Thursday, January 4, 2007

വിലയ്കു വാങ്ങിയ വിധിന്യായം.

സ്വാശ്രയ നിയമത്തിലെ പ്രധാന വകുപ്പുകള്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്വാശ്രയ നിയമത്തിലെ പ്രധാന വകുപ്പുകള്‍ ഹൈക്കോടതി റദ്ദാക്കി. പ്രവേശനമാനദണ്ഡം നിശ്ചയിക്കുന്ന മൂന്നാം വകുപ്പ്‌, ഫീസ്‌ നിര്‍ണ്ണയം സംബന്ധിച്ച ഏഴാം വകുപ്പ്‌, ന്യൂന പക്ഷപദവി സംബന്ധിച്ച എട്ടാം വകുപ്പ്‌,പ്രവേശന ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള പത്താം വകുപ്പ്‌, എന്നിവയാണ്‌ ഹൈക്കോടതി റദ്ദാക്കിയത്‌. ഭരണഘടനാവിരുദ്ധമായ വകുപ്പുകളാണിവയെന്ന്‌ കോടതി അഭിപ്രായപ്പെട്ടു. സ്വാശ്രയനിയമത്തിനെതിരെ സ്വകാര്യ മാനേജുമെന്റുകള്‍ നല്‍കിയ ഹര്‍ജികളിലാണ്‌ വിധി. സ്വാശ്രയ നിയമത്തിലെ വ്യവസ്ഥകള്‍ ന്യൂനപക്ഷ വിരുദ്ധവും സുപ്രീം കോടതി വിധികള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ സ്വാശ്രയ കോളേജ്‌ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചത്‌. ചീഫ്‌ ജസ്റ്റിസ്‌ വി.കെ ബാലി ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ്‌ വിധിപറഞ്ഞത്‌.മാനേജുമെന്റുകള്‍ക്കുവേണ്ടി ടി. ആര്‍ അന്ത്യാര്‍ജുന, എല്‍. നാഗേശ്വരറാവു, രാജീവ്‌ ധവാന്‍ തുടങ്ങിയവരടങ്ങിയ പ്രമുഖരുടെ നിരതന്നെയാണ്‌ ഹൈക്കോടതിയില്‍ ഹാജരായത്‌. സര്‍ക്കാരിനുവേണ്ടി അഡ്വ; സി.എസ്‌ വൈദ്യനാഥനും അഡ്വ: ജനറല്‍ സി.പി സുധാകരനും ഹാജരായി.
സ്വാശ്രയനിയമം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കും
തിരുവന്തപുരം: സ്വാശ്രയ നിയമം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി എം. എ ബേബി വ്യക്തമാക്കി. സാമൂഹിക നീതിയും മെറിറ്റും ഉറപ്പാക്കി നിയമനിര്‍മ്മാണം നടത്തുമെന്ന വാഗ്ദാനം നടപ്പാക്കാനാണ്‌ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.--മാതൃഭൂമി

