Sunday, October 21, 2007

പ്ലാസ്റ്റിക്‌ നിരോധനവും പൊട്ടന്റെ മാക്കൊട്ടയും!

വരണ്ടും തമ്മില്‍ എന്ത്‌ ബന്ധം? ആരാ ഈ പൊട്ടന്‍? പറയാം. പൊട്ടന്‍ എന്നുപറഞ്ഞാല്‍തനി ചെവികേള്‍ക്കാന്‍ പാടില്ലാത്ത ഒരു പഴയ പൊട്ടന്‍, സംസാരിക്കാന്‍ കഴിയാത്തത്‌ ഒരു പക്ഷേ ജനിച്ചിട്ട്‌ ഇതുവരെ ഭൂമിയിലെ ശബ്ദങ്ങളൊന്നും കേട്ടിട്ടില്ലാത്തതിനാലാകാം.എന്താ ഇപ്പോള്‍ പൊട്ടനെക്കുറിച്ച്‌ ഓര്‍ക്കാന്‍? കാരണം മറ്റൊന്നുമല്ല നാട്ടിലിപ്പോള്‍ നടപ്പാക്കികൊണ്ടിരിക്കുന്ന പ്ലാസ്റ്റിക്‌ നിരോധനം തന്നെ. പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാതെ സമയം തള്ളി നീക്കാനായി ഇന്നലെ രാത്രി ചാനലുകള്‍ തോറും മറിച്ചുനോക്കുമ്പോള്‍ ന്യൂസ്‌ ചാനലില്‍ പ്ലാറ്റിക്‌ നിരോധനത്തിന്റെ നിരര്‍ഥകതയെക്കുറിച്ച്‌ വ്യാപാരികളുടെ പ്രതിനിധിവാചാലനാകുന്നതുകണ്ടപ്പോള്‍വെറുതേ പഴയ പൊട്ടനെക്കുറിച്ചോര്‍ത്തു. ഇന്നിപ്പോള്‍ മുപ്പതുമൈക്രോണില്‍ കുറവുള്ള ബനിയന്‍ കിറ്റുകള്‍ കിട്ടാത്തതുകാരണം(ചുവടുവെട്ടിയാല്‍ റിയാലിറ്റി ഷോകളില്‍ ബനിയനായി പരീക്ഷിക്കാം) മത്സ്യമാര്‍ക്കറ്റില്‍ നിന്നും മീന്‍ പോലും ആളുകള്‍ വാങ്ങുന്നില്ലെന്നും അതുകൊണ്ട്‌ കേരളത്തിലുള്ളവരെല്ലാം ഇപ്പോള്‍ മീന്‍കറി കൂട്ടാനാകാതെ വിഷമിക്കുകയാണെന്നും, മീന്‍ വില്‍ക്കുന്നവരും കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളടക്കമുള്ളവരും പണിയില്ലാതെ വെറുതേ മാനത്തോട്ടുനോക്കിയിരിപ്പാണെന്നുമറിഞ്ഞപ്പോഴാണ്‌ പത്തിരുപതുകൊല്ലം മുന്‍പ്‌ അതും ഈവക ബന്യനുകള്‍ സാധാരണമാകുന്നതിനും മുന്‍പ്‌ പൊട്ടന്‍ ചെയ്തിരുന്ന മഹത്തായ സേവനത്തെക്കുറിച്ചോര്‍ത്തത്‌.

