Saturday, December 30, 2006

'കേരള്‍','കേരളാ'അതോ'കേരളം'തന്നെയോ?

ബാംഗ്ലൂര്‍ 'ബെങ്ങളുരു' വും, മദ്രാസ്‌ 'ചെന്നൈ'യും നമ്മുടെ നാട്ടില്‍തന്നെ 'ട്രിവാന്‍ഡ്രവും' 'കൊയ്‌ലോണും' 'ട്രിച്ചൂറും' ഒക്കെ പേരുമാറിയിട്ടും നമ്മുടെ 'കേരളം' മാത്രമെന്തേ ഇന്നും ആംഗലേയത്തിലും, മറ്റുസംസ്ഥാനങ്ങളിലുള്ളവര്‍ക്കുമെല്ലാം പൂര്‍ത്തീകരിക്കാനാകാത്തനിലയില്‍ 'കേരളാ' ആയി നില്‍ക്കുന്നു? നമ്മുടെ സംസ്ഥാനത്തിനകത്തുള്ള 'ഹൈകോര്‍ട്‌ ഓഫ്‌ കേരളാ' യും,നമ്മുടെ സ്വന്തം'കേരളാ പോലീസും', മറ്റെല്ലാ സര്‍ക്കാര്‍ വകുപ്പുകളും പ്രത്യേകിച്ച്‌ ഒരര്‍ത്ഥവുമില്ലാത്ത( മലയാളത്തില്‍ ഈ 'കേരളാ' യ്‌ക്ക്‌ എന്തെങ്കിലും അര്‍ത്ഥമുണ്ടോ എന്നറിയില്ല!) 'കേരളാ' പേറി നില്‍ക്കുന്നു? ഭരണഭാഷ മലയാളവത്‌കരിക്കാന്‍ വന്‍തുക മുടക്കിയുള്ള പദ്ധതികള്‍ക്ക്‌ പോകും മുന്‍പേ ഇക്കാര്യമല്ലേ ആദ്യം ശരിയാക്കേണ്ടത്‌? അതുമല്ല'കേരളാ' തന്നെയാണോശരി? അതോ പ്രത്യേകിച്ച്‌ മുടക്കൊന്നുമില്ലാത്തതിനാല്‍ അതങ്ങനെയങ്ങുനിന്നോട്ടെ എന്നാണോ?!ഏതായാലും ചാനല്‍ മലയാളക്കാര്‍ക്ക്‌ ഇതില്‍ പങ്കുണ്ടാകില്ല കാരണം അവര്‍ അവതരിക്കുന്നതിനും മുന്‍പേ ഇതിങ്ങനെ തന്നെയാണല്ലോ!ആംഗലേയത്തില്‍ മലയാളം പറയുന്നവര്‍ക്ക്‌ ബുദ്ധിമുട്ടാകുമോ 'കേരളം' എന്നുപറയാന്‍? അതോ ഇനി 'കേരളം' എന്നുകേട്ടാല്‍ ചോര ഞരമ്പുകളില്‍ തിളച്ചാലോ എന്നുഭയന്നാകുമോ പണ്ടുമുതലേ ഈ 'കേരളാ' വിളി നിലനിന്നു വന്നത്‌?എന്റെ ഒരു കൂട്ടുകാരന്‍ പറഞ്ഞു ഇത്‌ എന്റെ വ്യാകരണ ചിന്തയുടെ കുഴപ്പമാണെന്ന്‌, അതായത്‌ വ്യാകരണപ്രകാരം കേരളം എന്ന നാമത്തോടൊപ്പം മറ്റെന്തെങ്കിലും വിശേഷണം ചേന്നുവന്നാല്‍ കേരളം എന്നുപയോഗിക്കാന്‍ പറ്റില്ലെന്നും, അതിനാലാണ്‌ ചില സന്ദര്‍ഭങ്ങളില്‍ 'കേരളാ' ആയിപ്പോകുന്നതെന്നും അവന്‍ 'കര്‍ണാടകത്തിന്റെ' ('കര്‍ണാടകം' സംസ്ഥാനമല്ല 'കര്‍ണാടകസംസ്ഥനമാണെന്ന്‌')യും,'മലയാളഭാഷ'(മലയാളം ഭാഷയല്ല!) മറ്റും ഉദാഹരണസഹിതം സമര്‍ഥിച്ചു. എന്നാല്‍ ഈ ഉദാഹരണം 'മദ്ധ്യപ്രദേശ്‌ സര്‍ക്കാരിനോടും', 'ഹരിയാനാ സര്‍ക്കാരിനോടും' 'ഡല്‍ഹി പൊലീസിനോടും'ഒന്നും ചോദിച്ചാല്‍ വിലപ്പോകില്ലല്ലോ എന്നു പറഞ്ഞപ്പോള്‍ അവനും ചെറിയ ഒരുസംശയം! അതുപോലെ തന്നെ 'കേരളം,കേരളം...കേരളംമനോഹരം' എന്നവരിയിലോ, '...കേളീകദംബം പൂക്കും കേരളം', '...കേരളമെന്നു കേട്ടാലോ തിളക്കണം..' എന്ന വരികളിലൊന്നും ഈ 'കേരളാ' പ്രയോഗം കാണാന്‍ കഴിഞ്ഞില്ല! ഇവിടെ അത്തരം വ്യാകരണത്തിന്‌ പ്രസക്തിയില്ലാതായതുകൊണ്ടാണോ ഇനി? അതോ ആധുനിക'മലയാളം ഭാഷ' യുടെ പിതാവായ എഴുത്ത്ച്ഛന്‍ വല്ലനിര്‍ദ്ദേശങ്ങളും ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചിട്ടുണ്ടോ? ഇക്കാര്യത്തില്‍ താങ്കള്‍ക്കെന്തു തോന്നുന്നു? കേരളം ആണോ അതോ 'കേരളാ' ആണോ, അതോ ഗോസായിമാര്‍പറയുന്നതുപോലെ 'കേരള്‍' ആണോ ശരിക്കും ഏതാണു ശരി?ഏതാണു സ്റ്റേറ്റ്‌ എന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ 'കേരളം' എന്ന്‌പറയാമോ? അതോ എന്റെ കൂട്ടുകാരന്‍ പറഞ്ഞതുപോലെ വ്യാകരണമാണോ ശരി? അതൊ 'അങ്ങനേയും പറയും' ,പിന്നെ 'ഇങ്ങളുപറഞ്ഞപോലെയും' പറയും എന്നണോ?ഞാനേതായാലും എന്റെ ബ്ലോഗിന്റെ തലക്കെട്ട്‌ മാറ്റി! നിങ്ങളെന്തുപറയുന്നു? എല്ലാവര്‍ക്കും ഒരുനല്ല പുതുവര്‍ഷം ആശംസിച്ചുകൊള്ളുന്നു!

