Saturday, September 22, 2007

ജുഡീഷ്യറിയിലെ ആഭിചാരങ്ങള്‍

സുപ്രീംകോടതിമുന്‍ ചീഫ്ജസ്റ്റീസ്‌ വൈ.കെ സഭര്‍വാളിനെതിരേ 'അപകീര്‍ത്തികരമായ' വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചേന്നരോപിച്ച്‌ 'മിഡ്‌ ഡേ' സായാഹ്നപത്രത്തിന്റെ എഡിറ്ററും, കാര്‍ട്ടൂണിസ്റ്റുമടക്കം നാലുമുതിര്‍ന്ന പത്രപ്രവര്‍ത്തകരെ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌(രണ്ടംഗ ജഡ്ജിംഗ്‌ പാനല്‍) നാലുമാസത്തെ തടവിനുശിക്ഷിക്കുകയും, ജാമ്യം നല്‍കണമെന്ന സുപ്രീംകോടതിനിര്‍ദ്ദേശത്തില്‍ ജാമ്യമനുവദിക്കുകയുംചെയ്തു.പ്രതികള്‍ ഉന്നത്‌ നീതിപീഠത്തിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നും നാലുമാസത്തെ തടവ്‌ നീതിയുക്തമാണെന്നും ഡിവിഷന്‍ബെഞ്ച്‌ പറഞ്ഞു-- മാതൃഭൂമി വാര്‍ത്തയില്‍നിന്നും

ഉന്നത്‌ നീതിപീഠത്തിന്റെപ്രതിച്ഛായതകര്‍ക്കുന്നവിധത്തില്‍ ഇത്രയ്ക്കും പെരിയ കടും കൈയെന്താണ്‌ ഇവര്‍ ചെയ്തത്‌?സഭര്‍ബാള്‍ ചീഫ്‌ ജെസ്റ്റീസായിരുന്നകാലത്ത്‌ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സുകാരായ മക്കളെ സഹായിക്കുന്നതരത്തില്‍ വിധിപ്രസ്താവങ്ങള്‍ നടത്തിയെന്ന പത്ര റിപ്പോര്‍ട്ടിനെതിരേയാണ്‌ കോടതി സ്വയമേധയാ കേസെടുത്തത്‌. തങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്ത വാര്‍ത്തയാണ്‌ സത്യമെന്നും ശിക്ഷകൊണ്ട്‌ തങ്ങളെ നിര്‍വീര്യമാക്കനകില്ലെന്ന് വിധി കേട്ട'പ്രതികള്‍' പ്രതികരിച്ചുവെന്നുമാണ്‌ പത്രറിപ്പോര്‍ട്ട്‌.
പത്രറിപ്പോര്‍ട്ട്‌ കണ്ട്‌ ഇതിലൊരു പ്രതികരണം നടത്തിയാല്‍ അതുചിലപ്പോള്‍ കോടതിയലക്ഷ്യമെന്ന് വ്യാഖ്യാനിച്ചേക്കാമെങ്കിലും അന്തസ്സുള്ള ഒരു ഇന്‍ഡ്യന്‍ പൗരനെന്നുള്ള നിലയില്‍ എനിക്കും ചിലത്‌ പറയാതിരിക്കാന്‍ വയ്യ.

എന്താണ്‌ ഇന്‍ഡ്യയുടെ പരമോന്നത നീതിപീഠത്തിന്‌ അപമാനകരമായത്‌? മുന്‍ ചീഫ്‌ ജസ്റ്റീസിനെതിരേ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതോ? ഇവിടെ സ്വജനപക്ഷപാതം അവര്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍(ഞാന്‍ കണ്ടിട്ടില്ല)വിമര്‍ശിച്ചതിന്‌ നാലുമാസം കോടതിയലക്ഷ്യത്തിന്‌ ശിക്ഷിച്ചതെങ്കില്‍ ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്തയിലെ "20 ശതമാനം ജഡ്ജിമാരും അഴിമതികാരാണെന്ന്" ജസ്റ്റീസ്‌ ബറൂച്ച പറഞ്ഞതിന്‌(മാതൃഭൂമി ഏപ്രില്‍ 17, 2005)അദ്ദേഹത്തെ എത്രകാലത്തെ തടവിനുശിക്ഷിക്കണം? ഇതില്‍നിന്നുതന്നെ കോടതിയുടെ ഇരട്ടത്താപ്പ്‌ വ്യക്ത്മല്ലേ? ഇതുമറ്റാരെങ്കിലും ചെയ്ത ഒരു പ്രസ്താവനയായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? പത്രം ഉന്നയിച്ച്‌ ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് അന്വേഷിച്ച്‌ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിന്‌ നീതിന്യായവയവസ്ഥയുടെ അന്തസ്സിന്‌യോജിച്ചവിധത്തില്‍ ഉചിതമായ നടപടിയെടുക്കുകയായിരുന്നില്ലേ ഉന്നത നീതിപീഠത്തിന്റെ അന്തസ്സിന്‌ ചേര്‍ന്ന നടപടി?