അക്കാലത്ത്‌ നാട്ടിലെ ചന്തയില്‍ ഓലചുന്താണികൊണ്ട്‌ മനോഹരമായ കിറ്റുകള്‍ (നാടന്‍ഭാഷയില്‍ ഇതിന്‌ മാക്കൊട്ടയെന്നുപറയും) നിര്‍മ്മിച്ച്‌ നാലണയ്ക്കും എട്ടണയ്ക്കും വിറ്റിരുന്നയാളാണ്‌ പൊട്ടന്‍. എത്രയോ ആയിരം മാക്കൊട്ടകള്‍ പിറവിയെടുത്ത ആകരവിരുതില്‍ നിമിഷങ്ങള്‍കൊണ്ട്‌ ചെറുതും വലുതുമായ സുന്ദരന്‍ മാക്കൊട്ടകള്‍ ജന്മമെടുക്കുന്നതുകാണാന്‍ ഒരു പ്രത്യേക ചന്തം തന്നെയായിരുന്നു. എത്രായിരം 'ഉച്ച-രാത്രങ്ങളില്‍' ആയിരക്കണാക്കിനു ആണുങ്ങള്‍ക്കും, പെണ്ണുങ്ങള്‍ക്കും, യുവതീയുവാക്കള്‍ക്കും, മീന്‍കറിയുടെ രുചിയൂറും നിമിഷങ്ങളും,കൊച്ചു കുഞ്ഞുങ്ങളെ മീനിന്റെ നുള്ളു കാട്ടികൊതിപ്പിച്ച്‌ ഉരുളചോറിന്റെലോകത്തേയ്ക്ക്‌ ആനയിച്ചിരുന്ന അമ്മമാര്‍ക്കും, മീനിട്ട പുളിയാണമില്ലാതെ ഒരുരുളയുമിറിങ്ങാത്ത മൂപ്പിലാക്കന്മാര്‍ക്കും, ഞങ്ങളുടെ നാട്ടിലെ പാവപ്പെട്ട മീന്‍ കച്ചവടക്കാര്‍ക്ക്‌ നിത്യവൃത്തികഴിയാനുള്ള മാര്‍ഗ്ഗവും ഒരുക്കിയിരുന്ന പത്തെഴുപതുവയസ്സുവരുന്ന മഹാനുഭാവനായ ഒരു വൃദ്ധന്‍, പാവം! ഇന്നു ജീവിച്ചിരിക്കുന്നുണ്ടോ ആവോ. ചെവികേള്‍ക്കാത്തതുകൊണ്ട്‌ തിരിച്ചൊന്നും കേള്‍ക്കേണ്ടിവരില്ലെന്നും ഉറപ്പുള്ളതുകൊണ്ടാവണം പ്രായഭേദമന്യേ എല്ലാവരും അദ്ദേഹത്തെ പൊട്ടനെന്നുവിളിച്ചു.

