലും അണികള്‍ ഇടപെട്ട്‌ കാറ്റ്‌ കുത്തിവിട്ടും, കല്ലെറിഞ്ഞും, കടകളടപ്പിച്ചും, അവരെക്കൂടി ഹര്‍ത്താലിന്റെ മുഖ്യ ധാരയിലേക്ക്‌ കൊണ്ടുവന്നു. അതിന്റെ സന്തോഷസൂചകമായി ഉമ്മന്‍ ചാണ്ടി മാഡത്തിനെ നേരിട്ട്‌ ചെന്ന് കണ്ട്‌ നടത്തിയ ചര്‍ച്ചയുടേയും വെളിച്ചത്തില്‍ വിലക്കയറ്റം കൊണ്ട്‌ പൊറുതിമുട്ടുന്ന കേരളീയര്‍ക്ക്‌ ആശ്വാസം പകരുന്ന ഒരു നടപടിയാണ്‌ അദ്ദേഹം ഇന്ന് ഉച്ചയ്ക്ക്‌ പ്രഖ്യാപിച്ചത്‌. റേഷന്‍ കാര്‍ഡുമായി ഡി.സി.സി കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക്‌ ഒരു കിലോ അരി അമ്പതുപൈസ ഇളവില്‍ നല്‍കുന്നതായിരിക്കും എന്നത്‌ കുറച്ചൊന്നുമല്ല ജനങ്ങളെ സന്തോഷിപ്പിച്ചിരിക്കുക. മാത്രമല്ല അതിനായി ആരുടേയും സര്‍ട്ടിഫിക്കറ്റുകളും അവര്‍ക്കാവശ്യമില്ല. ആള്‍ മലയാളം സംസാരിക്കണമെന്നുമാത്രം. റേഷന്‍ കാര്‍ഡില്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡായാലും മതി. ഇത്തരം ജനോപകാരപ്രദമായ ഹര്‍ത്താലുകള്‍ ഇനിയുമുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
എല്ലാവര്‍ക്കും ഹര്‍ത്താലാശംസകള്‍!

4 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

...റേഷന്‍ കാര്‍ഡുമായി ഡി.സി.സി കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക്‌ ഒരു കിലോ അരി അമ്പതുപൈസ ഇളവില്‍ നല്‍കുന്നതായിരിക്കും എന്നത്‌ കുറച്ചൊന്നുമല്ല ജനങ്ങളെ സന്തോഷിപ്പിച്ചിരിക്കുക. മാത്രമല്ല അതിനായി ആരുടേയും സര്‍ട്ടിഫിക്കറ്റുകളും അവര്‍ക്കാവശ്യമില്ല. ആള്‍ മലയാളം സംസാരിക്കണമെന്നുമാത്രം. റേഷന്‍ കാര്‍ഡില്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡായാലും മതി...

പാമരന്‍ said...

:) :)

ഈ ഹര്‍ത്താലൊക്കെ നിര്‍ത്തിയാല്‍ രാഷ്ട്രീയക്കാര്‍ എന്ന ജീവിവര്‍ഗ്ഗം അന്യം നിന്നു പോകും.

N.J Joju said...

നന്നായിട്ടൂണ്ട്....
കഴിഞ്ഞ പത്തിരുപതു വര്‍ഷം നടന്ന ഹര്‍ത്താലുകളും ബന്തുകളും കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായിട്ടൂണ്ടോ?

ഹേമന്ത് | Hemanth said...

സ്വന്തമായി വാഹനം ഇല്ലാത്തവര്‍ക്ക് (ഉള്ളവര്‍ക്കും) ടയറിന്റെ കാറ്റഴിച്ചുവിടുമ്പോഴുള്ള സുഖം മനസ്സിലാക്കാം...... കല്ലെറിയാനുള്ള ഉന്നം മനസ്സിലാക്കാം....... നടുറോഡില്‍ ക്രിക്കറ്റ് കളിക്കാം...... ബന്ദ് കൊണ്ടുള്ള ഓരോ ഗുണങ്ങളേ.....