കൈക്കൂലി വാങ്ങുന്നതുമാത്രമാണോ അഴിമതി? സ്വജനപക്ഷപാതമെന്നത്‌ അത്‌ സമൂഹത്തിനെയൊന്നകെ ബാധിക്കുന്ന തരത്തില്‍ തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ആരുകാണിച്ചാലും അതിന്‌ അഴിമതിയേക്കാളും വലിയ പ്രത്യാഘാതങ്ങള്‍ സമൂഹത്തിലുണ്ടാക്കും.

മറ്റൊരു പ്രമുഖ മലയാളദിനപത്രത്തില്‍ രണ്ടു വര്‍ഷം മുന്‍പ്‌ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയെക്കുറിച്ച്‌ റ്റി.സി ഉലഹന്നാന്റെ 'ജുഡീഷ്യറിയുടെ ആഭിചാരങ്ങള്‍' എന്ന പുസ്തകത്തില്‍ ഇപ്രകാരം പരാമര്‍ശിക്കുന്നു "ജുഡീഷ്യറിയിലെ അഴിമതി വര്‍ദ്ധിച്ചുവരുന്നുവെന്ന ആക്ഷേപം പലകോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ രാഷ്ട്രപതിയാവശ്യപ്പെട്ടുനടന്ന സി.ബി.ഐ അന്വേഷണത്തില്‍ ഹൈക്കോടതികളിലെ 17 ജഡ്ജിമാര്‍ അഴിമതിക്കാരാണെന്ന് അറിയാന്‍ കഴിഞ്ഞുവെന്നും തുടര്‍ന്ന് ഇതു സംബന്ധിച്ച്‌ രാഷ്ട്രപതി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സുപ്രീംകോടതി ചീഫ്‌ ജസ്റ്റീസിനോട്‌ ആവശ്യപ്പെട്ടു വെന്നുമെന്നാല്‍ സീനിയര്‍ ജഡ്ജിമാരൊക്കെ സഹപ്രവര്‍ത്തകര്‍ക്കെതിരേ അന്വേഷണം നടത്താന്‍ വിസമ്മതിച്ചുവെന്നും" പത്രം റിപ്പോര്‍ട്ട്‌ ചെയ്തതായി തിയതിസഹിതം പറഞ്ഞിട്ടുണ്ട്‌(പേജ്‌ നമ്പര്‍ 20).ഇതുകൂടാതെ ന്യായാധിപന്മാരുടെ ഒട്ടനവധി നാറിയ അഴിമതിക്കഥകള്‍ഈ പുസ്തകത്തില്‍ അദ്ദേഹം വിവരിച്ചിട്ടുണ്ട്‌. ഇതൊന്നും കേവലം കെട്ടുകഥയോ, ഭാവനയുടേയോ, ബൗധിക സങ്കല്‍പങ്ങളുടേയോ കണ്ണികള്‍ കൊണ്ട്‌ നെയ്തെടുത്തവചനങ്ങളല്ലെന്നും മുപ്പതുവര്‍ഷത്തെ അഭിഭാഷക ജീവിതത്തിനിടയിലുലഹന്നാനുണ്ടായ അനുഭവങ്ങളാണ്‌ ഓരോവാക്കിലും നിറഞ്ഞുനില്‍കുന്നതെന്നും അവ ഞെട്ടിക്കുന്നതാണെന്നും അവതാരികയിലൂടെ സാക്ഷ്യപ്പെടുത്തുന്നത്‌ മറ്റാരുമല്ല നീതിന്യായ വ്യവസ്തയിലെ മാന്യതയുടെ മുഖവും മനുഷ്യാവകാശസംരക്ഷ്ണത്തിന്റെ തളരാത്ത പോരാളിയുമായ ആദര‍ണീയനായ ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യരാണ്‌. ഇനി ഈ പുസ്തകം മലയാളത്തിലായതിനാല്‍ ഡല്‍ഹി ഹൈക്കോടതി ഇതുകാണാത്തതുകൊണ്ടാകുമോ? അല്ലെങ്കില്‍ പുസ്തകമെഴുതിയയാളും, അവതാരികയെഴുതിയയാളും, പിന്നെ പുസ്തകത്തെക്കുറിച്ച്‌ പ്രതിപാദിച്ച ഇ.എക്സ്‌.ജോസഫുമടക്കമുള്ളയാളുകള്‍ കോടതിയലക്ഷ്യത്തിന്‌ വിചാരണനേരിടേണ്ടിവരുമായിരുന്നോ? അതോ ഇനി മലയാളമറിയുന്ന കേരളാ ഹൈക്കോടതി ഈവിമര്‍ശനങ്ങളെ അംഗീകരിക്കുന്നുവെന്നാണോ?