റ്റീവിയില്‍ ചര്‍ച്ചിച്ച മഹാനുഭാവന്റെ പേരുമറന്നുപോയെങ്കിലും ഞാനൊരിക്കലും പൊട്ടനെമറക്കില്ല! എന്നും ഉച്ചതിരിഞ്ഞ്‌ പത്തുകെട്ടിനടുത്ത്‌ ഓലയും,രണ്ടുപ്ലാവ്‌ കോതിയിറക്കിയ തൂപ്പുമായി കച്ചവടത്തിനെത്തുന്ന, കൊച്ചുപിള്ളാരോട്‌ പല്ലില്ലാത്തമോണകാട്ടിച്ചിരിക്കുന്ന, ഉടുപ്പിടാത്ത, അനുസരണയില്ലാത്ത നരച്ചമുടിയുമായി ഒരുമുഷിഞ്ഞ ഒറ്റത്തോര്‍ത്തുമാത്രമുടുത്ത്‌ ചന്തയ്ക്കകത്തെ പഞ്ചായത്തുകിണറിന്‌ വെയിലുമറഞ്ഞിരിക്കുന്ന ഒട്ടിയ കവിളുകളുള്ള പൊട്ടന്‍. പത്താമുദയമായാലും, അല്ലാത്ത ഉദയമായാലും വെയിലിന്റെ ആയിപ്പം മാറുന്നതനുസരിച്ച്‌ പൊക്കമുള്ള കല്‍ക്കെട്ടുള്ള കിണറിന്റെ ചുറ്റുവട്ടത്തെ കുമ്മായത്തറയിലെവിടെയെങ്കിലുമിരുന്ന് മാക്കൊട്ടനെയ്യുന്ന, തൂപ്പ്‌ വില്‍കുന്ന പൊട്ടന്‍. പിള്ളാരോട്‌ എന്തോ പൊട്ടനു വലിയ കാര്യമായിരുന്നു ചിലപ്പോള്‍ ദേഷ്യവും അവരോട്‌ തന്നെ!അഞ്ചുപൈസയ്ക്ക്‌ കിട്ടിയിരുന്ന കടിച്ചീമ്പുന്ന പുളിച്ചിമാങ്ങയും കയ്യില്‍ പിടിച്ച്‌ പൊട്ടന്റെയടുത്തു കൗതുകത്തോടെ നില്‍ക്കുന്ന ചെറുകൂട്ടം. ഈകുസൃതികൂട്ടത്തെക്കാണുമ്പോള്‍ പൊട്ടന്‌ എന്തോ ഒരു വലിയ ആവേശമാണ്‌! കൈകളുടെ വേഗം കൂടും, മാക്കൊട്ടകളുടെ എണ്ണവും, കണ്ണുകളുടെ തിളക്കവും. പിന്നെ പല്ലില്ലാത്ത മോണകാട്ടിചിരിക്കും.നാലണയുടെ മാക്കൊട്ട കൊച്ചുപിള്ളാര്‍ക്ക്‌ മാത്രം പതിനഞ്ചുപൈസയ്ക്കും കൊടുക്കും, ബാക്കി പത്തുപൈസയ്ക്ക്‌ രണ്ട്‌ മാങ്ങകിട്ടുമ്പോള്‍ അതുവലിയ ഡിസ്കൗണ്ട്തന്നെയായിരുന്നു. പൊട്ടനുതിരക്കുകൂടുമ്പോള്‍ പിള്ളാരെവേണ്ടുന്നപോലെഗൗനിക്കാതെവരുമ്പോള്‍ അവര്‍തന്നെ പൊട്ടനെ മൂക്ക്‌ ചൊറിഞ്ഞുകാണിക്കും ഇതാണ്‌ പൊട്ടന്‍ അവരോടുതന്നെ വഴക്കുകൂടാന്‍ കാരണം. പക്ഷേ അടുത്തദിവസം തന്നെരണ്ടുകൂട്ടരും അതെല്ലാം മറക്കും വീണ്ടും ചങ്ങാത്തം തുടരും.പിന്നെയുള്ളത്‌ പൊട്ടനെ സോപ്പിട്ട്‌ ഉണ്ടാക്കിപ്പിയ്ക്കുന്ന ഓലപ്പന്താണ്‌. പിള്ളാരെത്രപാടുപെട്ടുണ്ടാക്കിയാലും ആ പന്തിന്‌ നാലുവശമേ കാണൂ എന്നാല്‍ പൊട്ടന്‍ അകത്ത്‌ 'തീറ്റ്‌'വെച്ചുണ്ടാക്കിയെടുക്കുന്ന പന്തുകള്‍ക്ക്‌ ആറുവശമെങ്കിലും ചുരുങ്ങിയതുകാണുമെന്നുമാത്രമല്ല നല്ല വലിപ്പവുമുണ്ടാകും. അതുവെച്ച്‌ ഏറുപന്തോ സ്ക്വയറോ കളിച്ചാല്‍ ഒരേറുകൊണ്ടാല്‍ ഒന്നൊന്നര ഏറായിരിക്കുമത്‌.നട്ടപ്പൊറം തെണുത്തുകിടക്കും!

