Thursday, September 10, 2009

സിനിമാ കൊട്ടകയില്ലാത്ത ഓണക്കാലം!

ത്തവണ ഓണത്തിന്‌ വീട്ടിലെത്തിയപ്പോഴാണ്‌ ഈ വാര്‍ത്തയറിഞ്ഞത്‌, അതായത്‌ നാല്‍പതിലേറെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം കായംകുളത്തുകാര്‍ക്ക്‌ സിനിമാ കൊട്ടകയില്ലതെ ഒരു ഓണം! കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒരുവിധം നിലനിന്നിരുന്ന കായംകുളത്തെ അവസാനത്തെ സിനിമാ കൊട്ടകയായ താജ്‌ സിനി ഹൗസ്‌(പഴയ വി.പി.എം) പൊളിച്ചു നീക്കിയതോടുകൂടി കായംകുളത്ത്‌ ഇനി സിനിമാ തിയറ്റര്‍ ഇല്ലതെയായി! അനവധി വര്‍ഷങ്ങളായി കായംകുളത്ത്‌ ഉണ്ടായിരുന്ന 4 തിയറ്ററുകള്‍ ഇതോടെ ഒന്നൊന്നായി ഇല്ലാതായി.(ബിന്ദു, ലക്ഷ്മി, ഹോബി, വി.പി.എം (താജ്‌)എന്നിവയായിരുന്നു അവ. ഇനി കായംകുളത്തുകാര്‍ക്ക്‌ സിനിമകാണണമെങ്കില്‍ മാവേലിക്കരയിലോ, ഹരിപ്പാട്ടോ, കരുനാഗപ്പള്ളിയിലോ പോകണം(ഓച്ചിറയില്‍ അവശേഷിക്കുന്ന രാഗത്തെ വിസ്മരിക്കുന്നില്ല). പരിസരത്തുതന്നെയുള്ള പ്രമുഖമായൊരു റിലൂസിംഗ്‌ കേന്ദ്രമായ കറ്റാനം 'ഗാന'ത്തില്‍ പടമില്ലാതായിട്ട്‌ മാസങ്ങളായിരിക്കുന്നു. കെട്ടിടം നല്ലതായതുകൊണ്ട്‌ അത്‌ ഇനിയൊരുപക്ഷേ ഓഡിറ്റോറിയം ആയേക്കാം.ഒരുകാലത്ത്‌ നഗരസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും ടിക്കറ്റിന്റെ നികുതിയിലൂടെ നല്ലൊരു വരുമാനമായിരുന്ന ഈവ്യവസായത്തിന്റെ നാശത്തിന്‌ തടയിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലന്നത്‌ സങ്കടകരമാണ്‌. ഇനിയും ചെറുപട്ടണങ്ങളിലും, നാട്ടിന്‍ പുറങ്ങളിലുമുള്ള അവശേഷിക്കുന്ന കൊട്ടകകള്‍ എന്ന് പൊളിക്കപ്പെടും എന്നയാതാര്‍ത്ഥ്യത്തിലേക്ക്‌ റീലുകള്‍ ഓടിത്തീര്‍ക്കുന്നു!

6 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

കായംകുളത്ത്‌ ഇനി സിനിമാ തിയറ്റര്‍ ഇല്ലതെയായി!
:(

കരീം മാഷ്‌ said...

അത്രക്കെങ്കിലും ആശ്വാസം.
മൂട്ടയുടെ കടിയും മൂത്രത്തിന്റെ മണവും.പുറകിലിരിക്കുന്നവന്റെ ഉയര്‍ത്തിവെച്ച കാലുകള്‍ ദേഹത്തു തട്ടുമ്പോഴുള്ള അസ്വസ്ഥതയും ഇല്ലാതെ കഴിക്കാമല്ലോ!
കുട്ടികള്‍ ക്ലാസ്സു കട്ടു ചെയ്തു ക്യൂവില്‍ നില്‍ക്കില്ലല്ലോ!
തിയ്യേറ്റര്‍ കോമ്പൌണ്ടിലെ കാന്റീനില്‍ ഇരട്ടി വിലക്കു സ്നാക്കു വാങ്ങേണ്ടല്ലോ!
ഒറ്റയടിക്കു ശിക്ഷപോലെ ഒരു സിനിമ കണ്ടു തീര്‍ക്കണ്ടല്ലോ!
കുടുംബ സിനിമകളല്ലാത്തവ ഒളിഞ്ഞു പോയി കാണില്ലല്ലോ!
എക്സ്ട്രാ ക്ലാസിനും ട്യൂഷന്‍ ക്ലാസിനും പോകുമ്പോള്‍ കണ്ടക്ടര്‍ മോണിംഗ് ഷോക്കു പോകുകയാണെന്നു പറഞ്ഞു കണ്‍സഷന്‍ കട്ടു ചെയ്യില്ലല്ലോ!
കൂടാതെ നഗരത്തില്‍ നല്ല ഓഡിറ്റോറിയങ്ങളും കല്യാണമണ്ഡപങ്ങളും രൂപാന്തരപ്പെട്ടല്ലോ!
എന്തൊക്കെ മെച്ചങ്ങളാണ്‍്.