എന്തിനേയും വിമര്‍ശിക്കാനും, അഴിമതിക്കെതിരേ നടപടിയെടുക്കണമെന്ന് നാഴികയ്ക്ക്‌ നാല്‍പതുവട്ടം ജനങ്ങള്‍ തെരെഞ്ഞെടുത്ത ഭരിക്കുന്ന സര്‍ക്കാരുകളോട്‌ ആവശ്യപ്പെടാനും, അഴിമതിയുടെപേരില്‍ അവയെ ഭത്സിക്കനും അന്വേഷണത്തിനുത്തരവിടാനും കോടതികള്‍ക്കുമാത്രമേ അവകാശമുള്ളോ? ഇത്തരം പത്രവാര്‍ത്തകളിലും അനുഭവസ്ഥരുടെ രചനകളിലൂടെയും മറനീക്കി പുറത്തുവരുന്ന നാണംകെട്ട അഴിമതിക്കഥകള്‍ കോടതികള്‍ക്കുനേരേ വിരല്‍ചൂണ്ടിയാല്‍ മാത്രം എന്തേ തികഞ്ഞ അസഹിഷ്ണുതയോടെ മാത്രം നീതിപീഠം നോക്കിക്കാണുന്നു? അതിനെമാത്രം നീതിപീഠത്തിനെതിരായ അവഹേളനമായി കാണുന്നു? അത്തരം ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ഇന്‍ഡ്യയിലെ ഒരു ഉന്നതാന്വേഷണ ഏജന്‍സി കണ്ടെത്തിയാലും തുടര്‍ന്നടപടികള്‍ക്ക്‌ ഇന്‍ഡ്യന്‍ ഭരണഘടനയുടെ സംരക്ഷകനായ രാഷ്ട്രപതി ആവശ്യപ്പെട്ടാലും എന്തേ നീതിപീഠത്തിന്‌ അതന്വേഷിക്കുന്നതില്‍മാത്രം ഇത്ര വൈമനസ്യം? ഇത്തരം നടപടികളെക്കുറിച്ച്‌ അന്വേഷണം നടത്തി ഉചിതമായ നടപടികളിലൂടെ ഉയരുന്നതല്ലേ ജുഡീഷ്യറിയുടെ അഭിമാനം? അതിനല്ലേ നീതിയും ന്യായവുമെന്നൊക്കെ പറയുക?

യാതൊരന്വേഷണത്തിനും മുതിരാതെ ഹാജരാക്കുന്ന തെളിവുകള്‍ പരിശോധിക്കാതെ ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കെതിരേ വാളോങ്ങുന്നത്‌ സാധാരണജനങ്ങളുടെ അവസാനപിടിവള്ളിയായ, നീതിപീഠത്തിലുള്ള വിശ്വാസ്യതയ്ക്ക്‌ കോട്ടം തട്ടിക്കാനും, ഉന്നതങ്ങളിലെ,അധികാര ദന്തഗോപുരങ്ങളിലെ അഴിമതി ജനങ്ങളെ അറിയിക്കുകയെന്ന പ്രാധമികവും ജനാധിപത്യപരവുമായ മാധ്യമ സ്വാതന്ത്ര്യത്തിന്റെ വായ മൂടിക്കെട്ടുന്നത്‌ ജനങ്ങള്‍ക്കുവേണ്ടിയെന്ന് അവകാശപ്പെടുന്ന ജനാധിപത്യസംവിധാനത്തിന്റെ നെടുംതൂണായ ജുഡീഷ്യറി തന്നെയാണെന്നത്‌ അത്ഭുതമുണ്ടാക്കുന്നു.