പ്രമുഖരും പ്രശസ്തരുമായ വക്കീലന്മാരുടെ ഒരു പടയെ തന്നെ അണിനിരത്തി സ്വകാര്യമാനേജ്‌മെന്റുകള്‍ ഹൈകോടതിയില്‍നിന്നും വിധി ഒരിക്കല്‍കൂടി വിലയ്‌കുവാങ്ങിയിരിക്കുന്നു.സാധാരണക്കരന്‌ അശനിപാതമായും, സമ്പന്നവരേണ്യവര്‍ഗത്തിന്‌ ആഗ്രഹസാഫല്യവുമാണ്‌ ഈ കോടതിവിധി.കേരളത്തിന്റെ സാമൂഹിക വിദ്യാഭ്യാസ ചുറ്റുപാടില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്‌? വിദ്യാഭ്യാസകച്ചവടക്കാര്‍ക്ക്‌ എന്തുസാമൂഹ്യപ്രതിബദ്ധതയാണുണ്ടാവുക?മിനിമം യോഗ്യതയെ പണത്തിന്റെ മാത്രം ബലത്തില്‍ മറികടന്ന്, മാനേജ്മെന്റുകളുടെ വിജയ ശതമാനം കൂട്ടാനുള്ളാ മത്സരത്തിന്റെ തണലില്‍ എന്‍ജിനീയറും ഡോക്റ്ററുമാകുന്നവര്‍ക്ക്‌ കേരള സമൂഹത്തിനുവേണ്ടി എന്തുചെയ്യാന്‍ കഴിയും? തലവരിയും ഫീസും 'വിദ്യാഭ്യാസ നിക്ഷേപക സംരംഭകര്‍' തീരുമാനിക്കുമ്പോള്‍ ഒരുസംവരണത്തിന്റേയും ആനുകൂല്യമില്ലതെ നിര്‍ധന കുടുംബങ്ങളില്‍നിന്നും ഉന്നതപദവികളിലെത്തിയ കെ.ആര്‍ നാരായണനെയോ, ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്ണനെയോ പോലെയുള്ളര്‍ ഇനിയുണ്ടാകുമോ? പോകട്ടെ ജാതിയും മതവും സംവരണവും വിട്‌, ഏതു ജാതിയിലും പെട്ടപണമില്ലത്ത സാധാരണക്കരായ മിടുക്കന്മാരുടെ ഭാവി യെന്താണ്‌? സര്‍ക്കര്‍ കോളേജുകളും അവിടുത്തെ എണ്ണപ്പെട്ട സീറ്റുകളും മറക്കുന്നില്ല പക്ഷേ സര്‍ക്കരിന്റെ പ്രവേശനപ്പരീക്ഷ എന്ന കടമ്പയെ ഒരുവര്‍ഷമോ രണ്ടുവര്‍ഷമോ നീണ്ടുനില്‍ക്കുന്ന 'കുത്തക' കോച്ചിംഗ്‌ സെന്ററുകളുടെ 'എക്സ്‌ക്ലൂസീവ്‌' ട്രെയിനിങ്ങിലൂടെ മറികടക്കാന്‍ കഴിവുള്ള 'ഉപരിമധ്യവര്‍ഗ്ഗങ്ങള്‍ക്കും'ബുദ്ധി സാമര്‍ഥ്യം ഒന്നുകോണ്ടുമാത്രം ഈ കടമ്പ കടക്കാന്‍കഴിയുന്ന ഏതാനും വിരലിലെണ്ണാവുന്ന പാവപ്പെട്ടവര്‍ക്കും, സംവരണക്കാര്‍ക്കുമായി അതു വീതംവെച്ചാല്‍ എത്രയെത്ര അര്‍ഹികുന്നവര്‍ക്ക്‌ അവസരങ്ങള്‍ ലഭിക്കും? ഇവിടെ വിഷ കൂണുപോലെ മുളച്ചുപൊന്തുന്ന,വിത്തിനകത്തൊളിച്ചിരിക്കുന്ന, കോടതിവിധിയാകുന്ന പുതുമഴയില്‍ നാമ്പെടുക്കാന്‍ പോകുന്ന എണ്ണമറ്റ സ്വകാര്യസ്ഥാപനങ്ങള്‍ വര്‍ഷാവര്‍ഷം അടവെച്ച്‌വിരിയിച്ചിറക്കാന്‍ പോകുന്ന( രന്‍ജി പണിക്കരോട്‌ കടപ്പാട്‌)പണത്തിന്റെ ബലത്തില്‍ അഡ്മിഷനും, ഒരോസെമസ്റ്ററിലേയും വിജയവും ഇന്റേര്‍ണല്‍ മാര്‍ക്കുമെല്ലം വരംകിട്ടുന്ന ആധുനിക മലയാളി എന്‍ജിനിയറും, ഡോക്റ്ററും മെല്ലാം ഉണ്ടാക്കാന്‍പോകുന്ന സാമൂഹ്യവിപത്തിന്റെ ആഴമെന്താണ്‌? സ്വകാര്യ 'പണമിടപാട്‌' സ്ഥാപനങ്ങള്‍ വന്നാല്‍ പണമില്ലാത്തവനോട്‌ സര്‍ക്കാര്‍കോളേജില്‍ പഠിക്കേണ്ട എന്നാരും പറയുന്നില്ലല്ലോ എന്ന വരട്ടുന്യായം പക്ഷേ കേരളസമൂഹത്തില്‍ കുറേകാലത്തിനകം ലോകത്തിലെ ആദ്യമായി 'വിദ്യാഭ്യാസ തീവ്രവാദികളെ' സൃഷ്ടിക്കുമോ? ഈ വിധിയും അതിനെതുടര്‍ന്നുണ്ടാകുന്ന കോലാഹലങ്ങളും കേരളസമൂഹത്തിനെ എങ്ങനെയൊക്കെ ബാധിക്കും? തല്‍ക്കാലം നമ്മുടെയൊക്കെ രാഷ്ട്രീയ(അതുള്ളാവര്‍ക്ക്‌), മത(ന്യൂനപക്ഷവും വും ഭൂരിപക്ഷവുമായ!) മറ്റുപരിഗണനകള്‍മാറ്റിവെച്ച്‌ വിശാലടിസ്ഥാനത്തില്‍ നോക്കിയാല്‍ താങ്കള്‍ക്കെന്തുതോന്നുന്നു? ഈവിധി സ്വാഗതാര്‍ഹമോ? പ്രതികരിക്കുക!

13 comments:

കിരണ്‍ തോമസ് said...

കോടതി ഇതും കൂടി പറഞ്ഞു
സ്വയാശ്രയ സ്ഥാപനഗളേ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്‌ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്‌ വിദ്യാഭ്യാസ രംഗത്ത്‌ കൂടുതല്‍ മുതല്‍ മുടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്‌.

ഷാനവാസ്‌ ഇലിപ്പക്കുളം said...

നന്ദി കിരണ്‍ എന്റെ ബ്ലോഗ്‌സന്ദര്‍ശിച്ചതിനും കമന്റ്‌ രേഖപ്പെടുത്തിയതിനും.കോടതിക്ക്‌ എന്തു നിരീക്ഷണം വേണമെങ്കിലും നടത്താമല്ലോ, അതിന്‌ ആരുടേയും അനുവാദം വേണ്ടല്ലോ! സര്‍ക്കാര്‍ പ്രോത്സാഹിപ്പ്പിക്കണമെന്നോ,സംസ്ഥാനത്തുള്ള എല്ലാവരേയും പ്രൊഫഷണലുകളാക്കണമെന്നോ അങ്ങനെയെന്തും. പകരം കോടതിക്ക്‌ പാവപ്പെട്ടവന്റെ വിദ്യാഭ്യാസ ആവശ്യം മാത്രം കാണാനുള്ള കണ്ണുണ്ടായില്ലെന്നു മാത്രം.ഒരു കോങ്കണ്ണന്‍ സമീപനം!കോടതിക്ക്‌ സമൂഹ്യപ്രതിബദ്ധത്യുണ്ടെന്നൊക്കെ ധരിക്കുന്നത്‌ ഭരണഘടനാ വിരുദ്ധമായേക്കാം അല്ലേ? അല്ലെങ്കില്‍ തന്നെ ഈഭരണഘടന യെന്നൊക്കെപറയുന്നത്‌ എന്താ ദൈവികമായ ഒന്നാണോ? അതുതന്നെ എത്രപ്രാവശ്യം തിരുത്തിയിരിക്കുന്നു? ഭരണഘടന തിരുത്തുന്നത്‌ തന്നെ ഭരണഘടനാവിരുദ്ധമാണെന്ന് വാദിച്ചുകൂടേ? ഏതായാലും സ്വകാര്യമാനേജ്‌മെന്റുകള്‍ക്കും, അവരുടെ അഭ്യുദയകാംക്ഷികള്‍ക്കും ആഹ്ലാദത്തിനു വകയായി.മണി പറഞ്ഞപോലെ സര്‍ക്കാരിന്റെ പിടിപ്പുകേടെന്നോ, മര്‍ക്കടകമുഷ്ടിയെന്നോ, അമിതാവേശത്തിനേറ്റ തിരിച്ചടിയെന്നോ ഒക്കെപറഞ്ഞ്‌ ആഘോഷിക്കാം. പാവം വിദ്യാര്‍ത്‌ഥികളെ മറക്കാം. മാനേജുമെന്റുകളെ സംരക്ഷിക്കാന്‍ ഇവിടെ കോടതികളുണ്ട്‌, വിദ്യാര്‍ത്‌ഥി സംഘടനകളെ പടിപ്പുരയ്ക്ക്‌വെളിയിലാക്കാനും കോടതിതന്നെയായിരുന്നു തുണ.എന്തിനുമേതിനും കോടതി ശരണം. സര്‍ക്കരിന്റെ ചിലവില്‍ 50 ശതമാനത്തിന്റെ അവകാശം പിടിച്ചുവാങ്ങാന്‍ വരുന്ന ദരിദ്രവാസി വിദ്യാര്‍ത്‌ഥികള്‍ പോയിത്തുലയട്ടെ! സ്വാശ്രയം നീണാള്‍വാഴട്ടെ! 'നിയമവീഴ്ച്‌' നീണാള്‍വാഴട്ടെ!