അക്കാലമെല്ലാം പോയിമറഞ്ഞു. ഇപ്പറഞ്ഞ ഏറുപന്തും ടെസ്റ്റും, വണ്‍ഡേയുമെല്ലാം കാലംകഴിഞ്ഞു,ഇത്‌20-ട്വൊന്റിയുഗം.എന്റെനാട്‌ പഴയ പൊട്ടന്റെ ബാസ്കറ്റില്‍നിന്നും ഒത്തിരിപുരോഗമിച്ചു. പിന്നെയെപ്പോഴോ പതിയെപതിയെ പൊട്ടനും മാക്കൊട്ടയുമെല്ലാം എന്റെ ബോധമണ്ഡലത്തില്‍നിന്നും മാഞ്ഞുപോയിരുന്നു. എന്നുമുതലാണ്‌ ഞാന്‍ ആദ്യമായി സഞ്ചിയില്ലാതെ കയ്യുംവീശി ചന്തയിലേക്ക്‌ പോയിതുടങ്ങിയത്‌? മാക്കൊട്ടയിലല്ലാതെ മീന്‍ വാങ്ങിത്തുടങ്ങിയത്‌? എന്നാണ്‌ പൊട്ടനെ മറന്നുപോയത്‌? ബട്ടണ്‍സ്‌ഒന്നുമില്ലാതെ ഉടുത്തുവെച്ചുകൊണ്ട്‌നടന്നിരുന്ന കളസത്തില്‍ നിന്നും മദ്രസയില്‍ പോയിരുന്ന കാലത്തെ അരമുണ്ടിലേക്കോ, കാല്‍ നടയില്‍നിന്നും സൈക്കിളിലേക്കു പുരോഗമിച്ചപ്പോഴോ? ആ...വ്യക്ത്മായി ഓര്‍മ്മയില്ല. പക്ഷേ പൊട്ടനെ മറന്നുകഴിഞ്ഞിരുന്നു മാക്കൊട്ടയേയും. പിന്നെപ്പിന്നെ പ്ലാസ്റ്റിക്ക്‌ സഞ്ചികള്‍ എന്റെദിവസങ്ങളിലൊഴിച്ചുകൂടാനാകാത്ത ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. ഈകവറുകളാണ്‌ എന്നെ ഏതുനേരത്തും എന്തുവാങ്ങാനും ഏതുചന്തയിലെ ഏതുകടയിലേക്കും കയ്യും വീശി കയറിചെല്ലാന്‍ പ്രാപ്തനാക്കിയത്‌.ആദ്യകാലങ്ങളില്‍ മീന്‍ വാങ്ങുന്നതിനുവേണ്ടി അമ്പതുപൈസമുടക്കി എന്നുമോരോ കവറുകള്‍ വാങ്ങുന്നതിനുപകരം മീന്‍കവര്‍ വീട്ടില്‍ കൊണ്ടുപോയി കഴുകി വെയിലത്തിടും, ചെറിയ മണമുണ്ടായിരിക്കുമെന്നേയുള്ളൂ പക്ഷേ ഒന്നുരണ്ടുദിവസത്തേക്കുകൂടി അതുകൊണ്ടഡ്ജസ്റ്റുചെയ്യാം! പക്ഷേ പിന്നെപ്പിന്നെ അതും മാറി.ആവശ്യമുള്ളപ്പോഴൊക്കെ കടക്കാരന്‍ ഈ വക കവറുകളില്‍ സാധങ്ങള്‍ പൊതിഞ്ഞുതരണമെന്നത്‌ എന്റെ മൗലികാവകാശമായിമാറി.ന്യൂനപക്ഷാവകാശം എന്നൊക്കെ പറയുന്നതു പോലെതന്നെ! ഒരുകവര്‍ പാലുവാങ്ങിയാല്‍ പോലും അത്‌ ചോദിക്കേണ്ടകാര്യമില്ല ഒരു പ്രത്യേകം കവറിലിട്ടുതന്നെ കിട്ടണം. പലവിധ 'വ്യജ്ഞനങ്ങള്‍' വാങ്ങുമ്പോള്‍ പരമാവധികവറുകളില്‍ കിട്ടാന്‍ ഞാന്‍ എന്നും ശ്രദ്ധാലുവായിരുന്നു. ചിലസമയങ്ങളില്‍ കടക്കാരന്റെ അശ്രദ്ധ ഇടപെട്ടുതിരുത്തി വേറേകവറിലിട്ടുവാങ്ങി. ഒടുവില്‍ കവറുകള്‍ കുന്നുകൂടി, കവറുകള്‍ക്കുമീതേ കവറുകള്‍. നോക്കുന്നിടം പാടേ കവറുകള്‍!ഈകവറുകളില്ലാത്തലോകം! ഹോ ചിന്തിച്ചിട്ടുതന്നെ പേടിയാകുന്നു.