എതുസന്ദേശമാണ്‌ നീതിപീഠം ഇത്തരം വിധികളിലൂടെ നല്‍കുന്നത്‌? നീതിപീഠം തീര്‍ത്തും അഴിമതിരഹിതമാണെന്നോ? അതുകൊണ്ട്‌ മറിച്ച്‌ ചിന്തിക്കുന്നതുപോലും കോടതികളെ അവഹേളിക്കലാകുമെന്നോ?നീതിപീഠത്തിലെ അഴിമതിയെക്കുറിച്ച്‌ ആരും ശബ്ദിക്കരുതെന്നോ? എല്ലാത്തേരം അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരായ നീതിപീഠം ഒന്നു വ്യക്തമാക്കിയാല്‍ നന്നായിരുന്നു, അതായത്‌ ഇത്തരത്തില്‍ ഏതെങ്കിലും ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരേ എന്തെങ്കിലും ആരോപണങ്ങളുണ്ടായാല്‍ അത്‌ എങ്ങനെയാണന്വേഷിക്കുന്നതെന്നും, അതിനുള്ള ശിക്ഷണ നടപടി യെന്തെന്നും സാധാരണജനങ്ങള്‍ക്ക്‌ അറിയാന്‍ കഴിയുമോ?

ഈ സംശയംചോദിച്ചതിനുകാരണം മേല്‍പറഞ്ഞ പുസ്തകത്തിന്റെ 24ആം പേജില്‍ രണ്ടാം പാരഗ്രാഫില്‍ ശ്രീ ഉലഹന്നാന്‍ ഹൈക്കോടതിജഡ്ജിമാര്‍ അഴിമതിനടത്തിയാല്‍ അന്വേഷണം നടത്താന്‍ കഴിയുമോയെന്നും,അന്വേഷണം നടത്തിയാല്‍ അവരെ ശിക്ഷണ നടപടികള്‍ക്ക്‌ വിധേയമാക്കന്‍ കഴിയുമയിരുന്നോയെന്നും ചോദ്യങ്ങളുന്നയിച്ചിരിക്കുന്നത്‌ കണ്ടുകൊണ്ടാണ്‌.മുപ്പതുവര്‍ഷത്തെ വക്കീല്‍ ജീവിതവും അതില്‍ തന്നെ രണ്ടുവട്ടം ഹൈക്കോടതിയില്‍ ഗവണ്‍മന്റ്‌ പ്ലീഡറുമായിരുന്ന ശ്രീ റ്റി.സി ഉലഹന്നാന്‌ ജഡ്ജിമാരെക്കുറിച്ചുള്ള അന്വേഷണത്തിലും ശിക്ഷവിധിക്കലുകളിലും സംശയം തോന്നുന്നുവെങ്കില്‍ എങ്കില്‍......

(തലക്കെട്ടിന്‌ കടപ്പാട്‌: ജുഡീഷ്യറിയിലെ ആഭിചാരങ്ങള്‍-റ്റി.സി.ഉലഹന്നാന്‍, പ്രസാധകര്‍ പെന്‍ബുക്സ്‌)

3 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

എന്താണ്‌ ഇന്‍ഡ്യയുടെ പരമോന്നത നീതിപീഠത്തിന്‌ അപമാനകരമായത്‌? മുന്‍ ചീഫ്‌ ജസ്റ്റീസിനെതിരേ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചതോ? ഇവിടെ സ്വജനപക്ഷപാതം അവര്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍വിമര്‍ശിച്ചതിന്‌ നാലുമാസം കോടതിയലക്ഷ്യത്തിന്‌ ശിക്ഷിച്ചതെങ്കില്‍ ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്തയിലെ "20 ശതമാനം ജഡ്ജിമാരും അഴിമതികാരാണെന്ന്" ജസ്റ്റീസ്‌ ബറൂച്ച പറഞ്ഞതിന്‌(മാതൃഭൂമി ഏപ്രില്‍ 17, 2005)അദ്ദേഹത്തെ എത്രകാലത്തെ തടവിനുശിക്ഷിക്കണം? ഇതില്‍നിന്നുതന്നെ കോടതിയുടെ ഇരട്ടത്താപ്പ്‌ വ്യക്ത്മല്ലേ? ഇതുമറ്റാരെങ്കിലും ചെയ്ത ഒരു പ്രസ്താവനയായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?

മൂര്‍ത്തി said...

നല്ല പോസ്റ്റ്..

ഷാനവാസ്‌ ഇലിപ്പക്കുളം said...

മൂര്‍ത്തീ നന്ദി അഭിപ്രായമറിയിച്ചതിന്‌. ഓരാളെങ്കിലും അഭിപ്രായം പറഞ്ഞല്ലോ ആശ്വാസം. കോ
ടതികയറിയിറങ്ങേണ്ടിവരുമെന്നു ഭയന്നാണോ എന്തോ വേറേയാരും ഒന്നും പറഞ്ഞുകേട്ടില്ല ;)