സജിത്ത്|Sajith VK said...

ബേപ്പൂര്‍ സുല്‍ത്താന്‍ ചോദിച്ച പോലെ "വക്കീലു മൂത്തലേ ജഡ്ജി ആവുന്നത്"

കിരണ്‍, കോടതിക്കങ്ങനെ പറയാന്‍ യാതൊര്‍ഹതയുമില്ല. അത് നയപരമായ കാര്യമാണ്, സര്‍ക്കാരാണ് അത് തീരുമാനിക്കുന്നത്. നയരൂപീകരണം കോടതി ചെയ്യരുത്.

ഷാനവാസ്‌ ഇലിപ്പക്കുളം said...

കോടതി മറ്റൊരു നിരീക്ഷണം കൂടി നടത്തിയതായി അറിഞ്ഞു, അതായത്‌ സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങലേക്കാളും സ്വകാര്യ മാനേജുമന്റ്‌ സ്ഥാപനങ്ങളാണ്‌ മികവിന്റെ കേന്ദ്രങ്ങള്‍(center of excellence) എന്ന്‌. ഇന്നലത്തെ 'ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവര്‍' ചര്‍ച്ചയില്‍ ശ്രീ ജോര്‍ജ്‌ പോള്‍ ഇന്തിനെ ഉയര്‍ത്തിക്കാട്ടുകയും,ഉദാഹരണസഹിതം സമര്‍ത്ഥികാനായി ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വിസിറ്റിങ്ങില്‍ ആലപ്പുഴയും കോട്ടയം കോഴിക്കോട്‌ മെഡിക്കല്‍ കോളേജുകളില്‍ 50 സീറ്റുകള്‍വീതം വര്‍ധിപ്പിക്കാനുള്ള അപേക്ഷയില്‍(നിലവില്‍ ഇവിടങ്ങളില്‍ ഉള്ളത്‌ 100 സീട്ടുകള്‍വീതമാണ്‌)അതിനുള്ള സൗകര്യം ഇവിടെ ഇല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ അപേക്ഷ നിരസിക്കുകയാണുണ്ടായതെന്നും, കോട്ടയം മെഡിക്കല്‍ കോളേജില്‍ 100 പേര്‍ക്കിരിക്കാവുന്ന ഒരു കോന്‍ഫ്രന്‍സ്‌ ഹാളുപോലുമില്ലെന്നും ഊറ്റത്തോടെ വാദിക്കുകയുണ്ടായി. ഭരണ പ്രതിപക്ഷഭേദമന്യേ (മന്ത്രി ബേബിയും മുന്‍മന്ത്രി ബഷീറും) ഒരുപോലെ ജോര്‍ജ്ജ്‌ പോളിന്റെ 'മികവിന്റെ കേന്ദ്ര' വാദത്തോട്‌ ശക്തിയുക്തം വിയോജിച്ചു,നല്ലകാര്യം. എന്താനിതിന്റെ യാതാര്‍ഥ്യം? എന്തിന്റെ അടിസ്ഥാനത്തിലാണ്‌ കോടതി ഇത്തരം ഒരു നിരീക്ഷണം നടത്തിയത്‌? എനിക്കു ശരിയന്നുതോന്നിയ ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. ഒന്നാമതായി നിലവില്‍ സംസ്ഥാനത്തുള്ള സര്‍ക്കാര്‍, സ്വാശ്രയസ്ഥാപങ്ങളെ മികവിന്റെ മാനദണ്ഡങ്ങള്‍ താരതമ്യം ചെയ്യുന്ന തികച്ചും ആധികാരികവും ശാസ്ത്രീയവുമായ ഏതെങ്കിലും ഒരു പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ളതല്ല കോടതിയുടെ ഈ നിരീക്ഷണം. നിര്‍ഭാഗ്യവശാല്‍ ജഡ്ജിമാരുടെ വ്യക്തിപരവും, അപൂര്‍ണവും, അശാസ്ത്രീയവും, ഇത്തരം വിഷയങ്ങളിൂള്ള അവരുടെ പരിമിതവുമായ അറിവ്‌ സുപ്രധാനമായ ഒരുകോടതിവിധിയെ സ്വാധീനിക്കുന്ന,അത്യധികം അപകടകരമായ ഒരുനിരീക്ഷണമാണിത്‌,ഇങ്ങനെ പറയാന്‍ കാരണം ചില ഉദാഹരണനഗങ്ങളിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കാം: ആദ്യം മെഡിക്കല്‍ കോളെജുകളുടെ സ്ഥിതി പരിശോധിക്കാം. (മെഡിക്കല്‍ വിദ്യാര്‍ഥിയായ ഒരു ബന്ധുവിന്റെ സഹായം വിവരങ്ങള്‍ സമാഹരിക്കാന്‍ തുണയായി)
1.ഇപ്പോള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സ്വാശ്രയ മെഡിക്കല്‍ കോളേജുകളെ മികവിന്റെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ ഒന്നാമതായി പരിഗണിക്കേണ്ടത്‌ ഇവിടങ്ങളില്‍ നിന്നും പഠിച്ചു പുറത്തിറങ്ങിയ ഡോക്റ്റര്‍മാര്‍ക്ക്‌ അവരുടെ 'പ്രൊഫഷനിലുള്ള' മികവാണ്‌. പക്ഷേഇവിടെ ആദ്യമായി തുടങ്ങിയ സ്വകാര്യസ്വാശ്രയസ്ഥാപനങ്ങളായ 'പുഷ്പഗിരി' യില്‍നിന്നോ, സ്വയം ഭരണാവകാശം തീറെഴുതിക്കൊടുത്തിരിക്കുന്ന (ഡീംഡ്‌ യൂണിവേര്‍സിറ്റി യായ)'അമൃത'യില്‍നിന്നോ,'കോലഞ്ചേരി' യില്‍നിന്നോ 'കാരക്കോണം' സ്വാശ്രയ കോളെജുകളില്‍ നിന്നോ ഇതുവരെ ആദ്യബാച്ച്‌ പുറത്തിറങ്ങാത്തതിനാല്‍( ആദ്യസ്വകാര്യ ബാച്ചുകള്‍ ആരംഭിച്ചത്‌ 2002 ഡിസംബറോടെ,ഇവര്‍ 