നാട്ടില്‍ ഗുനിയാപടര്‍ന്നെന്നുകരുതി പാവം കവറുകളും അതുണ്ടാക്കുന്നവരും അതുള്ളതുകൊണ്ടുമാത്രം ഉപജീവനം നടത്തുന്നവരും, അതിനുകിട്ടുന്ന സബ്സിഡികള്‍കൊണ്ടുമാത്രം നിന്നുപിഴയ്ക്കുന്ന റിലയന്‍സ്‌ പോലെയുള്ള കുടില്‍ വ്യവസായങ്ങളും എന്തുപിഴച്ചു? ഇത്‌ ഇവിടെ ഉത്പാദിപ്പിക്കാന്‍ പാടില്ലന്നല്ലേ നിയമത്തിലുള്ളൂ? ഇതേ മൈക്രോണില്‍ തന്നെയുള്ള പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ഉണ്ണിയപ്പവും വടയുമെല്ലാം തമിഴ്‌നാട്ടില്‍നിന്നും വരുന്നതോ? വ്യാപാരപ്രതിനിധിയുടെ ചിന്തോദ്ദീപകമായ ചോദ്യംകേട്ട്‌ ചിന്തയില്‍നിന്നും ഞെട്ടിയുണര്‍ന്ന എന്റെവിരലറിയാതെ റിമോട്ടിലമര്‍ന്നു... അടുത്തചാനലിലെന്തായിത്‌? ങേ?!! കപ്പല്‍ കയറി കണ്ടയിനറില്‍ വന്ന സായിപ്പിന്റെ...??? ങേ..!! ആണവകരാറും അമേദ്യമിറക്കുമതിയും..?? സൈനിക സഹകരണവും...?? തരക്കേടില്ല...!! ഇതിനെയൊക്കെ എതിര്‍ക്കാന്‍ ചില ഭോഷന്മാരും!! ഇതൊക്കെതന്നെയല്ലേ പുരോഗതി പുരോഗതിയെന്നുപറയുന്നത്‌.

'പ്രൊക്രൂസ്റ്റസ്സുപുനര്‍ജീവിച്ചു പരിണാമങ്ങളിലൂടെ' എന്ന് വയലാര്‍ എഴുതിവെച്ചതുപോലെ പൊട്ടന്മാരും പുനര്‍ജ്ജീവിച്ചു കവറുല്‍പാദകരിലൂടെ! പക്ഷേ പഴയ പൊട്ടന്മാരിന്നുമുണ്ടായിരുന്നെങ്കില്‍! ആ 'ഹാന്‍ഡിക്രാഫ്റ്റ്‌' ഉപയോഗിക്കാന്‍ എനിയ്ക്ക്‌ നാണക്കേടില്ലായിരുന്നെങ്കില്‍, എന്ന് വെറുതേ ആശിച്ചുപോയി.

6 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

നാട്ടിലെ ചന്തയില്‍ ഓലചുന്താണികൊണ്ട്‌ മനോഹരമായ കിറ്റുകള്‍ (നാടന്‍ഭാഷയില്‍ ഇതിന്‌ മാക്കൊട്ടയെന്നുപറയും) നിര്‍മ്മിച്ച്‌ നാലണയ്ക്കും എട്ടണയ്ക്കും വിറ്റിരുന്നയാളാണ്‌ പൊട്ടന്‍. എത്രയോ ആയിരം മാക്കൊട്ടകള്‍ പിറവിയെടുത്ത ആകരവിരുതില്‍ നിമിഷങ്ങള്‍കൊണ്ട്‌ ചെറുതും വലുതുമായ സുന്ദരന്‍ മാക്കൊട്ടകള്‍ ജന്മമെടുക്കുന്നതുകാണാന്‍ ഒരു പ്രത്യേക ചന്തം തന്നെയായിരുന്നു!