Anonymous said...

ഈ കരിംമാഷ്ക്ക് ഒന്നും അറിയില്ല. (ഇങ്ങള് സ്കൂള്‍മാഷ് തന്നല്ലേ? :) ഇത്രെം നാളും പിള്ളേരെ സ്കൂളി കണ്ടില്ലേല്‍ ആ ലോക്കല്‍ തീയേറ്ററില്‍ കാണാമായിരുന്നു. ഇനിയിപ്പോ അവരെ റ്റൗണില്‍ എവിടെയാന്നോര്‍ത്താ തെരക്കുക.

ലോക്കല്‍ ടാക്കീസുകള്‍ടെ അന്ത്യത്തിനു കാരണം വല്യ സൗകര്യങ്ങളുള്ള, ഇരട്ടി ചാര്‍ജ്ജ് ഉള്ള ടൗണിലെ ഏസി തീയേറ്ററുകളോടവക്ക് മല്‍സരിക്കാന്‍ കഴിയാത്തതിനാലാണ്.

ഒത്തിരി സിനിമയൊന്നും കാണാത്ത എനിക്കും എന്റെ നാട്ടിലെ ആ ഓലക്കെട്ടിടത്തിലെ തീയേറ്റര്‍ പൊളിച്ച് ഇട്ടിരിക്കുന്നത് കണ്ടപ്പൊ എന്തോ ഒരു സങ്കടം തോന്നി.

മണിലാല്‍ കെ എം : Manilal K M said...

തിരിവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലേക്ക് ഒന്നു പോയി നോക്കൂ. പന്ത്രണ്ട് വര്‍ഷം മുമ്പ് വെറും 3 തിയേറ്റര്‍ ഉണ്ടായിരുന്ന സ്ഥാനത്തു ഇന്നു 7 എണ്ണമാണു പ്രവര്‍ത്തിക്കുന്നതു. മലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയെ ചൂഷണം ചെയ്യാന്‍ വേണ്ടി പുതിയതായി തുടങ്ങിയതെല്ലാം ചെറു തിയേറ്ററുകളാണെന്നു മാത്രം.

തിയേറ്ററുകള്‍ നശിക്കുന്നതു തടയാന്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ ജനങ്ങളുടെ നികുതിപ്പണം പാഴാക്കാമെന്നല്ലാതെ പ്രത്യേകിച്ചു ഗുണമൊന്നും ഉണ്ടാവില്ല. അതിനു ഇവിടെത്തെ സിനിമാക്കാര്‍ തന്നെ വിചാരിക്കണം.

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട ഷാനവാസ് ഭായി,
ഇതൊരു കായകുളതിന്റെ മാത്രം ഗതിയല്ല !വ്യാജ CD യും മലയാള സിനിമയുടെ നിലവാരവും ഇതിന്റെ കാരണക്കാര്‍ !

hshshshs said...

ങ്ങളു പറഞ്ഞതു കേട്ട് മ്മക്കും ച്ചിരി ബെഷമം തോന്നീട്ടാ..മ്മടെയെല്ലാം ദേശത്തിന്റെ ഒരു നല്ല ഒരു ഓർമ്മകളാണ് ഈ കൊട്ടകകൾ...പണ്ടൊക്കെ കൂട്ടരും വീട്ടരുമൊത്ത് ഈ കൊട്ടകകളിലേക്കുള്ള പോക്ക് ഹോ എന്തൊരു രസായിരുന്നു..ഇനിയത്തെ പിള്ളേർക്കൊന്നും അതിനുള്ള യോഗം ല്ലാല്ലോ ന്നോർക്കുമ്പോൽ ശരിക്കും ബെശമം തോന്നണ്..