'ഹൗസ്‌സര്‍ജസി കഴിഞ്ഞ്‌' പ്രാക്റ്റീസിനായി പുറത്തിറങ്ങുന്നതിന്‌ ഇനിയും 2 വര്‍ഷത്തില്‍ കൂടുതലെടുക്കും) എങ്ങനെ ഇക്കാര്യം പരിശോധിക്കാനാകും? ഇപ്പോള്‍ തന്നെ കഴിഞ്ഞവര്‍ഷങ്ങളിലെ സര്‍വകലാശാലാ പരീക്ഷകളില്‍ ഇവടങ്ങളിലെ, ലക്ഷങ്ങളുടെ ബലത്തില്‍ ഡോക്റ്ററാകാന്‍ ശ്രമിക്കുന്നവരുടെ'എക്സലന്‍സ്‌' നേരിട്ടറിയുന്നവര്‍ക്ക്‌ ബോധ്യമായിട്ടുണ്ട്‌. ഇവരില്‍പലരും മാനേജുമെന്റുകള്‍ അകമഴിഞ്ഞ്‌ സഹായിച്ചാല്‍ തന്നെയും 'സ്റ്റെത്തും' തൂക്കിയിറങ്ങണമെങ്കില്‍ ചുരുങ്ങിയത്‌ 10 വര്‍ഷമെടുക്കും! ഓരോവര്‍ഷങ്ങളിലെ ക്ലാസുകളിലും കൂടുതല്‍ കാലം പഠിക്കുന്നതായിരിക്കും 'മികവിന്റെ' മാനദണ്ഡം അല്ലേ?
2. സര്‍ക്കാര്‍ ഏര്‍പെടുത്തിയതോ കോടതിനിര്‍ദ്ദേശിച്ചതോ, അതുമല്ലെങ്കില്‍ സ്വതന്ത്രമെന്ന് ജനങ്ങള്‍ക്ക്‌ ബോദ്ധ്യമുള്ള(മനേജുമെന്റുകളുടെ 'പൊറോട്ടയിലും പൈന്റിലും,....ലുംവീഴാത്ത!)ഏതെങ്കിലും അന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല കോടതി ഈ നിരീക്ഷണം നടത്തിയത്‌. എന്തും തെളിവിന്റെ മാത്രം അടിസ്ഥാനത്തില്‍ വിശ്വസിക്കുന്ന കോടതിക്ക്‌ ഇത്തരമൊരു നിരീക്ഷണം നടത്തിയതിന്റെ വിശ്വാസ്യത ജനത്തിനെ ബോദ്ധ്യപ്പെടുത്താനുള്ള സാമൂഹ്യബാധ്യതക്‌ പോലുമില്ലെന്നുണ്ടോ?
3.ദിവസം തോറും നൂറുകണക്കിന്‌ ഒ.പി,അത്യാഹിതവിഭാഗം രോഗികളെ നേരിട്ട്‌ പരിശോധിക്കാനും പഠനകാലയളവില്‍ ആയിരക്കണക്കിന്‌ രോഗികളുടെ ഹൃദയസ്പന്ദനത്തിന്റെ വ്യതിയാനങ്ങള്‍ സ്വയം മനസ്സിലാക്കി, നാഡിമിഡിപ്പുകളുടെ വ്യത്യാസമളന്ന് രോഗനിര്‍ണയം നടത്താനും അവസരം ലഭിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍കോളേജിലെ മിടുക്കാന്മാരായ വിദ്യാര്‍ത്‌ഥികളും,ഹൃദയതാളവ്യതിയാനം 'ആഡിയോ സിഡി' കളിലൂടെപഠിച്ച,പണം നഷ്ടപ്പെടുത്തുന്ന 'ടെസ്റ്റു'കളിലൂടെയും, 'സ്കാനിങ്ങു'കളിലൂടെയും മാത്രം രോഗനിര്‍ണയം നടത്താനുമറിയുന്ന 'സ്വാശ്രയ ഡോക്റ്റര്‍'മാരും ഫീല്‍ഡില്‍ മത്സരിക്കുമ്പോള്‍ നാളെ തീര്‍ച്ചയായും യോഗ്യതയ്ക്ക്കുപുറമേ ,പഠിച്ച സ്ഥാപനത്തിന്റെ പേരുകൂടി എഴുതിവെക്കുന്ന കാലം അത്ര വിദൂരമല്ല. അന്ന് ജനങ്ങള്‍ക്ക്‌നേരിട്ട്ബോദ്ധ്യപ്പെടുന്ന കാര്യമായിരിക്കും ഈ'മികവിന്റെ കേന്ദ്ര'ത്തിന്റെ കോടതിഭാഷ്യം.രോഗികള്‍ തങ്ങളുടെ ജീവന്‍ ഡോകറ്ററുടെ കൈയ്യിലേല്‍പ്പിക്കുമ്പോള്‍ തീര്‍ച്ചയായും ഇക്കാര്യത്തിന്‌ എന്‍ജിനീയറിംഗ്‌ കോളേജുകളുടെ നിലവാരചര്‍ച്ചകളേക്കാളും ആധികാരികതലഭിക്കുമെന്നകാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല.
4.സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളേക്കാളും അടിസ്ത്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ പണാധിക്യത്തിന്റെ 'സ്വകാര്യം' മികച്ചുനില്‍ക്കും എന്നത്‌ അംഗീകരിക്കുമ്പോള്‍ തന്നെ, സഫാരീ സ്യൂട്ടും,ലക്ഷങ്ങളുടെ ചിലവുള്ള സൗകര്യങ്ങളും,വിദ്യാര്‍ത്ഥികളുടെ കൈയ്യിലിരിക്കുന്ന ലാപ്‌ടോപ്പിന്റെയോ, പി.ഡി.ഏ കളുടെയോ മൂല്യത്തേക്കാളും ഉല്‍പരിയായി,പഠനവിധേയരാകാന്‍, പരീക്ഷണവസ്തുക്കളാകാന്‍ നിന്നുകൊടുക്കാത്ത പണക്കാരായ മെഡിക്കല്‍ 'ടൂറിസ്റ്റു' കളേക്കാള്‍, നിര്‍ധനരും, മറ്റ്‌ഉന്നതചികിത്സാ സൗകര്യങ്ങള്‍ സ്വപ്നംകാണാന്‍ കഴിയാത്തവരുമായ നിരാലംബരുമായ 'സര്‍ക്കാര്‍ രോഗികകളെ' പരിശോധിച്ച്‌ 'പണി പഠിക്കുന്നവരും' തമ്മില്‍ ഈപറയുന്ന 'കോന്‍ഫ്രന്‍സ്‌' ഹാളും, സൗകര്യങ്ങളുമൊന്നുമില്ലാതെ തന്നെ 'മികവിലും' സമൂഹിക പ്രതിബദ്ധതയിലും അജഗജാന്തരമുണ്ടാകും എന്നും തീര്‍ച്ച.