വാല്‍മീകി said...

കൊള്ളാം ചേട്ടാ.

ചിത്രകാരന്‍chithrakaran said...

നല്ല ചിന്തകള്‍ ...ഷാനവാസ്.

ഷാനവാസ്‌ ഇലിപ്പക്കുളം said...

വാത്മീകിയ്ക്കും ചിത്രകാരനും നന്ദി
:)

പ്രിയ said...

ഇനി ഒരു തിരിച്ചു പോക്കുണ്ടാകുമോ? ikea പ്ലാസ്റ്റിക് കവറിനു പകരം പേപ്പര്ബാഗില് തന്നപ്പോള്‍ നാട്ടില്‍ കുറച്ചുകാലം പ്രചാരത്തില്‍ ആയിരുന്ന, ന്യൂസ്പേപ്പര് മടക്കി മൈദപശ തേച്ചു വെയിലത്തുണക്കിയ പേപ്പര്‍ ബാഗിനെയും അത് മുറ്റം നിറച്ചും ഇട്ടു ഉണക്കികൊണ്ടിരുന്ന ആ ചേച്ചിമാരെയും ഓര്മ വന്നു. പ്ലാസ്റ്റിക് ബാഗ് എത്രപെട്ടെന്നാണ് വ്യാപിച്ചത്. ഇന്നും ആ ന്യൂസ്പേപ്പര് ബാഗുകള്‍ ഉണ്ടോ ആവോ?

(പ്ലാസ്റ്റിക് ബാഗ് ഇത്രക്കും നാട്ടില്‍ ഇഷ്ടം വന്നത് മഴ പെയ്താല്‍ പോലും നനയാതെ ഇരിക്കും എന്നത് കൊണ്ടു തന്നെ ആവാം (അറ്റ്ലീസ്റ്റ് എനിക്കങ്ങനെ ആയിരുന്നു)

ഫെസ്റ്റിവല്‍ സിറ്റിയില്‍ ikea മാത്രമെ ആ ബാഗില്‍ കൊടുക്കുന്നുള്ളൂ. അതിനെ ഒന്നു അനുകരിക്കാന്‍ പോലും ആര്ക്കും തോന്നാത്തതെന്തേ?ഗ്രോസറി പോലുള്ള ഭാരവസ്തുക്കള്‍ ഉള്ളവ വേണ്ട,വസ്ത്രവിപണിയെന്കിലും . )

keralafarmer said...

'പ്രൊക്രൂസ്റ്റസ്സുപുനര്‍ജീവിച്ചു പരിണാമങ്ങളിലൂടെ' എന്ന് വയലാര്‍ എഴുതിവെച്ചതുപോലെ പൊട്ടന്മാരും പുനര്‍ജ്ജീവിച്ചു കവറുല്‍പാദകരിലൂടെ! പക്ഷേ പഴയ പൊട്ടന്മാരിന്നുമുണ്ടായിരുന്നെങ്കില്‍! ആ 'ഹാന്‍ഡിക്രാഫ്റ്റ്‌' ഉപയോഗിക്കാന്‍ എനിയ്ക്ക്‌ നാണക്കേടില്ലായിരുന്നെങ്കില്‍, എന്ന് വെറുതേ ആശിച്ചുപോയി.
തിരിച്ചുപോക്കില്ലെങ്കിലും ഇനിയും വലിച്ചെറിഞ്ഞ് മണ്ണിനെക്കുട്ടിച്ചോറാക്കുന്ന പ്ലാശ്റ്റിക്കിനേക്കാള്‍ കര്‍ഷകന് ഓലയില്‍ നിന്നുപോലും ഉപജീവനത്തിന് വഴിയൊരുക്കുന്ന ഹാന്‍ഡിക്രാഫ്റ്റ് എന്തുകൊണ്ടും നല്ലതാണ്.
നല്ല ലേഖനം.