5 comments:

Anonymous said...

ഷാനവാസേ, ലേഖനത്തിന്റെ ആശയം നന്നായിട്ടുണ്ട്‌. പക്ഷേ, എന്തുകൊണ്ടാണെന്നറിയില്ല, എനിക്കു 'ഹൈക്കോര്‍ട്ട്‌ ഓഫ്‌ കേരളം' ത്തെക്കാളും 'ഹൈക്കോര്‍ട്ട്‌ ഓഫ്‌ കേരള' എന്നതാണിഷ്ടം.
നവവത്സരാശംസകള്‍!!

Sathees Makkoth | Asha Revamma said...

ഒരു പേരിലെന്തിരിക്കുന്നു. !!!

Anonymous said...

Good it must be, KERALAM...........

ഷാനവാസ്‌ ഇലിപ്പക്കുളം said...

സാരംഗിക്കും, സതീഷിനും, അനോണിക്കും നന്ദി!

Anonymous said...

കേരളത്തിന്ടെ കെ.രത്നാകരന്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റില്‍ നിന്നും തന്റെ മൂന്നാമത്തെ ഐ.എം. നോം നേടി കേരളത്തിന്റെ രണ്ടാമത്തെ ഇന്റര്‍ നാഷനല്‍ മാസ്റ്റര്‍ ആയിരീക്കുന്നു..ജി.എന്‍.ഗോപാല്‍ ആണ് കേരളത്തിന്റെ ഒന്നാമത്തെ ഇന്റര്‍നാഷനല്‍ മാസ്റ്റര്‍.
ജി.എന്‍.ഗോപാല്‍ ആ ടൂര്‍ണമെന്റില്‍ നിന്നും ഇന്ന് തന്റെ ആദ്യ ജി.എം.നോം നേടി ഗ്രാണ്ട്മാസ്റ്റര്‍ പദവിയിലേക്കുള്ള ആദ്യ ചുവടുവെച്ചു...
www.alekhinechessclub.com
ആണ് സൈറ്റ്..
അഭിനന്ദനങ്ങള്‍....

വാര്‍ത്തകള്‍ കൊടുക്കുന്ന ബ്ലോഗ് ഉണ്ടെങ്കില്‍ ഇത് അതില്‍ ഇടുക...