5. ഇനി നമുക്ക്‌ സര്‍ക്കാര്‍, സ്വകാര്യ എന്‍ജിനിയറിംഗ്‌ 'മികവിന്റെ കേന്ദ്രങ്ങളിലേക്ക്‌' നോക്കാം. മികച്ചകോളേജുകളില്‍ സംസ്ഥാനത്ത്‌ ഇന്നും ആദ്യസ്ഥാനങ്ങളില്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്‌ കോളേജുകള്‍ തന്നെയാണെന്ന് സാമാന്യവിവരമുള്ള ആര്‍ക്കും മനസ്സിലാക്കാം. സംസ്ഥാനത്തിനു പുറത്തുള്ള വന്‍കിട മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഇപ്പോഴും ഉദ്യോഗാര്‍ഥികളെ തിരയുന്ന 'കാമ്പസ്‌ സെലക്ഷന്‍' ആദ്യം നടത്തുന്നതെ ഇത്തരം 'എസ്റ്റാബ്ലിഷ്ഡ്‌' കോളേജുകളിലാണ്‌. ('ടിവാന്‍ഡ്രം എന്‍ജിനീയറിംഗ്‌ കോളേജും, കോഴിക്കോട്‌ ആര്‍. ഇ.സിയും ഒക്കെ കഴിഞ്ഞേ സ്വാശ്രയത്തിലേക്ക്‌ പോകൂ എന്നര്‍ഥം) അല്ലാതെ കോടതിയും , ജോര്‍ജ്‌` പോളും പറയുന്നതുപോലെ കേരളത്തിലെ സര്‍ക്കാര്‍ എന്‍ജിനിയറിംഗ്‌ കോളേജുകള്‍ മികവിന്റെ കേന്ദ്രങ്ങളല്ല അതിനാല്‍ നമുക്ക്‌ മികവിന്റെ കേന്ദ്രങ്ങളായ 'സ്വാശ്രയ പൂളില്‍' നിന്നും ആളെയെടുക്കാം എന്ന് ഏതെങ്കിലും ഐ.ടി കമ്പനികള്‍ ഇതുവരെ തീരുമാനിച്ചതായി അറിവില്ല.

സ്വാശ്രയകോളേജുകള്‍ തന്നെ കേരളത്തില്‍ പിടിമുറുക്കിയതുതന്നെ ഒരുചതിയിലൂടെ യാണ്‌. വര്‍ഷങ്ങള്‍കൊണ്ട്‌ നമ്മുടെ 'കേരള' , 'കുസാറ്റ്‌', എം.ജി,'കാലികട്ട്‌' 'കണ്ണൂര്‍' സര്‍വകലാശലകള്‍ ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ഉണ്ടാക്കിയെടുത്ത സല്‍പേരിന്റെ പങ്കുപറ്റാനും,സ്ഥാപനങ്ങള്‍ എങ്ങനെയെങ്കിലും ഒന്നു തുടങ്ങിക്കിട്ടനുമായി രണ്ട്‌ സ്വാശ്രയം=ഒരു സര്‍ക്കാര്‍കോളേജ്‌ എന്നവാദം അംഗീകരിക്കുന്നതായി നടിച്ച്‌ ഏ.കെ. ആന്റണിയെ പറ്റിച്ച്‌ അവര്‍ കോളേജുകള്‍തുടങ്ങാനുള്ള അവകാശവും, യൂണിവേര്‍സിറ്റി അഫിലിയേഷനുകളും നേടിയെടുത്തതിനുശേഷം അവരുടെ കാര്യങ്ങളെല്ലാം അര്‍ഹിക്കുന്ന വിധത്തില്‍ സാധിക്കുന്ന കോടതികളാണ്‌ ഇത്തരത്തില്‍ വിലപേശുന്നവിധത്തില്‍ അവരെ ധൈര്യശാലികളാക്കിയത്‌.

ഇന്നലത്തേതില്‍നിന്നും വളരെവ്യത്യസ്ഥമായ ഒരുസ്വരത്തിലാണ്‌ ഇന്നത്തെ 'ഇന്‍ഡ്യാവിഷന്‍ ന്യൂസില്‍' ജോര്‍ജ്‌ പോള്‍ സംസാരിച്ചത്‌, അതായത്‌ സര്‍ക്കാര്‍ ഞങ്ങളെ അധികം ഭരിക്കാന്‍ വരേണ്ട,നൂറുശതമാനവും ഞങ്ങള്‍ക്കവകാശപ്പെട്ട ഞങ്ങളുടെ സീറ്റുകള്‍ ഇനി എന്തെങ്കിലും നക്കാപിച്ച സീറ്റുകള്‍ സര്‍ക്കാരിന്‌ ഞങ്ങളനുവദിച്ചാല്‍ തന്നെ, ഞങ്ങളൂടെ ഔദാര്യമാണ്‌. പഴയ 50-50 ഒക്കെ കഴിഞ്ഞ കാലത്തിലാണ്‌. അതിനൊന്നും ഇനി വലിയപ്രസക്തിയില്ല. ഞങ്ങള്‍ ഏതുനിയമത്തിനും മീതേയാണ്‌ എന്നെല്ലാമുള്ളാധ്വനി അദ്ദേഹത്തിന്റെ സ്വരത്തിലുണ്ടായിരുന്നു. ശ്രീ ജോര്‍ജ്‌ പോളിനും ഹൈകോടതിക്കും ഒരേ ശബ്ദം.ഇരട്ടപെറ്റവരേപ്പോലെ!സുപ്രീം കോടതിയിലല്ല ഇനി അന്താരാഷ്ട്ര നീതിന്യായകോടതിയില്‍ പോയാലും വിധി മറ്റൊന്നാകാന്‍ തരമില്ല. വെറുതേയെന്തിനാ സര്‍ക്കാരിനിയും ജനങ്ങളുട്‌ കാശുകളയുന്നത്‌? മാത്രമല്ല അദ്ദേഹത്തിന്റെ വകവിദ്യാസമന്ത്രിക്ക്‌ ഫ്രീയായ ഒരൂപദേശംകൂടിയുണ്ട്‌ അതായത്‌, സര്‍ക്കാര്‍ ഒരുമെഡിക്കല്‍ വിദ്യാര്‍ഥിക്കുവേണ്ടി വര്‍ഷം 5 ലക്ഷം രൂപയാണ്‌ മുടക്കുന്നതെന്നും, ഇതിന്റെ ഫലം അനുഭവിക്കുന്നത്‌ സമൂഹത്തിലെ പണക്കാരാണെന്നും അതിനാല്‍ ഇതുനിര്‍ത്തി ഞങ്ങളെ കണ്ടുപഠിക്ക്‌ എന്നതാണത്‌. ഈമനുഷ്യന്റെ കണ്ടുപിടുത്തം കൊള്ളാം, അതായത്‌ പാവപ്പെട്ടവന്‍ കഷ്ടപ്പെട്ട്‌ പഠിച്ച്‌ 'എന്‍ട്രന്‍സ്‌' കടമ്പ കടന്നുകൂടി ഒരിക്കലും ഒരുഡോക്ടറോ എന്‍ജിനിയറോ ആയിക്കൂടാ എന്നു സാരം!അതുകൊണ്ട്‌ ഒരുകാര്യം ഉറപ്പുവരുത്താനാകും എന്നു കരുതിയാകും ഈ അഭിപ്രായപ്രകടനം അതായത്‌ മിടുക്കുള്ളവര്‍ പഠിച്ചുവന്നാല്‍ അത്‌നാളെ തങ്ങളുടെ 'മികവിന്റെ കേദാരങ്ങളില്‍' നിന്നും പുരത്തിറങ്ങുന്നവര്‍ക്ക്‌ പാരയായാലോ! പക്ഷെ മാധ്യമപ്രവര്‍ത്തകനായ വി.കെ പ്രകാശിന്റെ സ്വതന്ത്രമായ വിലയിരുത്തലുകള്‍ ഏറെ പ്രസക്തമായി തോന്നി.


ഞാന്‍ ഒരുമുസ്ലിം ആയതുകൊണ്ട്‌,എനിക്ക്‌ ഒരു ന്യൂനപക്ഷ കോളേജുതുടങ്ങി, എനിക്കിഷ്ടമുള്ളവരെ പ്രവേശിപ്പിച്ച്‌, അവരില്‍നിന്നും എനിക്ക്‌ തോന്നിയ ഫീസും വാങ്ങി, സര്‍ക്കാര്‍ ഇങ്ങോട്ട്‌ വരുകയേവേണ്ട, ഞാന്‍ സര്‍ക്കാര്‍ ചെയ്യേണ്ട ജോലിയാണ്‌ ചെയ്യുന്നത്‌,സര്‍ക്കാരിന്‌ എന്റെ കോളേജ്‌ നടത്തിപ്പില്‍ യാതൊരുകാര്യവുമില്ലെന്നും, ഇത്‌ എനിക്ക്‌ ഭരണഘടന അനുവദിച്ചുതന്ന മൗലികാവകാശമാണ്‌ എന്നും ഞാന്‍പറഞ്ഞാല്‍ അത്‌ ഈസമൂഹത്തിനെഒന്നാകെ വെല്ലുവിളിക്കുന്നതിന്‌തുല്യമല്ലേ?എല്ലാ വ്യവസായങ്ങളും തകര്‍ച്ചയെ നേരിടുന്ന കേരളത്തില്‍ 'വിദ്യാഭ്യാസ വ്യവസായ' മേഘലയില്‍ മുതല്‍ മുടക്കുന്നവരെ സര്‍ക്കാറാണ്‌ സംരക്ഷിക്കേണ്ടത്‌ എന്നമട്ടിലുള്ള നിരീക്ഷണവും ഒന്നാന്തരമായിട്ടുണ്ട്‌. ഈവിഷയത്തിലൊക്കെ എന്തഴുതിയിട്ടും ഒരുകാര്യവുമില്ല എന്നതുകൊണ്ട്‌ എഴുത്ത്‌ ചുരുക്കുന്നു.

ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും കമന്റിനും സജിത്തിനും നന്ദി രേഖപ്പെടുത്തുന്നു.

chithrakaran:ചിത്രകാരന്‍ said...

നന്നായി ഓട്ടയടച്ച്‌ നിയമം തയ്യാറാക്കാന്‍ കഴിവുള്ള വിദഗ്ദാരൊന്നും കേരള സര്‍ക്കരിന്റെ ചുറ്റുവട്ടത്തുപോലും ഇല്ലെന്നു തോന്നുന്നു. ഏതു വഴിക്കാണെങ്കിലും ശരി നമ്മുടെ നാട്ടില്‍ ഡൊക്ട്ടര്‍മാരുടെ പഞ്ഞം തീര്‍ക്കുകതന്നെ വേണം. ഇവരുടെ പണത്തോടുള്ള ആക്രാന്തം വലിയ സാമൂഹ്യപ്രശ്നമായിരിക്കയാണ്‌.

ഷാനവാസ്‌ ഇലിപ്പക്കുളം said...

നന്നായി ഓട്ടയടച്ച്‌ നിയമം തയ്യാറാക്കാന്‍ കഴിവുള്ളവരൊന്നും ഇല്ലാഞ്ഞിട്ട്ന്നുമല്ല ചിത്രകാരാ ഇങ്ങനെ സംഭവിക്കുന്നത്‌, താന്‍ പിടിച്ച മുയലിന്‌ കൊമ്പ്‌ മാത്രമല്ല തുമ്പിക്കൈയ്യും ഉണ്ടെന്ന, ബുദ്ധിഹീനമായ നിലപാട്‌ സര്‍ക്കാര്‍ പലപ്പോഴും സ്വീകരിക്കുന്നതുകൊണ്ടുകൂടിയാണിത്‌.പലപ്പോഴും വിവേകരഹിതമായി വികാരപരമായി ഈപ്രശ്നത്തെ സമീപിക്കുന്ന ഇടതു സര്‍ക്കാരിനെ, അതിനുള്ളില്‍ തന്നെയുള്ള മാനേജ്‌മെന്റുകളുടെ ഏജന്റുമാരും,ഇതുവരെയുള്ള നിയമയുദ്ധത്തിലേക്ക്‌, നിരായുധരായി സര്‍ക്കരിനെ പ്രോത്സാഹിപ്പിച്ച്‌ കെണിയില്‍ കൊണ്ടുചാടിച്ച്‌,അന്തിമമായി ഇനിയൊരിക്കലും സര്‍ക്കരിന്‌ ഒന്നുംചെയ്യാന്‍ കഴിയാത്തവിധം പരാജയപ്പേടുത്താന്‍ കച്ചകെട്ടിയിരിക്കുന്ന, ഇതുവരെയുള്ള പരാജയപ്പെട്ട നിയമയുദ്ധങ്ങളിലൂടെ സംസ്ഥാനഖജനാവില്‍നിന്നും കോടികള്‍ ഒഴുക്കിക്കളഞ്ഞ, ആത്മാര്‍ത്ഥതയുടെ കണികപോലുമില്ലാത്ത'നിയമവിദഗ്‌ധരും', പരസ്പരവിരുദ്ധമായ നിര്‍വചനങ്ങള്‍ ഉല്‍ക്കൊള്ളുന്ന നിയമം ഏതുകോടതിയില്‍ ചെന്നാലും മാനേജ്‌മെന്റുകള്‍ പണക്കൊഴുപ്പില്‍ മറികടക്കുമെന്നറിയാവുന്നതിനാല്‍,ഇഞ്ചിതിന്ന കുരങ്ങിനെ പ്രകോപിപ്പിക്കുന്നതുപോലെ, കൈയ്യടിച്ച്‌ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടാകും. നമ്മുടെ നാട്ടിലെ ഡൊക്ടര്‍മാരുടെ പഞ്ഞം തീര്‍ക്കണമെന്ന താങ്കളുടെ അഭിപ്രായത്തോട്‌ പൂര്‍ണമായും യോജിക്കുന്നു. നന്ദി ചിത്രകാരാ ഒരിക്കല്‍ കൂടി, കമന്റ്‌ രേഖപ്പേടുത്തിയതിന്‌.

വക്കീല്‍ മൂത്തല്ലേ ജഡ്ജിയാകുന്നതെന്ന വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പ്രശസ്തമായ മൊഴിയും ഈ അവസരവും തമ്മിലുള്ളപൊരുത്തം ചൂടിക്കാട്ടിയ സജിത്തിന്‌ നന്ദി. തീര്‍ച്ചയായും ഇത്‌ ഈവസരത്തിന്‌ ചേര്‍ന്ന മൊഴിതന്നെ! നന്ദി സജിത്‌.

ഷാനവാസ്‌ ഇലിപ്പക്കുളം said...

സര്‍ക്കാര്‍,ഹൃദയംകൊണ്ടല്ല തലച്ചോറ്‌ കൊണ്ട്‌ ചിന്തിച്ച്‌, മര്‍ക്കടകമുഷ്ടി ഉപേക്ഷിച്ച്‌ നിലവിലെ നിയമം സുപ്രീംകോടതിയില്‍ ചെന്നാല്‍ അവിടെയും പരാജയപ്പെടാനുള്ളസാധ്യത മുന്നില്‍കണ്ട്‌ ആവശ്യമായ,തിരുത്തലുകള്‍വരുത്തി, സ്വാശ്രയ കച്ചവടക്കരെ 'സ്റ്റേറ്റിന്റെ'നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ആവശ്യമായ നിയമഭേദഗതി വരുത്തുകയും, എട്ടുകാലിമമ്മൂഞ്ഞിന്റെ സമീപനമുപേക്ഷിച്ച്‌ ഉമ്മന്‍ചാണ്ടിയും, രമേശ്‌ചെന്നിത്തലയും സംസ്ഥാനത്തെ ജനങ്ങള്‍ക്കായി(മുതലാളിമാര്‍ക്കുവേണ്ടി മാത്രമല്ല)ക്രിയാത്മകമായി, ഇനിയുള്ളചുരുങ്ങിയ സമയത്തിനുള്ളില്‍ ഉണര്‍ന്ന്പ്രവര്‍ത്തിച്ചാല്‍ അത്തരംഭേദഗതികള്‍ സഭയില്‍ കൈ പൊക്കിയും, സഭക്കുവെളിയില്‍ എതിര്‍ത്തും ഇരട്ടത്താപ്പ്‌ കാണിക്കാതെ ആത്മാര്‍ത്ഥതയോടെ സമീപിക്കണമെന്ന് അപേക്ഷിക്കുന്നു.

Rohit said...
This comment has been removed by the author.
Rohit said...

this high court judgement is ridiculous..this shows how powerful these self financing managements are...they are so rich to get highly talented advocates who can even convert lies into truths...our gov. couldnot present the situation before court in the right way...also our ordinance was a hastily made one...these court wars will go on for many years and the future of our youth is to suffer...we,the people have to do something....where judiciary and government fails..people have to act

rohit raj g r,
mbbs-4th year
medical college
tvm

ഷാനവാസ്‌ ഇലിപ്പക്കുളം said...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസി നുപഠിക്കുന്ന രോഹിത്‌ രാജിന്റെ പ്രതികരണം തീര്‍ച്ചയായും, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന, മെഡിസിന്‌ പഠിക്കാന്‍ അര്‍ഹത നേടിയ സമര്‍ഥരായ വിദ്യാര്‍ഥികളുടെ ഒരുപ്രതിനിധി എന്നനിലയില്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ഈവിഷയത്തിലുള്ള മെഡിക്കല്‍ വിദ്യാര്‍ഥികളുടെ അഭിപ്രായം പ്രതിഫലിപ്പിക്കുന്ന കമന്റ്‌ ചെയ്തതിന്‌ രോഹിത്തിന്‌ നന്ദി.

SHAMIM said...

whether the ordinance was made in a hurry or not doesnt matter much. the thing is, if that ordinance was trying to put a block on educational business where money is the only criteria for getting an admission into a professional course.also the bill tried to maintain the quality of education by restricting the admissions from state rank list. also the fees structure emphasised in the bill concentrated in providing oppurtunities for the bright students of the common class.
the court's judgement on this bill was really hopeless. the verdict seems to be the reflection of the money power of those managements which look into the educational sector as mere business and nothing more. also the court has verdicted the private centres as centres of excellence. this clause in the verdict is self explanatory about the ridiculosity of the verdict.... the verdict was really hopeless..

Sahil.a, Shamim kunhu v
4th year mbbs
medical college,
tvm

ak47urs said...

പണമില്ലാത്തവനു അപ്രപ്യമായ ചിലതൊക്കെ നമ്മുടെ ഇടയില്‍ ഉണ്ട്,സ്വശ്രയ കോളേജ് അതില്‍ ഒന്നു മാത്രം,ചികഞ്ഞു നോക്കുമ്പോള്‍ ആരുടെ ഭാഗത്തും കുറ്റം കണ്ടെത്താനാവാത്ത അവസ്ഥയില്‍ കോടതിയും
പാര്‍ട്ടി പ്രശ്നങ്ങള്‍ തീര്‍ക്കണോ ഭരണം നടത്തണമോ
എന്നറിയാതെ ഉഴലുന്ന മന്ത്രിമാര്‍,
നമ്മുടെ നാ‍ട്ടിന്റെ മറ്റൊരു ശാപം.

ഷാനവാസ്‌ ഇലിപ്പക്കുളം said...

qklqvഇവിടം സന്ദര്‍ശിച്ച ചിത്രകാരനും, തിരുവനന്തപുരം മെഡിക്കല്‍ കോളേജുവിദ്യാര്‍ത്‌ഥികളായ രോഹിത്‌ രാജിനും,ഷമീമിനും,സഹിലിനും നന്ദി. പ്രിയ ak474u വിനും നന്ദി.
സനേഹത്തോടെ, ഷാനവാസ്‌, ഇലിപ്പക്കുളം